Ind disable

2017, ഒക്‌ടോബർ 7, ശനിയാഴ്‌ച

പള്ളിപ്പെരുന്നാൾ (ഭാഗം 5)


"പോട്ടെടാ തോമാ പോട്ടെ. നീ എണീറ്റേ. ഇനി മതി!
ടാ, തോമാ നമ്മുടെ മുന്നിലൊള്ള ഈ പൊഴയൊണ്ടല്ലാ, നിനക്കോർമയില്ലേ നമ്മുടെ കുട്ടിക്കാലത്ത് ? മലയ്ക്കു മഴ പെയ്താ പൊഴേൽ വെള്ളം കേറും. നല്ല മലവെള്ളം! അതീ, ഇന്നാട്ടിലൊള്ള സകല സാമാനങ്ങളും ഒഴുകിവരും. തൈചെടികള് മൊതല് വൻമരങ്ങൾ വരെ. പക്ഷേ ഒടുക്കം എന്നതാ? എല്ലാം അങ്ങോട്ട് ഒഴുകി താഴെ ഡാമിലെത്തും. ഇതിനെ തടസ്സപ്പെടുത്താനോ, വഴി തിരിച്ചുവിടാനോ ഇന്നേവരെ ഒന്നിനും കഴിഞ്ഞിട്ടില്ല. ഇതേ പോലെ നമ്മുടെ ജീവിതത്തിൽ, കടപൊഴകിവന്ന വൻ മരങ്ങളാടാ നമ്മുടെ അനുഭവങ്ങൾ. അതിലൊന്നും തടസപ്പെട്ടുനിക്കാതെ അങ്ങനെ ഒഴുകിക്കോണം. അങ്ങനൊള്ളവനേ ജീവിത്തീ വിജയിക്കത്തൊള്ളൂ. അങ്ങനാ വേണ്ടേ. അതിനു പറ്റാത്തവര് കഴിഞ്ഞുപോയ ദുരനുഭവങ്ങളെ വീണ്ടും ചെകഞ്ഞെടുത്ത് സ്വന്തം മുറിവേൽ തന്നെ കുത്തിനോവിച്ചോണ്ടിരിക്കും. നമ്മൾ അങ്ങനെ ആകരുത് ഒരിക്കലും.! കഴിഞ്ഞതെല്ലാം കഴിഞ്ഞു.
ഉം മതി!. നീ ആ വെള്ളത്തിലൊന്നു മുഖം കഴുകിക്കേ നമുക്ക് പോകാം." ചാക്കോ പറഞ്ഞു നിർത്തി.

ആ വാക്കുകൾ തോമായെ ആഴത്തിൽ സ്പർശിച്ചിരുന്നു. അയാൾ ദീർഘനിശ്വാസം വിട്ടുകൊണ്ട് ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റ് പടവുകൾ ഇറങ്ങി പുഴക്കരയിലെത്തി. ഇരുകൈകൾകൊണ്ട് വെള്ളം കോരിയെടുത്ത് മുഖത്തേക്കു വീശി. ആ തണുത്ത ജലം കണ്ണീരിനൊപ്പം തന്‍റെ ദു:ഖങ്ങളേയും കഴുകിമാറ്റുന്ന പോലെ അയാൾക്കു തോന്നി. മുണ്ടിന്‍റെ തലയിൽ മുഖം തുടച്ചുകൊണ്ട് അയാൾ പടവുകൾ തിരിച്ചുകയറി.

"നമുക്ക് പോകാവെടാ..."

തോമാ, തന്‍റെ സുഹൃത്തിന്‍റെ മുഖത്തുനോക്കി ചെറിയൊരു പുഞ്ചിരിയോടെ പറഞ്ഞു.
"ആ പുഞ്ചിരി കണ്ടപ്പോൾ ചാക്കോയുടെ മനസുനിറഞ്ഞു. അയാളും പുഞ്ചിരിച്ചു. രണ്ടുപേരും നടന്ന് റോഡിലെത്തി. പള്ളിയിയിലേക്കുള്ള പടികൾ ഒന്നൊന്നായി കയറി. തന്‍റെ വാക്കുകൾ സുഹൃത്തിനെ നോവിക്കാനിടയാകുമോ എന്ന ഭയത്തിൽ, ഒന്നും ഉരിയാടാതെ ചാക്കോ നടന്നു. തോമായും മൗനിയായിരുന്നു.

''സമയം ഒത്തിരിയായെന്നാ തോന്നുന്നേ."

പള്ളിമുറ്റത്തേക്കുള്ള അവസാന പടവുകയറുമ്പോൾ നിശബ്ദതയെ ഭഞ്ജിച്ചുകൊണ്ടു തോമാ തന്നെ പറഞ്ഞു.

"അതേയ് വേഗം നടക്ക്.."

അവർ പള്ളിയുടെ പിന്നിലേക്ക് നടന്നു.

                                   അല്പനേരത്തെ ശാന്തമായ ഇടവേളക്കു ശേഷം കാറ്റ് വീണ്ടും ആക്രമണം അഴിച്ചുവിട്ടിരുന്നു. അതിൽ, പള്ളിക്കു പിറകിലുള്ള തോട്ടത്തിൽ റബർമരച്ചില്ലകൾ പരസ്പരം, ഉരസിശബ്ദമുയർത്തിക്കൊണ്ട് ആടിയുലഞ്ഞു. കോടയിറങ്ങിയ പോലെ വെളുത്തപൊടി അന്തരീക്ഷമാകെ നിറഞ്ഞു. അതിനിടയിലൂടെ ആ സുഹൃത്തുക്കൾ ധൃതിയിൽ നടന്ന് പള്ളിക്കുപിന്നിലുള്ള മൺത്തിട്ടയിലേക്ക് കയറി. ഭീകരമാം വിധം ഉയർന്നുനിൽക്കുന്ന സെമിത്തേരിയുടെ വാതിൽക്കലെത്തി. തേക്കിൻകൂട്ടം കൊടുങ്കാറ്റിൽ നിലത്തു സ്പർശിക്കും വിധം ചാഞ്ഞു. താഴെ മുറ്റത്ത് ആളുകൾ പൊടിക്കാറ്റിൽ മുഖം പൊത്തി ഇരുന്നു.

                                   രണ്ടു സുഹൃത്തുക്കളും തുറന്നു കിടന്നിരുന്ന ശവക്കോട്ടയുടെ വാതിലിലൂടെ അകത്ത് കടന്നു. അവിടെ അടുത്തടുത്തായി സ്ഥാപിച്ചിരുന്ന രണ്ട് കല്ലറകളിലെ മേൽവശം മൂടുന്ന കോൺക്രീറ്റ് സ്ലാബ്, പാതി നീക്കിവച്ച അവസ്ഥയിലായിരുന്നു. രണ്ടുപേരും ഓരോ കല്ലറയ്ക്കുനേരെ നടന്നു ചെന്നു. അവസാനമായി അവർ പരസ്പരം നോക്കി.

"ഇനി അടുത്ത പെരുന്നാളിന് കാണാവെടാ തോമാ. ഈ ഓർമകൾ കൊണ്ട് ഒരു കൊല്ലം ഞാൻ നിസ്സാരമായി തള്ളിനീക്കും."
ചാക്കോ സുഹൃത്തിനെനോക്കി പറഞ്ഞു.

"ഇപ്പഴാണ് എന്‍റെ വാക്കുകൾ അർത്ഥപൂർണമാകുന്നത്. പ്രിയ ചങ്ങാതി നിന്നെ ഞാൻ മറക്കില്ല. മരിച്ചാലും."

താഴെ നാടകം അവസാനിച്ചതിന്‍റെ
മണി മുഴങ്ങി. ആളുകൾ ഇരിപ്പിടങ്ങളിൽ നിന്നും എഴുന്നേറ്റ് വീടുകളിൽ ചെന്നെത്താനുള്ള ധൃതിയിൽ കൂടപ്പിറപ്പുകളെ തിരഞ്ഞുപിടിക്കാൻ തുടങ്ങി.

                                    അവർ രണ്ടുപേരും തിരിഞ്ഞ് കല്ലറയുടെ മുകളിലെ സ്ലാബ് നീക്കി. അതിനുള്ളിലേക്കിറങ്ങി. ഏതാനും നിമിഷങ്ങൾക്കകം ആ രണ്ടു കല്ലറകളിലേയും തുറന്നുവച്ചിരുന്ന ഫലകങ്ങൾ തനിയെ നീങ്ങി അടഞ്ഞു. അവയുടെ തലയ്ക്കൽ വച്ചിരുന്ന മാർബിൾ ഫലകളിൽ ഇങ്ങനെ രേഖപ്പെടുത്തിയിരുന്നു.
ചാക്കോ                     തോമസ്
ചെരുവിൽവീട്                പ്ലാതോട്ടത്തിൽ
ജനനം - 1951                 ജനനം -1948
  മരണം - 2001                മരണം - 2001

അവസാനിച്ചു..