Ind disable

2018, ജനുവരി 21, ഞായറാഴ്‌ച

സ്ഫടികവാതിലിനപ്പുറം (ഭാഗം 3) (അവസാനഭാഗം)


"അമ്മേ..അമ്മ ഇനി പണിക്കു പോകണ്ട !" അവൾ സ്നേഹത്തോടെ മാതൃനയനങ്ങളിലേക്ക് നോക്കി.

"നീ എന്താ പറയണെ എന്‍റെ കൊച്ചേ ? പിന്നെ എന്ത് ചെയ്യും ? നീ വെഷമിക്കണ്ട. ഇതൊന്നും സാരമില്ല. നാളേക്ക് മാറും." സ്ത്രീയുടെ നാവുകളിൽ നിന്നും പുത്രീസ്നേഹം വാക്കുകളുടെ രൂപത്തിൽ ബഹിർഗമിച്ചു.

"അമ്മേ, ഞാൻ കാര്യത്തിൽ പറഞ്ഞതാ. എന്‍റെ കൂട്ടുകാരി ഇവിടെ അടുത്തൊരു മൊബൈൽകടയിൽ ജോലി ചെയ്യുന്നുണ്ട്. അവളോട് പറഞ്ഞാ. എനിക്കും ചെലപ്പോ അവിടെ ജോലി കിട്ടും. ആളുകൾ മൊബൈൽ വാങ്ങാൻ വരുമ്പോ അതിന്‍റെ ഗുണങ്ങൾ വെറുതെ പറഞ്ഞുകൊടുത്താ മതി. അതൊക്കെ അവര് പഠിപ്പിച്ചുതരും. വലിയ പണിയൊന്നുമില്ലമ്മേ."

ആ സ്ത്രീ ഞെട്ടിത്തരിച്ച് അവളുടെ കണ്ണുകളിലേക്ക് നോക്കി. ഒരിക്കലും തകർക്കാൻ കഴിയാത്ത ഒരു ആത്മവിശ്വാസം ആ കണ്ണുകളിൽ കത്തിപ്പടരുന്നത് അവർ കണ്ടു. ആ മാതാവിന്‍റെ ഉള്ളം പിടച്ചു. തന്‍റെ ഇത്രയും കാലത്തെ കഷ്ടപ്പാടൊക്കെ എന്തിനായിരുന്നു ? ഒരു നിമിഷം കൊണ്ട് എല്ലാം. അവ്യക്തമായ, അപകടം പതിയിരിക്കുന്ന എന്തോ മുന്നിൽ കണ്ടിട്ടുള്ള ഒരു കുതിപ്പിനാണ് തന്‍റെ മകൾ ഒരുങ്ങുന്നതെന്ന് അവരുടെ ഉള്ളം മന്ത്രിച്ചു. ഇല്ല ! അനുവദിച്ചുകൂടാ.

"ഏയ് അതുവേണ്ട. എന്‍റെ മോൾ ഇതൊന്നും കണക്കാക്കണ്ട. നിനക്ക് ഡിഗ്രിക്ക് പോണം എന്നല്ലേ പറഞ്ഞേ. പൊക്കോ. കടം മേടിച്ചിട്ടാണേലും നിന്നെ ഞാൻ പഠിപ്പിക്കും. എന്‍റെ പൊന്നെ."

"വേണ്ടമ്മേ, അമ്മേടെ അവസ്ഥ കണ്ട് എങ്ങനെയാ, അമ്മേ ഞാൻ ശ്രദ്ധിച്ചു പഠിക്കുന്നത് ? എനിക്ക് പറ്റില്ലമ്മേ, ഞാൻ തീരുമാനിച്ചാ പറഞ്ഞേ." അവൾ പിൻമാറാൻ കൂട്ടാക്കിയില്ല.

ഈ അവസ്ഥയിൽ അവളോട് എന്തുപറഞ്ഞാലും അവയെല്ലാം വിഫലമാകുമെന്ന് അവർക്ക് ബോധ്യപ്പെട്ടു. അതിനെ ഭേദിക്കാൻ മാത്രം ശക്തമായ ഒരു മറുപടി പറയാൻ കിട്ടാതെ, ആ സ്ത്രീ ഒരു നെടുവീർപ്പോടെ കട്ടിലിന്മേൽ കണ്ണുകളടച്ച് തളർന്നുകിടന്നു.

                        നേരം ഇരുട്ടിത്തുടങ്ങിയിരുന്നു. മുറ്റത്തും പറമ്പിലും വെളിച്ചം ലവലേശം പോലും അവശേഷിച്ചില്ല. ഇരുട്ട് പൊത്തിലും, പോടിലും വരെ അരിച്ചിറങ്ങിയിരുന്നു.

"ദീപം.. ദീപം

അവൾ, കയ്യിൽ പ്രകാശിക്കുന്ന നിലവിളക്കുമായി പൂമുഖത്ത് ആധിപത്യം സ്ഥാപിച്ചിരുന്ന ഇരുട്ടിനെ ആട്ടിയകറ്റികൊണ്ട് ഇറങ്ങിവന്നു. എണ്ണയിൽ മുങ്ങിപ്പോകാൻ വെമ്പിനിന്നിരുന്ന തിരി, ചൂണ്ടുവിരൽ കൊണ്ട് ഒന്നുകൂടെ ഉയർത്തിയിട്ട്, വിരലിന്‍റെ അഗ്രത്തിൽ പറ്റിയ എണ്ണ വലതുവശത്തെ കേശനിരകളിൽ അവൾ തുടച്ചു. ഇരു ദിക്കുകളിലും തിരിനാളം കാണിച്ച്, ശേഷം തിരികെ നടന്നുപോയി.

                          മേശമേൽ അനാഥമായിക്കിടന്നിരുന്ന തന്‍റെ സെൽഫോൺ കയ്യിലെടുത്ത് അശ്വതി, കൂട്ടുകാരി രാജിയുടെ നമ്പർ ഡയൽ ചെയ്തു.

"ടീ രാജി. സുഖമല്ലേ ? നീ അന്ന് ഒരു മൊബൈൽ കടയുടെ കാര്യം പറഞ്ഞില്ലേ ? എനിക്ക് അവിടെ നിന്നാൽ കൊള്ളാം എന്നുണ്ട്. എന്താ ഞാൻ ചെയ്യണ്ടേ ?"

"ടീ ഞാൻ നിന്നെ വിളിക്കാൻ ഇരിക്കുവാര്ന്നു. ഞാൻ അവിടെ നിന്നും മാറി. ഇപ്പൊ വേറെ കടയിലാ. ഞാൻ പോയ ഗ്യാപ്പിൽ വേറാരും വന്നിട്ടില്ലന്നാ കേട്ടെ. ഞാൻ സാറിനോട് വിളിച്ചു ചോദിച്ചിട്ട് പറയാം കേട്ടോ.
ടീ അപ്പോ നിനക്ക്, ഡിഗ്രിക്ക് എവിടേം കിട്ടീലെ ?" എറെ നാളുകൾക്കുശേഷം രാജിയുടെ സ്വരം അവളുടെ കാതുകളിൽ സ്പർശിച്ചു.

"ഉം അങ്ങനെ പോകുന്നു. അലോട്ട്മെന്‍റ് ഒക്കെ വന്നു എനിക്കെവിടേം കിട്ടീല. പിന്നെ, പൈസമുടക്കി പടിക്കാനൊന്നും ഞാനില്ല. ഇപ്പൊ അതിനാ ക്ഷാമം. അതാ ഇപ്പൊ ഞാൻ നിന്നെ വിളിച്ചേ." അവൾ അലോട്ട്മെന്‍റിന്‍റെ കാര്യം ഒരുവിധം സുഹൃത്തിൽ നിന്നും മറച്ചു.

"ശരി. ഞാനിപ്പം തിരിച്ചുവിളിക്കാവേ." രാജി ഫോൺ കട്ടുചെയ്തു.

അൽപ്പസമയത്തിനകം അവളുടെ ഫോൺ വീണ്ടും റിംഗ് ചെയ്തു.

"ടീ ഞാൻ, സാറിനോട് ചോദിച്ചു. നിന്നോട് മറ്റന്നാൾ ചെല്ലാൻ പറഞ്ഞിട്ടൊണ്ട്. ടീ, പിന്നെ ഒരു കാര്യം. നീ പോകുമ്പോ നല്ല സുന്ദരിയായിട്ട് വേണം പോകാൻ. നിന്‍റെ സാധാരണ ചുരിദാർ വേണ്ട. ലെഗ്ഗിങ്സും ടോപ്പും മതി. വിഷമിക്കണ്ട അത് ഞാൻ തരാം. ഞാനും നീയും ഏകദേശം ഒരേ സൈസ് അല്ലെ. പിന്നെ ലിപ്സ്റ്റിക്കും വേണം. അതും എന്‍റെ കയ്യിൽ ഉണ്ട്. ഞാൻ തരാം. നീ നാളെ ലൈബ്രറീടെ അവിടെ വാ. ഞാൻ എന്‍റെ സ്കൂട്ടി എടുത്തോണ്ട് വരാം. നിന്നെ ഒന്നു കാണുകയും ചെയ്യാലോ. എത്രകാലവായി നമ്മൾ കണ്ടിട്ട്." രാജി കാര്യങ്ങൾ വിവരിച്ചു.

അശ്വതി സന്തോഷവർത്തയുമായി അമ്മയുടെ മുന്നിലെത്തി.

"അമ്മേ അതു ശരിയായി. മറ്റന്നാൾ വരാൻ പറഞ്ഞത്രേ."

"എന്നാലും എന്‍റെ മോളെ. ഇതൊന്നും..!!" അമ്മ നെടുവീർപ്പിട്ടു.

"അമ്മ ഒന്നും പറയണ്ട. ഒക്കെ ശരിയാകും." അവൾ അമ്മയുടെ കൈകൾ ചേർത്തുപിടിച്ചുകൊണ്ട് അവർക്ക് ധൈര്യം നൽകി.

                           അവൾ കൂട്ടുകാരിയുടെ കയ്യിൽ നിന്നും വാങ്ങിയ ഡ്രസ് ധരിച്ച് ഭേദപ്പെട്ട രീതിയിൽ അണിഞ്ഞൊരുങ്ങി അവിടെ ചെന്നു. അവളെ കണ്ട മാത്രയിൽ തന്നെ മാനേജർ അടിമുടി ഒന്നു നോക്കി.

"ഉം. കൊള്ളാം. രാജി വിളിച്ചിരുന്നു. നിന്‍റെ പേരെന്താന്നാ പറഞ്ഞേ ?" മാനേജർ ഗൗരവം പ്രകടിപ്പിച്ചു.

"അശ്വതി.." അവൾ വിനയാന്വിതയായി.

"പ്ലസ് ടു പാസ്സ്. അല്ലെ ?"

"അതെ സർ."

"പ്ലസ് റ്റു സർട്ടിഫിക്കറ്റ്, ആധാർകാർഡ്, ബാങ്ക് പാസ്ബുക്ക് ഇതിന്‍റെയൊക്കെ ഓരോ കോപ്പി വേണം. പിന്നെ രണ്ടു പാസ്സ്പോർട്ട്സൈസ് ഫോട്ടോസും. ഇതൊക്കെയുമായി നാളെ മുതൽ വന്നോ.. കറക്റ്റ് 9 മണിക്ക്. 6 മണിക്ക് പോകാം മാസം 8000 രൂപ നിന്‍റെ ശമ്പളം. മനസ്സിലായല്ലോ ? എന്നും കൃത്യമായി വരാൻ പറ്റുമെങ്കിൽ മാത്രം വന്നാ മതി. അച്ചടക്കത്തോടെ നിന്നാ നിനക്ക് കൊള്ളാം." അയാൾ അവൾക്കുവേണ്ട നിർദ്ദേശങ്ങൾ നൽകി.

"പറ്റും.. സർ. വളരെ നന്ദിയുണ്ട് സർ." അവൾ കൂപ്പുകയ്യോടെ അയാളെ വണങ്ങി.

                         മേനിയഴക് കാണിച്ച് കടയിൽ ആളുകളെ വശീകരിക്കൻ നിൽക്കുന്ന സുന്ദരിപ്പെൺകുട്ടിയുടെ ജോലിയാണ് തനിക്ക് കിട്ടാൻ പോകുന്നതെന്നുള്ള സത്യം അവൾ, തന്നെ പോലെ അവിടെ നിൽക്കുന്ന മറ്റു പെൺകുട്ടികളെ കണ്ടപ്പോൾ മനസിലാക്കുന്നു. ആളുകളുടെ മനസിൽ ഇക്കിളിയുണർത്തുന്ന നോട്ടവുമായി പ്രതിമ കണക്കെ ഒരു കാഴ്ചവസ്തുവായി നിൽക്കേണ്ടി വരുന്ന ഗതിയോർത്ത്, അവൾ ആകെ വിഷണ്ണയായി. വീട്ടിൽ ചെന്നപ്പോൾ ആകാംഷയോടെ, അമ്മ കാര്യങ്ങളെല്ലാം ചോദിച്ചു. അവൾ തന്‍റെ ഉയർന്ന ശമ്പളത്തേക്കുറിച്ചുമാത്രം പറഞ്ഞു.

                        പിറ്റേ ദിവസം രാവിലെ ജോലിക്കിറങ്ങുമ്പോൾ പതിവില്ലാതെ ആധുനിക വേഷവും, ചുണ്ടുകളിൽ ലിപ്സ്റ്റിക്കും ഒക്കെ അണിയുന്നത് അമ്മ കണ്ടു.

"എന്തിനാ മോളെ ഇങ്ങനെ അണിഞ്ഞൊരുങ്ങി പോകുന്നേ ? അവിടെ അതിന് ഒത്തിരി പേരൊക്കെ വരുമോ?" അമ്മയുടെ കണ്ണുകളിൽ ആകാംഷ നിറഞ്ഞു.

"അമ്മേ, എനിക്ക് കടയിലെ ഏറ്റവും വലിയ പദവിയാ കിട്ടിയേക്കുന്നെ. ഞാനാണ് കടയിലേക്ക് ആളുകളെ ക്ഷണിക്കാൻ പോകുന്നത്. കടയിലെ കച്ചവടം എന്‍റെ കഴിവുപോലിരിക്കും ഇനി. വളരെ പ്രധാനപ്പെട്ട ഒരു ജോലിയാ മാനേജർ എന്നെ എൽപ്പിച്ചേക്കുന്നെ. കൊറേ കഴിയുമ്പോ സ്ഥാനക്കയറ്റവും കിട്ടിയേക്കും."

അവൾ അമ്മയുടെ തോളിൽ കൈവച്ചുകൊണ്ട്, അവരെ ഒരു നുണയുടെ സഹായത്താൽ ആശ്വസിപ്പിച്ചു.

"നന്നായി വരട്ടെ എന്‍റെ മോള്. അമ്മേടെ അനുഗ്രഹവും പ്രാർത്ഥനയും എപ്പഴും ഉണ്ടാകും." 

അപരിഷ്കൃതയായ സ്ത്രീയുടെ മുഖം പ്രസന്നമായി. തന്‍റെ പൊന്നോമനയെ അവർ തലയിൽ കൈവച്ചുകൊണ്ട് അനുഗ്രഹിച്ചു. പടികടന്ന് അവൾ പോകുന്നത് അമ്മ നിറഞ്ഞമനസോടെ നോക്കി. അവൾ പിന്തിരിഞ്ഞു നോക്കാതെ നിറകണ്ണുകളോടെ തന്‍റെ ജോലിസ്ഥലത്തിലേക്ക് പോയി.

                   ആരോ വാതിലിൽ മുട്ടുന്ന ശബ്ദം കേട്ട് അവൾ പെട്ടെന്ന് ചിന്തയിൽ നിന്നും പുറത്തുവന്നു. ടാപ്പിൽ നിന്നും വെള്ളം അപ്പോഴും സിങ്കിലേക്ക് പതിക്കുന്നുണ്ടായിരുന്നു.

"ടീ വാതിൽ തുറക്കെടി. എത്രനേരവായി ഇത് ? നീ എന്നാട്ക്കുവാ അകത്ത് ? ചത്തോ ? "

പുറത്ത്നിന്നും ആരോ ഒച്ചയിട്ടു. അവൾ ഒന്നുകൂടെ മുഖം കഴുകി. കണ്ണാടിയിലേക്ക് നോക്കി. കരഞ്ഞുതളർന്ന മുഖത്തെ പേശികൾ ഉത്തജിപ്പിച്ച് മുഖത്ത് പുഞ്ചിരി വരുത്തി. മുഖം തുടച്ച് പുറത്തേക്കിറങ്ങി.

"എന്തോന്നടി ഇത് ? ഉം. ഒക്കെ തരികിടയാ."

വാതിലിൽ മുട്ടിയ പെൺകുട്ടി അതിക്രമിച്ച് അകത്തുകയറി. സംശയ ദൃഷ്ടിയോടെ അവളെ നോക്കി.

അശ്വതി വീണ്ടും നടന്ന് തന്‍റെ സ്ഥാനത്ത് ചെന്നു. തനിക്കുപകരം നിന്ന പെൺകുട്ടിയോട് നന്ദി പറഞ്ഞതിനുശേഷം, വീണ്ടും പുറത്ത് റോഡിൽ തിരക്കിട്ട് നടന്നുപോകുന്ന ആളുകളെ നോക്കി പുഞ്ചിരിച്ചുനിന്നു.

                      ഫുട്പാത്തിലൂടെ കൂട്ടുകാരോടൊപ്പം നടന്നുപോവുകയായിരുന്ന ഒരു കോളേജ് പയ്യൻ അവളെ നോക്കി.

"അളിയാ, ദാ കണ്ടോ, ഫോൺ ഫൈവിൽ പുതിയൊരു ചരക്ക് നിൽക്കുന്നു." അവൻ കൂട്ടുകാരെ തോണ്ടിവിളിച്ചു.

"എവിടെ..എവിടെ.."

ചെറുപ്പക്കാർ എല്ലാവരും ചിരിക്കുന്നു. അതിൽ തലവനെന്നു തോന്നുന്ന ഒരുവൻ പറഞ്ഞു.

"എനിക്കിപ്പോ ഒരു ഫോൺ വാങ്ങണം !!"

എല്ലാവരും ചിരിക്കുന്നു. അവർ സ്ഫടികവാതിലുള്ള കട ലക്ഷ്യമാക്കി നടന്നുനീങ്ങി.

അവസാനിച്ചു..

6 അഭിപ്രായങ്ങൾ:

  1. അങ്ങനെ ഇത് വായിച്ചുതീർത്തു. പച്ചയായ ജീവിതത്തോട് ചേർന്ന് നിൽക്കുന്ന നല്ല കഥ. എപ്പോഴും അങ്ങനെയാണ് പ്രശ്നങ്ങൾ ഒരു വൃത്തത്തിലെന്നപോലെ ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു.

    വിജീഷേ തുടർന്നെഴുതുക. എല്ലാ ആശംസകളും. ബ്ലോഗിനെ ഫോളോ ചെയ്യുന്നു. സമയം ലഭിക്കുമ്പോൾ വഴിയോരക്കാഴ്ചകളിൽ വരുക, വായിച്ചതിനുശേഷം അഭിപ്രായങ്ങളും നിർദേശങ്ങളും പങ്കുവെച്ചാൽ സന്തോഷം. https://vazhiyorakaazhchakal.blogspot.in/

    തീർച്ചയായും പഴയ പോസ്റ്റുകളും വായിക്കുന്നുണ്ട് ഇനിയുള്ള ദിവസങ്ങളിൽ.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അഭിപ്രായങ്ങൾക്ക് നന്ദി കൂട്ടുകാരാ.. സമയം കിട്ടുമ്പോൾ തീർച്ചയായും താങ്കളുടെ രചനകൾ വായിക്കാം..

      ഇല്ലാതാക്കൂ
  2. പിന്നെ ഈ തൂക്കുപാലം തമസ്സിലേക്കല്ല ഉഷസ്സിലേക്കു സഞ്ചരിക്കട്ടെ എന്നാശംസിക്കുന്നു...:-)

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഹ..ഹ.. നന്ദി. "തമസ്സ്" എന്ന് ഉദ്ദേശിക്കുന്നത് ഇതുവരെ വെളിച്ചത്തിൽ വരാത്ത പല കാര്യങ്ങളെയുമാണ്. അത് കണ്ടെത്തണമെങ്കിൽ നിങ്ങൾ കപടമായ ഈ വെളിച്ചത്തിൽ നിന്നും താമസ്സിലേക്കുതന്നെ പോകണം.

      ഇല്ലാതാക്കൂ
    2. ഉഷസ്സു തേടി താമസ്സിലേക്കൊരു സഞ്ചാരം അല്ലേ ;-)

      പുതിയ പോസ്റ്റിനു കാത്തിരിക്കുന്നു.. നിങ്ങളുടെയൊക്കെ കഥകൾ വായിച്ചു ആഗ്രഹം മൂത്തു ഞാനും എഴുതി ഒരു കൊച്ചുകഥ വഴിയോരക്കാഴ്ചകളിൽ :-)

      ഹോ സമ്മതിക്കണം വിജീഷിനെയെല്ലാം. ഇതുപോലെ മൂന്നും നാലും ഭാഗങ്ങളൊക്കെ എഴുതണമെങ്കിൽ ചില്ലറ അദ്ധ്വാനം പോരാ :-D

      ഇല്ലാതാക്കൂ