Ind disable

2018, ജനുവരി 21, ഞായറാഴ്‌ച

സ്ഫടികവാതിലിനപ്പുറം (ഭാഗം 3) (അവസാനഭാഗം)


"അമ്മേ..അമ്മ ഇനി പണിക്കു പോകണ്ട !" അവൾ സ്നേഹത്തോടെ മാതൃനയനങ്ങളിലേക്ക് നോക്കി.

"നീ എന്താ പറയണെ എന്‍റെ കൊച്ചേ ? പിന്നെ എന്ത് ചെയ്യും ? നീ വെഷമിക്കണ്ട. ഇതൊന്നും സാരമില്ല. നാളേക്ക് മാറും." സ്ത്രീയുടെ നാവുകളിൽ നിന്നും പുത്രീസ്നേഹം വാക്കുകളുടെ രൂപത്തിൽ ബഹിർഗമിച്ചു.

"അമ്മേ, ഞാൻ കാര്യത്തിൽ പറഞ്ഞതാ. എന്‍റെ കൂട്ടുകാരി ഇവിടെ അടുത്തൊരു മൊബൈൽകടയിൽ ജോലി ചെയ്യുന്നുണ്ട്. അവളോട് പറഞ്ഞാ. എനിക്കും ചെലപ്പോ അവിടെ ജോലി കിട്ടും. ആളുകൾ മൊബൈൽ വാങ്ങാൻ വരുമ്പോ അതിന്‍റെ ഗുണങ്ങൾ വെറുതെ പറഞ്ഞുകൊടുത്താ മതി. അതൊക്കെ അവര് പഠിപ്പിച്ചുതരും. വലിയ പണിയൊന്നുമില്ലമ്മേ."

ആ സ്ത്രീ ഞെട്ടിത്തരിച്ച് അവളുടെ കണ്ണുകളിലേക്ക് നോക്കി. ഒരിക്കലും തകർക്കാൻ കഴിയാത്ത ഒരു ആത്മവിശ്വാസം ആ കണ്ണുകളിൽ കത്തിപ്പടരുന്നത് അവർ കണ്ടു. ആ മാതാവിന്‍റെ ഉള്ളം പിടച്ചു. തന്‍റെ ഇത്രയും കാലത്തെ കഷ്ടപ്പാടൊക്കെ എന്തിനായിരുന്നു ? ഒരു നിമിഷം കൊണ്ട് എല്ലാം. അവ്യക്തമായ, അപകടം പതിയിരിക്കുന്ന എന്തോ മുന്നിൽ കണ്ടിട്ടുള്ള ഒരു കുതിപ്പിനാണ് തന്‍റെ മകൾ ഒരുങ്ങുന്നതെന്ന് അവരുടെ ഉള്ളം മന്ത്രിച്ചു. ഇല്ല ! അനുവദിച്ചുകൂടാ.

"ഏയ് അതുവേണ്ട. എന്‍റെ മോൾ ഇതൊന്നും കണക്കാക്കണ്ട. നിനക്ക് ഡിഗ്രിക്ക് പോണം എന്നല്ലേ പറഞ്ഞേ. പൊക്കോ. കടം മേടിച്ചിട്ടാണേലും നിന്നെ ഞാൻ പഠിപ്പിക്കും. എന്‍റെ പൊന്നെ."

"വേണ്ടമ്മേ, അമ്മേടെ അവസ്ഥ കണ്ട് എങ്ങനെയാ, അമ്മേ ഞാൻ ശ്രദ്ധിച്ചു പഠിക്കുന്നത് ? എനിക്ക് പറ്റില്ലമ്മേ, ഞാൻ തീരുമാനിച്ചാ പറഞ്ഞേ." അവൾ പിൻമാറാൻ കൂട്ടാക്കിയില്ല.

ഈ അവസ്ഥയിൽ അവളോട് എന്തുപറഞ്ഞാലും അവയെല്ലാം വിഫലമാകുമെന്ന് അവർക്ക് ബോധ്യപ്പെട്ടു. അതിനെ ഭേദിക്കാൻ മാത്രം ശക്തമായ ഒരു മറുപടി പറയാൻ കിട്ടാതെ, ആ സ്ത്രീ ഒരു നെടുവീർപ്പോടെ കട്ടിലിന്മേൽ കണ്ണുകളടച്ച് തളർന്നുകിടന്നു.

                        നേരം ഇരുട്ടിത്തുടങ്ങിയിരുന്നു. മുറ്റത്തും പറമ്പിലും വെളിച്ചം ലവലേശം പോലും അവശേഷിച്ചില്ല. ഇരുട്ട് പൊത്തിലും, പോടിലും വരെ അരിച്ചിറങ്ങിയിരുന്നു.

"ദീപം.. ദീപം

അവൾ, കയ്യിൽ പ്രകാശിക്കുന്ന നിലവിളക്കുമായി പൂമുഖത്ത് ആധിപത്യം സ്ഥാപിച്ചിരുന്ന ഇരുട്ടിനെ ആട്ടിയകറ്റികൊണ്ട് ഇറങ്ങിവന്നു. എണ്ണയിൽ മുങ്ങിപ്പോകാൻ വെമ്പിനിന്നിരുന്ന തിരി, ചൂണ്ടുവിരൽ കൊണ്ട് ഒന്നുകൂടെ ഉയർത്തിയിട്ട്, വിരലിന്‍റെ അഗ്രത്തിൽ പറ്റിയ എണ്ണ വലതുവശത്തെ കേശനിരകളിൽ അവൾ തുടച്ചു. ഇരു ദിക്കുകളിലും തിരിനാളം കാണിച്ച്, ശേഷം തിരികെ നടന്നുപോയി.

                          മേശമേൽ അനാഥമായിക്കിടന്നിരുന്ന തന്‍റെ സെൽഫോൺ കയ്യിലെടുത്ത് അശ്വതി, കൂട്ടുകാരി രാജിയുടെ നമ്പർ ഡയൽ ചെയ്തു.

"ടീ രാജി. സുഖമല്ലേ ? നീ അന്ന് ഒരു മൊബൈൽ കടയുടെ കാര്യം പറഞ്ഞില്ലേ ? എനിക്ക് അവിടെ നിന്നാൽ കൊള്ളാം എന്നുണ്ട്. എന്താ ഞാൻ ചെയ്യണ്ടേ ?"

"ടീ ഞാൻ നിന്നെ വിളിക്കാൻ ഇരിക്കുവാര്ന്നു. ഞാൻ അവിടെ നിന്നും മാറി. ഇപ്പൊ വേറെ കടയിലാ. ഞാൻ പോയ ഗ്യാപ്പിൽ വേറാരും വന്നിട്ടില്ലന്നാ കേട്ടെ. ഞാൻ സാറിനോട് വിളിച്ചു ചോദിച്ചിട്ട് പറയാം കേട്ടോ.
ടീ അപ്പോ നിനക്ക്, ഡിഗ്രിക്ക് എവിടേം കിട്ടീലെ ?" എറെ നാളുകൾക്കുശേഷം രാജിയുടെ സ്വരം അവളുടെ കാതുകളിൽ സ്പർശിച്ചു.

"ഉം അങ്ങനെ പോകുന്നു. അലോട്ട്മെന്‍റ് ഒക്കെ വന്നു എനിക്കെവിടേം കിട്ടീല. പിന്നെ, പൈസമുടക്കി പടിക്കാനൊന്നും ഞാനില്ല. ഇപ്പൊ അതിനാ ക്ഷാമം. അതാ ഇപ്പൊ ഞാൻ നിന്നെ വിളിച്ചേ." അവൾ അലോട്ട്മെന്‍റിന്‍റെ കാര്യം ഒരുവിധം സുഹൃത്തിൽ നിന്നും മറച്ചു.

"ശരി. ഞാനിപ്പം തിരിച്ചുവിളിക്കാവേ." രാജി ഫോൺ കട്ടുചെയ്തു.

അൽപ്പസമയത്തിനകം അവളുടെ ഫോൺ വീണ്ടും റിംഗ് ചെയ്തു.

"ടീ ഞാൻ, സാറിനോട് ചോദിച്ചു. നിന്നോട് മറ്റന്നാൾ ചെല്ലാൻ പറഞ്ഞിട്ടൊണ്ട്. ടീ, പിന്നെ ഒരു കാര്യം. നീ പോകുമ്പോ നല്ല സുന്ദരിയായിട്ട് വേണം പോകാൻ. നിന്‍റെ സാധാരണ ചുരിദാർ വേണ്ട. ലെഗ്ഗിങ്സും ടോപ്പും മതി. വിഷമിക്കണ്ട അത് ഞാൻ തരാം. ഞാനും നീയും ഏകദേശം ഒരേ സൈസ് അല്ലെ. പിന്നെ ലിപ്സ്റ്റിക്കും വേണം. അതും എന്‍റെ കയ്യിൽ ഉണ്ട്. ഞാൻ തരാം. നീ നാളെ ലൈബ്രറീടെ അവിടെ വാ. ഞാൻ എന്‍റെ സ്കൂട്ടി എടുത്തോണ്ട് വരാം. നിന്നെ ഒന്നു കാണുകയും ചെയ്യാലോ. എത്രകാലവായി നമ്മൾ കണ്ടിട്ട്." രാജി കാര്യങ്ങൾ വിവരിച്ചു.

അശ്വതി സന്തോഷവർത്തയുമായി അമ്മയുടെ മുന്നിലെത്തി.

"അമ്മേ അതു ശരിയായി. മറ്റന്നാൾ വരാൻ പറഞ്ഞത്രേ."

"എന്നാലും എന്‍റെ മോളെ. ഇതൊന്നും..!!" അമ്മ നെടുവീർപ്പിട്ടു.

"അമ്മ ഒന്നും പറയണ്ട. ഒക്കെ ശരിയാകും." അവൾ അമ്മയുടെ കൈകൾ ചേർത്തുപിടിച്ചുകൊണ്ട് അവർക്ക് ധൈര്യം നൽകി.

                           അവൾ കൂട്ടുകാരിയുടെ കയ്യിൽ നിന്നും വാങ്ങിയ ഡ്രസ് ധരിച്ച് ഭേദപ്പെട്ട രീതിയിൽ അണിഞ്ഞൊരുങ്ങി അവിടെ ചെന്നു. അവളെ കണ്ട മാത്രയിൽ തന്നെ മാനേജർ അടിമുടി ഒന്നു നോക്കി.

"ഉം. കൊള്ളാം. രാജി വിളിച്ചിരുന്നു. നിന്‍റെ പേരെന്താന്നാ പറഞ്ഞേ ?" മാനേജർ ഗൗരവം പ്രകടിപ്പിച്ചു.

"അശ്വതി.." അവൾ വിനയാന്വിതയായി.

"പ്ലസ് ടു പാസ്സ്. അല്ലെ ?"

"അതെ സർ."

"പ്ലസ് റ്റു സർട്ടിഫിക്കറ്റ്, ആധാർകാർഡ്, ബാങ്ക് പാസ്ബുക്ക് ഇതിന്‍റെയൊക്കെ ഓരോ കോപ്പി വേണം. പിന്നെ രണ്ടു പാസ്സ്പോർട്ട്സൈസ് ഫോട്ടോസും. ഇതൊക്കെയുമായി നാളെ മുതൽ വന്നോ.. കറക്റ്റ് 9 മണിക്ക്. 6 മണിക്ക് പോകാം മാസം 8000 രൂപ നിന്‍റെ ശമ്പളം. മനസ്സിലായല്ലോ ? എന്നും കൃത്യമായി വരാൻ പറ്റുമെങ്കിൽ മാത്രം വന്നാ മതി. അച്ചടക്കത്തോടെ നിന്നാ നിനക്ക് കൊള്ളാം." അയാൾ അവൾക്കുവേണ്ട നിർദ്ദേശങ്ങൾ നൽകി.

"പറ്റും.. സർ. വളരെ നന്ദിയുണ്ട് സർ." അവൾ കൂപ്പുകയ്യോടെ അയാളെ വണങ്ങി.

                         മേനിയഴക് കാണിച്ച് കടയിൽ ആളുകളെ വശീകരിക്കൻ നിൽക്കുന്ന സുന്ദരിപ്പെൺകുട്ടിയുടെ ജോലിയാണ് തനിക്ക് കിട്ടാൻ പോകുന്നതെന്നുള്ള സത്യം അവൾ, തന്നെ പോലെ അവിടെ നിൽക്കുന്ന മറ്റു പെൺകുട്ടികളെ കണ്ടപ്പോൾ മനസിലാക്കുന്നു. ആളുകളുടെ മനസിൽ ഇക്കിളിയുണർത്തുന്ന നോട്ടവുമായി പ്രതിമ കണക്കെ ഒരു കാഴ്ചവസ്തുവായി നിൽക്കേണ്ടി വരുന്ന ഗതിയോർത്ത്, അവൾ ആകെ വിഷണ്ണയായി. വീട്ടിൽ ചെന്നപ്പോൾ ആകാംഷയോടെ, അമ്മ കാര്യങ്ങളെല്ലാം ചോദിച്ചു. അവൾ തന്‍റെ ഉയർന്ന ശമ്പളത്തേക്കുറിച്ചുമാത്രം പറഞ്ഞു.

                        പിറ്റേ ദിവസം രാവിലെ ജോലിക്കിറങ്ങുമ്പോൾ പതിവില്ലാതെ ആധുനിക വേഷവും, ചുണ്ടുകളിൽ ലിപ്സ്റ്റിക്കും ഒക്കെ അണിയുന്നത് അമ്മ കണ്ടു.

"എന്തിനാ മോളെ ഇങ്ങനെ അണിഞ്ഞൊരുങ്ങി പോകുന്നേ ? അവിടെ അതിന് ഒത്തിരി പേരൊക്കെ വരുമോ?" അമ്മയുടെ കണ്ണുകളിൽ ആകാംഷ നിറഞ്ഞു.

"അമ്മേ, എനിക്ക് കടയിലെ ഏറ്റവും വലിയ പദവിയാ കിട്ടിയേക്കുന്നെ. ഞാനാണ് കടയിലേക്ക് ആളുകളെ ക്ഷണിക്കാൻ പോകുന്നത്. കടയിലെ കച്ചവടം എന്‍റെ കഴിവുപോലിരിക്കും ഇനി. വളരെ പ്രധാനപ്പെട്ട ഒരു ജോലിയാ മാനേജർ എന്നെ എൽപ്പിച്ചേക്കുന്നെ. കൊറേ കഴിയുമ്പോ സ്ഥാനക്കയറ്റവും കിട്ടിയേക്കും."

അവൾ അമ്മയുടെ തോളിൽ കൈവച്ചുകൊണ്ട്, അവരെ ഒരു നുണയുടെ സഹായത്താൽ ആശ്വസിപ്പിച്ചു.

"നന്നായി വരട്ടെ എന്‍റെ മോള്. അമ്മേടെ അനുഗ്രഹവും പ്രാർത്ഥനയും എപ്പഴും ഉണ്ടാകും." 

അപരിഷ്കൃതയായ സ്ത്രീയുടെ മുഖം പ്രസന്നമായി. തന്‍റെ പൊന്നോമനയെ അവർ തലയിൽ കൈവച്ചുകൊണ്ട് അനുഗ്രഹിച്ചു. പടികടന്ന് അവൾ പോകുന്നത് അമ്മ നിറഞ്ഞമനസോടെ നോക്കി. അവൾ പിന്തിരിഞ്ഞു നോക്കാതെ നിറകണ്ണുകളോടെ തന്‍റെ ജോലിസ്ഥലത്തിലേക്ക് പോയി.

                   ആരോ വാതിലിൽ മുട്ടുന്ന ശബ്ദം കേട്ട് അവൾ പെട്ടെന്ന് ചിന്തയിൽ നിന്നും പുറത്തുവന്നു. ടാപ്പിൽ നിന്നും വെള്ളം അപ്പോഴും സിങ്കിലേക്ക് പതിക്കുന്നുണ്ടായിരുന്നു.

"ടീ വാതിൽ തുറക്കെടി. എത്രനേരവായി ഇത് ? നീ എന്നാട്ക്കുവാ അകത്ത് ? ചത്തോ ? "

പുറത്ത്നിന്നും ആരോ ഒച്ചയിട്ടു. അവൾ ഒന്നുകൂടെ മുഖം കഴുകി. കണ്ണാടിയിലേക്ക് നോക്കി. കരഞ്ഞുതളർന്ന മുഖത്തെ പേശികൾ ഉത്തജിപ്പിച്ച് മുഖത്ത് പുഞ്ചിരി വരുത്തി. മുഖം തുടച്ച് പുറത്തേക്കിറങ്ങി.

"എന്തോന്നടി ഇത് ? ഉം. ഒക്കെ തരികിടയാ."

വാതിലിൽ മുട്ടിയ പെൺകുട്ടി അതിക്രമിച്ച് അകത്തുകയറി. സംശയ ദൃഷ്ടിയോടെ അവളെ നോക്കി.

അശ്വതി വീണ്ടും നടന്ന് തന്‍റെ സ്ഥാനത്ത് ചെന്നു. തനിക്കുപകരം നിന്ന പെൺകുട്ടിയോട് നന്ദി പറഞ്ഞതിനുശേഷം, വീണ്ടും പുറത്ത് റോഡിൽ തിരക്കിട്ട് നടന്നുപോകുന്ന ആളുകളെ നോക്കി പുഞ്ചിരിച്ചുനിന്നു.

                      ഫുട്പാത്തിലൂടെ കൂട്ടുകാരോടൊപ്പം നടന്നുപോവുകയായിരുന്ന ഒരു കോളേജ് പയ്യൻ അവളെ നോക്കി.

"അളിയാ, ദാ കണ്ടോ, ഫോൺ ഫൈവിൽ പുതിയൊരു ചരക്ക് നിൽക്കുന്നു." അവൻ കൂട്ടുകാരെ തോണ്ടിവിളിച്ചു.

"എവിടെ..എവിടെ.."

ചെറുപ്പക്കാർ എല്ലാവരും ചിരിക്കുന്നു. അതിൽ തലവനെന്നു തോന്നുന്ന ഒരുവൻ പറഞ്ഞു.

"എനിക്കിപ്പോ ഒരു ഫോൺ വാങ്ങണം !!"

എല്ലാവരും ചിരിക്കുന്നു. അവർ സ്ഫടികവാതിലുള്ള കട ലക്ഷ്യമാക്കി നടന്നുനീങ്ങി.

അവസാനിച്ചു..

2018, ജനുവരി 14, ഞായറാഴ്‌ച

സ്ഫടികവാതിലിനപ്പുറം (ഭാഗം 2)



അയാൾ അവൾക്കടുത്തെത്തി.

"അശ്വതി" അയാൾ അലറി.

"സർ...!" അവൾ ഞെട്ടിവിറച്ചു.

"എന്താ ഇവിടെ നടക്കുന്നത്? താൻ അവരോട് കുറെ നേരം സംസാരിക്കുന്നത് കണ്ടല്ലോ?. എന്തിനാ അവർ ദേഷ്യപ്പെട്ടത്? തന്‍റെ പേർസണൽ കാര്യങ്ങളൊക്കെ പുറത്ത്. കണ്ണിക്കണ്ട ചെക്കന്മാരോടൊക്കെ ചിണുങ്ങനല്ല, ഇതൊക്കെ കെട്ടിയുണ്ടാക്കി, ശമ്പളവും തന്ന് നിന്നെയൊക്കെ ഇവിടെ നിർത്തിയേക്കുന്നത്. ജോലിക്കു വന്നാ അത് ചെയ്യണം. നീ ഇന്നേദിവസം ഒരു ഫോൺ പോലും വിറ്റിട്ടില്ല. ടാർഗറ്റിന്‍റെ കാര്യമൊക്കെ ഓർമയൊണ്ടല്ലോ? സംസാരിക്കാനൊക്കെ നിനക്ക് നല്ല നാക്കാണല്ലോ. മര്യാദക്ക് അടങ്ങിയൊതുങ്ങി പണി ചെയ്താ നിനക്ക് നല്ലത്. ഇല്ലേ ഇനിയൊരു മുന്നറിയിപ്പില്ലാതെ ഞാൻ പറഞ്ഞുവിടും. ങ്ഹാ.. പറഞ്ഞേക്കാം."

അയാൾ അളുടെ അവളുടെ മേൽ ശകാരാസ്ത്രങ്ങൾ ഇടതടവില്ലാതെ വർഷിച്ചു.
ഇടിയൊച്ച കേട്ട പേടമാനിനെപോലെ അവൾ വിറച്ചുനിന്നു. മറ്റു മൂന്നു പെൺകുട്ടികളും പെട്ടെന്ന് തിരിഞ്ഞ് അവളുടെ നേരെ നോക്കി.

"സർ, അവർ വെറുതെ ഫ്ലേർട്ട് ചെയ്യാൻ വന്നതാ സർ. ഫോൺ വാങ്ങാനൊന്നുമല്ല. എന്‍റെ നമ്പർ ചോദിച്ചു. അതാ ഞാൻ തരില്ലാന്നു പറഞ്ഞേ. അതിനാണ് ആ പയ്യൻ ദേഷ്യപ്പെട്ടത്" അവൾ അയാളുടെ മുഖത്തുനോക്കാൻ ധൈര്യമില്ലാതെ തലതാഴ്ത്തി നിന്നു.

"ഇവരൊക്കെ കണ്ടു സർ. ഇല്ലേ?"
അവൾ ദൃസാക്ഷികളായ സഹപ്രവർത്തകരെ നോക്കി. അവരാകട്ടെ അത് കേൾക്കാത്ത ഭാവത്തിൽ പഴയപടിയിൽ തന്നെ നിന്നു.

"കന്നന്തിരിവ്, കാണിച്ചിട്ട് നിന്ന് ന്യായം പറയുന്നോ? നീ ആരാ രംഭയോ അതോ തിലോത്തമയോ? ഒന്നു നമ്പർ കൊടുത്തെന്നു വച്ചാ നിനക്കെന്താ വല്ലതും പോകുമോ? അഥവാ അങ്ങനെ വിളിച്ചാൽ തന്നെ ഡീൽ ചെയ്യാൻ ഞാൻ പ്രത്യേകം പഠിപ്പിച്ചുതരണോ? കസ്റ്റമേഴ്സിനെ ഒരു കാരണവശാലും പിണക്കരുത്. ഇത് മേലാൽ ആവർത്തിക്കരുത്. മുന്നേ പറഞ്ഞത് ഓർമയുണ്ടല്ലോ. ഇനിയൊരു മുന്നറിയിപ്പൊണ്ടാകില്ല." അയാൾ ഭ്രാന്തനെ പോലെ അലറി.

"ക്ഷമിക്കണം സർ. ഇനി ആവർത്തിക്കില്ല."

അവളുടെ സുന്ദരമായ മിഴിയിണകളിൽ നിന്നും അശ്രു ധാരയായി താഴേക്കുപതിച്ചു.

അയാൾ തിരിഞ്ഞ് വീണ്ടും തന്‍റെ ഇരിപ്പിടത്തിലേക്ക് മടങ്ങി. ജോലിയിൽ വ്യാപൃതനായി. ഇടക്കിടെ മുഖമുയർത്തി, എല്ലാ ജോലിക്കാരുടെയും ഭാഗത്തേക്കും കണ്ണോടിച്ചു.

"ശ്രേയ ഞാനിപ്പം വരാം. ഒന്ന് ടോയ്ലറ്റിൽ പോണം. നീ ഇതൂടെ ഒന്നു നോക്കാവോ?" സങ്കടം ഒന്നു കെട്ടടങ്ങിയെന്നു തോന്നിയപ്പോൾ അവൾ അടുത്തുനിന്ന മറ്റൊരു പെൺകുട്ടിയെ തോണ്ടിവിളിച്ചു.

"ഉം ശരി. വേഗം വരണം." ആ പെൺകുട്ടി നെറ്റിചുളിച്ചു.
അവൾ കണ്ണുകൾ ആരും കാണാതെ തുടച്ച് മുഖം താഴ്ത്തി നിലത്തുനോക്കിക്കൊണ്ട്, ടോയ്ലറ്റ് ലക്ഷ്യമാക്കി വേഗത്തിൽ നടന്നു. വാതിൽ തള്ളിത്തുറന്നു. പൈപ്പ് ഓണാക്കി, മുഖത്ത് വെള്ളം കൈകൊണ്ട് ശക്തിയായി വീശി. അതിനുശേഷം കണ്ണാടിയിലേക്ക് നോക്കി. കരഞ്ഞതിനാൽ കണ്ണുകൾ നന്നായി ചുവന്നിട്ടുണ്ട്. മുഖംകഴുകിയ വെള്ളത്തേക്കാൾ ശക്തിയിൽ കണ്ണുനീർ താഴോട്ടൊഴുകി സിങ്കിൽ പതിച്ചു. അത് തുറന്നുവച്ച പൈപ്പിൽനിന്നുമുള്ള ജലത്തോടൊപ്പം സിങ്കിലെ ഫിൽറ്ററിൽ കൂടി താഴേക്ക് പോകുന്നത് അവൾ കണ്ടു.

               സിങ്കിലെ ഫിൽട്ടറിലൂടെ വെള്ളം കറങ്ങിക്കറങ്ങി ഊർന്നുപോകുന്നത് പതിയെ മാഞ്ഞ് പകരം അത്, വലിയ അലുമിനിയം പാത്രത്തിൽ ചുടുചായ മധുരമിട്ട് സ്പൂൺ കൊണ്ട് ഇളക്കുമ്പോഴുള്ള ചുഴിയായിമാറുന്നപോലെ അവൾക്ക് തോന്നി.

               തന്‍റെ ദാരിദ്ര്യം വഴിമാറാത്ത കുടുംബത്തിലെ ശോചനീയമായ അടുക്കളയിൽ നിന്ന്, ആവി പറക്കുന്ന ചായയിൽ മധുരമിട്ട് ഇളക്കുകയായിരുന്നു അവൾ. സമയം ആറു മണി കഴിഞ്ഞുകാണും. മുറ്റത്തും പറമ്പിലും സന്ധ്യയുടെ ആഗമനം വിളിച്ചോതുന്ന, പാതി ഇരുട്ട് ആക്രമിച്ച അരണ്ട വെളിച്ചം മാത്രം. ചീവീടുകളുടെ ശബ്ദം ഉയർന്നുതുടങ്ങി. ദൂരത്തെങ്ങുനിന്നോ മയിലുകൾ കരയുന്ന ശബ്ദം ഉയർന്നുകേൾക്കുന്നു.

              അവൾ അടുക്കളഭിത്തിയിലെ കരിപിടിച്ച കുഞ്ഞുജനാലയിലൂടെ പുറത്തേക്ക് നോക്കി. വേലികടന്ന് അച്ഛൻ ആടിയാടി നടന്നുവരുന്നത് അവൾ കണ്ടു. മൂക്കറ്റം കുടിച്ചിട്ടാണ് വരവ്. ഉടുമുണ്ട് അരയിൽ എങ്ങനെയൊക്കെയോ ചുറ്റി, ഒപ്പിച്ചിരിക്കുന്നു. ഷർട്ടിന്‍റെ മുന്നിലെ മൂന്നുനാലു ബട്ടണുകൾ തുറന്ന്, വിശാലമായ നെഞ്ച് പുറത്തുകാണാം. ഇടത്തുവശത്തുള്ള പോക്കറ്റിലെ വസ്തുക്കളുടെ ഘനത്താൽ ഷർട്ടിന്‍റെ ആ ഭാഗം മുഴുവൻ, ചുവരിലെ ആണിയിൽ തൂക്കിയ സഞ്ചിപോലെ ഒരുഭാഗത്തേക്ക് ഞാന്നുകിടക്കുന്നു. അയാൾ വേച്ചുവേച്ച് നടന്നുവന്നു. വന്നപാടെ കാവി പൊളിഞ്ഞുതുടങ്ങിയ ഉമ്മറത്തിയിണ്ണമേൽ മലർന്നുകിടന്നു, കാലുകൾ പുറത്തും. അയാൾ ബോധമില്ലാതെ എന്തൊക്കെയോ പിറുപിറുത്തുകൊണ്ടിരുന്നു. ഇടക്കിടക്ക് തെറിവാക്കുകൾ ഉച്ചരിച്ചുകൊണ്ടിരുന്നു. ചുണ്ടുകൾക്കിടയിലനിന്നും ഉമിനീർ കവിളിൽകൂടി ഒലിച്ചിറങ്ങിയിരുന്നു.

               ഇന്ന് അച്ഛൻ നേരത്തെയാണല്ലോ. സാധാരണ ഇരുട്ട് പരന്നതിനുശേഷമാണ് അദ്ദേഹം വീട്ടിൽ വരാറ്. രാവിലെ ബേബിമുതലാളിയുടെ പറമ്പിൽ കാടുവെട്ടുപണിക്കുപോയ, അമ്മ വരാൻ സമയമായിരിക്കുന്നു. ഒരാഴ്ചയായി അമ്മക്ക് അവിടെയാണ് പണി. അമ്മക്ക് ഇരുകാലിലും വാതത്തിന്‍റെ അസ്കിതയുണ്ടായിരുന്നു. എന്നാലും അതൊക്കെ മറന്ന്, കഞ്ഞികുടിക്കാനുള്ള വകയുണ്ടാക്കും അമ്മ. രാവിലെ നേരത്തെ, നൈറ്റിയും, കഴുത്തിൽ വെള്ളതോർത്തും, പിന്നെ കയ്യിൽ മൂർച്ചയാക്കിയ വെട്ടുകത്തിയുമായി പണിക്കിറങ്ങും അവർ. വൈകുന്നേരത്ത് അമ്മ തിരിച്ചുവരുമ്പോഴേക്കും, ചായ തയ്യാറാക്കി അവൾ കാത്തിരിക്കും.

               അച്ഛൻ വന്നതിന് ഏതാനും നിമിങ്ങൾക്കുശേഷം, അമ്മ പതിയെ നടന്നുവരുന്നത് അവൾ കണ്ടു. ഒരു കൈ ഇടുപ്പിൽ താങ്ങിപ്പിടിച്ചാണ് വരവ്. മറുകയ്യിൽ കവറിൽ വെട്ടുകത്തിയും, മഴയത്തു പണിചെയ്യുമ്പോൾ ധരിക്കാനുള്ള ഒരു പ്ളാസ്റ്റിക് ഷീറ്റും ഉണ്ട്. തിണ്ണയുടെ മുന്നിൽ എത്തിയപാടെ തന്‍റെ ഭർത്താവാകുന്ന മനുഷ്യൻ ലക്കുകെട്ട് തിണ്ണമേൽ മലർന്നുകിടക്കുന്നത് ആ സ്ത്രീ കണ്ടു. അവർ അതുകണ്ട് മനസുമടുത്ത്, അയാൾ കിടക്കുന്നതിന് എതിർവശത്തുള്ള മരത്തൂണിൽ ചാരി, കാലുകൾ നീട്ടിവച്ച് കാൽമുട്ട് ഉഴിഞ്ഞുകൊണ്ട് ഇരുന്നു.

"മോളെ അച്ചു.." ആ സ്ത്രീ വാതിൽക്കലേക്ക് നോക്കി, അവശമായ സ്വരത്തിൽ നീട്ടിവിളിച്ചു.

"ദേ വരുന്നു അമ്മേ." അകത്തു നിന്നും അവൾ അമ്മയുടെ വിളി കേട്ടു.
അവൾ രണ്ടു ചെറുകപ്പുകളിൽ ചായയുമായി ഉമറത്തേക്ക് വന്നു.

"ഇന്ന് നേരത്തെ എത്യോ കാലൻ.." ആ സ്ത്രീ പരിസരം മറന്നു കിടക്കുന്ന, അയാളെ ദയനീയമായി നോക്കി.

"ഉം അച്ഛൻ ഇപ്പൊ വന്നെയൊള്ളു."

"എന്‍റീശ്വരാ ഇത്രേം അനുഭവിയ്ക്കാൻ മാത്രം ഞാനെന്തു തെറ്റാ ചെയ്തത്? എന്നാ എനിക്കും, എന്‍റെ കുഞ്ഞിനും ഇച്ചിരി സമാധാനം കിട്ടുക. ഇതിയാനെ കൊണ്ട് ഈ വീടിന് പത്തുപൈസയുടെ ഉപകാരമില്ല. രാവിലെ പണിക്കെന്നും പറഞ്ഞ് പോയി, വൈകുന്നേരം മൂക്കറ്റം കുടിച്ചിട്ടുവരും. ഇങ്ങേരെ ആരാ ഒന്ന് നന്നാക്കുന്നെ. ഇല്ല! ആരുവരാനാ. ഒന്നും ഇല്ലാത്തോരെ സഹായിക്കാൻ ആരാ വരുന്നത്. ആരും വരില്ല. എല്ലാം എന്‍റെ മോൾടെ വിധി."

ആ സ്ത്രീയുടെ തൊണ്ടയിടറി. അവർ നെഞ്ചിൽ കൈവച്ചുകൊണ്ട് തന്‍റെ വിധിയെ ഓർത്ത് വ്യസനിച്ചു. വേദനിക്കുന്ന തന്‍റെ കാൽമുട്ടുകളിൽ തടവിക്കൊണ്ട്, ചൂടുചായ ഊതിയൂതിക്കുടിച്ചു.

"എന്താ അമ്മേ കാലിങ്ങനെ ഉഴിയണെ? വേദന പിന്നേം കൂടിയോ?" അശ്വതി തന്‍റെ മാതാവിന്‍റെ കാൽമുട്ടിൽ മൃദുവായി തലോടിക്കൊണ്ട് തളർന്ന ആ കണ്ണുകളിലേക്ക് നോക്കി.

"പൊന്നുമോളെ, ഇന്ന് ആ മലമോളിലായിരുന്നു പണി. ആകെ വയ്യാതവണുണ്ട്. നടക്കാൻ പോലും വയ്യെടി. പിന്നെ എന്‍റെ കൊച്ചിനെ മാത്രം ഓർത്തിട്ടാ, ഈ അമ്മ. ഈ അമ്മക്ക് ജീവനൊള്ളിടത്തോളം കാലം ഇച്ചിരി കഞ്ഞിവെള്ളത്തിനുള്ള വകയെങ്കിലും എന്‍റെ മകൾക്ക് ഞാൻ ഉണ്ടാക്കിത്തരും. നിന്‍റെ തന്തയെന്നുപറയുന്ന ഈ കാലനെ കണക്കാക്കിയിട്ട് ഒരു കാര്യവും ഇല്ലെടി. എന്‍റെ മോൾടെ ഭാവി നശിച്ചല്ലോ ഈശ്വരാ."

ആ സ്ത്രീ തലയിൽ കൈവച്ചുകൊണ്ട് ലക്കുകെട്ട് കിടക്കുന്ന അയാളെ ശപിച്ചു.

"കാലമാടനെ വിളിച്ചെഴുന്നേപ്പിക്ക്, ന്നിട്ട് അണ്ണാക്കിൽ കൊറച്ച് ചായ ഒഴിച്ചുകൊടുക്ക്."

"അങ്ങനെ ഒന്നും പറയല്ലേ. അമ്മേ അച്ഛനല്ലേ." അവൾ അമ്മയെ ശാസിച്ചു.

"അച്ഛാ, എഴുന്നേൽക്കച്ചാ" അവൾ അയാളുടെ കൈ തന്‍റെ തോളിലിട്ട് എഴുന്നേല്പിക്കാൻ ശ്രമിച്ചുഅബോധവനായിരുന്ന അയാളുടെ കണ്ണുകൾ പാതി തുറന്നു.

"വിടെടി. നായിന്‍റെ മോളെ, പെഴച്ചുപെറ്റവളെ. നിന്‍റെ തള്ളയൊണ്ടല്ലോ, ആ പെഴച്ചവൾ. കണ്ണീക്കണ്ട സ്ഥലത്തൊക്കെ പണിക്കുപോയി, ഉണ്ടായ ഏതോ ഒരു നാറീടെ വിത്താ നീ. അല്ലെ, ഈ കറുത്ത എനിക്കെങ്ങനെ, ഇങ്ങനെ തൊലിവെളുപ്പൊള്ള ഒന്ന് ഉണ്ടാകും? പോ തൊട്ടേക്കരുത് എന്നെ നീ അസത്തെ." അയാൾ വെറിപിടിച്ച ശുനകനെപ്പോലെ കുരച്ചു.
അവൾ കരഞ്ഞുകൊണ്ട് അകത്തേക്കു കയറിപ്പോയി.

"എന്‍റെ മോളെ....."

അമ്മ എഴുന്നേറ്റ് അവളുടെ പിന്നാലെ അകത്തേക്കുചെന്നു. തന്‍റെ മുറിയിലെ പഠനമേശമേൽ ചാരിനിന്ന് വിതുമ്പുകയായിരുന്ന അവളെ സ്നേഹത്തോടെ തന്‍റെ മാറോടു ചേർത്തു പിടിച്ചു.

"സാരവില്ലെടി. ബോധമില്ലാത്ത ആളുകൾ പറയുന്നകേട്ട് സങ്കടപ്പെടാനും നീ. കരയണ്ട !" അവർ, പുത്രിയുടെ കണ്ണുകൾ തുടച്ചുകൊണ്ട് അവളെ ആശ്വസിപ്പിച്ചു.

"അയ്യോ"

സ്ത്രീ പെട്ടെന്ന് കാൽമുട്ടുമടക്കി താഴെ നിലത്തിരുന്നു. കൈകൾ കൊണ്ട് ഇടത്തുകാൽമുട്ടിനെ അമർത്തിത്തിരുമ്മി.

"അയ്യോ.. അമ്മേ എന്നാ പറ്റി!" അവൾ വെപ്രാളപ്പെട്ടുകൊണ്ട് അമ്മയെ നോക്കി.

"ഈ കാലുവേദന സഹിക്കാൻ പറ്റണില്ലെടി. നിക്കുമ്പോ പെട്ടെന്നൊരു മിന്നലാ കാൽമുട്ടില്. അത് അറിയാതെ മടങ്ങിപ്പോകുവാ. നാളെ എങ്ങനെയാ പണിക്കു പോണേ? എനിക്കറിയില്ല."

അവൾ അമ്മയെ പിടിച്ചെഴുന്നേൽപിച്ച്, കട്ടിലിൽ കിടത്തി. ചിറ്റൂർ ഗവ: ആർട്സ് കോളേജിൽ തനിക്ക് ഡിഗ്രിക്ക് അഡ്മിഷൻ കിട്ടിയെന്നു കാണിക്കുന്ന അലോട്മെന്‍റ് പേപ്പർ, മേശമേൽ പേപ്പർവെയ്റ്റിനടിയിൽ ഇരിക്കുന്നത് അവൾ കണ്ടു. അമ്മ വരുമ്പോൾ സന്തോഷത്തോടെ കാണിക്കാൻ എടുത്തുവച്ചതായിരുന്നു അത്. അവൾ അതെടുത്ത് അമ്മ കാണാതെ ചുരുട്ടി ജനലിലൂടെ പുറത്തേക്കെറിഞ്ഞു.
തുടരും...

2018, ജനുവരി 7, ഞായറാഴ്‌ച

സ്ഫടികവാതിലിനപ്പുറം (ഭാഗം 1)


                 സമയം വൈകുന്നേരം 5:30. തിരക്കുള്ള നഗരം. റോഡിനിരുവശത്തും നിരനിരയായി കടകൾ സ്ഥാനം പിടിച്ചിരിക്കുന്നു. റോഡിലൂടെ വാഹനങ്ങൾ ഉറക്കെയുറക്കെ, ഹോണടിച്ചുകൊണ്ട് പരസ്പരം തൊട്ടു തൊട്ടില്ല എന്ന മട്ടിൽ കടന്നുപോകുന്നു. ഓരത്തിലെ ഫുട്പാത്തിലൂടെ ആളുകൾ വേഗത്തിൽ അങ്ങോട്ടുമിങ്ങോട്ടും നടന്നുപോകുന്നു. സ്കൂൾക്കുട്ടികൾ, കോളേജ് വിദ്യാർഥികൾ, കമിതാക്കൾ അങ്ങനെയങ്ങനെ വ്യത്യസ്തരായ പലതരം ആളുകൾ. രംഗം ആകെ ബഹളമയം. വലതുവശത്തുള്ള ഫുട്പാത്തിന് അരികിലായി, മുന്നിൽ വലിയ സ്ഫടികഭിത്തിയുള്ള ഒരു പടുകൂറ്റൻ മൊബൈൽ കട. അതിന്‍റെ മുൻവശത്ത് മുകളിലായി, ബോർഡിൽ "ഫോൺ 5" എന്ന് മനോഹരമായി എഴുതിവച്ചിരിക്കുന്നു. കടയുടെ ഉൾവശം മുഴുവൻ ശീതീകരിച്ചിരിക്കുന്നു. വശങ്ങളിലുള്ള ഗ്ലാസ് ഷെൽഫുകളിൽ പുതിയ മോഡലിലുള്ള പലതരം ബ്രാൻഡുകളുടെ ഫോണുകൾ നിരത്തിവച്ചിരിക്കുന്നു. അതിനുമുന്നിലുള്ള സ്ഫടികനിർമിതമായ മേശയിൽ ഏറ്റവും മുന്തിയ മോഡലുകൾ പ്രദർശനത്തിനായി വച്ചിരിക്കുന്നു. ആധുനിക രീതിയിൽ വേഷവിധാനങ്ങൾ ചെയ്ത, കുലീനരായ ചെറുപ്പക്കാരും, ചെറുപ്പക്കാരികളും ഉപഭോക്താക്കളുടെ സംശയങ്ങൾക്ക് എക്സിക്യൂട്ടീവ് ഭാഷയിൽ മറുപടി പറഞ്ഞുകൊണ്ടിരിക്കുന്നു. കടയുടെ അകത്ത് ശാന്തമായി കാര്യങ്ങൾ മുന്നോട്ടുപോകുന്നു. എല്ലാവരും ഒരുപോലെ മുഖത്ത് ഒരു കപടമായ പുഞ്ചിരി ഒട്ടിച്ചുചേർത്തിരിക്കുന്നു. കടയുടെ മുൻവശത്തുള്ള സ്ഫടികനിർമിതമായ പ്രധാനവാതിലിനു മുന്നിൽ തന്നെയായി ഒരു ചില്ലുമേശ സ്ഥാപിച്ചിട്ടുണ്ട്. അതിൻമേൽ കുറച്ച് മോഡൽ ഫോണുകൾ ചാർജർ പ്ലഗ് ചെയ്ത് ഡിസ്പ്ലേ റോഡിലൂടെ കടന്നുപോകുന്ന ആളുകൾക്ക് കാണത്തക്കവിധത്തിൽ ക്രമീകരിച്ച് വച്ചിരിക്കുന്നു. ആ മേശയ്ക്ക് സമീപം അതിസുന്ദരികളായ നാല് പെൺകുട്ടികൾ ഒരേപോലെ, കൈകൾ പിന്നിൽ കെട്ടി, കടയുടെ പേര് പതിച്ച പച്ചനിറത്തിലുള്ള ടീഷർട്ടുകളും ധരിച്ച് നിൽക്കുന്നു. അവരും ആധുനികരീതിയിൽ കേശങ്ങളും പുരികങ്ങളും വെട്ടിയൊരുക്കിയിരിക്കുന്നു. അധരങ്ങളിൽ ലിപ്സ്റ്റിക്കുകൾ പുരട്ടിയിരിക്കുന്നു. അവർ റോഡിലൂടെ പോവുന്ന ആളുകളെ നോക്കി പുഞ്ചിരി മായാത്ത മുഖത്തോടെ നിൽക്കുന്നു. ആളുകളിൽ ചിലർ ഇടങ്കണ്ണിട്ട് ഒന്നു നോക്കുന്നു. പിന്നെ തിരക്കുഭാവിച്ച് നടന്നകലുന്നു.

"മച്ചാ, അതു നോക്കടാ. ഒരു കിടിലൻ ഐറ്റം."

റോഡിലൂടെ വർത്തമാനം പറഞ്ഞുകൊണ്ടുപോവുകയായിരുന്ന സുഹൃത്തുക്കളായ രണ്ടു കോളേജുവിദ്യാർത്ഥികളിൽ ഒരുവൻ, മുന്നിൽനിൽക്കുന്ന ഒരു പെൺകുട്ടിയെ നോക്കി, സുഹൃത്തിനെ തോണ്ടിവിളിച്ചുകൊണ്ട് പറഞ്ഞു.

"എവിടെ.. എവിടെ?" രണ്ടാമൻ ആകാംഷയോടെ ചോദിച്ചു.

"ദാഡാ അവിടെ. ആ മൊബൈല് കടേടെ ഉള്ളിൽ. എന്നാ ഒരു ലുക്കാ. അവളിപ്പോ എന്നെ നോക്കി ചിരിച്ചു." ഒന്നാമത്തെ പയ്യൻ അവിടേക്ക് വിരൽ ചൂണ്ടി.

"ശരിയാണല്ലോ കിടിലൻ ഐറ്റം. ദേ.. പിന്നേം നോക്കുന്നു. ഡാ, അതൊക്കെ അവരുടെ കച്ചവട തന്ത്രങ്ങളാടാ. നീ വെറുതെ സമയം വേസ്റ്റ് അക്കണ്ട. പോയിട്ട് വേറെ പണിയൊള്ളതാ." രണ്ടാമൻ സുഹൃത്തിനെ നിരുത്സാഹപ്പെടുത്തി.

"അതിനെന്താടാ, ചുമ്മാ നോക്കുന്നതിനെന്താ. നമുക്ക് കാണാനല്ലേ ഇതൊക്കെ ഇങ്ങനെ നിർത്തിയേക്കുന്നെ?." രണ്ടുപേരും മുഖത്തോടു മുഖം നോക്കി ചിരിച്ചു.

"ഡാ, നമുക്കൊന്നു മുട്ടിയാലോ?" ഒന്നാമൻ വിടുന്ന മട്ടില്ല.

"ഏയ് നീ ചുമ്മാ. വെറുതെ പ്രശ്നമാകും. എന്തിനാ ?"

"ഒരു സുഖം. ആ കിളിനാദം ഒന്നു കേക്കാലോ." ഒന്നാമന്‍റെ ചുണ്ടിൽ പുതിയൊരു കള്ളച്ചിരി വിടർന്നു.

"എങ്ങനെ ? "

"എല്ലാ കടേലും കേറണ പോലെ, ചുമ്മാ വാങ്ങാനെന്നുള്ള ഭാവത്തിൽ കേറി, വെറുതെ അതിന്‍റെ പ്രത്യേകതകളെല്ലാം ചോദിക്കാം. അങ്ങനെ കമ്പനി ആവാലോ. പറ്റിയാ നൈസ് ആയി നമ്പറും ഒപ്പിക്കാം. എപ്പടി ?" ഒന്നാമൻ നിസ്സാരമായി ആശയം പറഞ്ഞു.

"അടിപൊളി. നടക്ക്." രണ്ടാമന്‍റെ ഉള്ളിൽ ചെറിയൊരു മാറ്റം സംഭവിച്ചിരുന്നു.

                                                       
                         ഇരുവരും ചില്ലുവാവാതിൽ തള്ളിത്തുറന്ന്. അകത്തുപ്രവേശിക്കുന്നു.

"വരണം സർ. അകത്തേക്ക് വന്നാട്ടെ."

ഏറ്റവും മുന്നിലായി നിന്നിരുന്ന സുന്ദരികളായ നാല് പെൺകുട്ടികൾ ഒരുമിച്ച് അവരെ വരവേറ്റു.

"എന്താണ് സർ വേണ്ടത്..?"

അവർ ലക്ഷ്യം വച്ചിരുന്ന പെൺകുട്ടിതന്നെ പ്രഥമചോദ്യം ഉന്നയിച്ചു.

"സാംസങ്ങിന്‍റെ പുതിയ മോഡൽസ് ഏതൊക്കെയാ ഉള്ളത്?"
ഒന്നാമൻ ഗൗരവം നടിച്ചുകൊണ്ട് ചോദിച്ചു.

"സർ, എത്രയാണ് താങ്കളുടെ ബഡ്ജറ്റ് ?" അവൾ വിനയാന്വിതയായി.

"ഒരു 8000-9000 റേഞ്ചിൽ വരുന്നത്." പയ്യൻ കരചലനങ്ങളോടെ പറഞ്ഞു.

രണ്ടാമത്തെ പയ്യൻ തന്‍റെ സുഹൃത്തിന്‍റെ സമർത്ഥമായ അഭിനയം കണ്ട്. ഉള്ളിൽ നിന്നും തികട്ടിവന്ന ചിരിയൊതുക്കാൻ പാടുപെട്ടു.

"സർ, 'സാംസങ് ഗാലക്സി ഓൺ സെവൻ പ്രൊ' ആണ് ഇപ്പൊ ഈ കാറ്റഗറിയിലുള്ള ഏറ്റവുംലേറ്റസ്റ്റ് മോഡൽ." തല ഇരുവശത്തേക്കും പ്രത്യേകരീതിയിൽ ചലിപ്പിച്ചുകൊണ്ട് അവൾ പറഞ്ഞു.

"ഓഹോ..കൊള്ളാം! അതിന്‍റെ സ്പെക്സ് ഒക്കെ ഒന്നു പറഞ്ഞു തരാമോ?" 

ആ ചോദ്യം ഉന്നയിക്കുമ്പോൾ അവന്‍റെ മുഖത്ത് കപടമായ ജിജ്ഞാസയും പുച്ഛം കലർന്ന ചിരിയും നിഴലിച്ചു.

"തീർച്ചയായും സർ. "

"സർ, ഇത് സാംസങ്ങിന്‍റെ ഗാഡ്ജറ്റ് ഫോൺ കാറ്റഗറിയിൽ പെടുന്ന ഏറ്റവും ലേറ്റസ്റ്റ് മോഡൽ ആണ്" പെൺകുട്ടി ഉയർന്ന നിലവാരത്തിലുള്ള ഭാഷയിൽ അതിന്‍റെ സവിശേഷതകൾ വിശദീകരിച്ചു തുടങ്ങി.

"ഓഹോ. പിന്നെ.."

രണ്ടുപേരും അവളുടെ കണ്ണുകളിലേക്ക് തന്നെ തുറിച്ചുനോക്കി.
പയ്യന്മാരുടെ തറച്ചുള്ള നോട്ടത്തിൽ നിന്നും രക്ഷപ്പെടാൻ, ഇടക്കിടെ തന്‍റെ നോട്ടം അങ്ങോട്ടുമിങ്ങോട്ടും പായിച്ച്, അബദ്ധങ്ങളൊന്നും വായിൽ നിന്നും വരരുതെ എന്ന് മനസിൽ പ്രാർത്ഥിച്ചുകൊണ്ട് ആ പെൺകുട്ടി വിവരണം തുടർന്നു.

"സർ, ഇതിന്‍റെ ഇന്‍റെേണൽ സ്റ്റോറേജ് വരുന്നത് 10 ജിബി ആണ്. റാം 2 ജിബി തരുന്നുണ്ട് സാംസങ്ങ്. പിന്നെ ക്യാമറ 13 മെഗാപിക്സൽ ആണ്. 3000 എംഎഎച്ച് ബാറ്ററി ആണ് സാംസങ് പ്രൊവൈഡ് ചെയ്തിരിക്കുന്നത്. പിന്നെ അറിയാമല്ലോ, സാംസങ് പ്രോഡക്ട്സ് എല്ലാം നല്ല ക്വാളിറ്റി ഉള്ളതാണ്."
പലവട്ടം ഉരുവിട്ടുപടിച്ച ആ വാചകങ്ങൾ അവൾ തപ്പാതെ പറഞ്ഞുമുഴുമിപ്പിച്ചു. കൂടുതലൊന്നും ചോദിക്കരുതെ എന്ന് മനസ്സിൽ പ്രാർത്ഥിച്ചു.

"ഓഹോ.. കൊള്ളാം. അല്ലെടാ? "

ഒന്നാമൻ കള്ളച്ചിരിയോടെ രണ്ടാമനെ നോക്കി. അവൻ 'ശരിയാണ്' എന്ന അർത്ഥത്തിൽ തലയാട്ടി.

"ഉം. തരക്കേടില്ല." 

അവൻ മുഖം മറച്ച് പുഞ്ചിരിച്ചു.

"ശരി അതൊന്നു എടുത്തുതരാമോ ? ഞാൻ ഒന്ന് ചെക്ക് ചെയ്യട്ടെ."

"തീർച്ചയായും സർ."

അവൾ മുന്നിൽ വച്ചിരിക്കുന്ന മൊബൈൽഫോൺ ചാർജറിൽ നിന്നും ഡിസ്കണക്റ്റ് ചെയ്തതിനുശേഷം അവനുനേരെ നീട്ടി. ഒന്നാമത്തെ പയ്യൻ അത് പിടിച്ചുവാങ്ങി. അതിനോടൊപ്പം അവളുടെ കയ്യിൽ മനപ്പൂർവം സ്പർശിച്ചു. അവൾക്കത് മനസിലായിരിക്കണം. അതിന്‍റെ നീരസം പുറത്തുകാണിക്കാതെ ആ പെൺകുട്ടി വീണ്ടും പുഞ്ചിരിച്ചു. പയ്യൻ അതിന്‍റെ ഡിസ്പ്ലേയിൽ കണ്ട ഐക്കണുകൾ ഓരോന്നായി വെറുതെ ഓപ്പൺ ചെയ്ത് നോക്കിക്കിണ്ടിരുന്നു. ഇടക്കിടെ തന്‍റെ സ്നേഹിതനെ നോക്കി അനാവശ്യകരമായ പുഞ്ചിരികൾ പാസാക്കി. അവൻ ഫോണിന്‍റെ ക്യാമറ ഓൺ ചെയ്ത് ആ പെൺകുട്ടിയുടെ നേരെ തന്നെ പിടിച്ചു. അവൾ ഗത്യന്തരമില്ലാതെ അവിടെ തന്നെ നിന്നു. അവൻ അവളോട് ചേർന്നുനിന്ന് ഒന്നു രണ്ടു സെൽഫികൾ ക്ലിക്ക് ചെയ്തു. നിസ്സഹായയായ അവൾ, പ്രതികരിക്കാതെ അതിനെല്ലാം വഴങ്ങി.

"ക്യാമറ അത്ര പോരല്ലേ...?" പയ്യൻ നെറ്റി ചുളിച്ചു.

"അതേയതെ. ഡിസ്പ്ലേയും ഒരു ക്ലാരിറ്റി ഇല്ലാത്തപോലൊണ്ട്."
രണ്ടാമൻ ഒരു കള്ളച്ചിരിയോടെ അതിനെ അനുകൂലിച്ചു.

"സർ, ഇതൊരു ബഡ്ജറ്റ് ഫോൺ ആണ്. ഈ പ്രൈസ് റേഞ്ചിൽ കിട്ടാവുന്ന ഏറ്റവും ബെസ്റ്റ് ഫീച്ചേഴ്സ് ആണ് ഇതിൽ ഇൻക്ലൂഡ് ചെയ്തിരിക്കുന്നത്."
നിരാശ കൈവിടാതെ അവൾ വീണ്ടും കിണഞ്ഞുപരിശ്രമിച്ചു.

"ഏയ്, അതുപോരാ. ഇവിടെ റെഡ്മി കിട്ടുമോ ?"
കിട്ടില്ലെന്നറിഞ്ഞിട്ടും അവൻ താൽപര്യത്തോടെ ചോദിച്ചു.

"ക്ഷമിക്കണം സർ. അത് ഇവിടെ അവൈലബ്ൾ അല്ല. വേറെ ഏതെങ്കിലും മോഡൽ നോക്കുന്നോ ?"

പെൺകുട്ടിയുടെ മുഖം നിരാശമായി.

"വേണ്ട! ഇനി പിന്നെ നോക്കാം. പുതിയ മോഡൽസ് ഒക്കെ വരുമല്ലോ ? തന്‍റെ നമ്പർ ഒന്നു തരാമോ. അപ്പൊ നേരിട്ട് വിളിച്ചു ചോദിച്ചിട്ട് വരാല്ലോ.." പയ്യൻ പോകാൻ ധൃതിയുള്ളപോലെ അഭിനയിച്ചു.

"ഷോപ്പിന്‍റെ കാർഡ് തരാം സർ, അതിൽ വിളിച്ചാൽ മതി. "

അവന്‍റെ ഉദ്ദേശം മനസിലാക്കിയിട്ടെന്നോണം, അത് അറിയാത്ത ഭാവം നടിച്ചിട്ട്, അവൾ നിഷ്കളങ്കമായി മറുപടി പറഞ്ഞു. അതിനുശേഷം, മേശയുടെ ഓരത്ത് അടുക്കിയിരുന്ന വിസിറ്റിംഗ് കാർഡുകളിൽ നിന്നും, ഒന്ന് എടുത്ത്, അവനുനേരെ നീട്ടി.

"ഇതാണ്. ഇതിൽ രണ്ട് മൊബൈൽ നമ്പർ തന്നിട്ടുണ്ട്. അതിൽ ഏതെങ്കിലും ഒന്നിൽ വിളിച്ചാൽ മതി. അറിയാൻ കഴിയും സർ."

"ഏയ്, അതൊന്നും വേണ്ട. എപ്പഴും ബിസി ആയിരിക്കും. തന്‍റെ നമ്പർ തന്നാ മതി." ഒന്നാമൻ വിടാൻ കൂട്ടാക്കിയില്ല.

"ക്ഷമിക്കണം സർ. സ്റ്റാഫ്സിന്‍റെ പേർസണൽ നമ്പേഴ്സ് കസ്റ്റമേഴ്സിന് കൊടുക്കാറില്ല" അവൾ നിഷേധാത്മകമായി കൈകൾ മലർത്തിക്കാണിച്ചു.

".. എന്നാ വേണ്ട. ഞാൻ പോകുന്നു." പയ്യന്‍റെ മുഖം ചുവന്നു.

ക്രുദ്ധനായി നിൽക്കുന്ന അവനെ രണ്ടാമത്തെ പയ്യൻ നിർബന്ധിച്ച് കടയുടെ പുറത്തേക്ക് ഇറക്കിക്കൊണ്ട് പോയി. പെൺകുട്ടിയുടെ മുഖം വാടി. ഇതെല്ലാം അപ്പുറത്ത്, ബില്ലിംഗ് സെക്ഷനിൽ ഇരുന്ന് മാനേജർ ഇടക്കിടെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പയ്യന്മാർ ദേഷ്യപ്പെട്ട് ഇറങ്ങിപ്പോകുന്നത് അയാൾ കണ്ടു. അവർ പോയത്തിനുപിന്നാലെ, അയാൾ തന്‍റെ അടുത്തിരുന്ന മറ്റൊരു പയ്യനോട്, ബില്ലിംഗ് കൈകാര്യം ചെയ്യാൻ പറഞ്ഞതിനുശേഷം തന്‍റെ ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റ് അവളുടെ നേർക്ക് നടന്നടുത്തു. അവളാകട്ടെ, ചെറുപ്പക്കാർ ദേഷ്യപ്പെട്ടതിലുള്ള വിഷമത്തിൽ വാടിയ മുഖവുമായി നിലത്തുനോക്കി നിൽക്കുകയായിരുന്നു. അടുത്തു നിൽക്കുന്ന  മറ്റുമൂന്നു പെണ്ണുങ്ങളും അവളെ ശ്രദ്ധിക്കാതെ, പുറത്ത് റോഡിലേക്ക് നോക്കി പ്രതിമ കണക്കെ പുഞ്ചിരി തൂകി നിന്നു.

തുടരും..