ചീറിപ്പാഞ്ഞുപോകുന്ന ഏതോ കാറിന്‍റെ ഹോൺ ശബ്ദം കേട്ട് അവൾ ഞെട്ടിയുണർന്നു. മഴ ഇനിയും മാറിയിട്ടില്ല. സന്ധ്യമയങ്ങും മുൻപേ പെയ്യാൻ തുടങ്ങിയ ഈ നശിച്ച മഴ എന്തിനുള്ള പുറപ്പാടാണാവോ. അവൾ പിറുപിറുത്തു. കാലവർഷം മണ്ണിലുള്ള അതിന്‍റെ സർവാധികാരവും എടുത്തുകൊണ്ട് ആർത്ത് പെയ്യുകയാണ്. ഇരുമ്പുതകിടിനാൽ തീർത്ത മേൽക്കൂരയിൽ പതിക്കുന്ന മഴവെള്ളം അതിന്മേൽ താളം പിടിക്കുന്നുണ്ടായിരുന്നു. വികടമായ ആ നാദം കേട്ട് ഏറെ നേരം കഴിഞ്ഞാണ് ഒന്നു മയങ്ങിയത്. അവൾ, അരികത്ത് ഉറങ്ങിക്കിടക്കുന്ന അമ്മയുടെ മുഖത്തേക്ക് നോക്കി.
ഒന്നും അറിയാതെ സുഖമായി കിടന്നുറങ്ങുകയാണ് പാവം!. മഴയുടെ സീൽക്കാരവും, കാതടപ്പിക്കുന്ന ഇടിനാദവും, ഒന്നും അമ്മ അറിയുന്നില്ല. കടത്തിണ്ണയാണെങ്കിലും പട്ടുമെത്തയിൽ കിടക്കുന്ന സംതൃപ്തിയാണ് അമ്മയുടെ മുഖത്ത്. ഉറങ്ങിക്കോട്ടെ, പാവം! അവളുടെ മനം മാതൃസ്നേഹത്താൽ നിറഞ്ഞു. അവൾ, നിലത്ത് നിന്നും പതുക്കെ എഴുന്നേറ്റ് കടയുടെ വരാന്തയിലൂടെ നടന്നു. വരാന്ത അവസാനിക്കുന്നിടത്ത്, മുകളിലത്തെ നിലയിലേക്ക് കയറാനുള്ള കോണിപ്പടി ഉണ്ടായിരുന്നു. അവൾ അതിന്‍റെ ഇരുമ്പുകാലുകളൊന്നിൽ പിടിച്ചങ്ങനെ നിന്നു. ഇടക്കിടെ വന്നുപോകുന്ന മിന്നലിന്‍റെ വെൺ പ്രകാശം അല്പനേരത്തേക്കാണെങ്കിലും അവിടെയെല്ലാം ഒരു പകലിന്‍റെ പ്രതീതി ജനിപ്പിച്ചിരുന്നു. ആഞ്ഞു വീശുന്ന കാറ്റിൽ ദൂരെയുള്ള തോപ്പിൽ തെങ്ങിൻ പറ്റം ആടിയുലയുന്നത് കാണാം. അവ, ഇരുകൈകളും ഉയർത്തി ദ്വന്ദയുദ്ധത്തിനു വരുന്ന ഒരു ഭീകരസത്വം പോലെ കാണപ്പെട്ടു. പൊട്ടിയ മേൽകൂരയുടെ വിടവിലൂടെ ഊർന്നിറങ്ങിയ മഴത്തുള്ളി നെറ്റിയിൽ പതിച്ചപ്പോൾ അവൾ ഞെട്ടിത്തരിച്ച് മുകളിലേക്ക് നോക്കി. പെട്ടന്നു വന്നുമാഞ്ഞ ഒരു മിന്നലിന്‍റെ പ്രകാശത്തിൽ അവളുടെ മുഖം തെളിഞ്ഞുകണ്ടു.
എണ്ണമയമില്ലാതെ പാറിപ്പറക്കുന്ന കേശങ്ങൾ, പ്രകാശം മങ്ങിയ നയനങ്ങൾ, വരണ്ടുണങ്ങിയ അധരങ്ങൾ. വിളറിവെളുത്ത മുഖത്ത്, അങ്ങിങ്ങായി അഴുക്ക് പുരണ്ടിരുന്നു. അവൾ ധരിച്ചിരുന്ന നീല നിറത്തിലുള്ള ഉടുപ്പില്‍ പല സ്ഥലങ്ങളിലായി കീറലുകൾ കാണാമായിരുന്നു. ഒറ്റ നോട്ടത്തിൽ ഒരു പതിനാല് വയസ്സ് പ്രായം തോന്നിക്കും അവൾക്ക്. സർവ്വശക്തനായ ദൈവത്തിന്‍റെ വ്യത്യസ്തവും വൈവിധ്യമാർന്നതും ആയ സൃഷ്ടികളിൽ ഒന്നാണ് അവളും. ഈ ജന്മത്തിൽ അവൾക്ക് ലഭിച്ച വേഷം ഒരു ഭിക്ഷക്കാരിയുടേതാണ്. വേഷങ്ങളിൽ, അടിത്തീർക്കുവാൻ ഏറ്റം ക്ലേശകരമായ വേഷം. ഭിക്ഷക്കാരിയാണെങ്കിലും അവൾ കുലീനയായിരുന്നു. സംരക്ഷിക്കപ്പെടാതെ നിറം മങ്ങിപ്പോയ ഒരു സൗന്ദര്യം അവളുടെ മുഖത്ത് ഒളിച്ചിരിക്കുന്നുണ്ടായിരുന്നു.
കാറ്റത്ത് പാറിപ്പറന്ന് മുഖത്തേക്ക് വീണ മുടിനാരിഴകൾ മാടിയൊതുക്കി, മുഖം തിരിച്ച് അവൾ അപ്പുറത്ത് വരാന്തയിൽ കിടക്കുന്ന അമ്മയെ നോക്കി. ആൾ നല്ല ഉറക്കമാണെന്ന് തോന്നുന്നു. അമ്മ ഒരു മികച്ച കൂർക്കം വലിക്കാരിയാണ്. അവൾ അതോർത്ത് മനസ്സിൽ പൊട്ടിച്ചിരിച്ചു. അതിന്‍റെ പ്രകാശം അവളുടെ ചുണ്ടുകളിൽ ഒരു ചെറുമന്ദഹാസമായി വിരിഞ്ഞു. ഇന്നലെയൊന്നും അമ്മയുടെ കൂർക്കം വലികേട്ട് ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല. ഇന്ന് എന്ത് പറ്റിയതാണാവോ? അമ്മ ശാന്തമായി ഉറങ്ങുകയാണ്. പുറത്ത് മുഴങ്ങുന്ന ഇടിനാദത്തിന് അമ്മയുടെ കൂർക്കം വലിയേക്കാൾ ശബ്ദമുണ്ടെന്ന് മനസിലായപ്പോൾ അമ്മ തോൽവി സമ്മതിച്ചതാവണം. ഇന്ന് ശരിക്കും ഒന്ന് ഉറങ്ങിയതായിരുന്നു. നശിച്ച മഴ അതിനും സമ്മതിക്കില്ല. അവൾ തോരാതെ പെയ്യുന്ന മഴയെ ശപിച്ചു. വിശന്നിട്ട് അവളുടെ ഉദരത്തിന്‍റെ അന്തർഭാഗത്തുനിന്നും കോലാഹലങ്ങൾ ഉയരുന്നുണ്ടായിരുന്നു. ഖാദറ്കാക്കാന്‍റെ ചായപ്പീടികയുടെ താഴെയുള്ള ചവറ്റുകൂനയിൽനിന്നും കിട്ടിയ ആരോ കഴിച്ചതിന്‍റെ ബാക്കി, ആകെ ഒരു ഏത്തപ്പഴം മാത്രമാണ് ഇന്ന് ഉച്ചക്ക് കഴിച്ചത്. വൈകുന്നേരം സഹകരണബാങ്കിന്‍റെ മുന്നിലെ പൈപ്പിൽ നിന്നും വയറുനിറയെ വെള്ളം കുടിച്ചു. തന്‍റെ പൊന്നമ്മച്ചി ഇന്നു മുഴുവൻ ആ വെള്ളമാണ് കുടിച്ചതെന്ന് വേദനയോടെ അവൾ ഓർത്തു. പഴത്തിന്‍റെ പാതി നൽകിയപ്പോൾ നിറകണ്ണുകളോടെ

"അമ്മച്ചിക്ക് വേണ്ട എന്‍റെ പൊന്നുമോൾ കഴിച്ചോ" എന്ന് അവർ പറഞ്ഞത് അവൾക്ക് ഓർമ വന്നു.
എന്തിനാ ദൈവമേ ഞങ്ങളെ സൃഷ്ടിച്ചത്? ഇങ്ങനെ എല്ലാവരുടെയും അവഗണനയേറ്റ് നരകിച്ചുജീവിക്കാനോ?
കുന്നിൻ ചെരുവിലെ കുരിശുപളളിയുടെ മുന്നിൽകൂടി പോകുമ്പോൾ അവിടെ കണ്ട പുഞ്ചിരിക്കുന്ന ദൈവരൂപത്തോട് ഈ ചോദ്യം അവൾ പലവട്ടം ചോദിച്ചിട്ടുണ്ട്. അപ്പോഴും ആ മുഖത്ത് പുഞ്ചിരിയായിരുന്നു. അപ്പോൾ അവളും ചിരിക്കും. അകലെയെത്തി തിരിഞ്ഞുനോക്കുമ്പോളും ആ രൂപം അവളെനോക്കി ചിരിക്കുന്നുണ്ടാകും തനിക്കെന്തോ വലിയ സൗഭാഗ്യം വരാനിരിക്കുന്നു അതായിരിക്കാം ആ ചിരിയുടെ ആശയം. അവൾ അങ്ങനെ ആശ്വാസം കണ്ടെത്തും. അങ്ങനെയൊരു ജീവിതം എന്നും അവളുടെ സ്വപ്നങ്ങളിൽ ഉണ്ടായിരുന്നു. എല്ലാം ശരിയാകും.
ഒരിക്കൽ പാരിഷ്ഹാളിന് അടുത്തുള്ള എച്ചിൽക്കൂനയിൽ ആഹാരത്തിനായി തെരുവുനായ്ക്കളുമായി മല്ലിടുമ്പോൾ അകത്തു നടക്കുന്ന വേദപാഠ ക്ലാസിൽ അച്ചൻ പറയുന്നത് കേട്ടു,
“ക്രിസ്തുനാഥൻ ഒരിക്കൽ വിതക്കാരന്‍റെ ഉപമ അരുളിച്ചെയ്തു: " വിതയ്ക്കാരന്‍ വിതക്കാന്‍ പുറപ്പെട്ടപ്പോൾ, ചിലത് വഴിയരികില് വീണു. അത് ആകാശപ്പറവകൾ കൊത്തിക്കൊണ്ടുപോയി. മറ്റ് ചിലത് പാറപ്പുറത്ത് വീണു. മണ്ണിന് ആഴമില്ലാതിരുന്നതു കൊണ്ട് അതു കരിഞ്ഞുപോയി. വേറെ ചിലതു മുള്ളുകളുടെ ഇടയില് വീണു. മുള്ളുകൾ അതിനെ ഞെരുക്കിക്കളഞ്ഞു. എന്നാല് ചിലത് നല്ല നിലത്തു വീണു. അവ നൂറും അറുപതും മുപ്പതും മേനി വിളവ് നല്കി."
“ഞങ്ങളെയും ദൈവം വിതച്ചത് മുൾച്ചെടികൾക്കിടയിലായിരിക്കും.” അവളപ്പോൾ ചിന്തിച്ചിരുന്നു.
പെട്ടെന്നു മുഴങ്ങിയ ഒരു ഇടിയൊച്ചകേട്ട്. ചിന്തയിൽ മുഴുകിയിരുന്ന അവൾ പേടിച്ചരണ്ട് "അമ്മേ" എന്ന് വിളിച്ചുകൊണ്ട് അപ്പുറത്ത് കിടന്നിരുന്ന അമ്മയെ ചെന്ന് കെട്ടിപ്പിടിച്ച് കണ്ണുകൾ ഇറുക്കിയടച്ച് കിടന്നു. കുറേ നേരം അങ്ങനെ കിടന്നു. അമ്മയുടെ കരങ്ങൾ അവളുടെ മുഖത്തോട് ചേർത്ത്, അവൾ അവയ്ക്കിടയിൽ തലവച്ചങ്ങനെ കിടന്നു.
"എന്തൊരു ഉറക്കമാ! അമ്മ. ഇടിവെട്ടിയതുപോലും അറിഞ്ഞിട്ടില്ല."
ഇടിയുടെ ഗാംഭീര്യം ഒന്ന് കുറഞ്ഞപ്പോൾ അവൾ പതുക്കെ കണ്ണുകൾ തുറന്നു. അമ്മയുടെ കൈകൾ നല്ലവണ്ണം തണുത്തിരുന്നു. ഇടക്കിടെ വന്നുപോകുന്ന മിന്നലിന്‍റെ പ്രകാശത്തിൽ അവൾ അമ്മയുടെ മുഖം കണ്ടു. ആ മിഴികൾ പാതി തുറന്നിരുന്നു. അവൾക്ക്, എന്തോ ആപത്ത് ഉള്ളതുപോലെ തോന്നി. അവളുടെ നെഞ്ചിനകത്ത് ഭീതിയുടെ ജ്വാലകൾ ആളിപ്പടർന്നുതുടങ്ങിയിരുന്നു. അവൾ "അമ്മേ.." എന്ന് വിളിച്ചു. അമ്മ എഴുന്നേറ്റില്ല. അവൾ എഴുന്നേറ്റ് ഒരിക്കൽകൂടി അമ്മയെ കുലുക്കി വിളിച്ചു.
"അമ്മേ, കണ്ണുതുറക്ക്." അമ്മയ്ക്ക് അനക്കമുണ്ടായിരുന്നില്ല.
ശിരസിൽ ഇടിമിന്നൽ പതിച്ച കണക്കെ അവൾ തളർന്നിരുന്നു. അവളുടെ മിഴികളിൽനിന്ന് ചുടുജലകണങ്ങൾ പൊഴിയാൻ തുടങ്ങിയിരുന്നു. നെഞ്ചിൽ എരിഞ്ഞുകൊണ്ടിരുന്ന ഭീതിയുടെ തീ ആളിക്കത്തി. അതൊരു കരച്ചിലായി ഭവിച്ചു. അവൾ കണ്ഠം പൊട്ടുമാറ് ഉറക്കെ കരഞ്ഞു. മഴയുടെ സീൽക്കാരത്തിൽ അവളുടെ ശബ്ദം അലിഞ്ഞലിഞ്ഞ് ഇല്ലാതായി. അവൾ എന്തോ തീർച്ചപ്പെടുത്തിയ മട്ടിൽ പെട്ടെന്ന് കരച്ചിൽ നിറുത്തി. അമ്മയുടെ കൈ അവളുടെ ദേഹത്ത് ഇട്ട് മാറോടു ചേർന്നുകിടന്നു. മിടിക്കാത്ത ആ ഹൃദയത്തിൽ എവിടെയെങ്കിലും ചെറുചലനങ്ങൾ ഉയരുന്നുണ്ടോ എന്ന് കണ്ടെത്താൻ.

"ഇല്ല.. എന്‍റെ അമ്മ എങ്ങും പോയിട്ടില്ല!." അവൾ അമ്മയെ ഇറുക്കിപ്പിടിച്ചു കണ്ണുകൾ അടച്ചുകിടന്നു.
രാവിലെ ആൾക്കൂട്ടത്തിന്‍റെ ശബ്ദം കേട്ട് അവൾ എഴുന്നേറ്റു. കണ്ണുതുറക്കുമ്പോൾ കാണുന്നത് തങ്ങൾക്ക്ചുറ്റും വട്ടം കൂടിനിൽക്കുന്ന ഒരുപറ്റം ആളുകളെയാണ്. അവർ പരസ്പരം എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. അതിൽ അവൾക്ക് കണ്ടുപരിചയമുള്ള ഒരുപാടുപേർ ഉണ്ടായിരുന്നു. തൊണ്ട വരണ്ടപ്പോൾ കുടിക്കാൻ ഒരൽപം ചൂടുവെള്ളം ചോദിച്ചപ്പോൾ ചൂടുവെള്ളം ദേഹത്തേക്കൊഴിച്ച തട്ടുകടക്കാരൻ കണാരേട്ടൻ. പഴങ്കഞ്ഞി ചോദിച്ചപ്പോൾ നായയെ അഴിച്ചുവിട്ട പത്രോസ്ചേട്ടൻ, ചാമ്പങ്ങ പറിക്കാൻ മരത്തിൽ കയറിയപ്പോൾ പറമ്പിൽനിന്നും പുറത്തുകടക്കുന്നവരെ തല്ലുകയും ചീത്ത വിളിക്കുകയും ചെയ്ത, സുധാകരേട്ടൻ, എല്ലാവരും ഉണ്ടായിരുന്നു. എല്ലാവരുടെയും മുഖത്ത് അതുവരെ കണ്ടിട്ടില്ലാത്ത ഒരു സഹതാപം പ്രകടമായിരുന്നു.
പെട്ടെന്ന് അവിടേക്ക് എവിടെനിന്നോ ഒരു ആംബുലൻസ് വാൻ വന്നുചേർന്നു. കൂട്ടംകൂടി നിന്നിരുന്ന ആളുകളെ ഇരുചേരികളിലുമാക്കി, പിൻഭാഗം തിരിഞ്ഞുനീങ്ങി വന്ന അതിന്‍റ പുറകിലെ വാതിലുകൾ തുറക്കപെട്ടു. അതിൽനിന്നും ശുഭ്രവസ്ത്രധാരികളായ രണ്ടുപേർ ഇറങ്ങിവന്നു. അവരുടെ കയ്യിൽ ഒരു തൂക്കുകട്ടിൽ ഞാന്നുകിടന്നിരുന്നു. മാതാവിനുചാരെ എത്തിയശേഷം അത് നിവർത്തപ്പെട്ടു. നിലത്ത് വച്ചതിനുശേഷം രണ്ടുപേർ ചേർന്ന് അമ്മയെ അതിനുമുകളിൽ കയറ്റിക്കിടത്തി. അപ്പഴും നിസ്സഹായത തുളുമ്പിനിന്നിരുന്ന പാതി തുറന്ന മാതാവിന്‍റെ മിഴികളിലേക്ക് നോക്കിനിൽക്കെ, ഉള്ളിൽ തികട്ടിവന്ന സങ്കടം സഹിക്കവയ്യാതെ അവൾ അലറിക്കരഞ്ഞു. ആ കരച്ചിലിന്‍റെ ശബ്ദംകേട്ട് തൊട്ടപ്പുറത്തെ ചവറ്റുകൂനയിൽ, ഭോജനം കൊത്തി വലിക്കുകയായിരുന്ന കാകന്മാർ ഭയന്ന് ചിറകടിച്ചുപറന്നുപൊങ്ങി. അവർ അമ്മയെ വണ്ടിയിൽ കയറ്റി. വാതിലുകൾ അടക്കപ്പെട്ടു. അതിനുപുറത്ത് ആംഗ്ലേയലിപിയിൽ എഴുതിയ അക്ഷരങ്ങൾ വായിക്കാൻ അവൾക്ക് അറിയില്ലായിരുന്നു. അവയിൽ നോക്കി നിസ്സഹായയായിരുന്ന് ഏങ്ങലടിച്ചുകൊണ്ടിരുന്ന അവളെ സാന്ത്വനിപ്പിക്കാൻ അവിടെ ആരും ഉണ്ടായില്ല. അമ്മ അപ്പോഴും നിശ്ശബ്ദയായിരുന്നു. വാഹനം സ്റ്റാർട്ട് ചെയ്യപ്പെട്ടു. ആളുകളെ ഇരുഭാഗത്തേക്കും വകഞ്ഞുനീക്കിക്കൊണ്ട് അത് മുന്നോട്ട് നീങ്ങി. നിശ്ചലയായി തന്നെ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്ന ആ പെൺകുട്ടിയിൽനിന്നും ആ വാഹനം ദൂരേക്ക് അകന്നുനീങ്ങി.
തുടരും...

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ