Ind disable

2017, സെപ്റ്റംബർ 30, ശനിയാഴ്‌ച

പള്ളിപ്പെരുന്നാൾ (ഭാഗം 4)


                                പുഴയുടെ അരികിൽ കെട്ടിയിരിക്കുന്ന കോൺക്രീറ്റ് തിട്ടിൻമേൽ, താഴേക്കു കാലുകൾ ഞാത്തിയിട്ടുകൊണ്ട് രണ്ടുപേരും ഇരുന്നു. കൈയിൽ പിടിച്ചിരുന്ന രണ്ടു പെട്ടികളിൽ ഒരെണ്ണം തോമ സുഹൃത്തിനു നൽകി. അവർ രണ്ടു പേരും ആ കടലാസു പെട്ടികൾ തുറന്ന് വിറങ്ങലിച്ച മധുരക്കട്ടകൾ പുറത്തെടുത്ത് നാവിൽ വച്ച് നുണഞ്ഞു.

                               താഴെ പുഴയുടെ ഓരങ്ങളിൽ തവളക്കുഞ്ഞുങ്ങൾ കരഞ്ഞു. ചട്ടിത്തലയന്മാരായ ഞണ്ടുകൾ മൺപോടുകളിൽ നിന്നും പുറത്തു വന്നു. അവ ഉണ്ടക്കണ്ണുകൾ ചുറ്റും ചലിപ്പിച്ചുകൊണ്ട് ഉരുക്കുഗദപോലുള്ള കരങ്ങൾ നീട്ടി പോരാട്ടത്തിന് സന്നദ്ധനായിനിൽക്കുന്ന പടയാളിയെ പോലെ നിലകൊണ്ടു. ഉരുളൻ കല്ലുകളിൽ കർണാനന്ദകരമായ താളം സൃഷ്ടിച്ചുകൊണ്ട് പുഴ ഒഴുകികൊണ്ടേയിരുന്നു. അതിനു മറുകരയിലുള്ള കമുകിൻ തോട്ടത്തിൽ, കോലൻ കമുകുകൾ ആകാശം മുട്ടെ നീണ്ട കഴുത്തും അതിനു മുകളിൽ കേശങ്ങൾ പോലുള്ള ഇലകളുമായി തലയുയർത്തിയങ്ങനെ നിന്നു. അവയുടെ ഇലകൾക്കിടയിലൂടെ വൃത്താകാരനായ ചന്ദ്രൻ പ്രകാശം പരത്തുന്ന പുഞ്ചിരിയോടെ ഒളിഞ്ഞു നോക്കി.

                                     ആ ശീതളച്ഛായയിൽ അല്പനേരം ഇരുന്നപ്പോൾ തോമയുടെ മനസ്സിലെ കോലഹലങ്ങളെല്ലാം കെട്ടടങ്ങി. അത് പ്രശാന്തമായിത്തീർന്നു. ആ നിർവൃതിയിൽ അയാൾ തന്‍റെ ഇരുനയനങ്ങളും അടച്ചുകൊണ്ട് ഇരുന്നു. പക്ഷെ അത് പേമാരിക്ക് മുൻപേയുള്ള ശാന്തമായ അന്തരീക്ഷം മാത്രമായിരുന്നു. ഹൃദയഭേദകമായ ദുരനുഭവങ്ങളുടെ പേമാരി അയാളുടെ മനസിൽ തിമിർത്ത് പെയ്തു. ഇറുക്കിയടച്ചിരുന്ന അയാളുടെ കൺപോളകൾക്കിടയിലൂടെ ചുടുനീർ താഴേക്കു പതിച്ചു. സുഹൃത്തിന്‍റെ കാൽമുട്ടിൽ വച്ചിരുന്ന ചാക്കോയുടെ കൈത്തണ്ടയിൽ അത് പതിച്ചു. തന്‍റെ സുഹൃത്ത് തോമയുടെ മനം നീറുന്നത് അയാൾ ഞൊടിയിടയിൽ മനസിലാക്കി.

"എന്നാടാ തോമാ, എന്നാ പറ്റി നിനക്ക് ? എന്നതാണേലും പറയെടാ. നമുക്ക് വഴിയൊണ്ടാക്കാം നീ കരയല്ലേ !"

അയാൾ സുഹൃത്തിനോടുള്ള ആഴമേറിയ സ്നേഹം വാക്കുകളിലൂടെ പ്രതിഫലിപ്പിച്ചു. കണ്ണുതുടച്ചുകൊണ്ട് തോമ പറഞ്ഞുതുടങ്ങി.

"എടാ ഞാൻ നിന്നോട് ഐസ്ഫ്രൂട്ട് തിന്നാൻ വരാൻ പറഞ്ഞത് എന്‍റെ കൊതിക്കൊണ്ടൊന്നുമല്ലടാ. ആ ബഹളത്തീന്നു എങ്ങനെയെങ്കിലും രക്ഷപ്പെടാൻ എനിക്ക് തോന്നിയ ഒരു ഉപായമാ അത്. ഇവിടെ ഈ പുഴക്കരയിൽ അല്പനേരമെങ്കിലും ഒന്ന് സമാധാനമായി ഇരിക്കാവല്ലോ !
നീ എന്‍റെ ത്രേസ്യായെ കണ്ടാര്ന്നോ?" പാതി കരച്ചിൽ വിഴുങ്ങിയ വാക്കുകളാൽ തോമ ചോദിച്ചു.

"ഉം ഞാൻ കണ്ടിരുന്നു പറഞ്ഞാൽ നെനക്ക് പിന്നെ വെഷമം ആകും എന്ന് കരുതി ഞാൻ മന:പൂർവ്വം പറയാതിരുന്നതാ, അപ്പോ" ചാക്കോസുഹൃത്തിന്‍റെ മുഖത്തുനോക്കാതെ മറുപടി പറഞ്ഞു.

"അവൾ മാത്രമല്ല. അവളുടെ മടിയിൽ ഒരു പെൺകൊച്ചും ഒണ്ടാര്ന്നു എന്‍റെ ചാർളിയുടെ അതേ മുഖച്ഛായ. അത് എന്‍റെ കൊച്ചുമകളാണെടാ. എന്നാ തെളിച്ചവാ അവളുടെ കണ്ണില്, എന്നാ ഓമനത്തമാ അവളുടെ മൊകത്ത്. അവളെ വാരിപ്പുണരാൻ എനിക്ക് കഴിഞ്ഞില്ലെടാ. അവളൊണ്ടായപ്പോ നെറ്റിയിലൊരു മുത്തം കൊടുക്കാൻ എനിക്ക് കഴിഞ്ഞില്ലല്ലോ !." തോമ കുഞ്ഞുങ്ങളെ പോലെ വിതുമ്പിക്കരഞ്ഞു.

"എന്നാടാ തോമാ ഇത് ? കരയല്ലേ. പോയവരൊക്കെ പോട്ടെ ടാ. നിനക്ക് എന്നും കൂട്ടായി എന്നും ഈ ഞാനില്ലേ? അവർക്ക് നിന്‍റെ കൂടെയുള്ള ജീവിതം വിധിച്ചിട്ടില്ല. അങ്ങനെ കരുതി നീയൊന്ന് അടങ്ങെടാ. അതൊക്കെ. കഴിഞ്ഞുപോയില്ലേ. മറക്കാനുള്ള കാര്യങ്ങൾ മറക്കണം. അല്ലേ അത് നമ്മളെ ജീവിതം മുഴുവൻ വേട്ടയാടും. അതൊണ്ടാകാതിരിക്കാനാ ദൈവം നമ്മൾ മനുഷ്യർക്ക് മറവി തന്നിരിക്കുന്നേ. നീ അതൊന്നും ഇനീം ഓർക്കല്ലേ. കണ്ണു തൊടച്ചേ നീ കൊച്ചു പിള്ളേരെ പോലെ എടാ,  എടാ തോമാ."

തന്‍റെ ആത്മസുഹൃത്തിന്‍റെ സങ്കടം കണ്ട് ഭാരിച്ച ഹൃദയത്തോടെ ചാക്കോ അയാളുടെ പുറത്തുതട്ടി ആശ്വസിപ്പിച്ചു.

"ഇതെല്ലാം ഞാൻ വരുത്തി വച്ചതാ, എന്‍റെ മാത്രം തെറ്റ് ! അല്ലേ, അന്ന് അവരെയെല്ലാം ഇട്ടേച്ച് പോകാൻ എനിക്ക് തോന്നുവാര്ന്നോ ? പണത്തിന്, പണം തന്നെ വേണ്ടേടാ ? എല്ലാ ഉത്തരവാദിത്തങ്ങളിലേക്കും എന്‍റെ ചാർളിയേയും അവളെയും തള്ളി വിട്ടേച്ച് ഞാൻ രക്ഷപ്പെട്ടു. ഒരു ഭീരുവിനെ പോലെ, എങ്ങോട്ടോ ഓടിപ്പോയി. എന്നെ സ്വീകരിക്കാൻ ഇനി അവർക്ക് ഒരിക്കലും കഴിയത്തില്ല ! അത്രക്ക് നീചനാ ഞാൻ. അല്ലേ അന്ന് ആ രാത്രി ആ നീചകൃത്യം ഞാൻ ചെയ്യുവാര്ന്നോ? എല്ലാത്തിനും കാരണം അതാ. ആ നശിച്ച ഉരുൾ പൊട്ടല്. എന്‍റെ എത്ര ഏക്കർ വാഴയാ പോയേ. ബാങ്കീന്ന് എടുത്ത ലോൺ, പലിശയായി പെരുകി. ഞാനെന്നാ ചെയ്യാനാ. പിന്നെ എനിക്ക് വേറൊന്നും തോന്നീല്ല. എങ്ങനേയും മനസ്സമാധാനം കിട്ടണം സുഖമായി ഒരുനാൾ എങ്കിലും ഒറങ്ങണം. അത്രയേ ഞാൻ കരുതിയൊള്ളൂ. കടം മേടിക്കാനും കൃഷിയെറക്കാനും എല്ലാത്തിനും കൂടെ എന്‍റെ ഉറ്റ ചങ്ങാതിയായി നിന്ന നീയും അവസാനം എന്‍റെ കൂടെ വന്നില്ലേ ? അന്ന് നിനക്കെങ്കിലും എന്നെ പറഞ്ഞുമനസിലാക്കാര്ന്നില്ലേ? നീ എന്നെക്കാൾ വലിയ ഭീരു !. ജപ്തിനോട്ടീസ് കണ്ടപ്പോൾ ആദ്യം പതറിയത് നീയല്ലേ?”
തോമയുടെ ഉള്ളിൽ എരിഞ്ഞുകൊണ്ടിരുന്ന വികാരങ്ങൾ വാക്കുകളുടെ രൂപത്തിൽ പുറത്തുവന്നുകൊണ്ടേയിരുന്നു. അയാൾ വാവിട്ടു നിലവിളിച്ചു. സുഹൃത്തിനെ തന്‍റെ ചുമലിൽ ചേർത്തിക്കിടത്തിക്കൊണ്ട് ചാക്കോ അയാളെ സമാധാനിപ്പിക്കാൻ ശ്രമിച്ചുകൊണ്ടേയിരുന്നു.

തുടരും...

2017, സെപ്റ്റംബർ 24, ഞായറാഴ്‌ച

പള്ളിപ്പെരുന്നാൾ (ഭാഗം 3)


"കഥ... അത്ര.. പോര... അല്ലേടാ.. ചാക്കോ.... ?" നിശബ്ദനായി നിൽക്കുന്ന  സുഹൃത്തിനെ നോക്കി തോമ പറഞ്ഞു.

"... ഭാവം... അങ്ങോട്ട് ശരിയാകുന്നില്ല!. നമുക്ക് തിരിച്ചു പോയാലോ? എനിക്കും  ഒറക്കം... വന്നിട്ട്... മേല." ചാക്കോ കോട്ടുവായിട്ടുകൊണ്ട് പറഞ്ഞു.
"ഉം.. വാ.. പോകാം."


                              രണ്ടുപേരും ആൾക്കൂട്ടത്തിനിടയിലൂടെ പുറത്തിറങ്ങി. വന്നവഴിയെ നടന്നു. പള്ളിമുറ്റത്ത് വളർന്നുനിന്നിരുന്ന. കുറ്റിപ്പുല്ലുകൾക്ക് മുകളിലൂടെ പാദങ്ങൾ ഉരുമ്മിക്കൊണ്ട് അവർ നീങ്ങി. പെട്ടെന്ന് വീശിയടിച്ച ശക്തനായ ഒരു കാറ്റ് മുറ്റത്തു വിരിച്ചിരുന്ന മണൽ തരികളെ അടിച്ചു പറത്തി.
പൊടി മൂക്കിൽ കയറിയപ്പോൾ തോമ ആഞ്ഞു തുമ്മി.

"ഹൊ..! കോപ്പിലെ... ഒരു... കാറ്റ്..." അയാൾ അതിനെ ശപിച്ചു.

"എടാ.... ചാക്കോ..., എനിക്കൊരു.... മോഹം. നമുക്കൊരു.. ഐസ്... ഫ്രൂട്ട്...  കഴിച്ചാലോ?" തോമ ചോദിച്ചു. ആ ചോദ്യം കേട്ട് ചാക്കോ ആശ്ചര്യത്തോടെ അയാളുടെ മുഖത്തേക്ക് നോക്കി.

"ഇതെന്നാ.... പറ്റി...! ഇപ്പൊ... കൊച്ചു... പിള്ളേരെ.... പോലെ...? ... വയസാം... കാലത്ത്... അതൊക്കെ... വേണോ?" അയാൾ ചോദിച്ചു.

"ഇല്ലെടാ... എനിക്കൊരു...!, ...ഒരു... ഐസ്... ഫ്രൂട്ട്.... തിന്നാ.... ഇനി...  ചാകത്തൊന്നും.... ഇല്ലെല്ലോ...?" തോമ പറഞ്ഞു.

"ഉം.... ശരി... നിന്‍റെ.... ആഗ്രഹം.... അല്ലേ നടക്കട്ടെ." ചാക്കോ പുഞ്ചിരിയോടെ സുഹൃത്തിന്‍റെ മുഖത്തേക്ക് നോക്കി. അതു കണ്ടപ്പോൾ തോമായുടെ മുഖം വിടർന്നു.
അവർ രണ്ടുപേരും പള്ളിയുടെ പടികൾ ഇറങ്ങി താഴേക്ക് നടന്നു.


                                  താഴെ റോഡിലെത്തിയപ്പോൾ തോമ ചുറ്റും നോക്കി. റോഡരുകിൽ പലയിടങ്ങളിലായി സ്ഥാപിച്ചിരിക്കുന്ന വെച്ചു വാണിഭകേന്ദ്രങ്ങളിൽ കച്ചവടക്കാർ  ആളുകളെ കാത്തിരുന്ന് മുഷിഞ്ഞ്, ഉറക്കം പിടിച്ചു തുടങ്ങിയിരുന്നു. റോഡിൽ വിരലിലെണ്ണാവുന്നത്ര മാത്രം ആളുകൾ ആങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു. നാട്ടിലെ ഭൂരിഭാഗം ജനങ്ങളും മുകളിൽ ദേവാലയങ്കണത്തിൽ നാടകം കാണുകയാണ്. റോഡരികിലെ കുരിശുപള്ളിയുടെ മുൻവശത്തെ മെഴുകുതിരിക്കൂട്ടിൽ, അവസാന തിരിയും അതിൻറെ അന്ത്യ ശ്വാസമായ വെളുത്ത പുക ഉച്ഛ്വസിച്ചുകൊണ്ട് കത്തിയമർന്നു.


                                ആ രണ്ടു സുഹ്യത്തുക്കളും ആളൊഴിഞ്ഞ ആ പാതയിൽ അപരിചിതരെ പോലെ ചുറ്റുപാടും ആകാംഷയൂറുന്ന മിഴികളിലൂടെ വീക്ഷിച്ചു. തോമയുടെ കണ്ണുകൾ ഐസ്ഫ്രൂട്ട്കാരനെ തേടി തലങ്ങും വിലങ്ങും ചലിച്ചു. അവസാനം ഒരു മൂലയിൽ ഒരു പെട്ടി ഓട്ടോറിക്ഷ നിൽക്കുന്നത് അവർ കണ്ടെത്തി അതിന്‍റെ പിറകിൽ വെച്ചിരിക്കുന്ന ശീതീകരണിപെട്ടിയുടെ മുകളിൽ തല ചായ്ച്ച്കൊണ്ട് തടികസേരമേൽ ഇരുന്ന് ചെമ്പിച്ച മുടിയുള്ള ഒരുവൻ ഉറങ്ങുന്നത് തോമ കണ്ടു.

"ദേണ്ടെടാ... ചാക്കോ... അതു... തന്നെ... ബാ... നമുക്ക്... അങ്ങോട്ടു... പോവാം." തോമ സുഹൃത്തിന്‍റെ കൈപിടിച്ചുകൊണ്ട് പറഞ്ഞു.

"ദേ.... വരുവാടാ... പിടിച്ചു... വലിക്കല്ലേ...!" ചാക്കോ പറഞ്ഞു.
അവർ രണ്ടുപേരും നടന്ന് ആ വാഹനത്തിനു സമീപം എത്തി. തോമ അല്പം സ്വരം ഉയർത്തിക്കൊണ്ട് പറഞ്ഞു.

"ടാ... മോനേ... എഴുന്നേൽക്കെടാ... ശ്ശൊ...! ഇവൻ... ബംഗാളിയാണെന്നാ... തോന്നുന്നേ... ടാ... എണീക്കെടാ... കൊച്ചനെ..."

സുന്ദര സ്വപ്നത്തിൽ മുഴുകിയിരിക്കുകയായിരുന്ന യുവ കോമളനായ ആ ചെറുപ്പക്കാരൻ പിടഞ്ഞെഴുന്നേറ്റു. കണ്ണു തിരുമ്മിക്കൊണ്ട് "ഏതവനാടാ... അത്..... ?" എന്ന് ചോദിക്കുന്ന പോലുള്ള മുഖഭാവത്തിൽ തന്‍റെ മുന്നിൽ നിൽക്കുന്ന വൃദ്ധൻമാരെ നോക്കി.

"മോനേ... ഐസ്ഫ്രൂട്ട്.... ഉണ്ടോ... ടാ ?. രണ്ടെണ്ണം... ഇങ്ങെടുത്തേ..." തോമ ചോദിച്ചു.

"സേട്ടാ.... ഐസ്.... ഫ്രൂട്ട്... നഹീം... അത്... ഇപ്പ... ആർക്കും.... ബേണ്ടാ... ചോക്കോബാർ... ഹെ.... അത്.... എടുക്കട്ടെ?." മലയാളവും ഹിന്ദിയും കൂട്ടിക്കലർത്തിയുള്ള എന്തോ ഒരുഭാഷയിൽ ആ ചെറുപ്പക്കാരൻ അവരോട് പറഞ്ഞു.

"ചോക്കോബാറോ....? അതെന്നാ... ബാറാ ?.. ഇനി... പൂസാകുവോ?" ചാക്കോ തലചൊറിഞ്ഞുകൊണ്ടുനിന്നു.

"... എടാ... മണ്ടാ... അത്... ഐസിന്റെ പുതിയ... വല്ല... സാധനവും... ആവും.
എടാ... കൊച്ചനെ... എന്നാ... അത്... രണ്ടെണ്ണം... തന്നേര്...." തോമ പറഞ്ഞു. പയ്യൻ രണ്ടു പെട്ടിയെടുത്ത് അവർക്ക് നേരെ നീട്ടി.

"ഇതിനെന്നാ... വെലയാടാ...?"

"ഇരുപത്... രൂപ"

പോക്കറ്റിൽ നിന്നും പണമെടുത്തുനൽകിയിട്ട് സുഹൃത്തിനേയും വിളിച്ച് തോമ നടന്നു.

"എടാ... ഇതിപ്പോ... എവിടിരുന്നാ... സമാധാനമായി... ഒന്ന്... കഴിക്കുന്നേ ? .. ആരേലും... കണ്ടാ... നാണക്കേടാ..!.. നമുക്കൊരു... കാര്യം... ചെയ്താലോ ? അപ്പറേ... പൊഴക്കരേ... പോയാലോ... ?" തോമ പറഞ്ഞു.

"ഇതിന്‍റെയൊന്നും... ഒരു... കാര്യവും... ഇല്ലാര്ന്നല്ലോ.. ? വയ്യാത്ത... പട്ടിക്ക്... കയ്യാല... മൊകളിക്കേറേണ്ട.... ഒരു... കാര്യവും.... ഇല്ലല്ലോ..?." ചാക്കോ സുഹൃത്തിനെ കളിയാക്കി.

"ഡോ.. താൻ... ഒരു.... മാതിരി... ആളെ... വാരല്ലേ...? ങ്ഹാ... നടന്നേ... അങ്ങോട്ട് !.." തോമ കെറുവിച്ചു കൊണ്ട് പറഞ്ഞു. എന്നിട്ട് മുന്നിൽ നടന്നു.


തുടരും

2017, സെപ്റ്റംബർ 17, ഞായറാഴ്‌ച

പള്ളിപ്പെരുന്നാൾ (ഭാഗം 2)



അമ്മച്ചി പറയുന്നത് എന്താണെന്ന്. നിസമോൾക്ക് മനസിലായില്ല. അവൾ  ഈർഷ്യയോടെ പറഞ്ഞു.
..! അമ്മച്ചി,.. തൊടങ്ങി!!... എൻറെ... പൊന്നമ്മച്ചീ... ഞാനിതൊന്നു...  കണ്ടോട്ടെ.”
ഉം...      
അവർ രണ്ടുപേരും വേദിയിൽ അരങ്ങേറുന്ന പ്രകടനത്തിൽ ശ്രദ്ധിച്ചിരുന്നു.  അതുവരെ പലകാര്യങ്ങളേയും പറ്റി, പരസ്പരം സംസാരിച്ചുകൊണ്ടിരുന്ന ജനങ്ങളുടെ ശ്രദ്ധ, കുറച്ചുനിമിഷങ്ങൾകൊണ്ടുതന്നെ നാടകത്തിൽ കേന്ദ്രീകരിച്ചു.  

                                   പക്ഷേ അവരിൽ ഒരു വിഭാഗം ആളുകൾ, വികലമായ രീതിയിൽ വേഷഭൂഷകൾ അണിഞ്ഞ പരിഷ്കാരികളെന്നു നടിക്കുന്ന ചെറുപ്പക്കാർ, പരുന്ത് ഇരയ്ക്കുചുറ്റും വട്ടമിട്ട് പറക്കുന്ന പോലെ തീവ്രമായ കണ്ണുകളോടെ ഇളം പ്രായത്തിലുള്ള തരുണീമണികളെതേടി തലങ്ങും വിലങ്ങും സഞ്ചരിച്ചുകൊണ്ടിരുന്നു. ഇരയുടെ അബദ്ധവശാലുള്ള ഒരു നോട്ടമെങ്കിലും കിട്ടും എന്ന പ്രതീക്ഷയോടെ.

                                 പള്ളിയുടെ ഒരു ഭാഗം  വലിയൊരു മൺതിട്ടയായിരുന്നു. അതിനുമുകളിൽ പളളിവക സെമിത്തേരിയാണ്. ആത്മാക്കളുടെ സ്വൈര്യവിഹാരകേന്ദ്രമായ സാക്ഷാൽശവപ്പറമ്പ്!. ചുറ്റുമതിലിനാൽ മറയ്ക്കപ്പെട്ട അതിൻറെ വൻ കവാടം കാഴ്ചക്കാരുടെ മനസിൽ ഭീതിയുയർത്തിക്കൊണ്ട് നിവർന്നുനിൽക്കുന്നു. ഇഹലോകവാസം വെടിഞ്ഞ ആത്മാവു നഷ്ടപ്പെട്ട മർത്യശരീരങ്ങളെ മരണമെന്ന തടങ്കലിൽ അവിടെ ഫലകങ്ങൾക്കുള്ളിൽ തളച്ചിരിക്കുന്നു. പരലോകം പൂകിയ ആത്മാക്കൾ സ്വന്തം ശരീരത്തെ തിരഞ്ഞ് ഇടയ്ക്കിടെ അവിടെ വന്നു പോകാറുണ്ട്. മണ്ണിനു വളമായി, തിരിച്ചറിയാൻ പോലും കഴിയാത്ത വിധം വികൃതമായിപ്പോയ ആ ദേഹങ്ങളെ കണ്ടെത്താൻ അവയ്ക്ക് ഒരിക്കലും കഴിയാറില്ല. എങ്കിലും പ്രതീക്ഷയോടെ അവർ വീണ്ടും വരുന്നു, അവിടങ്ങളിലെല്ലാം അവയെ തേടുന്നു. ഒടുക്കം സകല പരിശ്രമങ്ങളും വിഫലമായി അവർ ഉറക്കെ കരയുന്നു. ആർത്തലക്കുന്നു. അതായിരിക്കാം ജനുവരികാറ്റിന്‍റെ രൂപത്തിൽ അവിടെയെങ്ങും അലറിക്കരഞ്ഞുകൊണ്ട് വീശിയടിക്കുന്നത്.

                              ആ ശവപ്പറമ്പിന് സമീപം നിലകൊള്ളുന്ന തേക്കിൻതോട്ടം ഒന്നാകെ കൊടുംകാറ്റിൽ ആടിയുലഞ്ഞുകൊണ്ടിരുന്നു. പക്ഷെ താഴെ പള്ളിമുറ്റത്ത് ആളുകൾ രംഗത്ത് അരങ്ങേറുന്ന കലാപ്രകടനം ആസ്വദിച്ചുകൊണ്ടിരുന്നു. മുകളിൽ നടക്കുന്ന കൊലാഹലങ്ങളൊന്നും അവർ അറിയുന്നില്ല.

എടോ.. തോമാതാനെന്നാടോ.. കൊച്ചു പയ്യന്മാരെ പോലെ.. ഇങ്ങനെ ഒരുങ്ങുന്നേ..? പ്രായം.. അമ്പത്.. കഴിഞ്ഞില്ലെടോ..? മതിയെടോ.. ബാ.. നമുക്ക് പോകാംഇനിയും വൈകിയാ.. നാടകം.. കഴിയും!. താനാ.. മുണ്ടൊന്ന് നേരെ ഉടുത്തേ..”

"ദേ.. വരുന്നെടാ.. ചാക്കോ..." പോകാൻ തിടുക്കം കാണിക്കുന്ന സുഹൃത്ത് ചാക്കോയോട് തോമാച്ചൻ പറഞ്ഞു.

ആ സുഹൃത്തുക്കൾ രണ്ടു പേരും പെരുന്നാളിൻറെ കോലാഹലങ്ങൾ സ്വപ്നം കണ്ടുകൊണ്ട് പള്ളിമുറ്റം ലക്ഷ്യമാക്കിനടന്നു.  

                                       മേലേ മാനത്ത്, കാർമേഘ കവചങ്ങൾക്കുള്ളിൽ നിന്നും ചന്ദ്രൻ എങ്ങനെയോ പുറത്തുവന്നിരിക്കുന്നു. അതിന്‍റെ ഫലമായി നിലാവെളിച്ചം ആ പ്രദേശത്താകെ വെൺപ്രഭ പരത്തി. തുടരെത്തുടരെ വന്നുപോകുന്ന, ജനുവരിമാസത്തിലെ വികൃതിക്കാറ്റിൽ, പള്ളിപ്പറമ്പിൽ നിൽക്കുന്ന കമുകുകൾ ആടിയുലയുന്നത്  ചന്ദ്രദ്യുതിയിൽ വ്യക്തമായി കാണാമായിരുന്നു.

                                       ആ രണ്ടുസുഹൃത്തുക്കളും നടന്ന് പള്ളിമുറ്റത്തേക്കു കയറി. അവരുടെ വസ്ത്രങ്ങൾ കാറ്റിൻറെ ശക്തിയിൽ പാറിപ്പറക്കുന്നുണ്ടായിരുന്നു.

".. ഒടുക്കത്തെ.... ഒരു കാറ്റ്...!" പാറിപ്പറക്കുന്ന ഉടുമുണ്ട്. ചേർത്തു പിടിച്ചുകൊണ്ട്  ചാക്കോച്ചൻ പറഞ്ഞു.

"നിറയെ... ആളൊണ്ടല്ലോ... തോമാ.., കഴിഞ്ഞ.... തവണത്തേക്കാൾ... ഒണ്ട്. എവിടെയാ... ഒന്ന്.... ഇരിക്കുന്നേ? പിന്നിൽ നിന്നാൽ... ഒന്നും.... കാണാൻ... പറ്റും....  എന്ന് തോന്നുന്നില്ല..!" വേദിക്ക് അഭിമുഖമായി നിൽക്കുന്ന അസംഖ്യം ജനങ്ങളെകണ്ട്  വാപൊളിച്ചുകൊണ്ട് ചാക്കോ പറഞ്ഞു.

"ദാണ്ടെടാ... അവിടെ...... അരികിൽപോയി... നമുക്ക്.... നിക്കാം.  അല്ലാതെന്നാ... ചെയ്യാനാ? നിൽക്ക... തന്നെ.... ശരണം.
നീ..വാ..!"
മനസിൽ തോന്നിയ ഉപായം സുഹൃത്തിനോട് പറഞ്ഞുകൊണ്ട് തോമ മുന്നിൽ നടന്നു. അയാളെ അനുഗമിച്ചുകൊണ്ട് ചാക്കോയും പിന്നാലെ തന്നെ ചെന്നു.

                            അവർ രണ്ടുപേരും തോമ ചൂണ്ടിക്കാണിച്ച ഭാഗത്തേക്കുനടന്നു.  കാറ്റിനുപോലും കടക്കാൻ കഴിയാത്ത വിധം തിങ്ങി നിൽക്കുന്ന ജനങ്ങളെ പണിപ്പെട്ട് വകഞ്ഞു മാറ്റിക്കൊണ്ട് തോമ അകത്തേക്കു നുഴഞ്ഞു കടന്നു. ആകാംഷയോടെ വേദിയിലേക്കുമാത്രം ശ്രദ്ധ പതിപ്പിച്ചുനിന്നിരുന്ന ജനങ്ങൾ പിന്നിൽ നിന്നും, തടസപ്പെടുത്താൻ വന്നവനെ, അരിശത്തോടെ തിരിഞ്ഞുനോക്കി. തന്‍റെ നേരെ മുഖം തിരിച്ചുനോക്കുന്ന ആളുകളെ നോക്കി അബദ്ധം പറ്റിയവനെ പോലെ തോമ ചിരിച്ചു പക്ഷെ അവർ ചിരിച്ചില്ല. ഈർഷ്യയോടെ പിൻതിരിഞ്ഞ് വീണ്ടും കലാ പ്രകടനത്തിലേക്ക് ശ്രദ്ധിച്ചു. തോമയും ചാക്കോയും ഒരുവിധം അകത്ത് കയറി. ഒരു അരികിലായ് ചേർന്നുനിന്നു.  അരങ്ങിലേക്ക് നോക്കി അവിടെ സന്നിഹിതരായിരുന്ന സകല ജനങ്ങളേയും പോലെ നാടകം ആസ്വദിച്ചുകൊണ്ട് നിൽപ്പായി. സമയം ആർക്കുവേണ്ടിയും നിൽക്കാതെ തന്‍റെ പ്രയാണം തുടർന്നുകൊണ്ടേയിരുന്നു.

                                                                                                                                                 തുടരും...

2017, സെപ്റ്റംബർ 12, ചൊവ്വാഴ്ച

പള്ളിപ്പെരുന്നാൾ (ഭാഗം 1)


    
                                റോഡിന് ഇരുവശത്തും താല്ക്കാലികമായി കെട്ടിയുണ്ടാക്കിയ, പലതരം കച്ചവടകേന്ദ്രങ്ങൾകൾക്കു മുന്നിൽ വൈദ്യുത വിളക്കുകൾ പ്രകാശിച്ചു തുടങ്ങിയിരുന്നു. പ്രദക്ഷിണത്തിനു ശേഷം ആളുകൾ, കുടുംബത്തോടൊപ്പം ഇഷ്ട സാധനങ്ങൾ വാങ്ങുവാനായി ഒരോ കേന്ദ്രങ്ങളിൽ ചേക്കേറിത്തുടങ്ങി. കോഴിക്കോടൻ ഹൽവ, പത്താംനമ്പർ, പൊരി, മുറുക്ക്, അങ്ങനെയങ്ങനെ കച്ചവടക്കാർ മത്സരിച്ച് വിളിച്ചു പറഞ്ഞു കൊണ്ടേയിരുന്നു. പാലക്കയം തെരുവ് ജനനിബിഢമായിത്തുടങ്ങിയിരുന്നു.

                                    നാട്ടിലെ സെൻറ് മേരീസ് ദേവാലയത്തിലെ തിരുനാളിൻറെ ഒന്നാം ദിവസമാണ് ഇന്ന്. സമയം ഏഴു മണി, ആയിരിക്കുന്നു. പ്രദേശമാകെ പലതരം വർണവെളിച്ചം വിതറുന്ന വൈദ്യുത വിളക്കുകൾകൊണ്ടും, വർണക്കടലാസുകൾകൊണ്ടും, അലങ്കരിച്ചിരുന്നു. അതിനു മുകളിൽ ഇരുട്ട് അവിടം മുഴുവൻ വിഴുങ്ങാനെന്ന മട്ടിൽ വായ പൊളിച്ചങ്ങനെ നിന്നു. സമയം കടന്നു പോകുതോറും അതിന്റെ തീവ്രത വർധിച്ചു കൊണ്ടിരുന്നു.

മാതാവേ…..എൻറെ...കുഞ്ഞുങ്ങളെ.. എല്ലാ.. ആപത്തുകളിൽ നിന്നും രക്ഷിക്കണേ...!”

കുരിശുപള്ളിയുടെ  മുന്നിലെ മെഴുകുതിരിക്കൂട്ടിൽ കത്തിച്ച ഒരു മെഴുകുതിരി സമർപ്പിച്ച ശേഷം ത്ര്യേസ്യാമ്മച്ചി, പറഞ്ഞു പഴകിയ പ്രാർത്ഥനാ വാക്കുകൾ അറുപതിൻറെ നിറവിലും വിറയാർന്ന സ്വരത്തിൽ ഉരുവിട്ടു.
എരിഞ്ഞു തീരാറായ ഒരു മെഴുകുതിരി പുതിയതായി വന്നവനെ ദയനീയമായി, ഉറ്റുനോക്കി. അത് ആയുസു തീർന്നവനെ പുച്ഛത്തിൽ നോക്കി പുഞ്ചിരിച്ചു കത്തി. അൽപസമയത്തിനകം തൻറെയും അവസ്ഥ ഇതാണെന്ന് അതു ചിന്തിച്ചുകാണില്ല.

അമ്മച്ചീ.. ഒന്നു.. വേഗം.. വന്നേ.. നേരം.. കൊറേ.. ആയി..!. നാടകം.. ഇപ്പോ.. തൊടങ്ങും.. വാ.. നമുക്ക്.. മൊകളീ.. പോയി.. ഇരിക്കാം.” കണ്ണടച്ചു കൈകൂപ്പി നിന്നിരുന്ന. ത്യേസാമ്മച്ചിയുടെ സാരിത്തുമ്പിൽ കൊച്ചുമകൾ പിടിച്ചു വലിച്ചുകൊണ്ട് പറഞ്ഞു.

വൃദ്ധ, കുട്ടിയുടെ കൈപിടിച്ചു കൊണ്ട് മുകളിൽ പള്ളിയിലേക്കുള്ള പടികൾ തുടങ്ങുന്നിടത്തേക്കു നടന്നു. പടവുകളുടെ വശങ്ങളിൽ ഭിക്ഷക്കാർ കനിവിനായി കേഴുന്ന കണ്ണുകളോടെ ആളുകളെ ഉറ്റുനോക്കി. ദൃഷ്ടി ശരങ്ങളാൽ ഒരല്പം എങ്കിലും മുറിവേറ്റവർ പല തരം മൂല്യങ്ങളുള്ള നാണയത്തുട്ടുകളും നോട്ടുകളും ഇട്ടു കൊടുത്തുകൊണ്ടേയിരുന്നു. മറ്റു ചിലരാവട്ടെ, തട്ടിപ്പുകാരെന്നുള്ള ന്യായവും പറഞ്ഞ് പൈസ കൊടുക്കാനുള്ള മടിയെ, ആളുകൾക്കു മുന്നിൽ സത്കർമ്മമായി വിശദീകരിച്ചു കൊണ്ടിരുന്നു. ത്യേസ്യാമ്മച്ചിയും കൊച്ചു മോളും കൈയിൽ കരുതിയിരുന്ന നാണയത്തുട്ടുകൾ അവർക്കു നേരെ നീണ്ടു വന്ന മലർത്തിയ കൈപ്പത്തിയിൽ വച്ചു കൊടുത്തു. അതിനുശേഷഠ പടവുകൾ കയറി മുകളിൽ പള്ളിമുറ്റത്തെത്തി. വിശാലമായ പളളി മുറ്റം ജനസാഗരമായിരുന്നു. ആ ഇടവകയിലെ ഏതാണ്ട് തൊണ്ണൂറ് ശതമാനം പേരും അവിടെ സന്നിഹിതരായിട്ടുണ്ടെന്ന് ഒറ്റനോട്ടത്തിൽ തന്നെ വ്യക്തമാണ്. കുന്നിൻറെ മുകളിൽ തലയുയർത്തി നിൽക്കുന്ന, ദേവാലയത്തിൻറെ മുന്നിലെ വിശാലമായ മുറ്റത്തിന് ഏറ്റവും അറ്റത്തായി ഒരു തട്ട് നിർമിച്ചിട്ടുണ്ട്. അവിടെയാണ് നാടകം അരങ്ങേറുന്നത്. കടും നീല നിറത്തിലുള്ള തുണിയാൽ നിർമിതമായ അതിൻറെ തിരശ്ശീല ഉളളിൽ നടക്കുന്ന ഒരുക്കങ്ങളെ കാണികളിൽ നിന്നും മറച്ചിരുന്നു. അതിനുമുന്നിലായി നിരനിരയായി ക്രമീകരിച്ചിരിക്കുന്ന എല്ലാ ഇരിപ്പിടങ്ങളും ആളുകളാൽ നിറഞ്ഞിരിക്കുന്നു. അവയിൽ സ്ഥാനം നേടാൻ കഴിയാതിരുന്ന മറ്റൊരു കൂട്ടം ജനങ്ങൾ ഏറ്റവും പിറകിലും അരികുകളിലുമായി നിലയുറപ്പിച്ചിരുന്നു.

                                    എല്ലാവരുടെയും കണ്ണുകൾ ആകാംഷയോടു കൂടി അരങ്ങിലേക്കു തന്നെ ഉറ്റുനോക്കി. അങ്ങനെയിരിക്കെ എല്ലാവരുടെയും ആകാംഷയെ ഭഞ്ജിച്ചു കൊണ്ട്, നാടക മണി മുഴങ്ങി.

''കലാ കമ്മ്യൂണിക്കേഷൻസ്" അഭിമാന പുരസ്കരം അവതരിപ്പിക്കുന്ന ബൈബിൾ നാടകം

''ദാവീദിൻറെ നൊമ്പരം" .

                                    ത്യേസാമ്മച്ചിയും കൊച്ചുമകൾ നിസമോളും സ്ത്രീകൾ ഇരിക്കുന്ന ഭാഗത്ത് ഏതോ ഒരു കുഞ്ഞു പെൺകുട്ടി കനിഞ്ഞു നൽകിയ കസേരമേൽ ഇരുന്നു. ഇരിപ്പിടം നൽകാൻ മനസുകാണിച്ച കുട്ടി തൊട്ടരികെ ഇരിക്കുന്ന അതിൻറെ അമ്മയുടെ മടിയിൽ കയറിയിരുന്നു. അവളെ സ്നേഹത്തോടെ പുഞ്ചിരിച്ചു കാണിച്ചു കൊണ്ട്  നിസമോളും അതുപോലെ അമ്മച്ചിയുടെ മടിയിൽ കയറിയിരുന്നു.

നിന്നോട്ഞാൻപറഞ്ഞതല്ലേ…? നേരത്തെ.. അമ്മയോടൊപ്പം പോകാൻ…. അപ്പംകേട്ടില്ലല്ലോ?. എൻറെ.. കൂടെ.. വരണോന്ന് വാശി.. പിടിച്ചില്ലേ? ഇപ്പോ.. എന്തായി? അമ്മച്ചീടെ... മടിയിൽ.. തന്നെ.. ഇരിക്കേണ്ടി.. വന്നില്ലേ..?” ത്യേസ്യാമ്മച്ചി ശാസനയുടെ സ്വരത്തിൽ കൊച്ചുമകളോടു പറഞ്ഞു.

എനിക്ക്.. അമ്മച്ചി.. മതി...! അമ്മയാകുമ്പോ.. ചുമ്മാ.. എന്നാ.. പറഞ്ഞാലും.. വഴക്കു.. പറഞ്ഞോണ്ടിരിക്കും

ഉം.,. പിന്നെവേറൊരു.. കാര്യംകൂടെയൊണ്ട്.” അവൾ കൊഞ്ചിക്കൊണ്ട് പറഞ്ഞു.

എന്നതാഅത്..?”

അമ്മച്ചിമടിയിലിരിക്കുമ്പോ.. എൻറെ.. മുടിയിഴകളിലൂടെ... ഇങ്ങനെ... തഴുകും.. അതെനിക്ക്... ഒത്തിരി.. ഇഷ്ടവാ. അമ്മയ്ക്ക് തല്ലാനും.. പിച്ചിപ്പറിക്കാനും.. മാത്രവേ... അറിയാവൂ.”

കുഞ്ഞിന്റെ നിഷ്കളങ്കമായ വാക്കുകൾ കേട്ട് ത്യേസാമ്മച്ചിയുടെ ഉള്ളം കുളിരണിഞ്ഞു. അവർ പൊട്ടിച്ചിരിച്ചു കൊണ്ട്. അവളുടെ കവിളിൽ ഒരു മുത്തം നൽകി.

.. ഇതൊക്കെ.. എന്നാ.. പെരുന്നാളാ.. എൻറെ.. കൊച്ചേ.. പെരുന്നാളൊക്കെപണ്ട്. നിൻറെ.. അപ്പച്ചന്നുള്ളപ്പം.. എന്നാ.. രസവാര്ന്നു. അതിനെങ്ങനെയാ.. ദൈവം.. അതിയാന്.. സത്ബുദ്ധി നൽകിയില്ല. അല്ലേൽ... നിന്നെ.. കാണാതെ... അങ്ങേര്... എങ്ങോട്ടേലും.. പോകുവാര്ന്നോ?. ചിലരങ്ങനെയാ... നമ്മൾ.. എത്ര സ്നേഹിച്ചാലും.. ഒന്നുംമനസിലാക്കില്ല. പണം..! പണം..! അതില്ലെങ്കിൽ ഏകനാണെന്നുള്ള ചിന്ത.” വൃദ്ധ ഒരു നെടുവീർപ്പോടെ പറഞ്ഞു നിർത്തി.

                                                                                                                                                 തുടരും...