Ind disable

2017, ഡിസംബർ 10, ഞായറാഴ്‌ച

ഭിക്ഷുകി (ഭാഗം 5)


                അവൾ വളർന്നു യൗവനയുക്തയായ പെണ്ണായി മാറി. എല്ലാ ഞായറാഴ്ചയും അവൻ വരുന്നതും നോക്കി അവൾ, രണ്ടാം നിലയിലുള്ള തന്‍റെ മുറിയിലിരുന്ന് ജനാലയിലൂടെ ഗെയ്റ്റിനടുത്തേക്ക് നോക്കുംഒന്നുരണ്ട് ആഴ്ചകളായി അവനെ കാണാത്തതുകൊണ്ട് അവൾ മദറിനോട് തിരക്കി.

"അയ്യോ, പറയാൻ മറന്നു. അവൻ അന്നെന്നെ വിളിച്ചാര്ന്നു. ഇപ്പോ ഒരു ജോലീടെ ട്രൈനിംഗിലാണ്. അതാ വരാത്തെ. നിന്നോട് അന്വേഷണം അറിയിക്കാൻ പറഞ്ഞിട്ടൊണ്ട്. തെരക്കിനിടക്ക് ഞാൻ പറയാൻ മറന്നതാ" മദർ അബദ്ധം പറ്റിയവരെ പോലെ മൂക്കത്ത് വിരൽ വച്ചുകൊണ്ട് പറഞ്ഞു. അവളുടെ സുന്ദരമുഖം മ്ലാനമായി.

                 ആയിടക്കാണ് മറ്റൊരു സംഭവം നടന്നത്. അനാഥാലയത്തിലേക്ക് ഡോണേഷൻ നൽകാൻ വന്ന ഒരു വൻ ടെക്സ്റ്റയിൽഷോപ്പ് ഉടമ, ഓഫീസ് മുറിയിൽ വച്ചിരുന്ന അവളുടെ ചിത്രപ്പണികൾ കാണാനിടയായി. അതിൽ ആകൃഷ്ടനായ അദ്ദേഹം തന്‍റെ കമ്പനിയിൽ അവൾക്ക് ഉയർന്ന ശമ്പളമുള്ള ഒരു ജോലി വാഗ്ദാനം ചെയ്തു. ആ മേഖലയിൽ ബിരുദാനന്തര ബിരുദം ഉള്ളവർക്ക് മാത്രം നൽകിയിരുന്ന ആ ജോലി, അവൾക്ക് ലഭിച്ചു. പക്ഷെ കമ്പനി വളരെ ദൂരെയാണ്. എന്നും പോയിവരാൻ പറ്റില്ല. ഹോസ്റ്റലിൽ നിൽക്കേണ്ടിവരും എന്നൊക്കെ അയാൾ പറഞ്ഞപ്പോൾ, അവൾ വിസമ്മതിച്ചു. അതു സാരമില്ലെന്നു മദർ പറഞ്ഞു. ആ സ്നേഹഭവനത്തിൽ നിന്നും ആദ്യമായി ദൂരേക്ക് പോകുന്ന അവളുടെ വേർപാട് വളരെ ഹൃദയഭേദകമായിരുന്നു. വിരഹവേദനയാൽ അവളുടെ കണ്ണുകൾ, നിറഞ്ഞൊഴുകി. മദറിനോട് യാത്ര പറഞ്ഞു. ലൂസിയാന്‍റിയും ഒപ്പം ഉണ്ടായിരുന്നു.

                   വലിയ കമ്പനി ആയിരുന്നു. താമസമൊക്കെ റെഡിയാക്കി ലൂസിയാന്‍റി തിരിച്ചുപോയി. ഹോസ്റ്റലിൽ സമപ്രായത്തിലുള്ള അനേകം സുഹൃത്തുക്കളെ അവൾക്ക് കിട്ടി.
മദർ, എന്നും വിളിക്കാറുണ്ടായിരുന്നു. ഇടക്കിടെ കാണാനും വരും. മദർ വിളിക്കുമ്പോഴെല്ലാം അവൾ അവനെക്കുറിച്ച് ചോദിക്കും. അവൻ വന്നില്ലെന്ന് മദർ മറുപടി കൊടുക്കും. അങ്ങനെയിരിക്കെ കുറച്ചുമാസങ്ങൾക്കുശേഷം മദർ വിളിച്ചപ്പോൾ സന്തോഷകരമായ ഒരു കാര്യം പറഞ്ഞു. അവൻ ഒരുദിവസം മധുരങ്ങളുമായി അനാഥാലയത്തിൽ വന്നെന്നും തനിക്കു ജോലികിട്ടിയെന്നു പറഞ്ഞു എല്ലാവരോടും തനിക്കുവേണ്ടി പ്രാർത്ഥിച്ചതിന് നന്ദി പറഞ്ഞെന്നും പറഞ്ഞു. അവളും സന്തോഷിച്ചു.

                                 ആയിടക്ക് മറ്റൊരു സംഭവം നടന്നു. ആ കമ്പനിയിൽ അവൾ ജോലിചെയ്യുന്ന വിഭാഗത്തിന്‍റെ മാനേജർ ആയ ഒരു പയ്യൻ അവളെ ഇഷ്ടപ്പെട്ട്, അവളോട് നേരിട്ട് വിവാഹാഭ്യർത്ഥന നടത്തി. അവൾ അപ്പോഴും നിശ്ശബ്ദയായിരുന്നു. ഒന്നും ആഗ്രഹിക്കാനോ മറ്റുള്ളവരുടെ ആഗ്രഹങ്ങൾക്ക് എതിരുപറയാനോ ഉള്ള അവകാശം തനിക്കില്ലെന്നു അവൾ പണ്ടേ മനസിലാക്കിയിരുന്നു. അവളുടെ എല്ലാ കാര്യങ്ങളും അറിഞ്ഞുകൊണ്ടാണ് ഇഷ്ടപ്പെട്ടതെന്നൊക്കെ അയാൾ പറഞ്ഞു. അവൾ എതിർത്തൊന്നും പറഞ്ഞില്ല തലതാഴ്ത്തിയിരുന്നു. അവൻ വീട്ടുകാരോടൊപ്പം ആലോചനയുമായി അനാഥാലയത്തിലെത്തി. ഓഫീസ്മുറി അടിച്ചുവാരാൻ ചെന്ന ലൂസിയാന്‍റി പുതിയ അതിഥികളെ കണ്ടു. കാര്യം അവർക്ക് ബോധ്യപ്പെട്ടു. തന്‍റെ പൊന്നോമനയ്ക്ക് നല്ലൊരു ജീവിതം കിട്ടാൻ പോകുന്നു എന്നറിഞ്ഞപ്പോൾ സ്നേഹനിധിയായ ആ വളർത്തമ്മ ഉള്ളിൽ അതിയായി സന്തോഷിച്ചു.

                      പുറത്ത് മഴ പെയ്യാൻ തുടങ്ങിയിരുന്നു. തുലാമാസത്തിലെ ശക്തമായ മഴ. കെട്ടിടത്തിന്‍റെ മേൽക്കൂരയിൽ മഴത്തുള്ളികൾ ആഞ്ഞടിക്കുന്ന സ്വരം അവൾ കേട്ടു. അവ ഇരമ്പലായി കർണങ്ങളിൽ ഒരേ താളത്തിൽ ആവർത്തിച്ചു കേൾക്കുന്നു. ഹോസ്റ്റലിലെ, തന്‍റെ മുറിയിൽ ജനാലക്കരികിൽ ഏകയായിരുന്ന് മഴ ആസ്വദിക്കുകയായിരുന്നു അവൾ. ചുവരിൽ ഘടികാരത്തിൽ സൂചി നാലുമണിക്കപ്പുറം കടന്നിരുന്നു. താഴെ മതിലിനോട് ചേർന്ന് വരിവരിയായി താൻ നട്ടുപിടിപ്പിച്ച റോസാച്ചെടികൾ മഴയുടെ പ്രഹരത്തിൽ കിടന്നുലയുന്നത് അവൾ കണ്ടു. അവയിൽ രാവിലെ വിരിഞ്ഞ, ഇണകളായിനിന്നിരുന്ന റോസാപ്പൂവുകളിൽ ഒന്ന് ഞെട്ടറ്റ് താഴെ ചളിയിൽ ഇതളുകൾ ചുറ്റും വിതറി കിടക്കുന്നത് അവൾ കണ്ടു. അവളുടെ ഹൃദയം നുറുങ്ങി. എന്തെന്നില്ലാത്ത ഒരു വേദന അവളുടെ ഞരമ്പുകളിൽ കയറിക്കൂടി. അപ്പോഴാണ് വാതിലിൽ ആരോ മുട്ടുന്നത് അവൾ കേട്ടത്. എഴുന്നേറ്റ് ചെന്ന് കതകുതുറന്നു. അടുത്ത മുറിയിൽ താമസിക്കുന്ന അനിതയാണ്.

"എടി റോസെ, നിനക്കൊരു കോൾ ഒണ്ട് നിന്‍റെ വീട്ടീന്നാ. വാർഡൻ താഴേക്ക് ചെല്ലാൻ പറഞ്ഞു."

". ലൂസിയാന്‍റിയോ, മദറോ ആകും. " അവളുടെ കണ്ണുകൾ സന്തോഷത്താൽ വിടർന്നു. വരാന്തയിലൂടെ ഓടി അവൾ പെട്ടെന്നുതന്നെ താഴെയെത്തി.

"ലൂസിയാ. ഇന്നാ"

വാർഡൻ റിസീവർ അവളുടെ നേരെ നീട്ടി. അവൾ അതുവാങ്ങി ചെവിയോട് ചേർത്തു.

"ആന്‍റീ "

"ഓ എന്‍റെ കൊച്ചേ, എന്നാ ഒണ്ട് അവിടെ നിന്‍റെ വിശേഷം? സുഖവാണോ നിനക്ക് ?"

"സുഖവാ ആന്‍റി. ഇവിടെ ഒരു കൊഴപ്പോം ഇല്ല. ആന്‍റിക്ക്സുഖവല്ലേ കടേലൊക്കെ തെരക്കൊണ്ടോ ?"

"ഓ സുഖവാ. എല്ലാവരും സുഖമായിരിക്കുന്നു. കൊഴപ്പമില്ല. കടയൊക്കെ അങ്ങനെ പോകുന്നു. പിന്നെ എന്‍റെ പൊന്നുമോൾക്ക് ഏറ്റം സന്തോഷം തരണ ഒരു കാര്യം പറയാനാ ഇപ്പൊ  ആന്‍റി വിളിച്ചെ. "

"എന്നതാ ആന്‍റി ?"

"ഇന്നലെ ഇവിടെ ഒരുകൂട്ടം ആളുകള് വന്നാര്ന്നു. നിന്‍റെ കമ്പനീന്ന് ! ആരാന്നറിയാവോ ?"

അവളുടെ മനസിൽ പല ചോദ്യങ്ങളും ഉയർന്നു. ഒപ്പം ഭീതിയും. നെഞ്ചിനകത്തുകിടന്ന് ഹൃദയം വിങ്ങുന്നപോലെ അവൾക്ക് തോന്നി.

"അരാ ആന്‍റി ? എന്നതാ കാര്യം ?"

"നിന്‍റെ കമ്പനീലെ മാനേജര് പയ്യനില്ലേ, എന്നതാ അവന്‍റെ പേര്, .. അഗസ്റ്റിൻ. അവൻ വീട്ടുകാരേം വിളിച്ച് വന്നേക്കുന്നു. അവന് നിന്നെ കെട്ടിയാ, കൊള്ളാവെന്ന്. അമ്മയുടേം പപ്പയുടേംഒക്കെ, സമ്മതം മേടിച്ചേക്കുന്നു അവൻ. സ്വർഗം പോലൊരു ജീവിതവാ എന്‍റെ കൊച്ചിന് കിട്ടാൻ പോണെ. ഇത്രേം കാലം ദൈവം നിനക്ക് നരകയാതനകൾ തന്നത്, ഒടുക്കം സ്വർഗവാതിൽ തൊറന്നു തരാനാ. എല്ലാം എന്‍റെ പൊന്നുമോൾ ചെയ്ത നന്മകളുടെ ഫലമാ. സന്തോഷമായില്ലേ നിനക്ക് ?."

"ഉം" അവൾ മൂളി.

"ശരി, എന്നാ ഞാൻ പിന്നെ വിളിക്കാം. ഇതുപറയാൻ വേണ്ടി വിളിച്ചതാ ആന്‍റി. ഭക്ഷണം ഒക്കെ കഴിച്ചേക്കണേ. ശരി ഫോൺ വച്ചേക്കുവാ. "

"ശരി അമ്മേ.."

അവൾ റിസീവർ താഴെവച്ചു, തിരിച്ചു നടന്നു. അവളുടെ നെഞ്ചിനകത്ത് ദുഃഖം അഗ്നിപോലെ പടർന്നിരുന്നു. കണ്ണുകൾ ഈറനണിഞ്ഞു. വികാരങ്ങൾ, പ്രക്ഷുബ്ധമായ തിരമാലകൾ പോലെ അവളുടെ ഉള്ളിൽ ആഞ്ഞടിച്ചു. അവളുടെ നയനങ്ങളിൽ നിന്നും അശ്രുകണങ്ങൾ തുലാമാസ മഴപോലെ ശക്തിയായി താഴേക്ക് ഒഴുകി. അവൾ ഓടിച്ചെന്ന് ജനാലയിലൂടെ പുറത്തേക്ക് നോക്കി. നേരത്തെ വീഴാതെ അവശേഷിച്ചിരുന്ന റോസാപ്പൂവും താഴെ ചളിയിൽ അതിന്‍റെ അന്ത്യശ്വാസം, വലിച്ചു കിടക്കുന്നത് അവൾ കണ്ടു. പക്ഷെ അത് തന്‍റെ പ്രിയയുടെ അരികിൽ നിന്നും ഒരുപാട് അകലെയാണ് വീണുകിടക്കുന്നത്. ശക്തമായി വീശുന്ന കാറ്റ് അതിനെ തന്‍റെ പ്രണയിനിയുടെ അരികെനിന്നും ദൂരേക്ക് അകറ്റിയിരിക്കുന്നു. തന്‍റെ ജീവിതവുമായി അതിന് എന്തോ സാമ്യം ഉള്ളതുപോലെ അവൾക്ക് തോന്നി. തന്‍റെ ജീവിതത്തിൽ കൊടുങ്കാറ്റായി വന്നവനാണ് അഗസ്റ്റിൻ. അവൾ ശബ്ദം പുറത്തുവരാതിക്കാനായി മുഖം കൈകളാൽ പൊത്തി. പൊട്ടിക്കരഞ്ഞു. അവൾ വിതുമ്പുന്നത് മഴയുടെ ഇരമ്പൽ പോലെ തോന്നിച്ചു. തന്‍റെ ദുഃഖത്തിൽ വർഷപാതവും പങ്കുചേരുന്നുവോ? അവൾ ശങ്കിച്ചു.

               വിവാഹാലോചന പ്രമാണിച്ച് കമ്പനിയിൽ നിന്നും ഒരാഴ്ച്ചക്ക് ലീവ് അനുവധിച്ചുതരാൻ മദർ തന്നെ കമ്പനിയുടമയുമായി നേരിട്ട് വിളിച്ചുസംസാരിച്ചു.

                     ഹോസ്റ്റലിലെ, ഇടുങ്ങിയ മുറിയിൽ നിന്നും വിശാലമായ അനാഥാലയ അങ്കണത്തിലേക്ക് അവൾ കാലെടുത്തുവച്ചു. സാധനസാമഗ്രികളെല്ലാം മുറിയിൽ വച്ചതിനുശേഷം അവൾ ആദ്യം പോയത്, കൂടപ്പിറപ്പുകളെ പോലെ താൻ സ്നേഹിക്കുന്ന, അവിടുത്തെ അന്തേവാസികളെ കാണുവാനാണ്. അവളെ ദർശിച്ച മാത്രയിൽ തന്നെ പലരുടേയും കണ്ണുകളിൽ നിന്നും, ആനന്ദാശ്രുക്കൾ പൊഴിയാൻ, തുടങ്ങിയിരുന്നു. കയ്യിൽ കരുതിയിരുന്ന മധുരങ്ങൾ, അവൾ എല്ലാവർക്കും നൽകി. അവരോടൊപ്പം അൽപസമയം ചിലവഴിച്ചശേഷം അവളെ ലൂസിയാന്‍റി ഉദ്യാനത്തിനകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. പൊയ്കയുടെ പാർശ്വത്തിൽ സ്ഥാപിച്ചിരിക്കുന്ന കൽബഞ്ചിന്മേൽ ഇരുവരും ഇരുന്നു. ആ സ്ത്രീ അവളുടെ സുഖവിവരങ്ങളെക്കുറിച്ച് അന്വേഷിച്ചു. അതിനുശേഷം, സ്നേഹഭവനത്തിലെ വിശേഷങ്ങളെക്കുറിച്ചും വാചാലയായി. അവൾ എല്ലാം മൂളിക്കേട്ടു. അതിനുശേഷം അവളെ വിവാഹമാലോചിച്ചുവന്ന ആളുകളെക്കുറിച്ച് പറയാൻ ആരംഭിച്ചു.

"നല്ല കൂട്ടരാ. എന്നാ വലിയ വീടാ. കാറും വാഹനങ്ങളും എല്ലാമൊണ്ട്. ഞാനും മദറും പോയിരുന്നു. മിനിങ്ങാന്ന്. നല്ല സ്നേഹമുള്ള ആൾക്കാരാ. എന്‍റെ മോൾക്ക് സ്വാർഗവാ കിട്ടിയേക്കുന്നെ. എല്ലാം ദൈവാനുഗ്രഹം. അല്ലേൽ ആ കമ്പനീൽ തന്നെ ജോലിക്കുപോകാനും, ആ ചെറുക്കൻ നിന്നെ കാണാനും ഇഷ്ടപ്പെടാനും വഴിയൊണ്ടാകുവോ ?."

അവൾ അതിന് മറുപടിയൊന്നും പറഞ്ഞില്ല. അവളുടെ ഉള്ളിൽ, ശോകം അണപൊട്ടിയൊഴുകാൻ തുടങ്ങിയിരുന്നു. അവന്‍റെ മുഖവും, ആ ചിരിയും തന്‍റെ കണ്ണുകൾക്ക് മുന്നിൽ തെളിയുന്നതായി അവൾക്ക് തോന്നി. അവൾ കണ്ണുകൾ അടച്ചു. അവക്കിടയിലൂടെ രണ്ടുതുള്ളി കണ്ണുനീർ അവളുടെ കവിളിലൂടെ താഴേക്ക് ഇറ്റുവീണു.

"ഞാൻ ഇപ്പൊ വരാം, ചേച്ചി."

അവൾ പൊടുന്നനെ ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റ് തിരിഞ്ഞുനടന്നു. അവൾ നടന്നുപോവുന്നത് ആ സ്ത്രീ അന്ധാളിച്ച് നോക്കിനിന്നു. അവളുടെ പെരുമാറ്റത്തിൽ എന്തൊക്കെയോ അസ്വഭാവികത ഉണ്ടെന്ന് അവർക്ക് തോന്നി. അന്ന് ഫോണിൽ ഇക്കാര്യം പറഞ്ഞപ്പോഴും അവൾ കൂടുത്താലൊന്നും ചോദിക്കാതെ ഫോൺ കട്ടുചെയ്തു. ഏതായാലും അവളെ എന്തൊക്കെയോ പ്രശ്നങ്ങൾ അലട്ടുന്നുണ്ട്. ചോദിക്കുകതന്നെ ശരണം. ആ സ്ത്രീ അവൾ പോയവഴിയെ നടന്നു.
തുടരും...