Ind disable

2017, ഡിസംബർ 17, ഞായറാഴ്‌ച

ഭിക്ഷുകി (ഭാഗം 6) (അവസാനഭാഗം)


                                  അവൾ പടികയറി മുകളിലെത്തി. തന്‍റെ മുറിയിൽ കയറി വാതിൽ കുറ്റിയിട്ടു. കിടക്കയിലേക്ക് വീണ് തലയിണയിൽ മുഖം പൊത്തി പൊട്ടിക്കരഞ്ഞു. നെഞ്ച് രണ്ടായിപ്പിളർക്കുന്ന പോലെ അവൾക്കുതോന്നി. തലയിൽ എന്തോ ഭാരം കയറ്റിവച്ചപോലെ. എത്രകരഞ്ഞിട്ടും ആശ്വാസം കിട്ടുന്നില്ല. നെഞ്ചിനുള്ളിൽ എന്തോ തിളച്ചുമറിയുന്ന പോലെ. ദു:ഖാഗ്നിയിൽ താനിപ്പോൾ വെന്തുചാകും എന്നവൾക്ക് തോന്നി. അവളെ പിന്തുടർന്നുവന്ന ലൂസിച്ചേച്ചി മുറിയുടെ വാതിലിൽ മുട്ടാതെ, വരാന്തയിലൂടെ നടന്ന് ജനലിനടുത്തെത്തി. ചാരി വച്ചിരുന്ന ഒരു ജനൽപാളി പതിയെ തുറന്ന് അകത്തേക്ക് നോക്കി. അകത്ത്, അവൾ കിടക്കയിൽ മുഖം പൊത്തിവച്ചിരുന്ന് കരയുന്നതാണ് അവർ കണ്ടത്. അവരുടെ മനസ്സിൽ കൊള്ളിയാൻ മിന്നി. നെഞ്ചിൽ വേദന ഉമിത്തീ പോലെ എരിഞ്ഞു. അവർ വാതിലിനടുത്തേക്ക് ഓടിച്ചെന്നു. അവയിൽ ആഞ്ഞുമുട്ടി.

"എന്‍റെ പൊന്നുമോളെ, നിനക്കെന്നാ പറ്റിയെടി ? കതക് തുറക്ക്."

ഒരമ്മയുടെ വാത്സല്യത്താൽ, ദുഃഖത്താൽ, ഇടറുന്ന സ്വരത്തോടെ, സ്ത്രീ ഒച്ചയിട്ടു. അവൾ എഴുന്നേറ്റ് കണ്ണുതുടച്ച്, വേഗം ഓടിച്ചെന്ന് വാതിൽ തുറന്നു. അവളെ കണ്ടപാടെ സ്ത്രീ അവളെ കെട്ടിപ്പിടിച്ചു. അവൾ അവരുടെ തോളിൽ തലവച്ച് വീണ്ടും വീണ്ടും കരഞ്ഞു. സ്ത്രീ അവളുടെ ചുമലിൽ തട്ടി ആശ്വസിപ്പിച്ചു.

"സാരമില്ല പോട്ടെ എന്നതാണേലും നമ്മക്ക് പരിഹാരം ഉണ്ടാക്കാം. എന്നാ പറ്റി നിനക്ക്? ആന്‍റിയോട് പറ. എന്‍റെ മോൾക്ക് ഇഷ്ടമില്ലാത്തതിനൊന്നും ആന്‍റി കൂട്ടുനിക്കില്ല. എന്നതാണേലും പറ"

വാക്കുകൾ ഉരുവിടുമ്പോൾ കണ്ണുകൾ നിറയാൻ തുടങ്ങിയിരുന്നു. അവൾ ഏങ്ങലിൽ മുങ്ങിയ സ്വരത്തോടെ, അവ്യക്തമായി കാര്യങ്ങളെല്ലാം തുറന്നുപറഞ്ഞു.

"നീ എന്തേ ഇതുവരെ ആന്‍റിയോട് ഇക്കാര്യം പറഞ്ഞില്ല ! എന്‍റെ വയറ്റിൽ പിറന്നില്ല എന്നേയൊള്ളൂ. നീ എന്‍റെ സ്വന്തം മോളു തന്നാ? ഇങ്ങനൊരു ആഗ്രഹം നിങ്ങടെ ഉള്ളിൽ വളരുന്നത് ഞങ്ങൾ അറിഞ്ഞില്ല. അറിഞ്ഞാരുന്നെ, വീട്ടിൽ ആരും അത് തെറ്റെന്ന് പറയില്ല. ലോകത്ത് നിന്നെ അത്രത്തോളം അറിയുന്ന ആരാ വേറെ ഒള്ളത്? ദുരിതത്തിലും സമൃദ്ധിയിലും നിന്നെ ഒരുപോലെ കണ്ടവനാ അവൻ. അവനെക്കാൾ വലിയൊരു യോഗ്യനെ നിനക്ക് കിട്ടാനില്ല. നീ ഇത് ആന്‍റിയോടെങ്കിലും പരായണ്ടതാര്ന്നു. പോട്ടെ സാരവില്ല. !" 

സ്ത്രീ അവളുടെ മേനിയിൽ സ്നേഹത്തോടെ തലോടി.

"എനിക്ക് പേടിയാ ആന്‍റി. എനിക്ക് വേണ്ട ഒന്നും. എന്‍റെ ജീവിതത്തിൽ ഇഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ല, നഷ്ടങ്ങൾ മാത്രേ ഒണ്ടായിട്ടൊള്ളു. അതൊന്നും ഞാൻ മറക്കില്ല ഒരിക്കലും. തീക്കനൽ കൊണ്ട്, ഉള്ളില് കോറിവച്ചേക്കുവാ എല്ലാം. എനിക്ക് മനുഷ്യനെ പോലെ നല്ലൊരു ജീവിതം തന്നത് നിങ്ങളൊക്കെയാ. ഞാൻ എന്ത് ചെയ്യണമെന്ന് തീരുമാനിക്കുന്ന എന്‍റെ മനസാക്ഷി ഇപ്പൊ നിങ്ങളൊക്കെയാണ്. എനിക്ക് വേണ്ട ഒന്നും. എനിക്ക് വേണ്ട."
അവൾ ദീർഘനിശ്വാസത്തോടെ പറഞ്ഞുനിർത്തി.

"അങ്ങനെയല്ല പൊന്നെ. അതൊക്കെ കഴിഞ്ഞില്ലേ. ഇത് നിന്‍റെ പുതുജന്മമാണ്, നഷ്ടങ്ങളുടെ ഭൂതകാലം നിനക്കിനി വേണ്ട. നീ ആഗ്രഹിക്കുന്ന പോലൊരു ജീവിതം നിനക്ക് കിട്ടും. ഞാൻ അവനോട് കൂടെ ഒന്ന് ചോദിച്ചുനോക്കട്ടെ. ആന്‍റിയൊണ്ട് നിന്‍റെ കൂടെ. എന്‍റെ മോൾ സമാധാനവായിട്ടിരിക്ക്. പിന്നെ, ഇപ്പൊ ഇക്കാര്യം മറ്റാരും അറിയണ്ട. ഞാൻ മദറോട് സംസാരിച്ചോളാം. ആദ്യം അവനെ വിളിച്ച് ചോദിക്കട്ടെ."

സ്ത്രീ മറ്റൊരു കാര്യത്തിനെന്ന്കള്ളം പറഞ്ഞ് മദറിന്‍റെ കയ്യിൽ നിന്നും അവന്‍റെ നമ്പർ വാങ്ങി. അവനെ വിളിച്ചു. ഒഴിവുകിട്ടുമ്പോൾ അനാഥാലയത്തിൽ എത്തണം, വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയാനുണ്ടെന്നും പറഞ്ഞു. അവൻ പിറ്റേദിവസം കമ്പനിയിൽ നിന്നും ലീവെടുത്ത്, അവിടെത്തിച്ചേർന്നു. അവൻ ഗെയ്റ്റ് കടന്നു വരുന്നത് അവൾ തന്‍റെ കിളിവാതിലിലൂടെ കണ്ടു. അവളുടെ ഉള്ളം കുളിരണിഞ്ഞു. നയനങ്ങളിൽ ആനന്ദം കളിയാടി.

"അവനോട് ഞാൻ സംസാരിക്കുന്നവരെ നീ അവിടേക്ക് വരരുത്" എന്ന ലൂസിയാന്‍റിയുടെ താക്കീത് അവൾ ഓർമിച്ചു. അവനെ അടുത്ത് കാണാനുള്ള മോഹം അവൾ തൽക്കാലത്തേക്ക് ഉള്ളിൽ അടക്കിവച്ചു.

                                  ലൂസിയാന്‍റി അവനെ ആരും കാണാത്ത ഒരു കോണിൽ വിളിച്ചുകൊണ്ടുപോയി. കാര്യങ്ങൾ എല്ലാം അറിയിച്ചു. അവന്‍റെ മറുപടി കേട്ടപ്പോൾ അവർ ഞെട്ടി.

"ചേച്ചി, അന്ന് മദർ എന്നെ വിളിച്ചിരുന്നു. അവൾക്ക് നല്ലൊരു ആലോചന വന്ന കാര്യവും പറഞ്ഞു. എനിക്കവളെ ഇഷ്ടവാര്ന്നു. ഞാൻ അതു കേട്ടപ്പോ ആകെ തകർന്നുപോയി. അതോണ്ടാ കുറച്ചുദിവസവായി വഴിക്കൊന്നും വരാഞ്ഞെ. എന്നതാണേലും എന്നെക്കാൾ എത്രയോ നല്ല ആളാണ്അയാളെന്ന് എനിക്ക് തോന്നി. കയ്യിൽ ഇഷ്ടം പോലെ പണം ഉണ്ട്. നല്ല ജോലിയൊണ്ട്. അവൾക്ക് ഇതിലും വലിയൊരു ഭാഗ്യം വരാനില്ല. അവൾക്ക് എന്നും നല്ലത് വരണേ. എന്നെ എനിക്കൊള്ളു. അതിനുവേണ്ടിയാ ഞാൻ വഴിമാറീത്. പക്ഷെ കാര്യങ്ങൾ ഞാൻ വിചാരിച്ചതിനുമപ്പുറത്തേക്ക് വളർന്ന കാര്യം ഞാനറിഞ്ഞില്ല. എനിക്കവളെ ഇഷ്ടവാ, ഒത്തിരി. ഞാനെന്നതാ ചെയ്യണ്ടേ..?"

"ആദ്യം നീ അവളോടൊന്ന് സംസാരിക്ക്. അവൾ ആകെ വെഷമിച്ചിരിക്കുവാ. എത്ര കാലവായി നിന്നെ കണ്ടിട്ട്. നിന്നെപ്പോലെ പെട്ടെന്ന് മാറാനൊന്നും അവൾക്ക് കഴിയത്തില്ല. പറ്റത്തുവില്ല." ലൂസിയാന്‍റി പറഞ്ഞു.

"അവൾ എവിടെയാ ? റൂമിലാണോ?" അവൻ വെപ്രാളപ്പെട്ടു.

"ഉം. മേളിൽ റൂമിലൊണ്ട് ഇപ്പോ. നീ ഒരു കാര്യം ചെയ്. പൂന്തോട്ടത്തിന് അപ്പറേയൊള്ള ബഞ്ചില്ലേ. അവിടേക്ക് ചെല്ല്. ഞാനവളെ അങ്ങോട്ട് അയക്കാം. ഒന്നും പേടിക്കണ്ട ! സന്തോഷവായിട്ടിരിക്ക്. മദറോട് ഞാൻ എല്ലാം പറഞ്ഞുകൊള്ളാം."

അവർ അവനെ അവിടേക്ക് പറഞ്ഞയച്ചു. മുറിയിൽ ചെന്ന് വാതിൽ മുട്ടേണ്ട താമസം, അവൾ വേഗം കതകുതുറന്നു. അവളുടെ മുഖം ഉദയസൂര്യന്‍റെ കിരണങ്ങളേറ്റ സൂര്യകാന്തി പുഷ്പം പോലെ വിടർന്നിരുന്നു.

"ദേണ്ടെ, അവൻ അവിടെ കൽബഞ്ചിന്മേൽ ഇരിപ്പൊണ്ട്. അങ്ങോട്ട് ചെല്ല്."

ലൂസിയാന്‍റി ഒരു കള്ളച്ചിരിയോടെ പറഞ്ഞു. അവൾ വരാന്തയിലൂടെ ഓടി. വേഗത്തിൽ പടവുകൾ ഓടിയിറങ്ങി. തന്നെ കാത്ത് അക്ഷമനായി ഇരിക്കുന്ന അവനെ അവൾ ദൂരെനിന്നും കണ്ടു. അവളുടെ ഉള്ളിൽ എന്തെന്നില്ലാത്തൊരു സന്തോഷം നുരഞ്ഞുപൊന്തി. കൽബഞ്ചിനടുത്തെത്തിയപ്പോൾ, അവൾ പതിയെ കാലടികൾ വച്ച് അവനടുത്ത് ചെന്നിരുന്നു. അവൻ മുഖം തിരിച്ച് അവളുടെ ഇരുനയനങ്ങളിലേക്കും മാറിമാറി നോക്കി. വെപ്രാളം കൊണ്ട് അവന്‍റെ തൊണ്ട വരണ്ടു. ആനന്ദം കൊണ്ട് എന്തൊക്കെയാണ് അവനോട് ചോദിക്കേണ്ടതെന്നറിയതെ അവൾ കുഴങ്ങി. തന്‍റെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാവാൻ പോവുകയാണെന്നുള്ള സന്തോഷത്തിൽ, അവനും വാക്കുകൾക്കായി പരതി. അല്പനേരത്തെ മൗനമായ ഇടവേളയ്ക്കുശേഷം അവൾ ചോദിച്ചു.

"ചേട്ടായി, സുഖവായിരിക്കുന്നോ ?."

"ഉം സുഖം. നിനക്കോ ?"

"ഉം. ആന്‍റി എല്ലാം പറഞ്ഞോ ?"

"ഉം. പറഞ്ഞു."

"യ്യോ..!!" അവൾ നാണത്താൽ മുഖം താഴ്ത്തി. അവൾ ചൂളിപ്പോകുന്നത് കണ്ട് അവൻ ചിരിച്ചു. അവൻ അവളുടെ താടിയിൽ തന്‍റെ കൈകൾ കൊണ്ട് താങ്ങി അവളുടെ മുഖം പതിയെ ഉയർത്തി. അവളുടെ ശരീരത്തിൽ തന്‍റെ ആദ്യസ്പർശനം. അവൾ ആകെ കോരിത്തരിച്ച് അവന്‍റെ കണ്ണുകളിലേക്ക് നോക്കി.

"എനിക്ക് നിന്നെ ഒത്തിരി ഇഷ്ടവാ. നമുക്കിനി ഒന്നിച്ചുജീവിച്ചാലെന്നാ കൊഴപ്പം ?." അവൻ പ്രണയവിവശനായി ചോദിച്ചു.

"മദറോട് ചോദിക്കാവോ ? എല്ലാർക്കും ഇഷ്ടവല്ലേല്, ഞാൻ സമ്മതിക്കില്ല." അവൾ പറഞ്ഞു.

", എന്നാ വേണ്ട. ഇതൊന്നും നടക്കാൻ പോണില്ല. എന്‍റെ വീട്ടിലും സമ്മതിക്കില്ല." അവൻ കോപം നടിച്ചു.

അവളുടെ മുഖം മഴക്കാറ് മൂടിയ ആകാശം പോലെ ഇരുണ്ടു. കണ്ണുകളിൽനിന്നും ഇപ്പോൾ കണ്ണുനീർ പേമാരിയായി പൊഴിയും എന്നവന് തോന്നി.

അവൻ അവളുടെ മുഖം ഉയർത്തി അത് തന്‍റെ കൈക്കുടന്നയിൽ ചേർത്തുപിടിച്ചു. അവളുടെ കണ്ണുകളിലേക്കു നോക്കിക്കൊണ്ട് മൊഴിഞ്ഞു.

"നിന്‍റെ മദറുടേം, നിന്‍റെ കുടുംബക്കാരുടേം ഒക്കെ സമ്മതം വാങ്ങിയാ, ഞാൻ നിന്നെ കെട്ടാൻ പോണേ. പോരെ."

"ഉം. മതി." അവളുടെ കണ്ണുകൾ നിറഞ്ഞു

അവൻ അവളെ തന്‍റെ മാറോട് ചേർത്തു. അവളുടെ സുന്ദരമായ നെറ്റിത്തടം ചുംബനപുഷ്പങ്ങളാൽ മൂടികഠിനമായ വിരഹദുഃഖത്താൽ, വിങ്ങിപ്പൊട്ടിയ ഹൃദയവുമായി ദിവസങ്ങൾ പലതും തള്ളിനീക്കിയ അവർ, പരസ്പരം ഹൃദയം തുറന്ന് ആവോളം സംസാരിച്ചു

                                     ദിവസങ്ങൾ രണ്ടെണ്ണം കഴിഞ്ഞുപോയിരുന്നു. അതിനിടക്ക് ലൂസിയാന്‍റി കാര്യങ്ങളെല്ലാം മദറിനോട് സംസാരിച്ചു. മദർ താൻ കേട്ടതെല്ലാം സത്യമാണോ എന്ന് അവളോട് ചോദിച്ചു. അവൾ തലതാഴ്ത്തി എല്ലാത്തിനും ഉത്തരം മൂളി. ഇത്രയും നാൾ കാര്യങ്ങളെല്ലാം തന്നിൽനിന്നും മറച്ചുവച്ചതിന്‍റെ വിദ്വേഷം മദർ പ്രകടിപ്പിക്കുക തന്നെ ചെയ്തു. ഒടുക്കം അവളെ ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു.

"ഉം. കാര്യങ്ങളൊക്കെ കൊള്ളാം. ഇവിടെ ഇങ്ങനെ ഒരു കാര്യം അരങ്ങേറുന്നത് ഞാൻ അറിഞ്ഞില്ല. അവനെ എനിക്കൊന്നു കാണണം. തെമ്മാടി..."

മദർ അവനെ മറ്റൊരുദിവസം വിളിച്ചുവരുത്തി.

"നിന്‍റെ വീട്ടുകരെല്ലാം, ഇതിനു സമ്മതിക്കുവോടാ ? അവൾടെ കാര്യങ്ങളെല്ലാം നിനക്കറിയാവല്ലോ.."

"അമ്മയ്ക്ക് സമ്മതവാ. ഞാൻ ചോദിച്ചു."

"നിനക്കവിടെ എന്നാ ശമ്പളവൊണ്ട് ?"

"ഇരുപതിനായിരം. അടുത്തകൊല്ലം കൂടും.
എന്‍റെ മദറെ, എനിക്കവളെ ഇഷ്ടവാ. പൊന്നു പോലെ അല്ലേലും, വെള്ളിപോലെയെങ്കിലും ഞാൻ അവളെ നോക്കിക്കോളാം. പോരെ."
അവന്‍റെ മറുപടി കേട്ട് മദർ പൊട്ടിച്ചിരിച്ചു.

"ഉം. നടക്കട്ടെ. അവളെ ഒരിക്കലും കരയിച്ചേക്കരുത് കേട്ടോ. ഒരു പെണ്ണും, ജീവിതത്തിൽ ഇന്നേവരെ അനുഭവിച്ചിട്ടില്ലാത്തത്ര നരകയാതനകൾ അനുഭവിച്ചാ അവൾ ഇവിടെ വരെ എത്തിയത്. നിനക്കറിയവല്ലോ എല്ലാം. ഇനിയും അവളെ സങ്കടപ്പെടുത്തിക്കരുത്." കന്യാസ്ത്രീ നെടുവീർപ്പിട്ടു.

"ഇല്ല സിസ്റ്ററെ, ഒരിക്കലും ഇല്ല."

മദർ തന്നെ, ആലോചനയുമായി വന്നവരോട് കാര്യങ്ങൾ പറഞ്ഞുമനസിലാക്കി. വിവാഹം ലളിതമായ രീതിയിൽ നടന്നു. ശിഷ്ടകാലം അവരിരുവരും സന്തോഷമായി ജീവിച്ചു.

(അവസാനിച്ചു.)

2017, ഡിസംബർ 10, ഞായറാഴ്‌ച

ഭിക്ഷുകി (ഭാഗം 5)


                അവൾ വളർന്നു യൗവനയുക്തയായ പെണ്ണായി മാറി. എല്ലാ ഞായറാഴ്ചയും അവൻ വരുന്നതും നോക്കി അവൾ, രണ്ടാം നിലയിലുള്ള തന്‍റെ മുറിയിലിരുന്ന് ജനാലയിലൂടെ ഗെയ്റ്റിനടുത്തേക്ക് നോക്കുംഒന്നുരണ്ട് ആഴ്ചകളായി അവനെ കാണാത്തതുകൊണ്ട് അവൾ മദറിനോട് തിരക്കി.

"അയ്യോ, പറയാൻ മറന്നു. അവൻ അന്നെന്നെ വിളിച്ചാര്ന്നു. ഇപ്പോ ഒരു ജോലീടെ ട്രൈനിംഗിലാണ്. അതാ വരാത്തെ. നിന്നോട് അന്വേഷണം അറിയിക്കാൻ പറഞ്ഞിട്ടൊണ്ട്. തെരക്കിനിടക്ക് ഞാൻ പറയാൻ മറന്നതാ" മദർ അബദ്ധം പറ്റിയവരെ പോലെ മൂക്കത്ത് വിരൽ വച്ചുകൊണ്ട് പറഞ്ഞു. അവളുടെ സുന്ദരമുഖം മ്ലാനമായി.

                 ആയിടക്കാണ് മറ്റൊരു സംഭവം നടന്നത്. അനാഥാലയത്തിലേക്ക് ഡോണേഷൻ നൽകാൻ വന്ന ഒരു വൻ ടെക്സ്റ്റയിൽഷോപ്പ് ഉടമ, ഓഫീസ് മുറിയിൽ വച്ചിരുന്ന അവളുടെ ചിത്രപ്പണികൾ കാണാനിടയായി. അതിൽ ആകൃഷ്ടനായ അദ്ദേഹം തന്‍റെ കമ്പനിയിൽ അവൾക്ക് ഉയർന്ന ശമ്പളമുള്ള ഒരു ജോലി വാഗ്ദാനം ചെയ്തു. ആ മേഖലയിൽ ബിരുദാനന്തര ബിരുദം ഉള്ളവർക്ക് മാത്രം നൽകിയിരുന്ന ആ ജോലി, അവൾക്ക് ലഭിച്ചു. പക്ഷെ കമ്പനി വളരെ ദൂരെയാണ്. എന്നും പോയിവരാൻ പറ്റില്ല. ഹോസ്റ്റലിൽ നിൽക്കേണ്ടിവരും എന്നൊക്കെ അയാൾ പറഞ്ഞപ്പോൾ, അവൾ വിസമ്മതിച്ചു. അതു സാരമില്ലെന്നു മദർ പറഞ്ഞു. ആ സ്നേഹഭവനത്തിൽ നിന്നും ആദ്യമായി ദൂരേക്ക് പോകുന്ന അവളുടെ വേർപാട് വളരെ ഹൃദയഭേദകമായിരുന്നു. വിരഹവേദനയാൽ അവളുടെ കണ്ണുകൾ, നിറഞ്ഞൊഴുകി. മദറിനോട് യാത്ര പറഞ്ഞു. ലൂസിയാന്‍റിയും ഒപ്പം ഉണ്ടായിരുന്നു.

                   വലിയ കമ്പനി ആയിരുന്നു. താമസമൊക്കെ റെഡിയാക്കി ലൂസിയാന്‍റി തിരിച്ചുപോയി. ഹോസ്റ്റലിൽ സമപ്രായത്തിലുള്ള അനേകം സുഹൃത്തുക്കളെ അവൾക്ക് കിട്ടി.
മദർ, എന്നും വിളിക്കാറുണ്ടായിരുന്നു. ഇടക്കിടെ കാണാനും വരും. മദർ വിളിക്കുമ്പോഴെല്ലാം അവൾ അവനെക്കുറിച്ച് ചോദിക്കും. അവൻ വന്നില്ലെന്ന് മദർ മറുപടി കൊടുക്കും. അങ്ങനെയിരിക്കെ കുറച്ചുമാസങ്ങൾക്കുശേഷം മദർ വിളിച്ചപ്പോൾ സന്തോഷകരമായ ഒരു കാര്യം പറഞ്ഞു. അവൻ ഒരുദിവസം മധുരങ്ങളുമായി അനാഥാലയത്തിൽ വന്നെന്നും തനിക്കു ജോലികിട്ടിയെന്നു പറഞ്ഞു എല്ലാവരോടും തനിക്കുവേണ്ടി പ്രാർത്ഥിച്ചതിന് നന്ദി പറഞ്ഞെന്നും പറഞ്ഞു. അവളും സന്തോഷിച്ചു.

                                 ആയിടക്ക് മറ്റൊരു സംഭവം നടന്നു. ആ കമ്പനിയിൽ അവൾ ജോലിചെയ്യുന്ന വിഭാഗത്തിന്‍റെ മാനേജർ ആയ ഒരു പയ്യൻ അവളെ ഇഷ്ടപ്പെട്ട്, അവളോട് നേരിട്ട് വിവാഹാഭ്യർത്ഥന നടത്തി. അവൾ അപ്പോഴും നിശ്ശബ്ദയായിരുന്നു. ഒന്നും ആഗ്രഹിക്കാനോ മറ്റുള്ളവരുടെ ആഗ്രഹങ്ങൾക്ക് എതിരുപറയാനോ ഉള്ള അവകാശം തനിക്കില്ലെന്നു അവൾ പണ്ടേ മനസിലാക്കിയിരുന്നു. അവളുടെ എല്ലാ കാര്യങ്ങളും അറിഞ്ഞുകൊണ്ടാണ് ഇഷ്ടപ്പെട്ടതെന്നൊക്കെ അയാൾ പറഞ്ഞു. അവൾ എതിർത്തൊന്നും പറഞ്ഞില്ല തലതാഴ്ത്തിയിരുന്നു. അവൻ വീട്ടുകാരോടൊപ്പം ആലോചനയുമായി അനാഥാലയത്തിലെത്തി. ഓഫീസ്മുറി അടിച്ചുവാരാൻ ചെന്ന ലൂസിയാന്‍റി പുതിയ അതിഥികളെ കണ്ടു. കാര്യം അവർക്ക് ബോധ്യപ്പെട്ടു. തന്‍റെ പൊന്നോമനയ്ക്ക് നല്ലൊരു ജീവിതം കിട്ടാൻ പോകുന്നു എന്നറിഞ്ഞപ്പോൾ സ്നേഹനിധിയായ ആ വളർത്തമ്മ ഉള്ളിൽ അതിയായി സന്തോഷിച്ചു.

                      പുറത്ത് മഴ പെയ്യാൻ തുടങ്ങിയിരുന്നു. തുലാമാസത്തിലെ ശക്തമായ മഴ. കെട്ടിടത്തിന്‍റെ മേൽക്കൂരയിൽ മഴത്തുള്ളികൾ ആഞ്ഞടിക്കുന്ന സ്വരം അവൾ കേട്ടു. അവ ഇരമ്പലായി കർണങ്ങളിൽ ഒരേ താളത്തിൽ ആവർത്തിച്ചു കേൾക്കുന്നു. ഹോസ്റ്റലിലെ, തന്‍റെ മുറിയിൽ ജനാലക്കരികിൽ ഏകയായിരുന്ന് മഴ ആസ്വദിക്കുകയായിരുന്നു അവൾ. ചുവരിൽ ഘടികാരത്തിൽ സൂചി നാലുമണിക്കപ്പുറം കടന്നിരുന്നു. താഴെ മതിലിനോട് ചേർന്ന് വരിവരിയായി താൻ നട്ടുപിടിപ്പിച്ച റോസാച്ചെടികൾ മഴയുടെ പ്രഹരത്തിൽ കിടന്നുലയുന്നത് അവൾ കണ്ടു. അവയിൽ രാവിലെ വിരിഞ്ഞ, ഇണകളായിനിന്നിരുന്ന റോസാപ്പൂവുകളിൽ ഒന്ന് ഞെട്ടറ്റ് താഴെ ചളിയിൽ ഇതളുകൾ ചുറ്റും വിതറി കിടക്കുന്നത് അവൾ കണ്ടു. അവളുടെ ഹൃദയം നുറുങ്ങി. എന്തെന്നില്ലാത്ത ഒരു വേദന അവളുടെ ഞരമ്പുകളിൽ കയറിക്കൂടി. അപ്പോഴാണ് വാതിലിൽ ആരോ മുട്ടുന്നത് അവൾ കേട്ടത്. എഴുന്നേറ്റ് ചെന്ന് കതകുതുറന്നു. അടുത്ത മുറിയിൽ താമസിക്കുന്ന അനിതയാണ്.

"എടി റോസെ, നിനക്കൊരു കോൾ ഒണ്ട് നിന്‍റെ വീട്ടീന്നാ. വാർഡൻ താഴേക്ക് ചെല്ലാൻ പറഞ്ഞു."

". ലൂസിയാന്‍റിയോ, മദറോ ആകും. " അവളുടെ കണ്ണുകൾ സന്തോഷത്താൽ വിടർന്നു. വരാന്തയിലൂടെ ഓടി അവൾ പെട്ടെന്നുതന്നെ താഴെയെത്തി.

"ലൂസിയാ. ഇന്നാ"

വാർഡൻ റിസീവർ അവളുടെ നേരെ നീട്ടി. അവൾ അതുവാങ്ങി ചെവിയോട് ചേർത്തു.

"ആന്‍റീ "

"ഓ എന്‍റെ കൊച്ചേ, എന്നാ ഒണ്ട് അവിടെ നിന്‍റെ വിശേഷം? സുഖവാണോ നിനക്ക് ?"

"സുഖവാ ആന്‍റി. ഇവിടെ ഒരു കൊഴപ്പോം ഇല്ല. ആന്‍റിക്ക്സുഖവല്ലേ കടേലൊക്കെ തെരക്കൊണ്ടോ ?"

"ഓ സുഖവാ. എല്ലാവരും സുഖമായിരിക്കുന്നു. കൊഴപ്പമില്ല. കടയൊക്കെ അങ്ങനെ പോകുന്നു. പിന്നെ എന്‍റെ പൊന്നുമോൾക്ക് ഏറ്റം സന്തോഷം തരണ ഒരു കാര്യം പറയാനാ ഇപ്പൊ  ആന്‍റി വിളിച്ചെ. "

"എന്നതാ ആന്‍റി ?"

"ഇന്നലെ ഇവിടെ ഒരുകൂട്ടം ആളുകള് വന്നാര്ന്നു. നിന്‍റെ കമ്പനീന്ന് ! ആരാന്നറിയാവോ ?"

അവളുടെ മനസിൽ പല ചോദ്യങ്ങളും ഉയർന്നു. ഒപ്പം ഭീതിയും. നെഞ്ചിനകത്തുകിടന്ന് ഹൃദയം വിങ്ങുന്നപോലെ അവൾക്ക് തോന്നി.

"അരാ ആന്‍റി ? എന്നതാ കാര്യം ?"

"നിന്‍റെ കമ്പനീലെ മാനേജര് പയ്യനില്ലേ, എന്നതാ അവന്‍റെ പേര്, .. അഗസ്റ്റിൻ. അവൻ വീട്ടുകാരേം വിളിച്ച് വന്നേക്കുന്നു. അവന് നിന്നെ കെട്ടിയാ, കൊള്ളാവെന്ന്. അമ്മയുടേം പപ്പയുടേംഒക്കെ, സമ്മതം മേടിച്ചേക്കുന്നു അവൻ. സ്വർഗം പോലൊരു ജീവിതവാ എന്‍റെ കൊച്ചിന് കിട്ടാൻ പോണെ. ഇത്രേം കാലം ദൈവം നിനക്ക് നരകയാതനകൾ തന്നത്, ഒടുക്കം സ്വർഗവാതിൽ തൊറന്നു തരാനാ. എല്ലാം എന്‍റെ പൊന്നുമോൾ ചെയ്ത നന്മകളുടെ ഫലമാ. സന്തോഷമായില്ലേ നിനക്ക് ?."

"ഉം" അവൾ മൂളി.

"ശരി, എന്നാ ഞാൻ പിന്നെ വിളിക്കാം. ഇതുപറയാൻ വേണ്ടി വിളിച്ചതാ ആന്‍റി. ഭക്ഷണം ഒക്കെ കഴിച്ചേക്കണേ. ശരി ഫോൺ വച്ചേക്കുവാ. "

"ശരി അമ്മേ.."

അവൾ റിസീവർ താഴെവച്ചു, തിരിച്ചു നടന്നു. അവളുടെ നെഞ്ചിനകത്ത് ദുഃഖം അഗ്നിപോലെ പടർന്നിരുന്നു. കണ്ണുകൾ ഈറനണിഞ്ഞു. വികാരങ്ങൾ, പ്രക്ഷുബ്ധമായ തിരമാലകൾ പോലെ അവളുടെ ഉള്ളിൽ ആഞ്ഞടിച്ചു. അവളുടെ നയനങ്ങളിൽ നിന്നും അശ്രുകണങ്ങൾ തുലാമാസ മഴപോലെ ശക്തിയായി താഴേക്ക് ഒഴുകി. അവൾ ഓടിച്ചെന്ന് ജനാലയിലൂടെ പുറത്തേക്ക് നോക്കി. നേരത്തെ വീഴാതെ അവശേഷിച്ചിരുന്ന റോസാപ്പൂവും താഴെ ചളിയിൽ അതിന്‍റെ അന്ത്യശ്വാസം, വലിച്ചു കിടക്കുന്നത് അവൾ കണ്ടു. പക്ഷെ അത് തന്‍റെ പ്രിയയുടെ അരികിൽ നിന്നും ഒരുപാട് അകലെയാണ് വീണുകിടക്കുന്നത്. ശക്തമായി വീശുന്ന കാറ്റ് അതിനെ തന്‍റെ പ്രണയിനിയുടെ അരികെനിന്നും ദൂരേക്ക് അകറ്റിയിരിക്കുന്നു. തന്‍റെ ജീവിതവുമായി അതിന് എന്തോ സാമ്യം ഉള്ളതുപോലെ അവൾക്ക് തോന്നി. തന്‍റെ ജീവിതത്തിൽ കൊടുങ്കാറ്റായി വന്നവനാണ് അഗസ്റ്റിൻ. അവൾ ശബ്ദം പുറത്തുവരാതിക്കാനായി മുഖം കൈകളാൽ പൊത്തി. പൊട്ടിക്കരഞ്ഞു. അവൾ വിതുമ്പുന്നത് മഴയുടെ ഇരമ്പൽ പോലെ തോന്നിച്ചു. തന്‍റെ ദുഃഖത്തിൽ വർഷപാതവും പങ്കുചേരുന്നുവോ? അവൾ ശങ്കിച്ചു.

               വിവാഹാലോചന പ്രമാണിച്ച് കമ്പനിയിൽ നിന്നും ഒരാഴ്ച്ചക്ക് ലീവ് അനുവധിച്ചുതരാൻ മദർ തന്നെ കമ്പനിയുടമയുമായി നേരിട്ട് വിളിച്ചുസംസാരിച്ചു.

                     ഹോസ്റ്റലിലെ, ഇടുങ്ങിയ മുറിയിൽ നിന്നും വിശാലമായ അനാഥാലയ അങ്കണത്തിലേക്ക് അവൾ കാലെടുത്തുവച്ചു. സാധനസാമഗ്രികളെല്ലാം മുറിയിൽ വച്ചതിനുശേഷം അവൾ ആദ്യം പോയത്, കൂടപ്പിറപ്പുകളെ പോലെ താൻ സ്നേഹിക്കുന്ന, അവിടുത്തെ അന്തേവാസികളെ കാണുവാനാണ്. അവളെ ദർശിച്ച മാത്രയിൽ തന്നെ പലരുടേയും കണ്ണുകളിൽ നിന്നും, ആനന്ദാശ്രുക്കൾ പൊഴിയാൻ, തുടങ്ങിയിരുന്നു. കയ്യിൽ കരുതിയിരുന്ന മധുരങ്ങൾ, അവൾ എല്ലാവർക്കും നൽകി. അവരോടൊപ്പം അൽപസമയം ചിലവഴിച്ചശേഷം അവളെ ലൂസിയാന്‍റി ഉദ്യാനത്തിനകത്തേക്ക് കൂട്ടിക്കൊണ്ടുപോയി. പൊയ്കയുടെ പാർശ്വത്തിൽ സ്ഥാപിച്ചിരിക്കുന്ന കൽബഞ്ചിന്മേൽ ഇരുവരും ഇരുന്നു. ആ സ്ത്രീ അവളുടെ സുഖവിവരങ്ങളെക്കുറിച്ച് അന്വേഷിച്ചു. അതിനുശേഷം, സ്നേഹഭവനത്തിലെ വിശേഷങ്ങളെക്കുറിച്ചും വാചാലയായി. അവൾ എല്ലാം മൂളിക്കേട്ടു. അതിനുശേഷം അവളെ വിവാഹമാലോചിച്ചുവന്ന ആളുകളെക്കുറിച്ച് പറയാൻ ആരംഭിച്ചു.

"നല്ല കൂട്ടരാ. എന്നാ വലിയ വീടാ. കാറും വാഹനങ്ങളും എല്ലാമൊണ്ട്. ഞാനും മദറും പോയിരുന്നു. മിനിങ്ങാന്ന്. നല്ല സ്നേഹമുള്ള ആൾക്കാരാ. എന്‍റെ മോൾക്ക് സ്വാർഗവാ കിട്ടിയേക്കുന്നെ. എല്ലാം ദൈവാനുഗ്രഹം. അല്ലേൽ ആ കമ്പനീൽ തന്നെ ജോലിക്കുപോകാനും, ആ ചെറുക്കൻ നിന്നെ കാണാനും ഇഷ്ടപ്പെടാനും വഴിയൊണ്ടാകുവോ ?."

അവൾ അതിന് മറുപടിയൊന്നും പറഞ്ഞില്ല. അവളുടെ ഉള്ളിൽ, ശോകം അണപൊട്ടിയൊഴുകാൻ തുടങ്ങിയിരുന്നു. അവന്‍റെ മുഖവും, ആ ചിരിയും തന്‍റെ കണ്ണുകൾക്ക് മുന്നിൽ തെളിയുന്നതായി അവൾക്ക് തോന്നി. അവൾ കണ്ണുകൾ അടച്ചു. അവക്കിടയിലൂടെ രണ്ടുതുള്ളി കണ്ണുനീർ അവളുടെ കവിളിലൂടെ താഴേക്ക് ഇറ്റുവീണു.

"ഞാൻ ഇപ്പൊ വരാം, ചേച്ചി."

അവൾ പൊടുന്നനെ ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റ് തിരിഞ്ഞുനടന്നു. അവൾ നടന്നുപോവുന്നത് ആ സ്ത്രീ അന്ധാളിച്ച് നോക്കിനിന്നു. അവളുടെ പെരുമാറ്റത്തിൽ എന്തൊക്കെയോ അസ്വഭാവികത ഉണ്ടെന്ന് അവർക്ക് തോന്നി. അന്ന് ഫോണിൽ ഇക്കാര്യം പറഞ്ഞപ്പോഴും അവൾ കൂടുത്താലൊന്നും ചോദിക്കാതെ ഫോൺ കട്ടുചെയ്തു. ഏതായാലും അവളെ എന്തൊക്കെയോ പ്രശ്നങ്ങൾ അലട്ടുന്നുണ്ട്. ചോദിക്കുകതന്നെ ശരണം. ആ സ്ത്രീ അവൾ പോയവഴിയെ നടന്നു.
തുടരും...

2017, ഡിസംബർ 3, ഞായറാഴ്‌ച

ഭിക്ഷുകി (ഭാഗം 4)


                                     "നിർമലഭവനംഎന്നു പേരിട്ടിരിക്കുന്ന ആ അനാഥാലയം സദാ ബഹളമയമായിരുന്നുഅനാഥാലയ അങ്കണത്തിലെ പുൽത്തകിടിയിൽ ചാടിമറിഞ്ഞുല്ലസിക്കുന്ന കുഞ്ഞു മുഖങ്ങൾവരാന്തയിൽ അരയ്ക്കു കൈയും കൊടുത്ത് എന്തൊക്കെയോ ഓർത്ത് നെടുവീർപ്പിടുന്ന വൃദ്ധജനങ്ങൾഎല്ലാവരും ഉണ്ടായിരുന്നുഅവിടം ശരിക്കും ഒരു സ്വർഗം തന്നെയാണെന്ന് അവൾക്ക് തോന്നിഅവൾക്ക് പുതിയ വസ്ത്രങ്ങൾ കിട്ടിആദ്യമായി കണ്ണാടിക്കുമുൻപിൽ തന്‍റെ സുന്ദരമുഖം കണ്ടപ്പോൾ അവൾ ആകെ അന്തംവിട്ടുപോയിസമയത്തിനു ഭക്ഷണംസ്നേഹത്തോടെ വിശേഷങ്ങൾ ചോദിച്ചറിയുന്ന പരിചാരകർഅവരെയെല്ലാം അവൾ 'അമ്മ' എന്നു വിളിച്ചുഅവരിൽ ഏറ്റവും പ്രായം കുറഞ്ഞ അമ്മ ലൂസിയാന്‍റി ആയിരുന്നു.
ഏകദേശം നാല്പതു വയസുകാണും ആന്‍റിക്ക്അവരായിരുന്നു അവളുടെ ഏറ്റവും അടുത്ത ചങ്ങാതിഅവൾ, തന്‍റെ രക്തം മരവിപ്പിക്കുന്ന ഭൂതകാലാനുഭവങ്ങൾ അവർക്ക് പറഞ്ഞുകൊടുത്തുഅത് കേൾക്കുമ്പോൾ അവരുടെ കണ്ണുകൾ നിറയുന്നത് അവൾ കണ്ടുആ സ്ത്രീ അവളെ മാറോടു ചേർത്തുപിടിച്ചുകൊണ്ട് പറഞ്ഞു.

"സാരവില്ല ! അതെല്ലാം കഴിഞ്ഞില്ലെഎന്‍റെ മോൾ ഇനി സന്തോഷവായിട്ടിരിക്ക്." സ്നേഹസമ്പന്നയായ ആ സ്ത്രീ അവളെ ആശ്വസിപ്പിച്ചു.

                                      ലൂസിയാന്‍റി അനാഥലയത്തോട് ചേർന്ന് ഒരു തയ്യൽകട നടത്തിയിരുന്നുകൂടാതെ അവർ തുണികളിൽ അതിമനോഹരമായി ചിത്രപ്പണികൾ നെയ്തെടുക്കാൻ കൂടി പ്രാവീണ്യം നേടിയിരുന്നുആന്‍റിയുടെ കൈവിരലുകളിലേന്തിയ സൂചിമുനയാൽ തുണികളിൽ മനോഹരമായ പൂവുകളും പൂമ്പാറ്റകളും വിരിയുന്നത് അവൾ അത്ഭുതത്തോടെ നോക്കാറുണ്ടായിരുന്നുഅവളുടെ താത്പര്യം കണ്ട് ലൂസിയാന്‍റി സമയം കിട്ടുമ്പോഴെല്ലാം അത് അവൾക്ക് പറഞ്ഞുകൊടുത്തുപതിയെ പതിയെ അവൾ സ്വന്തമായിതന്‍റെ ഭാവനയിൽ വിരിയുന്ന ചിത്രങ്ങൾ തുണിയിൽ നെയ്തെടുക്കാൻ വിധം പ്രാവീണ്യം നേടിഅവളുടെ മനോഹരമായ ആ സൃഷ്ടികൾ കണ്ട് അത്ഭുതപ്പെട്ട മദർ അവ വിൽക്കാൻ അനുവദിക്കാതെ അനാഥാലയത്തിന്‍റെ ഓഫീസ്മുറിയിലെ ചുവരിൽ തൂക്കിയിട്ടിരുന്നു.

                                     അവളെ അവിടെയെത്തിച്ച അജ്ഞാതനായ ആ പയ്യൻ ഇടക്കിടെ അവിടെ വന്നുപോകാറുണ്ടായിരുന്നുമദറോട് ആവേശത്തോടെ സംസാരിച്ചിരുന്ന അവൻഅവളോടുമാത്രം "സുഖമല്ലേ..? സന്തോഷമായിരിക്കുന്നോ ഇവിടെ ?" എന്നു മാത്രമേ ചോദിച്ചിരുന്നുള്ളൂഅവൾ ചിരിച്ചുകൊണ്ട് തലയാട്ടും, നന്ദിയോടെ നോക്കും അത്രമാത്രംഅവന്‍റെ പേരുപോലും അവൾ ചോദിച്ചില്ലഅധികപ്രസംഗമാകുമോഎന്ന ഭയത്താൽ അവൾ ചോദ്യങ്ങളെല്ലാം തന്‍റെ അന്തരംഗത്തിൽ തന്നെ ഒതുക്കിഅവൻ എല്ലാ ഞായറാഴ്ചയും അവിടെ വരുമായിരുന്നുഒരിക്കൽ മദറിനോട് അവൾ അവനെപ്പറ്റി ചോദിച്ചുമദർ പറഞ്ഞു. 'ഷിന്‍റോഎന്നാണ് അവന്‍റെ പേര്അവൻ ഇവിടൊരു ഗവകോളേജിൽ മൂന്നാംവർഷ ബിരുദവിദ്യാർഥിയാണ്മിടുക്കനാണ് അവൻപരീക്ഷ വരുമ്പോൾ പ്രാർത്ഥിക്കണമെന്നു മദറിനോട് പറയാൻ വരാറുണ്ട്വീട്ടിൽ അമ്മ മാത്രമേ ഉള്ളൂഒറ്റമകനാണ് അർധസമയം ജോലികൂടെ ചെയ്താണ് അവൻ പഠിക്കുന്നത്ഇങ്ങനെ അവനെക്കുറിച്ചുള്ള കാര്യങ്ങളെല്ലാം മദർ അവളോട് പറഞ്ഞുഅവളുടെ മനസിൽ അവനുനൽകിയിരുന്ന സ്ഥാനം ഒന്നുകൂടെ ഉയരുകയായിരുന്നുഒരിക്കൽ അവൻ വന്നപ്പോൾ മദർ പെട്ടെന്ന് ഒരു ഫോൺകോൾ വന്ന് അവിടെനിന്നും എഴുന്നേറ്റുപോയിആ ഓഫീസ്മുറിയിൽ അവർ രണ്ടുപേരും മാത്രമായിഅവൾ എന്തുപറയണമെന്നറിയതെആകെ ധർമസങ്കടത്തിലായിലജ്ജിച്ച് തലതാഴ്ത്തി നിന്നു.

"സുഖമല്ലേ..?" പെട്ടെന്ന് അവൻ ചോദിച്ചു.

"ഉം" അവൾ മൂളി.

"മദർ എങ്ങനെയാ ? വഴക്കു പറയുവോ ?" അവൻ പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു.

"എടക്ക് ദേഷ്യപ്പെടുംപക്ഷെ എനിക്ക് സങ്കടം ഒന്നും വരില്ലകുറച്ചുകഴിഞ്ഞു മദർ തന്നെസ്നേഹം നടിച്ച് വരും."

അവൻ അതുകേട്ട് ചിരിച്ചുഅവളുംപിന്നെ വരുമ്പോളൊക്കെ അവൻ അവളോട് കൂടുതൽ കാര്യങ്ങൾ അന്വേഷിക്കാൻ ആരംഭിച്ചുഅവൾ എല്ലാം തുറന്നുപറഞ്ഞുക്രമേണ അവർ നല്ല സുഹൃത്തുക്കളായി മാറിഅവൾഅവിടുത്തെ അന്തേവാസികളെയെല്ലാം അവന് പരിചയപ്പെടുത്തിക്കൊടുത്തുഅവിടത്തെ മുയലുകളുംപ്രാവുകളും അവളുടെ കൂടെ ഇണക്കത്തോടെ നിൽക്കുന്നത് കണ്ട് അവൻ അന്തംവിട്ട് നോക്കിനിന്നുഅവൾതാൻ തുന്നിയ ചിത്രങ്ങൾ അവനെ കാണിച്ചുഅവൻ അതെല്ലാം ആകാംഷയോടെ നോക്കി അവളെ അഭിനന്ദിച്ചു.

                                   ഒരിക്കൽ മാനസികവൈകല്യമുള്ള ക്ലാര അമ്മച്ചിക്ക് അവനെപ്പറ്റി പറഞ്ഞുകൊടുക്കുമ്പോൾ അവർ ചോദിച്ചു..
"ഇതാരാ മോൾടെ ഭർത്താവാണോ ?" എന്ന്അവരിരുവരും ചൂളിപ്പോയിഅവരറിയാതെ അവരുടെ മനസുകൾ തമ്മിൽ അടുക്കുന്നുണ്ടായിരുന്നുഒരു ഞായറാഴ്ച അവൾ തന്‍റെ ഉദ്യാനത്തിൽ ചെടികൾ നനച്ചുകൊണ്ടിരിക്കുകയായിരുന്നുഅവനും അരികിൽ തന്നെ ഉണ്ട്ചെണ്ടുമല്ലിപ്പൂവുകൾക്കിടയിൽ നിന്നും പറന്നുയർന്ന ചിത്രശലഭങ്ങളെ നോക്കി അവൻ പറഞ്ഞു.

"റോസ് അവയുടെ ചിറകടികൾ നീ കണ്ണുചിമ്മുന്നപോലുണ്ട്"

അവൾ നാണത്തോടെ പുഞ്ചിരിച്ചുകൊണ്ട് അവന്‍റെ കണ്ണുകളിലേക്ക് നോക്കി.

"ചുമ്മാ ഓരോന്നു പറയല്ലേ ചേട്ടായിഹാ"

അവൾ ദ്വേഷ്യം നടിച്ചുകൊണ്ട് പറഞ്ഞുഅവളുടെ നാസികത്തുമ്പത്ത് വീഴാനായി വെമ്പിനിന്നിരുന്ന വിയർപ്പുതുള്ളി പ്രഭാതസൂര്യന്‍റെ പ്രഭയിൽ തിളങ്ങുന്നത് അവൻ നോക്കിനിന്നുഅവൻ തന്നെ നോക്കുന്നത് മനസിലാക്കിയ അവൾ അലക്ഷ്യമായി തന്‍റെ ജോലികൾ ചെയ്തുകൊണ്ടിരുന്നുഅവളുടെ മനസുമുഴുവൻ തന്നെ സ്നേഹത്തോടെ നോക്കുന്ന ആ മിഴികളായിരുന്നു.

                                   ഒരു ദിവസം ക്ലാര അമ്മച്ചിയുടെ കുറ്റംപറച്ചിലും കേട്ടുകൊണ്ടിരിക്കുകയായിരുന്ന അവൻകെട്ടിടത്തിന്‍റെ പിന്നാമ്പുറത്തുനിന്നും റോസിന്‍റെ വിളി കേട്ടു.

"ചേട്ടായിഒന്നിങ്ങുവാരാവോ? "

"ദേ വരുന്നു. "

അവൻ അമ്മച്ചിയോട് 'ഇപ്പം വരാംഎന്ന് പറഞ്ഞിട്ട് അവളുടെ അടുക്കലേക്ക് ചെന്നുഅവൾ അവിടെ ഒരു ഭാഗത്ത് പയറുവിത്ത് നടാനുള്ള തടമെടുക്കുകയായിരുന്നുതൂമ്പകൊണ്ട് കിളച്ചുമറിച്ച്ആകെ വിയർത്തുചുവന്ന മുഖവുമായി അവൾ അവന്‍റെ നേരെ നോക്കി പുഞ്ചിരിച്ചു.

"എന്നതാ ? എന്തിനാ എന്നെ വിളിച്ചെ ?" അവൻ ആരാഞ്ഞു.

"ദാഹിച്ചിട്ടു മേലമടുത്തുഎന്നാ വെയിലാചേട്ടായി എന്നാട്ക്കുവാര്ന്നു അപ്പറേ ?" അവൾ ചോദിച്ചു.

" ! ഒന്നുവില്ലന്നെ ഞാൻ ക്ലാരാമ്മച്ചീടെ വിടുവായും കേട്ടോണ്ടിരിക്കുവാര്ന്നുആളു വിടുന്ന മട്ടില്ലഅപ്പഴാ നീ വിളിച്ചേഎന്നാ ?

"ഏയ് ഞാൻ ചുമ്മാ വിളിച്ചതാഇങ്ങോട്ടൊന്നും കാണാത്തതുകൊണ്ട്."

"ആ തൂമ്പായിങ്ങു തന്നെബാക്കിയിനി ഞാൻ ചെയ്യാംഎന്നതാ ചെയ്യേണ്ടെന്നു പറ." അവൻ ചോദിച്ചു.

"യ്യോ വേണ്ടചേട്ടായീടെ കയ്യീ മണ്ണാക്കണ്ടമദർ കണ്ടാ വഴക്കുപറയുംവേണ്ട !" അവൾ അവനെ നിരുത്സാഹപ്പെടുത്തി.

"ശരി ഇനി മതികൊറച്ചു വെള്ളം കുടിച്ചേആകെ വാടിക്കരിഞ്ഞല്ലോ നീപരൽമീനെ പിടിച്ച് കരയിലിട്ടപോലൊണ്ട് നിന്‍റെ മോന്ത. "

"ഒന്നു പോ ചേട്ടായി ചുമ്മാഹാ." അവൾ കെറുവിച്ചു

അവൻവരാന്തയിൽ വച്ചിരുന്ന മൺകലത്തിൽ നിന്നും ഒരു ഗ്ലാസ്സിൽ കുറച്ച് വെള്ളം ഊറ്റി അവൾക്കുനേരെ ചെന്നു.

"ഇന്നാ കുടിച്ചോ." അവൻ പറഞ്ഞു.

"ചേട്ടായി വായിലേക്ക് ഒഴിച്ചുതരാവോ.? കൈയേലപ്പിടി മണ്ണാന്നെ. "

"ശരി വാ തുറക്ക്. "

അവൻ വെള്ളം അവളുടെ തുറന്ന വായിൽ ഒഴിച്ചുകൊടുത്തുഅവൾ അവന്‍റെ കണ്ണുകളിലേക്ക്തന്നെ ഉറ്റുനോക്കിഅവയിൽ തന്‍റെ സ്വപ്നങ്ങൾ മുഴുവൻ നിറഞ്ഞിരിക്കുന്നതായി അവൾ കണ്ടുചിന്താലോകത്തേക്ക് അറിയാതെ വഴുതിവീണ അവൾവായിൽ വീണുകൊണ്ടിരുന്ന ജലം ഇറക്കാൻ മറന്നുഅത് വിക്കി അവളുടെ കവിളുകളിലൂടെ താഴേക്ക് ഒഴുകിഅവളുടെ ചുവന്നുതുടുത്ത അധരങ്ങൾ സ്വർണമത്സ്യത്തെപ്പോലെ തുളുമ്പിയൊഴുകുന്ന വെള്ളത്തിൽ പുളയുന്നതയി അവന് തോന്നിഅവൻ അറിയാതെ അവന്‍റെ ഹൃദയതാളം മുറുകിവന്നുഅവളുടെ കണ്ണുകളിലും ഒരു തിരമാല ഭ്രാന്തമായി അലയടിക്കുന്നത് അവൻ കണ്ടുഅവൾ പെട്ടെന്ന് മുഖം താഴ്ത്തിവെള്ളം കൈകൊണ്ട് തുടച്ചുമാറ്റിഒന്നുകൂടി അവന്‍റെ മുഖത്തേക്ക് നോക്കിഒന്നും മിണ്ടാതെ വേഗം നടന്നുവരാന്തയുടെ അരികിലുള്ള പൈപ്പിൽ ചുവട്ടിൽ കൈയും മുഖവും കഴുകിപെട്ടെന്നുതന്നെ അകത്തേക്ക് പോയിതന്‍റെ മുറിയിലെ തുറന്നിട്ട ജനാലയിൽ ചാരിനിന്ന് അവൾ കിതച്ചുഅവൻ വൈദ്യുതാഘാതമേറ്റവനെ പോലെ അവിടെ തന്നെ തരിച്ചുനിന്നുഅവന്‍റെ ഉള്ളിലൂടെ ഒരു കൊള്ളിയാൻ കടന്നുപോയിവേഗം മദറോട് യാത്ര പറഞ്ഞ് അവൻ അവിടെനിന്നും തിരിച്ചുപോയി.

                                    ആ രാത്രിയിൽ നിദ്രാവിഹീനയായി അവൾ തന്‍റെ കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടന്നുകണ്ണടച്ചാൽ തെളിയുന്നത്ആത്മാവിനെ വലിച്ചടുപ്പിക്കുന്ന അവന്‍റെ ഗന്ധർവ നയനങ്ങൾ മാത്രംഎവിടെ നോക്കിയാലും ചിരിക്കുന്ന അവന്‍റെ മുഖവുംആ കണ്ണുകളുംതാൻ അവനെ പ്രണയിക്കുകയാണെന്നുള്ള സത്യം അവൾ മനസിലാക്കിയിരുന്നുഭയം കാരണം ലൂസിയാന്‍റിയോട് ഇക്കാര്യം പറയാൻ അവൾ മടിച്ചുഅർഹതയില്ലാത്ത എന്തോ ഒന്ന് ആഗ്രഹിച്ചിട്ടെന്നപോലെ അവളുടെ മനസാക്ഷി അപ്പോഴുംഅവളെ പിന്തിരിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നുഅവളുടെ ഉപബോധമനസ് അതിനെതിരെയും ചലിച്ചുമനസും മനസാക്ഷിയും തമ്മിലുള്ള മൽപിടിത്തത്തിൽ ദിവസങ്ങളായി അവൾക്ക് ഉറക്കം നഷ്ടപ്പെട്ടിരുന്നുപിന്നെയുള്ള ഞായറാഴ്ചകളിലും അവൻ വന്നുകഴിഞ്ഞുപോയ സംഭവങ്ങളെ സംസാരത്തിൽ പരാമർശിക്കാതെ അവർ വീണ്ടും ചങ്ങാത്തമായിദിനങ്ങൾ കടന്നുപോയിഅവ വർഷങ്ങളായി പരിണമിച്ചു.
തുടരും...

2017, നവംബർ 26, ഞായറാഴ്‌ച

ഭിക്ഷുകി (ഭാഗം 3)


കണ്ണുനീർവാർക്കുന്ന മിഴികളോടെ അവൾ, അപ്പുറത്ത് സല്ലപിച്ചുകൊണ്ടിരുന്ന പെൺകുട്ടികളിൽ ഒരുവളോട് ചോദിച്ചു.  

"ചേച്ചി, ഇന്ന് ഒന്നും കഴിച്ചില്ല. എന്തെങ്കിലും തരാവോ?"

അത് പരിഷ്കാരിയായ ആ പെൺകുട്ടിക്ക് തീരെ പിടിച്ചില്ല. അവൾ തറപ്പിച്ചുനോക്കിക്കൊണ്ട് പറഞ്ഞു.

"തരാൻ ഒന്നും ഇല്ല! പോയേ"

ചുണ്ടിൽ പരന്നുപോയ ലിപ്സ്റ്റിക്, പഴ്സിലെ കണ്ണാടിയിൽ നോക്കി ശരിയാക്കിക്കൊണ്ട് അവൾ മറുപടി പറഞ്ഞു. മുന്നിലൂടെ വന്നുപോകുന്ന ഒരോ ബസിലും തങ്ങളെ നോക്കുന്ന കണ്ണുകളെ ഒളികണ്ണുകൾകൊണ്ട് നോക്കിക്കണ്ടു. വീണ്ടും മതിമറന്ന് സംസാരിച്ചുകൊണ്ടിരുന്നു. അന്നത്തെ ദിവസവും കടന്നുപോയി. അന്നവൾക്ക് തലചായ്ക്കാൻ ഇടം കിട്ടിയത് റോഡിൽ നിന്നും അൽപം മാറി, കാറ്റത്ത് മറിഞ്ഞുവീണുകിടക്കുന്ന ഒരു പരസ്യ ബോർഡിന്‍റെ താഴെയാണ്. ആരുടെയും കണ്ണിൽപെടാതിരിക്കാൻ അവൾ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

                         ദിവസങ്ങൾ പലതും പിന്നിട്ടു. ആഴ്ചകളും മാസങ്ങളും കടന്നുപോയി. രാവുകളും പകലുകളും ഒരുപാട് വന്നുപോയി. ഓരോ ദിവസം കഴിയുംതോറും മനസിൽ ഒരു ലക്ഷ്യം മാത്രം. നാളത്തെക്കുള്ള ഭക്ഷണം, പാർപ്പിടം ഇതു മാത്രം. കാലം നീങ്ങുന്തോറും ജീവിതം അവൾക്ക് കൂടുതൽ കഠിനമായിക്കൊണ്ടിരുന്നു. സ്വാർത്ഥരും കഠിനഹൃദയരുമായ ജനങ്ങൾക്കിടയിൽ പിടിച്ചുനിൽക്കാൻ അവൾ നന്നേ പണിപ്പെടുന്നുണ്ടായിരുന്നു. എവിടെ പോയാലും എന്ത് കിട്ടിയാലും ഒരു കാര്യം മാത്രം അവൾ മുടങ്ങാതെ ചെയ്തുപോന്നു. മലഞ്ചെരുവിലെ കുരിശുപള്ളിയിലെ നേർച്ചപ്പെട്ടിയിൽ നിത്യേന നേർച്ചയിടുന്നത്. മനസിൽ ഒരു പ്രാർത്ഥന മാത്രമേ ഉണ്ടായിരുന്നുള്ളു അവൾക്ക്. ആപത്തുകളിലൊന്നും അകപ്പെടുത്തരുതെ എന്ന്. ഒരിക്കൽ സന്ധ്യക്ക് വഴിയിലൂടെ നടന്നുപോവുകയായിരുന്ന അവളെ ഒരു ഓട്ടോ ഡ്രൈവർ കടന്നുപിടിക്കുകയുണ്ടായി. അന്ന് അയാളുടെ മുഖത്ത് പ്രഹരിച്ച് രക്ഷപ്പെടാൻ കഴിഞ്ഞത് താനെന്നും വിളിച്ചിരുന്ന ദൈവത്തിന്‍റെ കൃപയാലാണെന്ന് അവൾ വിശ്വസിച്ചു. അവൾ തന്‍റെ ക്ലേശകരമായ ജീവിതത്തിനിടക്ക് ഒരുപാട് കാര്യങ്ങൾ തന്‍റെ അനുഭവങ്ങളിൽ നിന്നും പഠിച്ചിരുന്നു. പെൺകുട്ടികൾക്ക് സമൂഹത്തിൽ ജീവിക്കുക എന്നത് അല്പം കഷ്ടമുള്ള കാര്യമാണെന്ന് അവൾ മനസിലാക്കിയിരുന്നു. താനും ഒരു പെൺകുട്ടിയായതുകൊണ്ട് അവൾ അക്കാര്യത്തിൽ കൂടുതൽ ശ്രദ്ധിച്ചിരുന്നു. അവൾ തന്‍റെ ദൈനംദിനജീവിതത്തിനിടക്ക് ഒരുപാട് ആളുകളെ കണ്ടു. വ്യത്യസ്ത സ്വഭാവക്കാർ, വ്യത്യസ്ത വേഷക്കാർ വെവ്വേറെ പ്രായക്കാർ. തുള്ളിച്ചാടി നടക്കുന്ന ബാല്യത്തെയും, നാണിച്ചുതലതാഴ്ത്തിനടക്കുന്ന കൗമാരത്തെയുംതലയുയർത്തിനടക്കുന്ന യൗവ്വനത്തെയും, ഇരുണ്ടമുഖമായി നടക്കുന്ന വാർധക്യത്തെയും അവൾ കണ്ടു. കൈകോർത്തുനടക്കുന്ന കമിതാക്കളെയും, അകന്നുനടക്കുന്ന ദമ്പതികളെയും കണ്ടു. സ്വഭവനത്തിൽ സഹധർമ്മിണി ഉറങ്ങിക്കിടക്കെ അന്യവീടുകളിൽ സേവനം ചെയ്യാൻ പോകുന്ന പൗരുഷങ്ങളെ കണ്ടു. അതിനു വാതിലുകൾ തുറന്നുനൽകുന്ന സ്ത്രീത്വത്തെയും കണ്ടു. പ്രണയിനി അറിയാതെ മറ്റു സഖിമാരോട് മൊബൈൽഫോണിൽ സല്ലപിക്കുന്ന ആത്മാർഥ കാമുകന്മാരെ കണ്ടു. കാമുകന്മാർ മാറിയ തക്കത്തിന്, മറ്റു തോഴന്മാർക്ക് "മിസ്ഡ് കോൾ" അയക്കുന്ന ആത്മാർഥ കാമുകിമാരെ കണ്ടു.

                             ഇന്നവൾക്ക് വയസ് പതിനാറ്. പതിവുപോലെ ഏതോ ഒരു വാഹനത്തിന്‍റെ ഗർജനം കേട്ട് അവൾ ഉണർന്നു. നിരത്തിൽ ആളുകളുടെ എണ്ണം, വർധിക്കാൻ തുടങ്ങിയപ്പോൾ പതിയെ തന്‍റെ പാത്രവുമായി ഇറങ്ങി.
"ഇന്ന് എവിടെ പോകും?" താൻ അപമാനിതയായ ആ പഴയ ബസ്റ്റോപ്പ് അവൾക്കോർമ വന്നു. രാവിലെ അവിടയെ ആളുകൾ വരൂ. വേറെ മാർഗമില്ല. അവിടേക്ക് തന്നെ. അവൾ അത് ലക്ഷ്യമാക്കി നടന്നു.

                             സ്റ്റോപ്പിൽ ആളുകൾ കുറവായിരുന്നു. കുറച്ച്  കോളേജ് വിദ്യാർത്ഥികളും, വിദ്യാർത്ഥിനികളും മാത്രം. പാന്‍റിന്‍റെ പോക്കറ്റിൽ കൈകൾ കുത്തിനിവരുകയായിരുന്ന, ഒരു പയ്യനോട് അവൾ 'എന്തെങ്കിലും തരണേ' എന്നപേക്ഷിച്ചു. അവൻ ഒന്നുകൂടെ താടിരോമങ്ങൾ തടവിയിട്ട് ഒന്നും ഇല്ലെന്ന് പറഞ്ഞു. അവിടെ നിന്നും ഒന്നും കിട്ടില്ലെന്ന് അവൾക്ക് ബോധ്യപ്പെട്ടു. അവൾ, ഇനി എങ്ങോട്ട് പോകും എന്ന് ആലോചിച്ചിട്ടങ്ങനെ നിന്നു. ബസ്റ്റോപ്പിന്‍റെ അരികിലുള്ള ബദാം മരത്തിന്‍റെ ചുവട്ടിൽ കുറച്ച് മാറിനിന്നിരുന്ന ഒരു പയ്യനെ അവൾ ശ്രദ്ധിച്ചു. ഗൗരവമായ മുഖഭാവത്തോടെ വിദൂരതയിലേക്ക് നോട്ടമുറപ്പിച്ച്, എന്തോ ആലോചിച്ചിട്ടാണ് നിൽപ്. മുന്നിൽ, റോഡിലൂടെ കടന്നുപോകുന്ന വാഹനങ്ങളെയും ആളുകളെയും അവൻ ശ്രദ്ധിക്കുന്നേയില്ല. ഒരു തോളിൽ ഒരു ബാഗ് കിടന്നാടുന്നുണ്ട്. ഒരു കോളേജ് വിദ്യാർത്ഥിയായിരിക്കാം. ആ യൂണിഫോമിൽ അവിടെ വേറെ ആരും ഇല്ല. എന്തായാലും അവിടെയും പോയി ഒന്നു ചോദിക്കാം എന്നു കരുതി അവൾ അവനടുത്തേക്ക് നടന്നു.

"ചേട്ടാ എന്തെങ്കിലും തരുമോ ?"

ചിന്താലോകത്തായിരുന്ന അവൻ ആ ചോദ്യം കേട്ട് ഞെട്ടി. അവളുടെ ഉള്ളിൽ ഒരു മിന്നൽപിണർ വന്നുപോയി. 'ദൈവമേ, വഴക്കു പറയുമോ' എന്നോർത്ത് അവൾ പേടിച്ച് അവന്‍റെ മുഖത്തേക്ക് നോക്കി. അവൻ മുഖം തിരിച്ച് അവളുടെ നേരെ നോക്കി. അപ്പോഴും ഗൗരവം വിടാത്ത ആ മുഖഭാവം കണ്ട് അവളുടെ ഉള്ളിൽ ഭയം ഇരട്ടിയായി. പക്ഷെ അവൻ ശാന്തനായിരുന്നു. കുറച്ചുനിമിഷം അവളുടെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കി. ഇങ്ങനെ ഇതിനുമുൻപ് തന്‍റെ അമ്മ മാത്രമേ ഇങ്ങനെ നോക്കിയിട്ടുള്ളൂ എന്ന് അവൾ ഓർത്തു. അതിനു ശേഷം അവൾ കണ്ട ഒറ്റ മുഖങ്ങളും അവളുടെ നേരെ ഇങ്ങനെ, ശ്രദ്ധിച്ചുനോക്കിയിട്ടില്ല. അവനിൽ എന്തോ ഒരു പ്രത്യേകത ഉള്ളപോലെ അവൾക്ക് അനുഭവപ്പെട്ടു. അവന്‍റെ കണ്ണുകളിൽ സഹതാപത്തിന്‍റെ കണികകൾ മിന്നുന്നത് അവൾ അറിഞ്ഞു. അവൻ പോക്കറ്റിൽ കൈയിട്ട് ഒരു പത്തുരൂപ നോട്ടെടുത്ത് പുഞ്ചിരിച്ചുകൊണ്ട് അവൾക്കുനേരെ നീട്ടി. അവൾ നന്ദിയോടെ അവന്‍റെ നേരെ നോക്കി പുഞ്ചിരിച്ചു.

"ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ.." അവൾ മൊഴിഞ്ഞു.

"ആയിക്കോട്ടെ സന്തോഷംഅവൻ പുഞ്ചിരിച്ചു

താൻ അന്നുവരെ കണ്ട ആളുകളിൽ നിന്നും വ്യത്യസ്തമായി അവന്‍റെ പുഞ്ചിരിയിൽ നിന്നും എന്തോ ഒരു പ്രഭ പൊഴിയുന്ന പോലെ അവൾക്കുതോന്നി. ജീവിതത്തിൽ ആദ്യമായിട്ടാണ് തന്നെ നോക്കി നല്ല അർത്ഥത്തിൽ ഒരാൾ പുഞ്ചിരിക്കുന്നത്. അതായിരിക്കാം. അവൾ ഓരോന്ന് ആലോചിച്ചുകൊണ്ട്, നിറഞ്ഞ മനസോടെ നടന്നു. അല്പദൂരം കഴിഞ്ഞപ്പോൾ അവൾ പിന്തിരിഞ്ഞുനോക്കി, അവനതാ തന്‍റെ നേരെ നോക്കി നിൽക്കുന്നു. അവളെ കണ്ടപ്പോൾ അവൻ വീണ്ടും തലവെട്ടിച്ച് പഴയപടി നിൽപായി. അവൾ പെട്ടെന്ന് മുഖം തിരിച്ചു മുന്നോട്ട് നോക്കി നടന്നു.

"എന്തിനാണാവോ അയാൾ തന്നെത്തന്നെ ഇങ്ങനെ നോക്കുന്നത് ?"

അന്ന്, സോഡാ കമ്പനിയുടെ പുറകിലുള്ള, മുകളിലേക്ക് കയറാനുള്ള ഗോവണിക്കടിയിലെ ചെറിയ സ്ഥലത്ത് അന്തിയുറങ്ങുമ്പോൾ അവൾ തലപുകഞ്ഞ് ആലോചിച്ചു.
പിറ്റേ ദിവസവും അവൾ അതേ സ്ഥലത്തുതന്നെ ചെന്നു. അവൻ അന്നും അതേ സ്ഥലത്തു തന്നെ സ്ഥാനം പിടിച്ച് പതിവുപോലെ നിൽക്കുന്നു.അവൾ നേരെ അവന്‍റെയടുത്ത് ചെന്നു.

"ചേട്ടായി.."

അവൻ ശബ്ദം കേട്ട് അവളെ നോക്കി. പുഞ്ചിരിച്ചു.

"ആഹാ ഇന്നും ഒണ്ടോ ?"

അവൻ അല്പം നർമ്മം കലർന്ന സ്വരത്തിൽ ചോദിച്ചു. അവൾ ലജ്ജിച്ച് തലതാഴ്ത്തിനിന്നു.

"അത് പിന്നെ ചേട്ടായി. ക്ഷമിക്കണം ഞാൻ പോയേക്കാം.." അവൾ വിക്കി.

"നിന്നെ കളിയാക്കാൻ വേണ്ടി ചോദിച്ചതല്ല. നിന്നെ കൊറേ നാളായി ഞാൻ ശ്രദ്ധിക്കുന്നുണ്ട്. പല സ്ഥലങ്ങളിലായി. ഇപ്പൊ എല്ലായിടത്തും കാണാം ഓരോ ആളുകൾ, ആളുകളുടെ സഹതാപം പിടിച്ചുപറ്റി പണം തട്ടാനായി. കയ്യിൽ ഇഷ്ടം പോലെ പൈസയും കാണും. നീയും അങ്ങനെ വല്ലതും ആണോ.?"

അവളുടെ കണ്ണു നിറഞ്ഞു. അവൾ എന്തുപറയണം എന്നറിയാതെ മുഖം താഴ്ത്തി. കണ്ണുനീർ കവിളിലൂടെ ഒഴുകി അവന്‍റെ കാലുകളിൽ ഇറ്റുവീണു. അവന്‍റെ ഉള്ളിലൂടെ ഒരു വൈദ്യുത പ്രവാഹം കടന്നുപോയി. താൻ പറഞ്ഞത് അൽപം കടന്നുപോയി എന്ന് അവന് മനസിലായി. പശ്ചാത്താപവിവശനായി അവൻ പറഞ്ഞു.

"ഞാൻ നിന്നെ വെഷമിപ്പിക്കാൻവേണ്ടി പറഞ്ഞതല്ല. അറിയാതെ വായീന്ന് വീണുപോയ ആ നശിച്ച വാക്കുകൾക്ക് ഞാൻ മാപ്പുചോദിക്കുന്നു. പോരെ. ഇനി കണ്ണുതൊടച്ചൂടെ ?.

"ഉം. സാരവില്ല. എനിക്ക് ഒരു സങ്കടോം ഇല്ല. ഇത് എത്ര തവണ കേട്ടതാ. എന്‍റെ കുഞ്ഞുനാള് മൊതലെ. പിന്നെ എന്താണെന്നറിയില്ല. ഈ കണ്ണിങ്ങനെ എപ്പഴും നിറഞ്ഞൊഴുകും. എന്തേലും കാരണം കിട്ടാൻ കാത്തിരിക്കുവാന്നെ. ശരി. ഞാൻ പോവാ. കൊറേ സ്ഥലത്ത് പോകാനുണ്ട്. സമയം ഒത്തിരിയായി!."
അവൾ പോകാൻ ഭാവിച്ചു.

"പോവല്ലേ, നിന്നെ. ആട്ടെ, കൊച്ചിന്‍റെ.. പേരെന്നാ..?" അവൻ അവളെ തടഞ്ഞു.

"റോസ്"

ഘനഗംഭീരമായ സ്വരത്തിലുള്ള ആ ചോദ്യംകേട്ട് അവൾ അറിയാതെ പറഞ്ഞുപോയി.
മറന്നു തുടങ്ങിയ ആ നാമം ഒരിക്കൽ കൂടി അവളുടെ ഓർമകളിൽ തെളിയുകയായിരുന്നു.

"വന്നേ.. " 

അവളുടെ എതിർപ്പ് വകവെക്കാതെ അവളെയും വിളിച്ചുകൊണ്ട് റോഡിൽ നിന്നും മാറി ആളൊഴിഞ്ഞ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു തട്ടുകടയിൽ ചെന്നു
അവളോട്  ഇരിപ്പിടത്തിൽ പോയി ഇരിക്കാൻ പറഞ്ഞിട്ട്. ദോശയ്ക്കും രണ്ടു ചായക്കും പറഞ്ഞു. അവ ഉടനെ തന്നെ മേശയിൽ എത്തി.
അവൾ കൊതിയോടെ അത് വാരിക്കഴിക്കുന്നത് നോക്കിക്കൊണ്ട്, കയ്യിൽ പിടിച്ചിരിക്കുന്ന ചായഗ്ലാസ്സിൽ ചുണ്ടുകൾ ചേർത്ത് അവൾക്കഭിമുകമായി, അവൻ ഇരുന്നു. അവൾ പരിസരം മറന്ന്, വയറ്റിൽ ആളുന്ന വിശപ്പെന്ന തീയെ അണച്ചുകൊണ്ടിരുന്നു.

"കൊച്ചിന്‍റെ വീടെവിടാ ? അമ്മയൊക്കെ എവിടെ ? "

അവളുടെ തിടുക്കം അല്പം കുറഞ്ഞെന്നു കണ്ടപ്പോൾ അവൻ ആരാഞ്ഞു.
തുടര്‍ന്നും ചോദ്യങ്ങൾ വന്നുകൊണ്ടേയിരുന്നു. അമ്മയെപ്പറ്റി ചോദിച്ചപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു. കണ്ണുനീർ കവിളിലൂടെ ഒഴുകി. തല താഴ്ത്തി അവൾ അവനുമുൻപാകെ തന്‍റെ ജീവിതത്തിൽ സംഭവിച്ച ദുരന്തങ്ങളെ വിസ്തരിച്ചുകൊണ്ടിരുന്നു. ഏതൊരു മനുഷ്യനും ചിന്തിക്കാൻ കഴിയുന്നതിനേക്കളുപരി മോശമായ കാര്യങ്ങൾ തന്‍റെ ജീവിതത്തിൽ നേരിടേണ്ടി വന്ന നിഷ്കളങ്കയായ ആ പെൺകുട്ടിയെ അവൻ അനുകമ്പ സ്ഫുരിക്കുന്ന കണ്ണുകളോടെ നോക്കി. പിന്നെ തല പുകച്ച് എന്തൊക്കയോ പദ്ധതികൾ ആസൂത്രണം ചെയ്തു.

"ഇവിടെ അടുത്തൊരു അനാഥാലയമുണ്ട്. അവിടത്തെ ആളെ എനിക്ക് പരിചയം ഒണ്ട്. കൊച്ചിനെ പറ്റുവാണെ അവിടെ ആക്കാം. അവിടെ ഒത്തിരി അമ്മമാരൊണ്ട്. കൂട്ടുകൂടാൻ എല്ലാവരും ഒണ്ടാകും."

അവൾ ഏതോ സ്വപ്നലോകത്തിൽ ആയിരുന്നു. എന്താണ് നടക്കുന്നതെന്ന് അവൾക്ക് മനസിലാക്കാൻ കഴിഞ്ഞില്ല.

"ആരാണ് ഇവൻ ? എന്തിനാണ് ഇങ്ങനൊക്കെ പറയുന്നത്? അടുത്ത ചതിയാണോ?"

ഒരുപാട് ചോദ്യങ്ങൾ അവളുടെ ഉള്ളിൽ ഉയർന്നുതുടങ്ങി. ഓടിപ്പോയാലോ എന്നുവരെ തോന്നി. എന്തായാലും വരുന്നത് കാണാം. അവൾ കൈയ്യും മുഖവും വൃത്തിയായി കഴുകി, അവനോടൊപ്പം നടന്നു. അവൻ മൊബൈൽ ഫോണിൽ ആരെയൊക്കെയോ വിളിക്കുന്നുണ്ടായിരുന്നു.

                                അൽപനിമിഷത്തിനകം അവിടെ കുറെ സ്കൂൾ വിദ്യാർഥികളെ നിറച്ച ഒരു വാൻ വന്നുനിന്നു. അതിന്‍റെ മുൻവശത്തെ ചില്ലിന് മുകൾഭാഗത്ത് "നിർമലഭവനം" എന്ന് എഴുതിയിരുന്നു. അവൾ മുഖമുയർത്തിനോക്കി. വാനിൽ നിറയെ കുട്ടികളാണ്. അംഗവൈകല്യമുള്ളവർ, ബുദ്ധിമാന്ദ്യമുള്ളവർ എല്ലാരും ഉണ്ടായിരുന്നു. എല്ലാവരും പാൽപുഞ്ചിരിയുമായി അവളെ നോക്കി, കൈകളാൽ അഭിവാദ്യം ചെയ്യുന്നത് അവൾ കണ്ടു. നരച്ച താടിയുള്ള വൃദ്ധനായ അതിന്‍റെ ഡ്രൈവറോട് അവൻ എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു. അതിനുശേഷം അവൾക്കരികെ  വന്നിട്ട് പറഞ്ഞു,

"ഇതാ ഈ വണ്ടി ഞാൻ പറഞ്ഞ സ്ഥലത്തെയാ. ഇതിൽ കയറിക്കോളൂ.ഞാൻ വൈകുന്നേരമാകുമ്പോഴേക്കും അവിടെ എത്തിക്കോളാം. എല്ലാ കാര്യങ്ങളും വിശദമായി അവരോട് സംസാരിക്കാം. ഇപ്പോ വരാൻ പറ്റില്ല."

അവൾ മടിച്ചുനിന്നു. വാഹനത്തിനകത്തെ നിഷ്കളങ്കമായ മുഖങ്ങൾ അവളെ മാടിവിളിക്കുന്നത് അവൾ കണ്ടു. അവൾ പുഞ്ചിരിച്ചുകൊണ്ട്. സീറ്റിൽ കയറിയിരുന്നു. അത് കണ്ടപ്പോൾ അവന്‍റെ മുഖത്ത് ആദ്യമായി പുഞ്ചിരി വിടർന്നു. എന്തോ മഹത്കാര്യം ചെയ്യാൻ സാധിച്ചതിന്‍റെ സംതൃപ്തി അവന്‍റെ മുഖത്ത് അവൾ കണ്ടു. എന്തോ ആലോചിച്ചിട്ടെന്നപോലെ അവൾ പെട്ടെന്ന് വാഹനത്തിൽ നിന്നും ഇറങ്ങിആകെയുണ്ടായിരുന്ന പണം കൈയ്യിൽ ഇറുക്കിപ്പിടിച്ച് അവൻ ആ ബസ്റ്റോപ്പിന് അരികുവശത്തായി സ്ഥിതിചെയ്യുന്ന കുരിശുപള്ളി ലക്ഷ്യമാക്കി ഓടി. അത് മുഴുവനും നേർച്ചപ്പെട്ടിയിൽ നിക്ഷേപിച്ചു.

"ദൈവമേ അപത്തൊന്നും വരുത്താതെ. കാത്തോളണേ..."

അതിനുശേഷം ആ വാഹനത്തിൽ കയറിയിരുന്നു. നീങ്ങിത്തുടങ്ങിയിരുന്ന ആ വാഹനത്തിന്‍റെ അരികുജനാലകളിലൂടെ, റോഡരുകിൽ പുഞ്ചിരി തൂകുന്ന മുഖത്തോടെ നിൽക്കുന്ന അവനെ നോക്കി. അവൻ കണ്ണിൽ നിന്നും മറയും വരെ, അവൾ നിറകണ്ണുകളോടെ അവനെ നോക്കി. അപ്പോഴും അവന്‍റെ ചുണ്ടുകളിൽ പുഞ്ചിരിയായിരുന്നു.
തുടരും..