Ind disable

2017, ഡിസംബർ 17, ഞായറാഴ്‌ച

ഭിക്ഷുകി (ഭാഗം 6) (അവസാനഭാഗം)


                                  അവൾ പടികയറി മുകളിലെത്തി. തന്‍റെ മുറിയിൽ കയറി വാതിൽ കുറ്റിയിട്ടു. കിടക്കയിലേക്ക് വീണ് തലയിണയിൽ മുഖം പൊത്തി പൊട്ടിക്കരഞ്ഞു. നെഞ്ച് രണ്ടായിപ്പിളർക്കുന്ന പോലെ അവൾക്കുതോന്നി. തലയിൽ എന്തോ ഭാരം കയറ്റിവച്ചപോലെ. എത്രകരഞ്ഞിട്ടും ആശ്വാസം കിട്ടുന്നില്ല. നെഞ്ചിനുള്ളിൽ എന്തോ തിളച്ചുമറിയുന്ന പോലെ. ദു:ഖാഗ്നിയിൽ താനിപ്പോൾ വെന്തുചാകും എന്നവൾക്ക് തോന്നി. അവളെ പിന്തുടർന്നുവന്ന ലൂസിച്ചേച്ചി മുറിയുടെ വാതിലിൽ മുട്ടാതെ, വരാന്തയിലൂടെ നടന്ന് ജനലിനടുത്തെത്തി. ചാരി വച്ചിരുന്ന ഒരു ജനൽപാളി പതിയെ തുറന്ന് അകത്തേക്ക് നോക്കി. അകത്ത്, അവൾ കിടക്കയിൽ മുഖം പൊത്തിവച്ചിരുന്ന് കരയുന്നതാണ് അവർ കണ്ടത്. അവരുടെ മനസ്സിൽ കൊള്ളിയാൻ മിന്നി. നെഞ്ചിൽ വേദന ഉമിത്തീ പോലെ എരിഞ്ഞു. അവർ വാതിലിനടുത്തേക്ക് ഓടിച്ചെന്നു. അവയിൽ ആഞ്ഞുമുട്ടി.

"എന്‍റെ പൊന്നുമോളെ, നിനക്കെന്നാ പറ്റിയെടി ? കതക് തുറക്ക്."

ഒരമ്മയുടെ വാത്സല്യത്താൽ, ദുഃഖത്താൽ, ഇടറുന്ന സ്വരത്തോടെ, സ്ത്രീ ഒച്ചയിട്ടു. അവൾ എഴുന്നേറ്റ് കണ്ണുതുടച്ച്, വേഗം ഓടിച്ചെന്ന് വാതിൽ തുറന്നു. അവളെ കണ്ടപാടെ സ്ത്രീ അവളെ കെട്ടിപ്പിടിച്ചു. അവൾ അവരുടെ തോളിൽ തലവച്ച് വീണ്ടും വീണ്ടും കരഞ്ഞു. സ്ത്രീ അവളുടെ ചുമലിൽ തട്ടി ആശ്വസിപ്പിച്ചു.

"സാരമില്ല പോട്ടെ എന്നതാണേലും നമ്മക്ക് പരിഹാരം ഉണ്ടാക്കാം. എന്നാ പറ്റി നിനക്ക്? ആന്‍റിയോട് പറ. എന്‍റെ മോൾക്ക് ഇഷ്ടമില്ലാത്തതിനൊന്നും ആന്‍റി കൂട്ടുനിക്കില്ല. എന്നതാണേലും പറ"

വാക്കുകൾ ഉരുവിടുമ്പോൾ കണ്ണുകൾ നിറയാൻ തുടങ്ങിയിരുന്നു. അവൾ ഏങ്ങലിൽ മുങ്ങിയ സ്വരത്തോടെ, അവ്യക്തമായി കാര്യങ്ങളെല്ലാം തുറന്നുപറഞ്ഞു.

"നീ എന്തേ ഇതുവരെ ആന്‍റിയോട് ഇക്കാര്യം പറഞ്ഞില്ല ! എന്‍റെ വയറ്റിൽ പിറന്നില്ല എന്നേയൊള്ളൂ. നീ എന്‍റെ സ്വന്തം മോളു തന്നാ? ഇങ്ങനൊരു ആഗ്രഹം നിങ്ങടെ ഉള്ളിൽ വളരുന്നത് ഞങ്ങൾ അറിഞ്ഞില്ല. അറിഞ്ഞാരുന്നെ, വീട്ടിൽ ആരും അത് തെറ്റെന്ന് പറയില്ല. ലോകത്ത് നിന്നെ അത്രത്തോളം അറിയുന്ന ആരാ വേറെ ഒള്ളത്? ദുരിതത്തിലും സമൃദ്ധിയിലും നിന്നെ ഒരുപോലെ കണ്ടവനാ അവൻ. അവനെക്കാൾ വലിയൊരു യോഗ്യനെ നിനക്ക് കിട്ടാനില്ല. നീ ഇത് ആന്‍റിയോടെങ്കിലും പരായണ്ടതാര്ന്നു. പോട്ടെ സാരവില്ല. !" 

സ്ത്രീ അവളുടെ മേനിയിൽ സ്നേഹത്തോടെ തലോടി.

"എനിക്ക് പേടിയാ ആന്‍റി. എനിക്ക് വേണ്ട ഒന്നും. എന്‍റെ ജീവിതത്തിൽ ഇഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ല, നഷ്ടങ്ങൾ മാത്രേ ഒണ്ടായിട്ടൊള്ളു. അതൊന്നും ഞാൻ മറക്കില്ല ഒരിക്കലും. തീക്കനൽ കൊണ്ട്, ഉള്ളില് കോറിവച്ചേക്കുവാ എല്ലാം. എനിക്ക് മനുഷ്യനെ പോലെ നല്ലൊരു ജീവിതം തന്നത് നിങ്ങളൊക്കെയാ. ഞാൻ എന്ത് ചെയ്യണമെന്ന് തീരുമാനിക്കുന്ന എന്‍റെ മനസാക്ഷി ഇപ്പൊ നിങ്ങളൊക്കെയാണ്. എനിക്ക് വേണ്ട ഒന്നും. എനിക്ക് വേണ്ട."
അവൾ ദീർഘനിശ്വാസത്തോടെ പറഞ്ഞുനിർത്തി.

"അങ്ങനെയല്ല പൊന്നെ. അതൊക്കെ കഴിഞ്ഞില്ലേ. ഇത് നിന്‍റെ പുതുജന്മമാണ്, നഷ്ടങ്ങളുടെ ഭൂതകാലം നിനക്കിനി വേണ്ട. നീ ആഗ്രഹിക്കുന്ന പോലൊരു ജീവിതം നിനക്ക് കിട്ടും. ഞാൻ അവനോട് കൂടെ ഒന്ന് ചോദിച്ചുനോക്കട്ടെ. ആന്‍റിയൊണ്ട് നിന്‍റെ കൂടെ. എന്‍റെ മോൾ സമാധാനവായിട്ടിരിക്ക്. പിന്നെ, ഇപ്പൊ ഇക്കാര്യം മറ്റാരും അറിയണ്ട. ഞാൻ മദറോട് സംസാരിച്ചോളാം. ആദ്യം അവനെ വിളിച്ച് ചോദിക്കട്ടെ."

സ്ത്രീ മറ്റൊരു കാര്യത്തിനെന്ന്കള്ളം പറഞ്ഞ് മദറിന്‍റെ കയ്യിൽ നിന്നും അവന്‍റെ നമ്പർ വാങ്ങി. അവനെ വിളിച്ചു. ഒഴിവുകിട്ടുമ്പോൾ അനാഥാലയത്തിൽ എത്തണം, വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയാനുണ്ടെന്നും പറഞ്ഞു. അവൻ പിറ്റേദിവസം കമ്പനിയിൽ നിന്നും ലീവെടുത്ത്, അവിടെത്തിച്ചേർന്നു. അവൻ ഗെയ്റ്റ് കടന്നു വരുന്നത് അവൾ തന്‍റെ കിളിവാതിലിലൂടെ കണ്ടു. അവളുടെ ഉള്ളം കുളിരണിഞ്ഞു. നയനങ്ങളിൽ ആനന്ദം കളിയാടി.

"അവനോട് ഞാൻ സംസാരിക്കുന്നവരെ നീ അവിടേക്ക് വരരുത്" എന്ന ലൂസിയാന്‍റിയുടെ താക്കീത് അവൾ ഓർമിച്ചു. അവനെ അടുത്ത് കാണാനുള്ള മോഹം അവൾ തൽക്കാലത്തേക്ക് ഉള്ളിൽ അടക്കിവച്ചു.

                                  ലൂസിയാന്‍റി അവനെ ആരും കാണാത്ത ഒരു കോണിൽ വിളിച്ചുകൊണ്ടുപോയി. കാര്യങ്ങൾ എല്ലാം അറിയിച്ചു. അവന്‍റെ മറുപടി കേട്ടപ്പോൾ അവർ ഞെട്ടി.

"ചേച്ചി, അന്ന് മദർ എന്നെ വിളിച്ചിരുന്നു. അവൾക്ക് നല്ലൊരു ആലോചന വന്ന കാര്യവും പറഞ്ഞു. എനിക്കവളെ ഇഷ്ടവാര്ന്നു. ഞാൻ അതു കേട്ടപ്പോ ആകെ തകർന്നുപോയി. അതോണ്ടാ കുറച്ചുദിവസവായി വഴിക്കൊന്നും വരാഞ്ഞെ. എന്നതാണേലും എന്നെക്കാൾ എത്രയോ നല്ല ആളാണ്അയാളെന്ന് എനിക്ക് തോന്നി. കയ്യിൽ ഇഷ്ടം പോലെ പണം ഉണ്ട്. നല്ല ജോലിയൊണ്ട്. അവൾക്ക് ഇതിലും വലിയൊരു ഭാഗ്യം വരാനില്ല. അവൾക്ക് എന്നും നല്ലത് വരണേ. എന്നെ എനിക്കൊള്ളു. അതിനുവേണ്ടിയാ ഞാൻ വഴിമാറീത്. പക്ഷെ കാര്യങ്ങൾ ഞാൻ വിചാരിച്ചതിനുമപ്പുറത്തേക്ക് വളർന്ന കാര്യം ഞാനറിഞ്ഞില്ല. എനിക്കവളെ ഇഷ്ടവാ, ഒത്തിരി. ഞാനെന്നതാ ചെയ്യണ്ടേ..?"

"ആദ്യം നീ അവളോടൊന്ന് സംസാരിക്ക്. അവൾ ആകെ വെഷമിച്ചിരിക്കുവാ. എത്ര കാലവായി നിന്നെ കണ്ടിട്ട്. നിന്നെപ്പോലെ പെട്ടെന്ന് മാറാനൊന്നും അവൾക്ക് കഴിയത്തില്ല. പറ്റത്തുവില്ല." ലൂസിയാന്‍റി പറഞ്ഞു.

"അവൾ എവിടെയാ ? റൂമിലാണോ?" അവൻ വെപ്രാളപ്പെട്ടു.

"ഉം. മേളിൽ റൂമിലൊണ്ട് ഇപ്പോ. നീ ഒരു കാര്യം ചെയ്. പൂന്തോട്ടത്തിന് അപ്പറേയൊള്ള ബഞ്ചില്ലേ. അവിടേക്ക് ചെല്ല്. ഞാനവളെ അങ്ങോട്ട് അയക്കാം. ഒന്നും പേടിക്കണ്ട ! സന്തോഷവായിട്ടിരിക്ക്. മദറോട് ഞാൻ എല്ലാം പറഞ്ഞുകൊള്ളാം."

അവർ അവനെ അവിടേക്ക് പറഞ്ഞയച്ചു. മുറിയിൽ ചെന്ന് വാതിൽ മുട്ടേണ്ട താമസം, അവൾ വേഗം കതകുതുറന്നു. അവളുടെ മുഖം ഉദയസൂര്യന്‍റെ കിരണങ്ങളേറ്റ സൂര്യകാന്തി പുഷ്പം പോലെ വിടർന്നിരുന്നു.

"ദേണ്ടെ, അവൻ അവിടെ കൽബഞ്ചിന്മേൽ ഇരിപ്പൊണ്ട്. അങ്ങോട്ട് ചെല്ല്."

ലൂസിയാന്‍റി ഒരു കള്ളച്ചിരിയോടെ പറഞ്ഞു. അവൾ വരാന്തയിലൂടെ ഓടി. വേഗത്തിൽ പടവുകൾ ഓടിയിറങ്ങി. തന്നെ കാത്ത് അക്ഷമനായി ഇരിക്കുന്ന അവനെ അവൾ ദൂരെനിന്നും കണ്ടു. അവളുടെ ഉള്ളിൽ എന്തെന്നില്ലാത്തൊരു സന്തോഷം നുരഞ്ഞുപൊന്തി. കൽബഞ്ചിനടുത്തെത്തിയപ്പോൾ, അവൾ പതിയെ കാലടികൾ വച്ച് അവനടുത്ത് ചെന്നിരുന്നു. അവൻ മുഖം തിരിച്ച് അവളുടെ ഇരുനയനങ്ങളിലേക്കും മാറിമാറി നോക്കി. വെപ്രാളം കൊണ്ട് അവന്‍റെ തൊണ്ട വരണ്ടു. ആനന്ദം കൊണ്ട് എന്തൊക്കെയാണ് അവനോട് ചോദിക്കേണ്ടതെന്നറിയതെ അവൾ കുഴങ്ങി. തന്‍റെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാവാൻ പോവുകയാണെന്നുള്ള സന്തോഷത്തിൽ, അവനും വാക്കുകൾക്കായി പരതി. അല്പനേരത്തെ മൗനമായ ഇടവേളയ്ക്കുശേഷം അവൾ ചോദിച്ചു.

"ചേട്ടായി, സുഖവായിരിക്കുന്നോ ?."

"ഉം സുഖം. നിനക്കോ ?"

"ഉം. ആന്‍റി എല്ലാം പറഞ്ഞോ ?"

"ഉം. പറഞ്ഞു."

"യ്യോ..!!" അവൾ നാണത്താൽ മുഖം താഴ്ത്തി. അവൾ ചൂളിപ്പോകുന്നത് കണ്ട് അവൻ ചിരിച്ചു. അവൻ അവളുടെ താടിയിൽ തന്‍റെ കൈകൾ കൊണ്ട് താങ്ങി അവളുടെ മുഖം പതിയെ ഉയർത്തി. അവളുടെ ശരീരത്തിൽ തന്‍റെ ആദ്യസ്പർശനം. അവൾ ആകെ കോരിത്തരിച്ച് അവന്‍റെ കണ്ണുകളിലേക്ക് നോക്കി.

"എനിക്ക് നിന്നെ ഒത്തിരി ഇഷ്ടവാ. നമുക്കിനി ഒന്നിച്ചുജീവിച്ചാലെന്നാ കൊഴപ്പം ?." അവൻ പ്രണയവിവശനായി ചോദിച്ചു.

"മദറോട് ചോദിക്കാവോ ? എല്ലാർക്കും ഇഷ്ടവല്ലേല്, ഞാൻ സമ്മതിക്കില്ല." അവൾ പറഞ്ഞു.

", എന്നാ വേണ്ട. ഇതൊന്നും നടക്കാൻ പോണില്ല. എന്‍റെ വീട്ടിലും സമ്മതിക്കില്ല." അവൻ കോപം നടിച്ചു.

അവളുടെ മുഖം മഴക്കാറ് മൂടിയ ആകാശം പോലെ ഇരുണ്ടു. കണ്ണുകളിൽനിന്നും ഇപ്പോൾ കണ്ണുനീർ പേമാരിയായി പൊഴിയും എന്നവന് തോന്നി.

അവൻ അവളുടെ മുഖം ഉയർത്തി അത് തന്‍റെ കൈക്കുടന്നയിൽ ചേർത്തുപിടിച്ചു. അവളുടെ കണ്ണുകളിലേക്കു നോക്കിക്കൊണ്ട് മൊഴിഞ്ഞു.

"നിന്‍റെ മദറുടേം, നിന്‍റെ കുടുംബക്കാരുടേം ഒക്കെ സമ്മതം വാങ്ങിയാ, ഞാൻ നിന്നെ കെട്ടാൻ പോണേ. പോരെ."

"ഉം. മതി." അവളുടെ കണ്ണുകൾ നിറഞ്ഞു

അവൻ അവളെ തന്‍റെ മാറോട് ചേർത്തു. അവളുടെ സുന്ദരമായ നെറ്റിത്തടം ചുംബനപുഷ്പങ്ങളാൽ മൂടികഠിനമായ വിരഹദുഃഖത്താൽ, വിങ്ങിപ്പൊട്ടിയ ഹൃദയവുമായി ദിവസങ്ങൾ പലതും തള്ളിനീക്കിയ അവർ, പരസ്പരം ഹൃദയം തുറന്ന് ആവോളം സംസാരിച്ചു

                                     ദിവസങ്ങൾ രണ്ടെണ്ണം കഴിഞ്ഞുപോയിരുന്നു. അതിനിടക്ക് ലൂസിയാന്‍റി കാര്യങ്ങളെല്ലാം മദറിനോട് സംസാരിച്ചു. മദർ താൻ കേട്ടതെല്ലാം സത്യമാണോ എന്ന് അവളോട് ചോദിച്ചു. അവൾ തലതാഴ്ത്തി എല്ലാത്തിനും ഉത്തരം മൂളി. ഇത്രയും നാൾ കാര്യങ്ങളെല്ലാം തന്നിൽനിന്നും മറച്ചുവച്ചതിന്‍റെ വിദ്വേഷം മദർ പ്രകടിപ്പിക്കുക തന്നെ ചെയ്തു. ഒടുക്കം അവളെ ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു.

"ഉം. കാര്യങ്ങളൊക്കെ കൊള്ളാം. ഇവിടെ ഇങ്ങനെ ഒരു കാര്യം അരങ്ങേറുന്നത് ഞാൻ അറിഞ്ഞില്ല. അവനെ എനിക്കൊന്നു കാണണം. തെമ്മാടി..."

മദർ അവനെ മറ്റൊരുദിവസം വിളിച്ചുവരുത്തി.

"നിന്‍റെ വീട്ടുകരെല്ലാം, ഇതിനു സമ്മതിക്കുവോടാ ? അവൾടെ കാര്യങ്ങളെല്ലാം നിനക്കറിയാവല്ലോ.."

"അമ്മയ്ക്ക് സമ്മതവാ. ഞാൻ ചോദിച്ചു."

"നിനക്കവിടെ എന്നാ ശമ്പളവൊണ്ട് ?"

"ഇരുപതിനായിരം. അടുത്തകൊല്ലം കൂടും.
എന്‍റെ മദറെ, എനിക്കവളെ ഇഷ്ടവാ. പൊന്നു പോലെ അല്ലേലും, വെള്ളിപോലെയെങ്കിലും ഞാൻ അവളെ നോക്കിക്കോളാം. പോരെ."
അവന്‍റെ മറുപടി കേട്ട് മദർ പൊട്ടിച്ചിരിച്ചു.

"ഉം. നടക്കട്ടെ. അവളെ ഒരിക്കലും കരയിച്ചേക്കരുത് കേട്ടോ. ഒരു പെണ്ണും, ജീവിതത്തിൽ ഇന്നേവരെ അനുഭവിച്ചിട്ടില്ലാത്തത്ര നരകയാതനകൾ അനുഭവിച്ചാ അവൾ ഇവിടെ വരെ എത്തിയത്. നിനക്കറിയവല്ലോ എല്ലാം. ഇനിയും അവളെ സങ്കടപ്പെടുത്തിക്കരുത്." കന്യാസ്ത്രീ നെടുവീർപ്പിട്ടു.

"ഇല്ല സിസ്റ്ററെ, ഒരിക്കലും ഇല്ല."

മദർ തന്നെ, ആലോചനയുമായി വന്നവരോട് കാര്യങ്ങൾ പറഞ്ഞുമനസിലാക്കി. വിവാഹം ലളിതമായ രീതിയിൽ നടന്നു. ശിഷ്ടകാലം അവരിരുവരും സന്തോഷമായി ജീവിച്ചു.

(അവസാനിച്ചു.)