അവൾ കരച്ചിൽ നിറുത്തി. മുഖം താഴ്ത്തി നിലത്തേക്ക്
ദൃഷ്ടിപതിപ്പിച്ച് അങ്ങനെ ഇരുന്നു. മുന്നിലേക്ക് പാറിവീണ അവളുടെ എണ്ണയമില്ലാത്ത മുടിനാരിഴകൾ മുഖം മറച്ചുകളഞ്ഞു. ആളുകൾ അപ്പോഴും പരസ്പരം എന്തൊക്കെയോ പറഞ്ഞുകൊണ്ടിരിക്കയായിരുന്നു. അവ്യക്തമായ ആ ശബ്ദശകലങ്ങൾ ഒരു മുഴക്കമായി അവളുടെ കർണങ്ങളിൽ പതിച്ചു. അതിനിടെ
ഒരാൾ പറഞ്ഞു,
"പാവം കുട്ടി ഇനി എന്തു ചെയ്യും ആവോ? ദൈവം തുണക്കട്ടെ."
ആ ശബ്ദത്തിന്‍റെ ഉടമസ്ഥനെ കാണാനുള്ള ഉത്കണ്ഠയിൽ അവൾ മുഖമുയർത്തി
നോക്കി. വെള്ളമുണ്ടും വെള്ളഷർട്ടും ധരിച്ച, കണ്ടാൽ മാന്യനാണെന്നു
തോന്നുന്ന അയാൾ ഇതും പറഞ്ഞിട്ട് നടന്നകലുന്ന ആളുകളുടെ ഏറ്റം മുന്നിലായി നീങ്ങിക്കൊണ്ടിരുന്നു.
അൽപസമയത്തിനകം തന്നെ പിറുപിറുത്തുകൊണ്ട് ആളുകൾ പിരിഞ്ഞുപോയി.
നേരം നന്നേ പുലർന്നിരുന്നു.
കിഴക്ക് സൂര്യൻ ഉദിച്ചുപൊങ്ങി. അതിന്‍റെ സുവർണ
കിരണങ്ങൾ ഭൂമിയിൽ പതിച്ചു. ഈർപ്പമാർന്ന പാതയിൽ സൂര്യരശ്മികൾ പതിക്കുമ്പോൾ
ജലം നീരാവിയായി ഉയർന്നുപൊങ്ങുന്നത് അവൾ നോക്കിയിരുന്നു. എത്രനേരം
അങ്ങനെ ഇരുന്നെന്ന് അറിയില്ല. കടകൾ തുറക്കാൻ നേരം ആയി.
ഇനിയിവിടെ ഇരുന്നാൽ കടയുടമ ഉപദ്രവിക്കും. മൃദുലമായ
തന്‍റെ കൈവെള്ള നിലത്തുകുത്തി, കൈകളിൽ ഊന്നി പതുക്കെ അവൾ എഴുന്നേറ്റു.
നിലത്തു കിടക്കുകയായിരുന്ന അമ്മയുടെ മറാപ്പുകെട്ട് എടുത്തു. അമ്മയുടെ ഓർമകളുറങ്ങുന്ന ഭാണ്ഡം, ജീവിതത്തിൽ ഇനി ആകെയുള്ള
സമ്പത്ത്. അത് തന്‍റെ ഇടത്തുതോളിൽ തൂക്കിയിട്ടുകൊണ്ട് നിശ്ശബ്ദയായി,
ശിരസ്സുകുനിച്ചുകൊണ്ട് എങ്ങോട്ടെന്നില്ലാതെ അവൾ നടന്നു. എന്തൊക്കെയോ ദൃഢനിശ്ചയങ്ങളോടെ.
നേരം ഇരുട്ടാൻ
തുടങ്ങിയിരിക്കുന്നു. കൂടണയാൻ വെമ്പൽകൊള്ളുന്ന പറവകൾ മാനത്ത്,
അങ്ങോട്ടുമിങ്ങോട്ടും പറന്നു നടക്കുന്നുണ്ടായിരുന്നു. ആകാശത്തിനിപ്പോൾ അസ്തമയ സൂര്യന്‍റെ ചുവപ്പുനിറമാണ്. കലാലയങ്ങളിൽ
നിന്നും തിരികെ മടങ്ങുന്ന യുവാക്കൾ, അദ്ധ്യാപകർ, ജോലിക്കാർ, കളികഴിഞ്ഞ് മടങ്ങുന്ന പയ്യന്മാർ. എല്ലാവരും സ്വഭവനങ്ങളിലേക്ക് തിരികെ മടങ്ങുന്ന വേള. ഇരുട്ട്
പരന്നുതുടങ്ങിയിരുന്നു. വഴിവിളക്കുകൾ തെളിഞ്ഞുതുടങ്ങി.
കടകളുടെ പേരുകളിൽ വർണങ്ങൾ വിരിഞ്ഞു.
വിശപ്പ് സഹിക്കാൻ പറ്റുന്നില്ല.
ഇന്ന് ഒന്നും കഴിച്ചിട്ടില്ല. ഉച്ചക്ക് പഞ്ചായത്തു കിണറ്റിൽ നിന്നും
രണ്ടുകവിൾ വെള്ളം കുടിച്ചു. അത്രമാത്രം. തെരുവുനായ്ക്കൾ ആധിപത്യം സ്ഥാപിച്ച ചവറ്റുകൂനകളിൽ ആഹാരത്തിനായി, ജീവൻ തുലാസിൽ വച്ച് പോരാടേണ്ട അവസ്ഥ കൈവന്നിരിക്കുന്നു.
മാനത്ത് കാർമേഘങ്ങൾ ഉരുണ്ടുകൂടിയിരുന്നു. അവൾ മുഖമുയർത്തി, നെറ്റിയിൽ കൈചേർത്തുപിടിച്ച് അകലേക്ക്
സൂക്ഷിച്ചുനോക്കി. അങ്ങുദൂരെ തൂക്കണാംകുന്ന് കാണാം. കുന്നിനപ്പുറത്ത് ഒരു ഓഡിറ്റോറിയം ഉണ്ട്. അവിടെ ഇന്ന്
ആരുടെയോ മംഗലം നടന്നിട്ടുണ്ട്. ആളുകളെ നിറച്ച് വരിവരിയായി വാഹനങ്ങൾ
പോകുന്നത് കണ്ടിരുന്നു. അവിടെ ചെന്നാൽ വിശപ്പടക്കാൻ എന്തെങ്കിലും
കിട്ടും തീർച്ച. വേഗം പോയാൽ നന്നേ ഇരുട്ടാവുന്നതിനുമുന്നേ തിരിച്ചുവരാം. അവൾ സമയം പാഴാക്കാതെ, കുന്ന് ലക്ഷ്യമാക്കി വേഗത്തിൽ
നടന്നു.
തെരുവിൽ നിന്നും
പുറത്തുകടന്നാൽ പിന്നെ വിജനമായ പാതയാണ്. അവിടെ വഴിവിളക്കുകളൊന്നും ഇല്ല. അവൾ അരണ്ട വെളിച്ചത്തിൽ കാണുന്ന പാതയിലൂടെ വേഗം നടന്നു. വഴിയിൽ ആളുകൾ നന്നേ കുറവായിരുന്നു. ചെറു വാഹനങ്ങൾ ഇടക്കിടെ
കടന്നുപോയിക്കൊണ്ടിരുന്നു. റോഡരികിൽ അങ്ങിങ്ങായി മൂന്നോ നാലോ
പേരടങ്ങുന്ന ചെറുസംഘങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവർ പതിഞ്ഞ
സ്വരത്തിൽ എന്തൊക്കെയോ പറയുകയും പൊട്ടിച്ചിരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. അവരിൽ പലരും അവ്യക്തമായ വെളിച്ചത്തിൽ തനിയെ നടന്നുനീങ്ങുന്ന ആ പെൺകുട്ടിയെ
സംശയാസ്പദമായ കണ്ണുകളോടെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. അത് അവൾക്ക്
മനസിലായിരിക്കണം, അവളുടെ ഹൃദയമിടിപ്പ് പുറത്ത്കേൾക്കാം വിധം ഉയർന്നിരുന്നു. പെട്ടെന്ന് അവളുടെ ഇടത്തുതോളിൽ എവിടെനിന്നോ ഒരു കൈ വന്നുപതിച്ചു. ബലിഷ്ഠമായ കരം, ഒപ്പം ഗാംഭീര്യം നിറഞ്ഞ ഒരു ശബ്ദം.
"മോൾ എവിടേക്കാ..?"
അവൾ ഞെട്ടിത്തരിച്ചു പിന്തിരിഞ്ഞുനോക്കി.
ആജാനുബാഹുവായ ഒരു മനുഷ്യൻ. അയാളുടെ ഇടത്തുകയ്യിൽ പാതിതീർന്ന എരിയുന്ന
ഒരു സിഗരറ്റ് കുറ്റിയും ഉണ്ടായിരുന്നു. ചുണ്ടുകളിൽ കപടമായ ചിരി
പടർത്തിയിരുന്നു. വെറ്റിലയുടെ കറപിടിച്ച, ചുവന്ന പല്ലുകൾ പുറത്തുകാണിച്ചുകൊണ്ടുള്ള ആ ചിരിയിൽ അവൾക്കെന്തോ അപകടം മണത്തു. അവൾ കൈ തട്ടിമാറ്റി. പൊടുന്നനെ അയാൾ അവളുടെ വലതുകൈത്തണ്ടയിൽ
കയറിപ്പിടിച്ച് അത് ഉള്ളം കയ്യിൽ വച്ച് ഞെരുക്കി. ബലിഷ്ഠമായ കൈകളാലുള്ള
ആ പിടിയിൽ നിന്നും രക്ഷപെടുക എന്നത് ദുഷ്കരമായ കാര്യമാണെന്ന് അവൾക്ക് മനസ്സിലായി.
താൻ വലിയൊരു അപത്തിലാണ് അകപ്പെട്ടിരിക്കുന്നതെന്ന സത്യം അവൾ വേദനയോടെ
അറിഞ്ഞു.
ഭീതിയാൽ അവളുടെ തൊണ്ടയിൽ നിന്നും പുറത്തേക്കുവരാൻ ശബ്ദംമടിച്ചു.
അവളുടെ ഇടുങ്ങിയ കണ്ണുകളിൽനിന്നും കണ്ണുനീർ ധാരയായി ഒഴുകി. പൊടുന്നനെ
അവളുടെ ഉള്ളിൽ ഒരു ഉപായം മിന്നിമഞ്ഞു. അവൾ ഒട്ടും സമയം കളയാതെ
അയാളുടെ കയ്യിൽ തന്‍റെ സർവശക്തിയുമെടുത്ത് ആഞ്ഞ് കടിച്ചു. അതയാൾ ഒരിക്കലും പ്രതീക്ഷിച്ചില്ല.
"ആ...."
അയാൾ വേദനകൊണ്ട് പുളഞ്ഞു, കൈയുടെ ബലം അയഞ്ഞു.
അവൾ കൈ വിടുവിച്ച്, സർവശക്തിയുമെടുത്ത് ഓടി.
അരണ്ട വെളിച്ചത്തിൽ അവ്യക്തമായി മാത്രം കണ്ട ആ ഇരുണ്ട പാതയിലൂടെ അവൾ
പിടയുന്ന മനസുമായി, ജീവനും കൊണ്ട് പാഞ്ഞു. ദൂരെ കുന്നിനുമുകളിൽ എത്തുന്നവരെ അവൾ തിരിഞ്ഞുനോക്കിയില്ല. കുന്നിനുമുകളിൽ എത്തിയപ്പോൾ കിതച്ചുകൊണ്ട് ഒരു പുൽതട്ടിൽ ഇരുന്നു.
വിറയ്ക്കുന്ന ചുണ്ടുകളോടെ വന്ന വഴിയെ, തിരിഞ്ഞുനോക്കി. ആ എരിയുന്ന സിഗരറ്റിന്‍റെ തീ, തന്നെ പിന്തുടരുന്നുണ്ടോ
എന്നറിയാൻ. അത് അവിടെങ്ങും കാണാനില്ലായിരുന്നു. അവൾ കുറേനേരം അവിടെ തന്നെ ഇരുന്ന് കിതപ്പുമാറ്റി. അതിനുശേഷം
എഴുന്നേറ്റ് നടന്നു. താഴെ ഓഡിറ്റോറിയം കാണാമായിരുന്നു. അടുക്കളയുടെ ഓരത്തായി സ്ഥാപിച്ചിരിക്കുന്ന ടാപ്പിൽ മുഖം കഴുകി, വെള്ളം കുലുക്കുഴിഞ്ഞ്തുപ്പി. കുറെ കുടിക്കുകയും ചെയ്തു.
അതിനുശേഷം തിടുക്കത്തിൽ, വേസ്റ്റ്കുഴി തിരഞ്ഞുകൊണ്ട്
നടന്നു.
ആ കെട്ടിടത്തിൽനിന്നും കുറച്ചുമാറി തെങ്ങിൻ തോപ്പിൽ കുഴിച്ചിരുന്ന
അത് അവൾ കണ്ടെത്തി. കുഴി മൂടിയിരുന്നില്ല. അവൾ അതിലേക്കിറങ്ങി. മടങ്ങിയിരുന്ന ഇലകൾ ഓരോന്നായി നിവർത്തിനോക്കി. പലതിലും ഭക്ഷണം പാതിമാത്രം കഴിച്ച്, ബാക്കി അവശേഷിപ്പിച്ചിരുന്നു.
അവൾ ആർത്തിയോടെ അവ വാരിത്തിന്നു, മതിയാവോളം. വയറുനിറഞ്ഞപ്പോൾ എഴുന്നേറ്റു. ഓഡിറ്റോറിയത്തിന്‍റെ പുറകിലത്തെ
ടാപ്പ് ലക്ഷ്യമാക്കി നടന്നു. ടാപ്പ് തുറന്ന് കൈകൾ കഴുകി.
കുറേ പച്ചവെള്ളം കുടിച്ചു. മുഖം കഴുകി. സംതൃപ്തിയോടെ കണ്ണുകളടച്ച് ഒരുനിമിഷം അവിടെ തന്നെ ഇരുന്നു. അമ്മയുടെ പാതിത്തുറന്ന കണ്ണുകൾ, ആ മുഖം അതാ മുന്നിൽ തെളിഞ്ഞുവരുന്നു.
അവളുടെ അടഞ്ഞ കൺപോളകൾക്കിടയിലൂടെ ചുടുകണ്ണീർ കിനിയുന്നുണ്ടായിരുന്നു. പൊടുന്നനെ അവിടെങ്ങും ഒരു മിന്നൽപിണർ പരന്നു. പുറകെ
കാതടപ്പിക്കുന്ന ഇടിനാദവും.
"അമ്മേ...."
അവൾ നിലവിളിച്ചു. പേടിച്ചുവിറച്ച് പുറകിലത്തെ വിറകാലയിലേക്ക്
ഓടി. വെട്ടിയൊതുക്കി തട്ടുതട്ടായി അടുക്കിവച്ചിരിക്കുന്ന വിറകുകളുടെ
പിന്നിൽ ഒളിച്ചിരുന്നു. കാലുകൾ കൈകളാൽ മാടിയൊതുക്കിപ്പിടിച്ച്
അവയിൽ മുഖം താഴ്ത്തിയിരുന്നു. പുറത്ത്,
മഴ പെയ്യാൻ തുടങ്ങിയിരുന്നു. നേരം കടന്നുപോകുന്തോറും മഴയുടെ ശക്തി
കൂടിക്കൂടിവന്നു. ശക്തമായ കാറ്റിൽ മരച്ചില്ലകൾ പരസ്പരം കൂട്ടിയിടിക്കുന്ന
ശബ്ദം കേൾക്കാമായിരുന്നു. അത് അവളുടെ ഭയം ഒന്നുകൂടെ വർധിപ്പിച്ചു. അമ്മയുടെ ഓർമ വഹിക്കുന്ന ആകെയുണ്ടായിരുന്ന അവശേഷിപ്പായിരുന്ന ആ തുണിസഞ്ചി, വഴിയിൽ വച്ച് അപരിചിതനുമായിട്ടുള്ള മൽപിടിത്തതിൽ നഷ്ടപ്പെട്ടിരുന്നു.
അവൾ വിതുമ്പിക്കരയുകയായിരുന്നു. ഇന്നിനി ഇവിടെ
ഉറങ്ങാം ആരും അറിയാൻ പോണില്ല, കാണാനും.
പുറത്ത് ഇരച്ചുപെയ്തുകൊണ്ടിരിക്കുന്ന മഴയുടെ താളം അസ്വദിച്ചുകൊണ്ട് അറിയാതെ ഉറക്കത്തിലേക്ക്
വഴുതിവീണത് അവൾ അറിഞ്ഞില്ല.
രാവിലെ പക്ഷികളുടെ കളകളാരവം കേട്ടാണ്
അവൾ ഉണർന്നത്. പതുക്കെ കണ്ണുതുറന്നപ്പോൾ മുഖത്തേക്കടിച്ച പ്രഭാതസൂര്യന്‍റെ തീവ്രമായ രശ്മികളാൽ
ആവ അപ്പോൾ തന്നെ ഇറുക്കിയടച്ചു കളഞ്ഞു. കണ്ണുകൾ ഒന്നുകൂടെ തിരുമ്മിക്കൊണ്ട്
വീണ്ടും തുറന്നു. ടാപ്പിനരികെ ചെന്ന് മുഖം കഴുകി. വിരലുകൾ കൊണ്ട് പല്ലുകൾ തേച്ചെന്നു വരുത്തി. കുറച്ചു
വെള്ളം കുടിക്കുകയും ചെയ്തു. പുതിയൊരു ദിവസവും കൂടെ കാണാൻ ദൈവം
ഭാഗ്യം തന്നിരിക്കുന്നു. അവൾ ആ കെട്ടിടത്തെ അകലെയാക്കി പതുക്കെ
നടന്നുതുടങ്ങി. അടുത്ത ചവറ്റുകൂന ലക്ഷ്യമാക്കി.
റോഡിൽ നിറയെ വാഹനങ്ങൾ തലങ്ങും വിലങ്ങും
പായുന്നു. വിവിധ നിറത്തിലും വലിപ്പത്തിലും ഉള്ളവ. എപ്പോഴും അലമുറയിട്ടുകൊണ്ട്
എവിടേക്കോ സദാസമയം ഓടിക്കൊണ്ടിരിക്കുന്നവ. അതുകൂടാതെ റോഡരികിലൂടെ
നടന്നുപോകുന്ന പലതരം മനുഷ്യക്കോലങ്ങളും. ആരും മുഖത്തോടുമുഖം നോക്കുന്നില്ല. കാണുന്നില്ല, മിണ്ടുന്നില്ല. എന്തോ
ആലോചിച്ചുകൊണ്ട് മുന്നോട്ടുമാത്രം നോക്കിക്കൊണ്ട് എങ്ങോട്ടോ പായുന്ന ഇരുകാലികൾ. അഭിമുഖമായി
വന്ന ശുഭ്രവസ്ത്രധാരിയായ ഒരു മനുഷ്യനോട് കൈകൾ നീട്ടിക്കൊണ്ട് അവൾ ചോദിച്ചു.
"സാറേ വല്ലതും തരണേ?"
അയാൾ അറപ്പോടെ നോക്കിയിട്ട് വേഗത്തിൽ നടന്നുപോയി.
വേറൊരു സ്ത്രീ "നാശം" എന്നു ശപിച്ചിട്ടുപോയി.
ആരുടെയും കണ്ണുകളിൽ കരുണയോടെയുള്ള ഒരു നോട്ടം പോലും കാണാനില്ലായിരുന്നു. അങ്ങനെ നടക്കുന്നതിനിടക്ക്, വഴിയിൽ കൂട്ടമായി നിന്നിരുന്ന, കുറച്ച് യുവാക്കളിൽ ഒരുവൻ അവളുടെ ഉടുപ്പിന്‍റെ ഇടത്തുകയ്യിൽ അല്പം കീറിയ ഭാഗത്ത്
കാമവെറിയോടെ നോക്കുന്നതവൾ കണ്ടു. അവൾ അവിടെ നിന്നും വേഗം മാറി. തൊട്ടടുത്തുള്ള ബസ്റ്റോപ്പിനരികെ ചെന്നു.
അടുത്ത വണ്ടി
വരുന്നതും കാത്ത് അക്ഷമരായി കണ്ണും നട്ടിരിക്കുന്ന ഒരു ഒരുപറ്റം മനുഷ്യർ അവിടെ ഉണ്ടായിരുന്നു.
കെട്ടുപണിക്കാർ, ജോലിക്കാർ, കോളേജ് വിദ്യാർഥികൾ
എല്ലാവരും ഉണ്ട്. പെൺകുട്ടികൾ പരസ്പരം എന്തൊക്കെയോ പറഞ്ഞ് പൊട്ടിച്ചിരിക്കുന്നു. ആൺകുട്ടികൾ ഒരുഭാഗത്ത് കൂട്ടംകൂടിനിന്ന് തമ്മിൽതമ്മിൽ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരിക്കുന്നു. ഇടക്കിടെ ആധുനിക രീതിയിൽ വെട്ടിയൊതുക്കിയ കേശങ്ങൾ മാടിയൊതുക്കിക്കൊണ്ടിരിക്കുന്നു. പാന്‍റ് ഇടക്കിടെ ഞെരിഞ്ഞുകയറ്റുന്നു. കുറച്ചുപേർ കൈയിൽ
പിടിച്ചിരിക്കുന്ന സെൽഫോണിന്‍റെ ചില്ലുകളിൽ തോണ്ടിക്കൊണ്ടിരിക്കുന്നു. അവരുടെ ചുണ്ടുകളിൽ ഇടക്കിടെ ഒരു പുഞ്ചിരി വന്നുപോകുന്നുണ്ടായിരുന്നു. പതുക്കെ അടുത്തു ചെന്ന്, സെൽഫോണിൽ നോക്കിക്കൊണ്ടിരിക്കുന്ന
ഒരുവനോട് അവൾ ചോദിച്ചു.
"ചേട്ടാ.. എന്തെങ്കിലും.. തരണേ...?"
അവന്‍റെ ദൃഷ്ടി ഒരുനിമിഷം ആ ഉപകരണത്തിൽനിന്നും ഉയർന്ന് അവളുടെ നേരേ
പാഞ്ഞു. വീണ്ടും പഴയപടിപോലെ തന്നെ തുടർന്നു. അവൾ തൊട്ടടുത്ത്
നിൽക്കുന്ന മറ്റൊരുവനോട് ചോദിച്ചു. അപ്പുറത്ത് നിൽക്കുന്ന കുലീനയായ
ഒരു പെൺകുട്ടിയുടെ മുഖത്തേക്ക് ശ്രദ്ധിച്ചുനിന്ന അവൻ അവളുടെ ശബ്ദം കേട്ട് ഞെട്ടിത്തിരിഞ്ഞുനോക്കി.
"ന്താ.. ന്തു.. വേണം..?" എന്ന് ചോദിച്ചു.
അവൾ തന്‍റെ ചോദ്യം ആവർത്തിച്ചു. ചെയ്തുകൊണ്ടിരിക്കുന്ന കാര്യത്തിൽനിന്നും
വ്യതിചലിപ്പിച്ച അവളോട് അവന് ദ്വേഷ്യമാണ് തോന്നിയത്.
"ഒന്നു.. പോകുന്നുണ്ടോ... നാശം..!
കുറെയെണ്ണം.. ഇറങ്ങും...
തട്ടിപ്പുമായി.." അവൻ ശബ്ദമുയർത്തി.
പിന്നെയും എന്തൊക്കെയോ പിറുപിറുത്തുകൊണ്ടിരുന്നു.
അവളുടെ കണ്ണുകളിൽ കണ്ണുനീർ കിനിഞ്ഞു തുടങ്ങിയിരുന്നു.
തുടരും...
വളരെ നല്ല ശൈലി.....
മറുപടിഇല്ലാതാക്കൂവായനക്കാരുടെ മനസിൽ ചിത്രം വരക്കാൻ നോവലിസ്റ്റിന് കഴിഞ്ഞു ....
മലയാളത്തിന് പുതിയൊരു നോവലിസ്റ്റ് കൂടി....
അപസർപ്പക നോവലുകളിലാണ് താങ്കളുടെ ഭാവി എന്ന് തോന്നുന്നു ....
ആശംസകൾ ....
എന്താ..!!! കമെന്റ്.. അടിപൊളി.. ഭയങ്കര സന്തോഷം. ദൈവം സഹായിക്കട്ടെ...
മറുപടിഇല്ലാതാക്കൂ