Ind disable

2017, നവംബർ 26, ഞായറാഴ്‌ച

ഭിക്ഷുകി (ഭാഗം 3)


കണ്ണുനീർവാർക്കുന്ന മിഴികളോടെ അവൾ, അപ്പുറത്ത് സല്ലപിച്ചുകൊണ്ടിരുന്ന പെൺകുട്ടികളിൽ ഒരുവളോട് ചോദിച്ചു.  

"ചേച്ചി, ഇന്ന് ഒന്നും കഴിച്ചില്ല. എന്തെങ്കിലും തരാവോ?"

അത് പരിഷ്കാരിയായ ആ പെൺകുട്ടിക്ക് തീരെ പിടിച്ചില്ല. അവൾ തറപ്പിച്ചുനോക്കിക്കൊണ്ട് പറഞ്ഞു.

"തരാൻ ഒന്നും ഇല്ല! പോയേ"

ചുണ്ടിൽ പരന്നുപോയ ലിപ്സ്റ്റിക്, പഴ്സിലെ കണ്ണാടിയിൽ നോക്കി ശരിയാക്കിക്കൊണ്ട് അവൾ മറുപടി പറഞ്ഞു. മുന്നിലൂടെ വന്നുപോകുന്ന ഒരോ ബസിലും തങ്ങളെ നോക്കുന്ന കണ്ണുകളെ ഒളികണ്ണുകൾകൊണ്ട് നോക്കിക്കണ്ടു. വീണ്ടും മതിമറന്ന് സംസാരിച്ചുകൊണ്ടിരുന്നു. അന്നത്തെ ദിവസവും കടന്നുപോയി. അന്നവൾക്ക് തലചായ്ക്കാൻ ഇടം കിട്ടിയത് റോഡിൽ നിന്നും അൽപം മാറി, കാറ്റത്ത് മറിഞ്ഞുവീണുകിടക്കുന്ന ഒരു പരസ്യ ബോർഡിന്‍റെ താഴെയാണ്. ആരുടെയും കണ്ണിൽപെടാതിരിക്കാൻ അവൾ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

                         ദിവസങ്ങൾ പലതും പിന്നിട്ടു. ആഴ്ചകളും മാസങ്ങളും കടന്നുപോയി. രാവുകളും പകലുകളും ഒരുപാട് വന്നുപോയി. ഓരോ ദിവസം കഴിയുംതോറും മനസിൽ ഒരു ലക്ഷ്യം മാത്രം. നാളത്തെക്കുള്ള ഭക്ഷണം, പാർപ്പിടം ഇതു മാത്രം. കാലം നീങ്ങുന്തോറും ജീവിതം അവൾക്ക് കൂടുതൽ കഠിനമായിക്കൊണ്ടിരുന്നു. സ്വാർത്ഥരും കഠിനഹൃദയരുമായ ജനങ്ങൾക്കിടയിൽ പിടിച്ചുനിൽക്കാൻ അവൾ നന്നേ പണിപ്പെടുന്നുണ്ടായിരുന്നു. എവിടെ പോയാലും എന്ത് കിട്ടിയാലും ഒരു കാര്യം മാത്രം അവൾ മുടങ്ങാതെ ചെയ്തുപോന്നു. മലഞ്ചെരുവിലെ കുരിശുപള്ളിയിലെ നേർച്ചപ്പെട്ടിയിൽ നിത്യേന നേർച്ചയിടുന്നത്. മനസിൽ ഒരു പ്രാർത്ഥന മാത്രമേ ഉണ്ടായിരുന്നുള്ളു അവൾക്ക്. ആപത്തുകളിലൊന്നും അകപ്പെടുത്തരുതെ എന്ന്. ഒരിക്കൽ സന്ധ്യക്ക് വഴിയിലൂടെ നടന്നുപോവുകയായിരുന്ന അവളെ ഒരു ഓട്ടോ ഡ്രൈവർ കടന്നുപിടിക്കുകയുണ്ടായി. അന്ന് അയാളുടെ മുഖത്ത് പ്രഹരിച്ച് രക്ഷപ്പെടാൻ കഴിഞ്ഞത് താനെന്നും വിളിച്ചിരുന്ന ദൈവത്തിന്‍റെ കൃപയാലാണെന്ന് അവൾ വിശ്വസിച്ചു. അവൾ തന്‍റെ ക്ലേശകരമായ ജീവിതത്തിനിടക്ക് ഒരുപാട് കാര്യങ്ങൾ തന്‍റെ അനുഭവങ്ങളിൽ നിന്നും പഠിച്ചിരുന്നു. പെൺകുട്ടികൾക്ക് സമൂഹത്തിൽ ജീവിക്കുക എന്നത് അല്പം കഷ്ടമുള്ള കാര്യമാണെന്ന് അവൾ മനസിലാക്കിയിരുന്നു. താനും ഒരു പെൺകുട്ടിയായതുകൊണ്ട് അവൾ അക്കാര്യത്തിൽ കൂടുതൽ ശ്രദ്ധിച്ചിരുന്നു. അവൾ തന്‍റെ ദൈനംദിനജീവിതത്തിനിടക്ക് ഒരുപാട് ആളുകളെ കണ്ടു. വ്യത്യസ്ത സ്വഭാവക്കാർ, വ്യത്യസ്ത വേഷക്കാർ വെവ്വേറെ പ്രായക്കാർ. തുള്ളിച്ചാടി നടക്കുന്ന ബാല്യത്തെയും, നാണിച്ചുതലതാഴ്ത്തിനടക്കുന്ന കൗമാരത്തെയുംതലയുയർത്തിനടക്കുന്ന യൗവ്വനത്തെയും, ഇരുണ്ടമുഖമായി നടക്കുന്ന വാർധക്യത്തെയും അവൾ കണ്ടു. കൈകോർത്തുനടക്കുന്ന കമിതാക്കളെയും, അകന്നുനടക്കുന്ന ദമ്പതികളെയും കണ്ടു. സ്വഭവനത്തിൽ സഹധർമ്മിണി ഉറങ്ങിക്കിടക്കെ അന്യവീടുകളിൽ സേവനം ചെയ്യാൻ പോകുന്ന പൗരുഷങ്ങളെ കണ്ടു. അതിനു വാതിലുകൾ തുറന്നുനൽകുന്ന സ്ത്രീത്വത്തെയും കണ്ടു. പ്രണയിനി അറിയാതെ മറ്റു സഖിമാരോട് മൊബൈൽഫോണിൽ സല്ലപിക്കുന്ന ആത്മാർഥ കാമുകന്മാരെ കണ്ടു. കാമുകന്മാർ മാറിയ തക്കത്തിന്, മറ്റു തോഴന്മാർക്ക് "മിസ്ഡ് കോൾ" അയക്കുന്ന ആത്മാർഥ കാമുകിമാരെ കണ്ടു.

                             ഇന്നവൾക്ക് വയസ് പതിനാറ്. പതിവുപോലെ ഏതോ ഒരു വാഹനത്തിന്‍റെ ഗർജനം കേട്ട് അവൾ ഉണർന്നു. നിരത്തിൽ ആളുകളുടെ എണ്ണം, വർധിക്കാൻ തുടങ്ങിയപ്പോൾ പതിയെ തന്‍റെ പാത്രവുമായി ഇറങ്ങി.
"ഇന്ന് എവിടെ പോകും?" താൻ അപമാനിതയായ ആ പഴയ ബസ്റ്റോപ്പ് അവൾക്കോർമ വന്നു. രാവിലെ അവിടയെ ആളുകൾ വരൂ. വേറെ മാർഗമില്ല. അവിടേക്ക് തന്നെ. അവൾ അത് ലക്ഷ്യമാക്കി നടന്നു.

                             സ്റ്റോപ്പിൽ ആളുകൾ കുറവായിരുന്നു. കുറച്ച്  കോളേജ് വിദ്യാർത്ഥികളും, വിദ്യാർത്ഥിനികളും മാത്രം. പാന്‍റിന്‍റെ പോക്കറ്റിൽ കൈകൾ കുത്തിനിവരുകയായിരുന്ന, ഒരു പയ്യനോട് അവൾ 'എന്തെങ്കിലും തരണേ' എന്നപേക്ഷിച്ചു. അവൻ ഒന്നുകൂടെ താടിരോമങ്ങൾ തടവിയിട്ട് ഒന്നും ഇല്ലെന്ന് പറഞ്ഞു. അവിടെ നിന്നും ഒന്നും കിട്ടില്ലെന്ന് അവൾക്ക് ബോധ്യപ്പെട്ടു. അവൾ, ഇനി എങ്ങോട്ട് പോകും എന്ന് ആലോചിച്ചിട്ടങ്ങനെ നിന്നു. ബസ്റ്റോപ്പിന്‍റെ അരികിലുള്ള ബദാം മരത്തിന്‍റെ ചുവട്ടിൽ കുറച്ച് മാറിനിന്നിരുന്ന ഒരു പയ്യനെ അവൾ ശ്രദ്ധിച്ചു. ഗൗരവമായ മുഖഭാവത്തോടെ വിദൂരതയിലേക്ക് നോട്ടമുറപ്പിച്ച്, എന്തോ ആലോചിച്ചിട്ടാണ് നിൽപ്. മുന്നിൽ, റോഡിലൂടെ കടന്നുപോകുന്ന വാഹനങ്ങളെയും ആളുകളെയും അവൻ ശ്രദ്ധിക്കുന്നേയില്ല. ഒരു തോളിൽ ഒരു ബാഗ് കിടന്നാടുന്നുണ്ട്. ഒരു കോളേജ് വിദ്യാർത്ഥിയായിരിക്കാം. ആ യൂണിഫോമിൽ അവിടെ വേറെ ആരും ഇല്ല. എന്തായാലും അവിടെയും പോയി ഒന്നു ചോദിക്കാം എന്നു കരുതി അവൾ അവനടുത്തേക്ക് നടന്നു.

"ചേട്ടാ എന്തെങ്കിലും തരുമോ ?"

ചിന്താലോകത്തായിരുന്ന അവൻ ആ ചോദ്യം കേട്ട് ഞെട്ടി. അവളുടെ ഉള്ളിൽ ഒരു മിന്നൽപിണർ വന്നുപോയി. 'ദൈവമേ, വഴക്കു പറയുമോ' എന്നോർത്ത് അവൾ പേടിച്ച് അവന്‍റെ മുഖത്തേക്ക് നോക്കി. അവൻ മുഖം തിരിച്ച് അവളുടെ നേരെ നോക്കി. അപ്പോഴും ഗൗരവം വിടാത്ത ആ മുഖഭാവം കണ്ട് അവളുടെ ഉള്ളിൽ ഭയം ഇരട്ടിയായി. പക്ഷെ അവൻ ശാന്തനായിരുന്നു. കുറച്ചുനിമിഷം അവളുടെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കി. ഇങ്ങനെ ഇതിനുമുൻപ് തന്‍റെ അമ്മ മാത്രമേ ഇങ്ങനെ നോക്കിയിട്ടുള്ളൂ എന്ന് അവൾ ഓർത്തു. അതിനു ശേഷം അവൾ കണ്ട ഒറ്റ മുഖങ്ങളും അവളുടെ നേരെ ഇങ്ങനെ, ശ്രദ്ധിച്ചുനോക്കിയിട്ടില്ല. അവനിൽ എന്തോ ഒരു പ്രത്യേകത ഉള്ളപോലെ അവൾക്ക് അനുഭവപ്പെട്ടു. അവന്‍റെ കണ്ണുകളിൽ സഹതാപത്തിന്‍റെ കണികകൾ മിന്നുന്നത് അവൾ അറിഞ്ഞു. അവൻ പോക്കറ്റിൽ കൈയിട്ട് ഒരു പത്തുരൂപ നോട്ടെടുത്ത് പുഞ്ചിരിച്ചുകൊണ്ട് അവൾക്കുനേരെ നീട്ടി. അവൾ നന്ദിയോടെ അവന്‍റെ നേരെ നോക്കി പുഞ്ചിരിച്ചു.

"ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ.." അവൾ മൊഴിഞ്ഞു.

"ആയിക്കോട്ടെ സന്തോഷംഅവൻ പുഞ്ചിരിച്ചു

താൻ അന്നുവരെ കണ്ട ആളുകളിൽ നിന്നും വ്യത്യസ്തമായി അവന്‍റെ പുഞ്ചിരിയിൽ നിന്നും എന്തോ ഒരു പ്രഭ പൊഴിയുന്ന പോലെ അവൾക്കുതോന്നി. ജീവിതത്തിൽ ആദ്യമായിട്ടാണ് തന്നെ നോക്കി നല്ല അർത്ഥത്തിൽ ഒരാൾ പുഞ്ചിരിക്കുന്നത്. അതായിരിക്കാം. അവൾ ഓരോന്ന് ആലോചിച്ചുകൊണ്ട്, നിറഞ്ഞ മനസോടെ നടന്നു. അല്പദൂരം കഴിഞ്ഞപ്പോൾ അവൾ പിന്തിരിഞ്ഞുനോക്കി, അവനതാ തന്‍റെ നേരെ നോക്കി നിൽക്കുന്നു. അവളെ കണ്ടപ്പോൾ അവൻ വീണ്ടും തലവെട്ടിച്ച് പഴയപടി നിൽപായി. അവൾ പെട്ടെന്ന് മുഖം തിരിച്ചു മുന്നോട്ട് നോക്കി നടന്നു.

"എന്തിനാണാവോ അയാൾ തന്നെത്തന്നെ ഇങ്ങനെ നോക്കുന്നത് ?"

അന്ന്, സോഡാ കമ്പനിയുടെ പുറകിലുള്ള, മുകളിലേക്ക് കയറാനുള്ള ഗോവണിക്കടിയിലെ ചെറിയ സ്ഥലത്ത് അന്തിയുറങ്ങുമ്പോൾ അവൾ തലപുകഞ്ഞ് ആലോചിച്ചു.
പിറ്റേ ദിവസവും അവൾ അതേ സ്ഥലത്തുതന്നെ ചെന്നു. അവൻ അന്നും അതേ സ്ഥലത്തു തന്നെ സ്ഥാനം പിടിച്ച് പതിവുപോലെ നിൽക്കുന്നു.അവൾ നേരെ അവന്‍റെയടുത്ത് ചെന്നു.

"ചേട്ടായി.."

അവൻ ശബ്ദം കേട്ട് അവളെ നോക്കി. പുഞ്ചിരിച്ചു.

"ആഹാ ഇന്നും ഒണ്ടോ ?"

അവൻ അല്പം നർമ്മം കലർന്ന സ്വരത്തിൽ ചോദിച്ചു. അവൾ ലജ്ജിച്ച് തലതാഴ്ത്തിനിന്നു.

"അത് പിന്നെ ചേട്ടായി. ക്ഷമിക്കണം ഞാൻ പോയേക്കാം.." അവൾ വിക്കി.

"നിന്നെ കളിയാക്കാൻ വേണ്ടി ചോദിച്ചതല്ല. നിന്നെ കൊറേ നാളായി ഞാൻ ശ്രദ്ധിക്കുന്നുണ്ട്. പല സ്ഥലങ്ങളിലായി. ഇപ്പൊ എല്ലായിടത്തും കാണാം ഓരോ ആളുകൾ, ആളുകളുടെ സഹതാപം പിടിച്ചുപറ്റി പണം തട്ടാനായി. കയ്യിൽ ഇഷ്ടം പോലെ പൈസയും കാണും. നീയും അങ്ങനെ വല്ലതും ആണോ.?"

അവളുടെ കണ്ണു നിറഞ്ഞു. അവൾ എന്തുപറയണം എന്നറിയാതെ മുഖം താഴ്ത്തി. കണ്ണുനീർ കവിളിലൂടെ ഒഴുകി അവന്‍റെ കാലുകളിൽ ഇറ്റുവീണു. അവന്‍റെ ഉള്ളിലൂടെ ഒരു വൈദ്യുത പ്രവാഹം കടന്നുപോയി. താൻ പറഞ്ഞത് അൽപം കടന്നുപോയി എന്ന് അവന് മനസിലായി. പശ്ചാത്താപവിവശനായി അവൻ പറഞ്ഞു.

"ഞാൻ നിന്നെ വെഷമിപ്പിക്കാൻവേണ്ടി പറഞ്ഞതല്ല. അറിയാതെ വായീന്ന് വീണുപോയ ആ നശിച്ച വാക്കുകൾക്ക് ഞാൻ മാപ്പുചോദിക്കുന്നു. പോരെ. ഇനി കണ്ണുതൊടച്ചൂടെ ?.

"ഉം. സാരവില്ല. എനിക്ക് ഒരു സങ്കടോം ഇല്ല. ഇത് എത്ര തവണ കേട്ടതാ. എന്‍റെ കുഞ്ഞുനാള് മൊതലെ. പിന്നെ എന്താണെന്നറിയില്ല. ഈ കണ്ണിങ്ങനെ എപ്പഴും നിറഞ്ഞൊഴുകും. എന്തേലും കാരണം കിട്ടാൻ കാത്തിരിക്കുവാന്നെ. ശരി. ഞാൻ പോവാ. കൊറേ സ്ഥലത്ത് പോകാനുണ്ട്. സമയം ഒത്തിരിയായി!."
അവൾ പോകാൻ ഭാവിച്ചു.

"പോവല്ലേ, നിന്നെ. ആട്ടെ, കൊച്ചിന്‍റെ.. പേരെന്നാ..?" അവൻ അവളെ തടഞ്ഞു.

"റോസ്"

ഘനഗംഭീരമായ സ്വരത്തിലുള്ള ആ ചോദ്യംകേട്ട് അവൾ അറിയാതെ പറഞ്ഞുപോയി.
മറന്നു തുടങ്ങിയ ആ നാമം ഒരിക്കൽ കൂടി അവളുടെ ഓർമകളിൽ തെളിയുകയായിരുന്നു.

"വന്നേ.. " 

അവളുടെ എതിർപ്പ് വകവെക്കാതെ അവളെയും വിളിച്ചുകൊണ്ട് റോഡിൽ നിന്നും മാറി ആളൊഴിഞ്ഞ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു തട്ടുകടയിൽ ചെന്നു
അവളോട്  ഇരിപ്പിടത്തിൽ പോയി ഇരിക്കാൻ പറഞ്ഞിട്ട്. ദോശയ്ക്കും രണ്ടു ചായക്കും പറഞ്ഞു. അവ ഉടനെ തന്നെ മേശയിൽ എത്തി.
അവൾ കൊതിയോടെ അത് വാരിക്കഴിക്കുന്നത് നോക്കിക്കൊണ്ട്, കയ്യിൽ പിടിച്ചിരിക്കുന്ന ചായഗ്ലാസ്സിൽ ചുണ്ടുകൾ ചേർത്ത് അവൾക്കഭിമുകമായി, അവൻ ഇരുന്നു. അവൾ പരിസരം മറന്ന്, വയറ്റിൽ ആളുന്ന വിശപ്പെന്ന തീയെ അണച്ചുകൊണ്ടിരുന്നു.

"കൊച്ചിന്‍റെ വീടെവിടാ ? അമ്മയൊക്കെ എവിടെ ? "

അവളുടെ തിടുക്കം അല്പം കുറഞ്ഞെന്നു കണ്ടപ്പോൾ അവൻ ആരാഞ്ഞു.
തുടര്‍ന്നും ചോദ്യങ്ങൾ വന്നുകൊണ്ടേയിരുന്നു. അമ്മയെപ്പറ്റി ചോദിച്ചപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു. കണ്ണുനീർ കവിളിലൂടെ ഒഴുകി. തല താഴ്ത്തി അവൾ അവനുമുൻപാകെ തന്‍റെ ജീവിതത്തിൽ സംഭവിച്ച ദുരന്തങ്ങളെ വിസ്തരിച്ചുകൊണ്ടിരുന്നു. ഏതൊരു മനുഷ്യനും ചിന്തിക്കാൻ കഴിയുന്നതിനേക്കളുപരി മോശമായ കാര്യങ്ങൾ തന്‍റെ ജീവിതത്തിൽ നേരിടേണ്ടി വന്ന നിഷ്കളങ്കയായ ആ പെൺകുട്ടിയെ അവൻ അനുകമ്പ സ്ഫുരിക്കുന്ന കണ്ണുകളോടെ നോക്കി. പിന്നെ തല പുകച്ച് എന്തൊക്കയോ പദ്ധതികൾ ആസൂത്രണം ചെയ്തു.

"ഇവിടെ അടുത്തൊരു അനാഥാലയമുണ്ട്. അവിടത്തെ ആളെ എനിക്ക് പരിചയം ഒണ്ട്. കൊച്ചിനെ പറ്റുവാണെ അവിടെ ആക്കാം. അവിടെ ഒത്തിരി അമ്മമാരൊണ്ട്. കൂട്ടുകൂടാൻ എല്ലാവരും ഒണ്ടാകും."

അവൾ ഏതോ സ്വപ്നലോകത്തിൽ ആയിരുന്നു. എന്താണ് നടക്കുന്നതെന്ന് അവൾക്ക് മനസിലാക്കാൻ കഴിഞ്ഞില്ല.

"ആരാണ് ഇവൻ ? എന്തിനാണ് ഇങ്ങനൊക്കെ പറയുന്നത്? അടുത്ത ചതിയാണോ?"

ഒരുപാട് ചോദ്യങ്ങൾ അവളുടെ ഉള്ളിൽ ഉയർന്നുതുടങ്ങി. ഓടിപ്പോയാലോ എന്നുവരെ തോന്നി. എന്തായാലും വരുന്നത് കാണാം. അവൾ കൈയ്യും മുഖവും വൃത്തിയായി കഴുകി, അവനോടൊപ്പം നടന്നു. അവൻ മൊബൈൽ ഫോണിൽ ആരെയൊക്കെയോ വിളിക്കുന്നുണ്ടായിരുന്നു.

                                അൽപനിമിഷത്തിനകം അവിടെ കുറെ സ്കൂൾ വിദ്യാർഥികളെ നിറച്ച ഒരു വാൻ വന്നുനിന്നു. അതിന്‍റെ മുൻവശത്തെ ചില്ലിന് മുകൾഭാഗത്ത് "നിർമലഭവനം" എന്ന് എഴുതിയിരുന്നു. അവൾ മുഖമുയർത്തിനോക്കി. വാനിൽ നിറയെ കുട്ടികളാണ്. അംഗവൈകല്യമുള്ളവർ, ബുദ്ധിമാന്ദ്യമുള്ളവർ എല്ലാരും ഉണ്ടായിരുന്നു. എല്ലാവരും പാൽപുഞ്ചിരിയുമായി അവളെ നോക്കി, കൈകളാൽ അഭിവാദ്യം ചെയ്യുന്നത് അവൾ കണ്ടു. നരച്ച താടിയുള്ള വൃദ്ധനായ അതിന്‍റെ ഡ്രൈവറോട് അവൻ എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു. അതിനുശേഷം അവൾക്കരികെ  വന്നിട്ട് പറഞ്ഞു,

"ഇതാ ഈ വണ്ടി ഞാൻ പറഞ്ഞ സ്ഥലത്തെയാ. ഇതിൽ കയറിക്കോളൂ.ഞാൻ വൈകുന്നേരമാകുമ്പോഴേക്കും അവിടെ എത്തിക്കോളാം. എല്ലാ കാര്യങ്ങളും വിശദമായി അവരോട് സംസാരിക്കാം. ഇപ്പോ വരാൻ പറ്റില്ല."

അവൾ മടിച്ചുനിന്നു. വാഹനത്തിനകത്തെ നിഷ്കളങ്കമായ മുഖങ്ങൾ അവളെ മാടിവിളിക്കുന്നത് അവൾ കണ്ടു. അവൾ പുഞ്ചിരിച്ചുകൊണ്ട്. സീറ്റിൽ കയറിയിരുന്നു. അത് കണ്ടപ്പോൾ അവന്‍റെ മുഖത്ത് ആദ്യമായി പുഞ്ചിരി വിടർന്നു. എന്തോ മഹത്കാര്യം ചെയ്യാൻ സാധിച്ചതിന്‍റെ സംതൃപ്തി അവന്‍റെ മുഖത്ത് അവൾ കണ്ടു. എന്തോ ആലോചിച്ചിട്ടെന്നപോലെ അവൾ പെട്ടെന്ന് വാഹനത്തിൽ നിന്നും ഇറങ്ങിആകെയുണ്ടായിരുന്ന പണം കൈയ്യിൽ ഇറുക്കിപ്പിടിച്ച് അവൻ ആ ബസ്റ്റോപ്പിന് അരികുവശത്തായി സ്ഥിതിചെയ്യുന്ന കുരിശുപള്ളി ലക്ഷ്യമാക്കി ഓടി. അത് മുഴുവനും നേർച്ചപ്പെട്ടിയിൽ നിക്ഷേപിച്ചു.

"ദൈവമേ അപത്തൊന്നും വരുത്താതെ. കാത്തോളണേ..."

അതിനുശേഷം ആ വാഹനത്തിൽ കയറിയിരുന്നു. നീങ്ങിത്തുടങ്ങിയിരുന്ന ആ വാഹനത്തിന്‍റെ അരികുജനാലകളിലൂടെ, റോഡരുകിൽ പുഞ്ചിരി തൂകുന്ന മുഖത്തോടെ നിൽക്കുന്ന അവനെ നോക്കി. അവൻ കണ്ണിൽ നിന്നും മറയും വരെ, അവൾ നിറകണ്ണുകളോടെ അവനെ നോക്കി. അപ്പോഴും അവന്‍റെ ചുണ്ടുകളിൽ പുഞ്ചിരിയായിരുന്നു.
തുടരും..