അയാൾ അവൾക്കടുത്തെത്തി.
"അശ്വതി" അയാൾ അലറി.
"സർ...!" അവൾ ഞെട്ടിവിറച്ചു.
"എന്താ ഇവിടെ നടക്കുന്നത്? താൻ അവരോട് കുറെ നേരം സംസാരിക്കുന്നത്
കണ്ടല്ലോ?. എന്തിനാ അവർ ദേഷ്യപ്പെട്ടത്? തന്‍റെ പേർസണൽ കാര്യങ്ങളൊക്കെ പുറത്ത്. കണ്ണിക്കണ്ട ചെക്കന്മാരോടൊക്കെ
ചിണുങ്ങനല്ല, ഇതൊക്കെ കെട്ടിയുണ്ടാക്കി, ശമ്പളവും തന്ന് നിന്നെയൊക്കെ ഇവിടെ നിർത്തിയേക്കുന്നത്. ജോലിക്കു വന്നാ അത് ചെയ്യണം. നീ ഇന്നേദിവസം ഒരു ഫോൺ പോലും
വിറ്റിട്ടില്ല. ടാർഗറ്റിന്‍റെ കാര്യമൊക്കെ ഓർമയൊണ്ടല്ലോ?
സംസാരിക്കാനൊക്കെ നിനക്ക് നല്ല നാക്കാണല്ലോ. മര്യാദക്ക്
അടങ്ങിയൊതുങ്ങി പണി ചെയ്താ നിനക്ക് നല്ലത്. ഇല്ലേ ഇനിയൊരു മുന്നറിയിപ്പില്ലാതെ
ഞാൻ പറഞ്ഞുവിടും. ങ്ഹാ.. പറഞ്ഞേക്കാം."
അയാൾ അളുടെ അവളുടെ മേൽ ശകാരാസ്ത്രങ്ങൾ ഇടതടവില്ലാതെ വർഷിച്ചു.
ഇടിയൊച്ച കേട്ട പേടമാനിനെപോലെ അവൾ വിറച്ചുനിന്നു. മറ്റു മൂന്നു പെൺകുട്ടികളും പെട്ടെന്ന് തിരിഞ്ഞ് അവളുടെ നേരെ നോക്കി.
"സർ, അവർ വെറുതെ ഫ്ലേർട്ട് ചെയ്യാൻ വന്നതാ സർ.
ഫോൺ വാങ്ങാനൊന്നുമല്ല. എന്‍റെ നമ്പർ ചോദിച്ചു.
അതാ ഞാൻ തരില്ലാന്നു പറഞ്ഞേ. അതിനാണ് ആ പയ്യൻ ദേഷ്യപ്പെട്ടത്"
അവൾ അയാളുടെ മുഖത്തുനോക്കാൻ ധൈര്യമില്ലാതെ തലതാഴ്ത്തി നിന്നു.
"ഇവരൊക്കെ കണ്ടു സർ. ഇല്ലേ?"
അവൾ ദൃസാക്ഷികളായ സഹപ്രവർത്തകരെ നോക്കി. അവരാകട്ടെ അത് കേൾക്കാത്ത ഭാവത്തിൽ പഴയപടിയിൽ തന്നെ നിന്നു.
"കന്നന്തിരിവ്, കാണിച്ചിട്ട് നിന്ന് ന്യായം പറയുന്നോ?
നീ ആരാ രംഭയോ അതോ തിലോത്തമയോ? ഒന്നു നമ്പർ കൊടുത്തെന്നു
വച്ചാ നിനക്കെന്താ വല്ലതും പോകുമോ? അഥവാ അങ്ങനെ വിളിച്ചാൽ തന്നെ
ഡീൽ ചെയ്യാൻ ഞാൻ പ്രത്യേകം പഠിപ്പിച്ചുതരണോ? കസ്റ്റമേഴ്സിനെ ഒരു
കാരണവശാലും പിണക്കരുത്. ഇത് മേലാൽ ആവർത്തിക്കരുത്. മുന്നേ പറഞ്ഞത് ഓർമയുണ്ടല്ലോ. ഇനിയൊരു മുന്നറിയിപ്പൊണ്ടാകില്ല."
അയാൾ ഭ്രാന്തനെ പോലെ അലറി.
"ക്ഷമിക്കണം സർ. ഇനി ആവർത്തിക്കില്ല."
അവളുടെ സുന്ദരമായ മിഴിയിണകളിൽ നിന്നും അശ്രു ധാരയായി താഴേക്കുപതിച്ചു.
അയാൾ തിരിഞ്ഞ് വീണ്ടും തന്‍റെ ഇരിപ്പിടത്തിലേക്ക് മടങ്ങി. ജോലിയിൽ വ്യാപൃതനായി. ഇടക്കിടെ മുഖമുയർത്തി, എല്ലാ ജോലിക്കാരുടെയും ഭാഗത്തേക്കും കണ്ണോടിച്ചു.
"ശ്രേയ ഞാനിപ്പം വരാം. ഒന്ന് ടോയ്ലറ്റിൽ പോണം.
നീ ഇതൂടെ ഒന്നു നോക്കാവോ?" സങ്കടം ഒന്നു കെട്ടടങ്ങിയെന്നു
തോന്നിയപ്പോൾ അവൾ അടുത്തുനിന്ന മറ്റൊരു പെൺകുട്ടിയെ തോണ്ടിവിളിച്ചു.
"ഉം ശരി. വേഗം വരണം." ആ പെൺകുട്ടി
നെറ്റിചുളിച്ചു.
അവൾ കണ്ണുകൾ ആരും കാണാതെ തുടച്ച് മുഖം താഴ്ത്തി നിലത്തുനോക്കിക്കൊണ്ട്, ടോയ്ലറ്റ് ലക്ഷ്യമാക്കി വേഗത്തിൽ നടന്നു. വാതിൽ തള്ളിത്തുറന്നു.
പൈപ്പ് ഓണാക്കി, മുഖത്ത് വെള്ളം കൈകൊണ്ട് ശക്തിയായി
വീശി. അതിനുശേഷം കണ്ണാടിയിലേക്ക് നോക്കി. കരഞ്ഞതിനാൽ കണ്ണുകൾ നന്നായി ചുവന്നിട്ടുണ്ട്. മുഖംകഴുകിയ
വെള്ളത്തേക്കാൾ ശക്തിയിൽ കണ്ണുനീർ താഴോട്ടൊഴുകി സിങ്കിൽ പതിച്ചു. അത് തുറന്നുവച്ച പൈപ്പിൽനിന്നുമുള്ള ജലത്തോടൊപ്പം സിങ്കിലെ ഫിൽറ്ററിൽ കൂടി
താഴേക്ക് പോകുന്നത് അവൾ കണ്ടു.
സിങ്കിലെ
ഫിൽട്ടറിലൂടെ വെള്ളം കറങ്ങിക്കറങ്ങി ഊർന്നുപോകുന്നത് പതിയെ മാഞ്ഞ് പകരം അത്, വലിയ അലുമിനിയം പാത്രത്തിൽ ചുടുചായ മധുരമിട്ട് സ്പൂൺ കൊണ്ട് ഇളക്കുമ്പോഴുള്ള
ചുഴിയായിമാറുന്നപോലെ അവൾക്ക് തോന്നി.
തന്‍റെ ദാരിദ്ര്യം വഴിമാറാത്ത കുടുംബത്തിലെ ശോചനീയമായ അടുക്കളയിൽ നിന്ന്,
ആവി പറക്കുന്ന ചായയിൽ മധുരമിട്ട് ഇളക്കുകയായിരുന്നു അവൾ. സമയം ആറു മണി കഴിഞ്ഞുകാണും. മുറ്റത്തും പറമ്പിലും സന്ധ്യയുടെ
ആഗമനം വിളിച്ചോതുന്ന, പാതി ഇരുട്ട് ആക്രമിച്ച അരണ്ട വെളിച്ചം
മാത്രം. ചീവീടുകളുടെ ശബ്ദം ഉയർന്നുതുടങ്ങി. ദൂരത്തെങ്ങുനിന്നോ മയിലുകൾ കരയുന്ന ശബ്ദം ഉയർന്നുകേൾക്കുന്നു.
അവൾ അടുക്കളഭിത്തിയിലെ
കരിപിടിച്ച കുഞ്ഞുജനാലയിലൂടെ പുറത്തേക്ക് നോക്കി. വേലികടന്ന്
അച്ഛൻ ആടിയാടി നടന്നുവരുന്നത് അവൾ കണ്ടു. മൂക്കറ്റം കുടിച്ചിട്ടാണ്
വരവ്. ഉടുമുണ്ട് അരയിൽ എങ്ങനെയൊക്കെയോ ചുറ്റി, ഒപ്പിച്ചിരിക്കുന്നു. ഷർട്ടിന്‍റെ മുന്നിലെ മൂന്നുനാലു
ബട്ടണുകൾ തുറന്ന്, വിശാലമായ നെഞ്ച് പുറത്തുകാണാം. ഇടത്തുവശത്തുള്ള പോക്കറ്റിലെ വസ്തുക്കളുടെ ഘനത്താൽ ഷർട്ടിന്‍റെ ആ ഭാഗം മുഴുവൻ,
ചുവരിലെ ആണിയിൽ തൂക്കിയ സഞ്ചിപോലെ ഒരുഭാഗത്തേക്ക് ഞാന്നുകിടക്കുന്നു.
അയാൾ വേച്ചുവേച്ച് നടന്നുവന്നു. വന്നപാടെ കാവി
പൊളിഞ്ഞുതുടങ്ങിയ ഉമ്മറത്തിയിണ്ണമേൽ മലർന്നുകിടന്നു, കാലുകൾ പുറത്തും.
അയാൾ ബോധമില്ലാതെ എന്തൊക്കെയോ പിറുപിറുത്തുകൊണ്ടിരുന്നു. ഇടക്കിടക്ക് തെറിവാക്കുകൾ ഉച്ചരിച്ചുകൊണ്ടിരുന്നു. ചുണ്ടുകൾക്കിടയിലനിന്നും
ഉമിനീർ കവിളിൽകൂടി ഒലിച്ചിറങ്ങിയിരുന്നു.
ഇന്ന് അച്ഛൻ നേരത്തെയാണല്ലോ. സാധാരണ ഇരുട്ട് പരന്നതിനുശേഷമാണ് അദ്ദേഹം വീട്ടിൽ വരാറ്. രാവിലെ ബേബിമുതലാളിയുടെ പറമ്പിൽ കാടുവെട്ടുപണിക്കുപോയ, അമ്മ വരാൻ സമയമായിരിക്കുന്നു. ഒരാഴ്ചയായി അമ്മക്ക് അവിടെയാണ്
പണി. അമ്മക്ക് ഇരുകാലിലും വാതത്തിന്‍റെ അസ്കിതയുണ്ടായിരുന്നു.
എന്നാലും അതൊക്കെ മറന്ന്, കഞ്ഞികുടിക്കാനുള്ള വകയുണ്ടാക്കും
അമ്മ. രാവിലെ നേരത്തെ, നൈറ്റിയും,
കഴുത്തിൽ വെള്ളതോർത്തും, പിന്നെ കയ്യിൽ മൂർച്ചയാക്കിയ
വെട്ടുകത്തിയുമായി പണിക്കിറങ്ങും അവർ. വൈകുന്നേരത്ത് അമ്മ തിരിച്ചുവരുമ്പോഴേക്കും,
ചായ തയ്യാറാക്കി അവൾ കാത്തിരിക്കും.
അച്ഛൻ വന്നതിന് ഏതാനും
നിമിങ്ങൾക്കുശേഷം, അമ്മ പതിയെ നടന്നുവരുന്നത് അവൾ കണ്ടു.
ഒരു കൈ ഇടുപ്പിൽ താങ്ങിപ്പിടിച്ചാണ് വരവ്. മറുകയ്യിൽ
കവറിൽ വെട്ടുകത്തിയും, മഴയത്തു പണിചെയ്യുമ്പോൾ ധരിക്കാനുള്ള ഒരു
പ്ളാസ്റ്റിക് ഷീറ്റും ഉണ്ട്. തിണ്ണയുടെ മുന്നിൽ എത്തിയപാടെ തന്‍റെ
ഭർത്താവാകുന്ന മനുഷ്യൻ ലക്കുകെട്ട് തിണ്ണമേൽ മലർന്നുകിടക്കുന്നത് ആ സ്ത്രീ കണ്ടു.
അവർ അതുകണ്ട് മനസുമടുത്ത്, അയാൾ കിടക്കുന്നതിന്
എതിർവശത്തുള്ള മരത്തൂണിൽ ചാരി, കാലുകൾ നീട്ടിവച്ച് കാൽമുട്ട്
ഉഴിഞ്ഞുകൊണ്ട് ഇരുന്നു.
"മോളെ അച്ചു.." ആ സ്ത്രീ വാതിൽക്കലേക്ക് നോക്കി,
അവശമായ സ്വരത്തിൽ നീട്ടിവിളിച്ചു.
"ദേ വരുന്നു അമ്മേ." അകത്തു നിന്നും അവൾ അമ്മയുടെ
വിളി കേട്ടു.
അവൾ രണ്ടു ചെറുകപ്പുകളിൽ ചായയുമായി ഉമറത്തേക്ക് വന്നു.
"ഇന്ന് നേരത്തെ എത്യോ കാലൻ.." ആ സ്ത്രീ പരിസരം മറന്നു
കിടക്കുന്ന, അയാളെ ദയനീയമായി നോക്കി.
"ഉം അച്ഛൻ ഇപ്പൊ വന്നെയൊള്ളു."
"എന്‍റീശ്വരാ ഇത്രേം അനുഭവിയ്ക്കാൻ മാത്രം ഞാനെന്തു തെറ്റാ ചെയ്തത്?
എന്നാ എനിക്കും, എന്‍റെ കുഞ്ഞിനും ഇച്ചിരി സമാധാനം
കിട്ടുക. ഇതിയാനെ കൊണ്ട് ഈ വീടിന് പത്തുപൈസയുടെ ഉപകാരമില്ല.
രാവിലെ പണിക്കെന്നും പറഞ്ഞ് പോയി, വൈകുന്നേരം മൂക്കറ്റം
കുടിച്ചിട്ടുവരും. ഇങ്ങേരെ ആരാ ഒന്ന് നന്നാക്കുന്നെ. ഇല്ല! ആരുവരാനാ. ഒന്നും ഇല്ലാത്തോരെ
സഹായിക്കാൻ ആരാ വരുന്നത്. ആരും വരില്ല. എല്ലാം എന്‍റെ മോൾടെ വിധി."
ആ സ്ത്രീയുടെ തൊണ്ടയിടറി. അവർ നെഞ്ചിൽ കൈവച്ചുകൊണ്ട്
തന്‍റെ വിധിയെ ഓർത്ത് വ്യസനിച്ചു. വേദനിക്കുന്ന തന്‍റെ കാൽമുട്ടുകളിൽ
തടവിക്കൊണ്ട്, ചൂടുചായ ഊതിയൂതിക്കുടിച്ചു.
"എന്താ അമ്മേ കാലിങ്ങനെ ഉഴിയണെ? വേദന പിന്നേം കൂടിയോ?"
അശ്വതി തന്‍റെ മാതാവിന്‍റെ കാൽമുട്ടിൽ മൃദുവായി തലോടിക്കൊണ്ട് തളർന്ന
ആ കണ്ണുകളിലേക്ക് നോക്കി.
"പൊന്നുമോളെ, ഇന്ന് ആ മലമോളിലായിരുന്നു പണി. ആകെ വയ്യാതവണുണ്ട്. നടക്കാൻ പോലും വയ്യെടി. പിന്നെ എന്‍റെ കൊച്ചിനെ മാത്രം ഓർത്തിട്ടാ, ഈ അമ്മ.
ഈ അമ്മക്ക് ജീവനൊള്ളിടത്തോളം കാലം ഇച്ചിരി കഞ്ഞിവെള്ളത്തിനുള്ള വകയെങ്കിലും
എന്‍റെ മകൾക്ക് ഞാൻ ഉണ്ടാക്കിത്തരും. നിന്‍റെ തന്തയെന്നുപറയുന്ന
ഈ കാലനെ കണക്കാക്കിയിട്ട് ഒരു കാര്യവും ഇല്ലെടി. എന്‍റെ മോൾടെ
ഭാവി നശിച്ചല്ലോ ഈശ്വരാ."
ആ സ്ത്രീ തലയിൽ കൈവച്ചുകൊണ്ട് ലക്കുകെട്ട് കിടക്കുന്ന അയാളെ ശപിച്ചു.
"കാലമാടനെ വിളിച്ചെഴുന്നേപ്പിക്ക്, ന്നിട്ട് അണ്ണാക്കിൽ
കൊറച്ച് ചായ ഒഴിച്ചുകൊടുക്ക്."
"അങ്ങനെ ഒന്നും പറയല്ലേ. അമ്മേ അച്ഛനല്ലേ."
അവൾ അമ്മയെ ശാസിച്ചു.
"അച്ഛാ, എഴുന്നേൽക്കച്ചാ" അവൾ
അയാളുടെ കൈ തന്‍റെ തോളിലിട്ട് എഴുന്നേല്പിക്കാൻ ശ്രമിച്ചു. അബോധവനായിരുന്ന അയാളുടെ കണ്ണുകൾ പാതി തുറന്നു.
"വിടെടി. നായിന്‍റെ മോളെ, പെഴച്ചുപെറ്റവളെ. നിന്‍റെ തള്ളയൊണ്ടല്ലോ, ആ പെഴച്ചവൾ. കണ്ണീക്കണ്ട സ്ഥലത്തൊക്കെ പണിക്കുപോയി, ഉണ്ടായ ഏതോ ഒരു
നാറീടെ വിത്താ നീ. അല്ലെ, ഈ കറുത്ത എനിക്കെങ്ങനെ,
ഇങ്ങനെ തൊലിവെളുപ്പൊള്ള ഒന്ന് ഉണ്ടാകും? പോ തൊട്ടേക്കരുത്
എന്നെ നീ അസത്തെ." അയാൾ വെറിപിടിച്ച ശുനകനെപ്പോലെ കുരച്ചു.
അവൾ കരഞ്ഞുകൊണ്ട് അകത്തേക്കു കയറിപ്പോയി.
"എന്‍റെ മോളെ....."
അമ്മ എഴുന്നേറ്റ് അവളുടെ പിന്നാലെ അകത്തേക്കുചെന്നു. തന്‍റെ മുറിയിലെ പഠനമേശമേൽ ചാരിനിന്ന് വിതുമ്പുകയായിരുന്ന അവളെ സ്നേഹത്തോടെ
തന്‍റെ മാറോടു ചേർത്തു പിടിച്ചു.
"സാരവില്ലെടി. ബോധമില്ലാത്ത ആളുകൾ പറയുന്നകേട്ട് സങ്കടപ്പെടാനും
നീ. കരയണ്ട !" അവർ, പുത്രിയുടെ കണ്ണുകൾ തുടച്ചുകൊണ്ട് അവളെ ആശ്വസിപ്പിച്ചു.
"അയ്യോ"
സ്ത്രീ പെട്ടെന്ന് കാൽമുട്ടുമടക്കി താഴെ നിലത്തിരുന്നു. കൈകൾ കൊണ്ട് ഇടത്തുകാൽമുട്ടിനെ അമർത്തിത്തിരുമ്മി.
"അയ്യോ.. അമ്മേ എന്നാ പറ്റി!" അവൾ വെപ്രാളപ്പെട്ടുകൊണ്ട്
അമ്മയെ നോക്കി.
"ഈ കാലുവേദന സഹിക്കാൻ പറ്റണില്ലെടി. നിക്കുമ്പോ പെട്ടെന്നൊരു
മിന്നലാ കാൽമുട്ടില്. അത് അറിയാതെ മടങ്ങിപ്പോകുവാ. നാളെ എങ്ങനെയാ പണിക്കു പോണേ? എനിക്കറിയില്ല."
അവൾ അമ്മയെ പിടിച്ചെഴുന്നേൽപിച്ച്, കട്ടിലിൽ കിടത്തി. ചിറ്റൂർ ഗവ: ആർട്സ് കോളേജിൽ തനിക്ക് ഡിഗ്രിക്ക് അഡ്മിഷൻ കിട്ടിയെന്നു കാണിക്കുന്ന അലോട്മെന്‍റ്
പേപ്പർ, മേശമേൽ പേപ്പർവെയ്റ്റിനടിയിൽ ഇരിക്കുന്നത് അവൾ കണ്ടു.
അമ്മ വരുമ്പോൾ സന്തോഷത്തോടെ കാണിക്കാൻ എടുത്തുവച്ചതായിരുന്നു അത്.
അവൾ അതെടുത്ത് അമ്മ കാണാതെ ചുരുട്ടി ജനലിലൂടെ പുറത്തേക്കെറിഞ്ഞു.
തുടരും...