Ind disable

2017, നവംബർ 26, ഞായറാഴ്‌ച

ഭിക്ഷുകി (ഭാഗം 3)


കണ്ണുനീർവാർക്കുന്ന മിഴികളോടെ അവൾ, അപ്പുറത്ത് സല്ലപിച്ചുകൊണ്ടിരുന്ന പെൺകുട്ടികളിൽ ഒരുവളോട് ചോദിച്ചു.  

"ചേച്ചി, ഇന്ന് ഒന്നും കഴിച്ചില്ല. എന്തെങ്കിലും തരാവോ?"

അത് പരിഷ്കാരിയായ ആ പെൺകുട്ടിക്ക് തീരെ പിടിച്ചില്ല. അവൾ തറപ്പിച്ചുനോക്കിക്കൊണ്ട് പറഞ്ഞു.

"തരാൻ ഒന്നും ഇല്ല! പോയേ"

ചുണ്ടിൽ പരന്നുപോയ ലിപ്സ്റ്റിക്, പഴ്സിലെ കണ്ണാടിയിൽ നോക്കി ശരിയാക്കിക്കൊണ്ട് അവൾ മറുപടി പറഞ്ഞു. മുന്നിലൂടെ വന്നുപോകുന്ന ഒരോ ബസിലും തങ്ങളെ നോക്കുന്ന കണ്ണുകളെ ഒളികണ്ണുകൾകൊണ്ട് നോക്കിക്കണ്ടു. വീണ്ടും മതിമറന്ന് സംസാരിച്ചുകൊണ്ടിരുന്നു. അന്നത്തെ ദിവസവും കടന്നുപോയി. അന്നവൾക്ക് തലചായ്ക്കാൻ ഇടം കിട്ടിയത് റോഡിൽ നിന്നും അൽപം മാറി, കാറ്റത്ത് മറിഞ്ഞുവീണുകിടക്കുന്ന ഒരു പരസ്യ ബോർഡിന്‍റെ താഴെയാണ്. ആരുടെയും കണ്ണിൽപെടാതിരിക്കാൻ അവൾ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

                         ദിവസങ്ങൾ പലതും പിന്നിട്ടു. ആഴ്ചകളും മാസങ്ങളും കടന്നുപോയി. രാവുകളും പകലുകളും ഒരുപാട് വന്നുപോയി. ഓരോ ദിവസം കഴിയുംതോറും മനസിൽ ഒരു ലക്ഷ്യം മാത്രം. നാളത്തെക്കുള്ള ഭക്ഷണം, പാർപ്പിടം ഇതു മാത്രം. കാലം നീങ്ങുന്തോറും ജീവിതം അവൾക്ക് കൂടുതൽ കഠിനമായിക്കൊണ്ടിരുന്നു. സ്വാർത്ഥരും കഠിനഹൃദയരുമായ ജനങ്ങൾക്കിടയിൽ പിടിച്ചുനിൽക്കാൻ അവൾ നന്നേ പണിപ്പെടുന്നുണ്ടായിരുന്നു. എവിടെ പോയാലും എന്ത് കിട്ടിയാലും ഒരു കാര്യം മാത്രം അവൾ മുടങ്ങാതെ ചെയ്തുപോന്നു. മലഞ്ചെരുവിലെ കുരിശുപള്ളിയിലെ നേർച്ചപ്പെട്ടിയിൽ നിത്യേന നേർച്ചയിടുന്നത്. മനസിൽ ഒരു പ്രാർത്ഥന മാത്രമേ ഉണ്ടായിരുന്നുള്ളു അവൾക്ക്. ആപത്തുകളിലൊന്നും അകപ്പെടുത്തരുതെ എന്ന്. ഒരിക്കൽ സന്ധ്യക്ക് വഴിയിലൂടെ നടന്നുപോവുകയായിരുന്ന അവളെ ഒരു ഓട്ടോ ഡ്രൈവർ കടന്നുപിടിക്കുകയുണ്ടായി. അന്ന് അയാളുടെ മുഖത്ത് പ്രഹരിച്ച് രക്ഷപ്പെടാൻ കഴിഞ്ഞത് താനെന്നും വിളിച്ചിരുന്ന ദൈവത്തിന്‍റെ കൃപയാലാണെന്ന് അവൾ വിശ്വസിച്ചു. അവൾ തന്‍റെ ക്ലേശകരമായ ജീവിതത്തിനിടക്ക് ഒരുപാട് കാര്യങ്ങൾ തന്‍റെ അനുഭവങ്ങളിൽ നിന്നും പഠിച്ചിരുന്നു. പെൺകുട്ടികൾക്ക് സമൂഹത്തിൽ ജീവിക്കുക എന്നത് അല്പം കഷ്ടമുള്ള കാര്യമാണെന്ന് അവൾ മനസിലാക്കിയിരുന്നു. താനും ഒരു പെൺകുട്ടിയായതുകൊണ്ട് അവൾ അക്കാര്യത്തിൽ കൂടുതൽ ശ്രദ്ധിച്ചിരുന്നു. അവൾ തന്‍റെ ദൈനംദിനജീവിതത്തിനിടക്ക് ഒരുപാട് ആളുകളെ കണ്ടു. വ്യത്യസ്ത സ്വഭാവക്കാർ, വ്യത്യസ്ത വേഷക്കാർ വെവ്വേറെ പ്രായക്കാർ. തുള്ളിച്ചാടി നടക്കുന്ന ബാല്യത്തെയും, നാണിച്ചുതലതാഴ്ത്തിനടക്കുന്ന കൗമാരത്തെയുംതലയുയർത്തിനടക്കുന്ന യൗവ്വനത്തെയും, ഇരുണ്ടമുഖമായി നടക്കുന്ന വാർധക്യത്തെയും അവൾ കണ്ടു. കൈകോർത്തുനടക്കുന്ന കമിതാക്കളെയും, അകന്നുനടക്കുന്ന ദമ്പതികളെയും കണ്ടു. സ്വഭവനത്തിൽ സഹധർമ്മിണി ഉറങ്ങിക്കിടക്കെ അന്യവീടുകളിൽ സേവനം ചെയ്യാൻ പോകുന്ന പൗരുഷങ്ങളെ കണ്ടു. അതിനു വാതിലുകൾ തുറന്നുനൽകുന്ന സ്ത്രീത്വത്തെയും കണ്ടു. പ്രണയിനി അറിയാതെ മറ്റു സഖിമാരോട് മൊബൈൽഫോണിൽ സല്ലപിക്കുന്ന ആത്മാർഥ കാമുകന്മാരെ കണ്ടു. കാമുകന്മാർ മാറിയ തക്കത്തിന്, മറ്റു തോഴന്മാർക്ക് "മിസ്ഡ് കോൾ" അയക്കുന്ന ആത്മാർഥ കാമുകിമാരെ കണ്ടു.

                             ഇന്നവൾക്ക് വയസ് പതിനാറ്. പതിവുപോലെ ഏതോ ഒരു വാഹനത്തിന്‍റെ ഗർജനം കേട്ട് അവൾ ഉണർന്നു. നിരത്തിൽ ആളുകളുടെ എണ്ണം, വർധിക്കാൻ തുടങ്ങിയപ്പോൾ പതിയെ തന്‍റെ പാത്രവുമായി ഇറങ്ങി.
"ഇന്ന് എവിടെ പോകും?" താൻ അപമാനിതയായ ആ പഴയ ബസ്റ്റോപ്പ് അവൾക്കോർമ വന്നു. രാവിലെ അവിടയെ ആളുകൾ വരൂ. വേറെ മാർഗമില്ല. അവിടേക്ക് തന്നെ. അവൾ അത് ലക്ഷ്യമാക്കി നടന്നു.

                             സ്റ്റോപ്പിൽ ആളുകൾ കുറവായിരുന്നു. കുറച്ച്  കോളേജ് വിദ്യാർത്ഥികളും, വിദ്യാർത്ഥിനികളും മാത്രം. പാന്‍റിന്‍റെ പോക്കറ്റിൽ കൈകൾ കുത്തിനിവരുകയായിരുന്ന, ഒരു പയ്യനോട് അവൾ 'എന്തെങ്കിലും തരണേ' എന്നപേക്ഷിച്ചു. അവൻ ഒന്നുകൂടെ താടിരോമങ്ങൾ തടവിയിട്ട് ഒന്നും ഇല്ലെന്ന് പറഞ്ഞു. അവിടെ നിന്നും ഒന്നും കിട്ടില്ലെന്ന് അവൾക്ക് ബോധ്യപ്പെട്ടു. അവൾ, ഇനി എങ്ങോട്ട് പോകും എന്ന് ആലോചിച്ചിട്ടങ്ങനെ നിന്നു. ബസ്റ്റോപ്പിന്‍റെ അരികിലുള്ള ബദാം മരത്തിന്‍റെ ചുവട്ടിൽ കുറച്ച് മാറിനിന്നിരുന്ന ഒരു പയ്യനെ അവൾ ശ്രദ്ധിച്ചു. ഗൗരവമായ മുഖഭാവത്തോടെ വിദൂരതയിലേക്ക് നോട്ടമുറപ്പിച്ച്, എന്തോ ആലോചിച്ചിട്ടാണ് നിൽപ്. മുന്നിൽ, റോഡിലൂടെ കടന്നുപോകുന്ന വാഹനങ്ങളെയും ആളുകളെയും അവൻ ശ്രദ്ധിക്കുന്നേയില്ല. ഒരു തോളിൽ ഒരു ബാഗ് കിടന്നാടുന്നുണ്ട്. ഒരു കോളേജ് വിദ്യാർത്ഥിയായിരിക്കാം. ആ യൂണിഫോമിൽ അവിടെ വേറെ ആരും ഇല്ല. എന്തായാലും അവിടെയും പോയി ഒന്നു ചോദിക്കാം എന്നു കരുതി അവൾ അവനടുത്തേക്ക് നടന്നു.

"ചേട്ടാ എന്തെങ്കിലും തരുമോ ?"

ചിന്താലോകത്തായിരുന്ന അവൻ ആ ചോദ്യം കേട്ട് ഞെട്ടി. അവളുടെ ഉള്ളിൽ ഒരു മിന്നൽപിണർ വന്നുപോയി. 'ദൈവമേ, വഴക്കു പറയുമോ' എന്നോർത്ത് അവൾ പേടിച്ച് അവന്‍റെ മുഖത്തേക്ക് നോക്കി. അവൻ മുഖം തിരിച്ച് അവളുടെ നേരെ നോക്കി. അപ്പോഴും ഗൗരവം വിടാത്ത ആ മുഖഭാവം കണ്ട് അവളുടെ ഉള്ളിൽ ഭയം ഇരട്ടിയായി. പക്ഷെ അവൻ ശാന്തനായിരുന്നു. കുറച്ചുനിമിഷം അവളുടെ മുഖത്തേക്ക് സൂക്ഷിച്ചുനോക്കി. ഇങ്ങനെ ഇതിനുമുൻപ് തന്‍റെ അമ്മ മാത്രമേ ഇങ്ങനെ നോക്കിയിട്ടുള്ളൂ എന്ന് അവൾ ഓർത്തു. അതിനു ശേഷം അവൾ കണ്ട ഒറ്റ മുഖങ്ങളും അവളുടെ നേരെ ഇങ്ങനെ, ശ്രദ്ധിച്ചുനോക്കിയിട്ടില്ല. അവനിൽ എന്തോ ഒരു പ്രത്യേകത ഉള്ളപോലെ അവൾക്ക് അനുഭവപ്പെട്ടു. അവന്‍റെ കണ്ണുകളിൽ സഹതാപത്തിന്‍റെ കണികകൾ മിന്നുന്നത് അവൾ അറിഞ്ഞു. അവൻ പോക്കറ്റിൽ കൈയിട്ട് ഒരു പത്തുരൂപ നോട്ടെടുത്ത് പുഞ്ചിരിച്ചുകൊണ്ട് അവൾക്കുനേരെ നീട്ടി. അവൾ നന്ദിയോടെ അവന്‍റെ നേരെ നോക്കി പുഞ്ചിരിച്ചു.

"ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ.." അവൾ മൊഴിഞ്ഞു.

"ആയിക്കോട്ടെ സന്തോഷംഅവൻ പുഞ്ചിരിച്ചു

താൻ അന്നുവരെ കണ്ട ആളുകളിൽ നിന്നും വ്യത്യസ്തമായി അവന്‍റെ പുഞ്ചിരിയിൽ നിന്നും എന്തോ ഒരു പ്രഭ പൊഴിയുന്ന പോലെ അവൾക്കുതോന്നി. ജീവിതത്തിൽ ആദ്യമായിട്ടാണ് തന്നെ നോക്കി നല്ല അർത്ഥത്തിൽ ഒരാൾ പുഞ്ചിരിക്കുന്നത്. അതായിരിക്കാം. അവൾ ഓരോന്ന് ആലോചിച്ചുകൊണ്ട്, നിറഞ്ഞ മനസോടെ നടന്നു. അല്പദൂരം കഴിഞ്ഞപ്പോൾ അവൾ പിന്തിരിഞ്ഞുനോക്കി, അവനതാ തന്‍റെ നേരെ നോക്കി നിൽക്കുന്നു. അവളെ കണ്ടപ്പോൾ അവൻ വീണ്ടും തലവെട്ടിച്ച് പഴയപടി നിൽപായി. അവൾ പെട്ടെന്ന് മുഖം തിരിച്ചു മുന്നോട്ട് നോക്കി നടന്നു.

"എന്തിനാണാവോ അയാൾ തന്നെത്തന്നെ ഇങ്ങനെ നോക്കുന്നത് ?"

അന്ന്, സോഡാ കമ്പനിയുടെ പുറകിലുള്ള, മുകളിലേക്ക് കയറാനുള്ള ഗോവണിക്കടിയിലെ ചെറിയ സ്ഥലത്ത് അന്തിയുറങ്ങുമ്പോൾ അവൾ തലപുകഞ്ഞ് ആലോചിച്ചു.
പിറ്റേ ദിവസവും അവൾ അതേ സ്ഥലത്തുതന്നെ ചെന്നു. അവൻ അന്നും അതേ സ്ഥലത്തു തന്നെ സ്ഥാനം പിടിച്ച് പതിവുപോലെ നിൽക്കുന്നു.അവൾ നേരെ അവന്‍റെയടുത്ത് ചെന്നു.

"ചേട്ടായി.."

അവൻ ശബ്ദം കേട്ട് അവളെ നോക്കി. പുഞ്ചിരിച്ചു.

"ആഹാ ഇന്നും ഒണ്ടോ ?"

അവൻ അല്പം നർമ്മം കലർന്ന സ്വരത്തിൽ ചോദിച്ചു. അവൾ ലജ്ജിച്ച് തലതാഴ്ത്തിനിന്നു.

"അത് പിന്നെ ചേട്ടായി. ക്ഷമിക്കണം ഞാൻ പോയേക്കാം.." അവൾ വിക്കി.

"നിന്നെ കളിയാക്കാൻ വേണ്ടി ചോദിച്ചതല്ല. നിന്നെ കൊറേ നാളായി ഞാൻ ശ്രദ്ധിക്കുന്നുണ്ട്. പല സ്ഥലങ്ങളിലായി. ഇപ്പൊ എല്ലായിടത്തും കാണാം ഓരോ ആളുകൾ, ആളുകളുടെ സഹതാപം പിടിച്ചുപറ്റി പണം തട്ടാനായി. കയ്യിൽ ഇഷ്ടം പോലെ പൈസയും കാണും. നീയും അങ്ങനെ വല്ലതും ആണോ.?"

അവളുടെ കണ്ണു നിറഞ്ഞു. അവൾ എന്തുപറയണം എന്നറിയാതെ മുഖം താഴ്ത്തി. കണ്ണുനീർ കവിളിലൂടെ ഒഴുകി അവന്‍റെ കാലുകളിൽ ഇറ്റുവീണു. അവന്‍റെ ഉള്ളിലൂടെ ഒരു വൈദ്യുത പ്രവാഹം കടന്നുപോയി. താൻ പറഞ്ഞത് അൽപം കടന്നുപോയി എന്ന് അവന് മനസിലായി. പശ്ചാത്താപവിവശനായി അവൻ പറഞ്ഞു.

"ഞാൻ നിന്നെ വെഷമിപ്പിക്കാൻവേണ്ടി പറഞ്ഞതല്ല. അറിയാതെ വായീന്ന് വീണുപോയ ആ നശിച്ച വാക്കുകൾക്ക് ഞാൻ മാപ്പുചോദിക്കുന്നു. പോരെ. ഇനി കണ്ണുതൊടച്ചൂടെ ?.

"ഉം. സാരവില്ല. എനിക്ക് ഒരു സങ്കടോം ഇല്ല. ഇത് എത്ര തവണ കേട്ടതാ. എന്‍റെ കുഞ്ഞുനാള് മൊതലെ. പിന്നെ എന്താണെന്നറിയില്ല. ഈ കണ്ണിങ്ങനെ എപ്പഴും നിറഞ്ഞൊഴുകും. എന്തേലും കാരണം കിട്ടാൻ കാത്തിരിക്കുവാന്നെ. ശരി. ഞാൻ പോവാ. കൊറേ സ്ഥലത്ത് പോകാനുണ്ട്. സമയം ഒത്തിരിയായി!."
അവൾ പോകാൻ ഭാവിച്ചു.

"പോവല്ലേ, നിന്നെ. ആട്ടെ, കൊച്ചിന്‍റെ.. പേരെന്നാ..?" അവൻ അവളെ തടഞ്ഞു.

"റോസ്"

ഘനഗംഭീരമായ സ്വരത്തിലുള്ള ആ ചോദ്യംകേട്ട് അവൾ അറിയാതെ പറഞ്ഞുപോയി.
മറന്നു തുടങ്ങിയ ആ നാമം ഒരിക്കൽ കൂടി അവളുടെ ഓർമകളിൽ തെളിയുകയായിരുന്നു.

"വന്നേ.. " 

അവളുടെ എതിർപ്പ് വകവെക്കാതെ അവളെയും വിളിച്ചുകൊണ്ട് റോഡിൽ നിന്നും മാറി ആളൊഴിഞ്ഞ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു തട്ടുകടയിൽ ചെന്നു
അവളോട്  ഇരിപ്പിടത്തിൽ പോയി ഇരിക്കാൻ പറഞ്ഞിട്ട്. ദോശയ്ക്കും രണ്ടു ചായക്കും പറഞ്ഞു. അവ ഉടനെ തന്നെ മേശയിൽ എത്തി.
അവൾ കൊതിയോടെ അത് വാരിക്കഴിക്കുന്നത് നോക്കിക്കൊണ്ട്, കയ്യിൽ പിടിച്ചിരിക്കുന്ന ചായഗ്ലാസ്സിൽ ചുണ്ടുകൾ ചേർത്ത് അവൾക്കഭിമുകമായി, അവൻ ഇരുന്നു. അവൾ പരിസരം മറന്ന്, വയറ്റിൽ ആളുന്ന വിശപ്പെന്ന തീയെ അണച്ചുകൊണ്ടിരുന്നു.

"കൊച്ചിന്‍റെ വീടെവിടാ ? അമ്മയൊക്കെ എവിടെ ? "

അവളുടെ തിടുക്കം അല്പം കുറഞ്ഞെന്നു കണ്ടപ്പോൾ അവൻ ആരാഞ്ഞു.
തുടര്‍ന്നും ചോദ്യങ്ങൾ വന്നുകൊണ്ടേയിരുന്നു. അമ്മയെപ്പറ്റി ചോദിച്ചപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു. കണ്ണുനീർ കവിളിലൂടെ ഒഴുകി. തല താഴ്ത്തി അവൾ അവനുമുൻപാകെ തന്‍റെ ജീവിതത്തിൽ സംഭവിച്ച ദുരന്തങ്ങളെ വിസ്തരിച്ചുകൊണ്ടിരുന്നു. ഏതൊരു മനുഷ്യനും ചിന്തിക്കാൻ കഴിയുന്നതിനേക്കളുപരി മോശമായ കാര്യങ്ങൾ തന്‍റെ ജീവിതത്തിൽ നേരിടേണ്ടി വന്ന നിഷ്കളങ്കയായ ആ പെൺകുട്ടിയെ അവൻ അനുകമ്പ സ്ഫുരിക്കുന്ന കണ്ണുകളോടെ നോക്കി. പിന്നെ തല പുകച്ച് എന്തൊക്കയോ പദ്ധതികൾ ആസൂത്രണം ചെയ്തു.

"ഇവിടെ അടുത്തൊരു അനാഥാലയമുണ്ട്. അവിടത്തെ ആളെ എനിക്ക് പരിചയം ഒണ്ട്. കൊച്ചിനെ പറ്റുവാണെ അവിടെ ആക്കാം. അവിടെ ഒത്തിരി അമ്മമാരൊണ്ട്. കൂട്ടുകൂടാൻ എല്ലാവരും ഒണ്ടാകും."

അവൾ ഏതോ സ്വപ്നലോകത്തിൽ ആയിരുന്നു. എന്താണ് നടക്കുന്നതെന്ന് അവൾക്ക് മനസിലാക്കാൻ കഴിഞ്ഞില്ല.

"ആരാണ് ഇവൻ ? എന്തിനാണ് ഇങ്ങനൊക്കെ പറയുന്നത്? അടുത്ത ചതിയാണോ?"

ഒരുപാട് ചോദ്യങ്ങൾ അവളുടെ ഉള്ളിൽ ഉയർന്നുതുടങ്ങി. ഓടിപ്പോയാലോ എന്നുവരെ തോന്നി. എന്തായാലും വരുന്നത് കാണാം. അവൾ കൈയ്യും മുഖവും വൃത്തിയായി കഴുകി, അവനോടൊപ്പം നടന്നു. അവൻ മൊബൈൽ ഫോണിൽ ആരെയൊക്കെയോ വിളിക്കുന്നുണ്ടായിരുന്നു.

                                അൽപനിമിഷത്തിനകം അവിടെ കുറെ സ്കൂൾ വിദ്യാർഥികളെ നിറച്ച ഒരു വാൻ വന്നുനിന്നു. അതിന്‍റെ മുൻവശത്തെ ചില്ലിന് മുകൾഭാഗത്ത് "നിർമലഭവനം" എന്ന് എഴുതിയിരുന്നു. അവൾ മുഖമുയർത്തിനോക്കി. വാനിൽ നിറയെ കുട്ടികളാണ്. അംഗവൈകല്യമുള്ളവർ, ബുദ്ധിമാന്ദ്യമുള്ളവർ എല്ലാരും ഉണ്ടായിരുന്നു. എല്ലാവരും പാൽപുഞ്ചിരിയുമായി അവളെ നോക്കി, കൈകളാൽ അഭിവാദ്യം ചെയ്യുന്നത് അവൾ കണ്ടു. നരച്ച താടിയുള്ള വൃദ്ധനായ അതിന്‍റെ ഡ്രൈവറോട് അവൻ എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു. അതിനുശേഷം അവൾക്കരികെ  വന്നിട്ട് പറഞ്ഞു,

"ഇതാ ഈ വണ്ടി ഞാൻ പറഞ്ഞ സ്ഥലത്തെയാ. ഇതിൽ കയറിക്കോളൂ.ഞാൻ വൈകുന്നേരമാകുമ്പോഴേക്കും അവിടെ എത്തിക്കോളാം. എല്ലാ കാര്യങ്ങളും വിശദമായി അവരോട് സംസാരിക്കാം. ഇപ്പോ വരാൻ പറ്റില്ല."

അവൾ മടിച്ചുനിന്നു. വാഹനത്തിനകത്തെ നിഷ്കളങ്കമായ മുഖങ്ങൾ അവളെ മാടിവിളിക്കുന്നത് അവൾ കണ്ടു. അവൾ പുഞ്ചിരിച്ചുകൊണ്ട്. സീറ്റിൽ കയറിയിരുന്നു. അത് കണ്ടപ്പോൾ അവന്‍റെ മുഖത്ത് ആദ്യമായി പുഞ്ചിരി വിടർന്നു. എന്തോ മഹത്കാര്യം ചെയ്യാൻ സാധിച്ചതിന്‍റെ സംതൃപ്തി അവന്‍റെ മുഖത്ത് അവൾ കണ്ടു. എന്തോ ആലോചിച്ചിട്ടെന്നപോലെ അവൾ പെട്ടെന്ന് വാഹനത്തിൽ നിന്നും ഇറങ്ങിആകെയുണ്ടായിരുന്ന പണം കൈയ്യിൽ ഇറുക്കിപ്പിടിച്ച് അവൻ ആ ബസ്റ്റോപ്പിന് അരികുവശത്തായി സ്ഥിതിചെയ്യുന്ന കുരിശുപള്ളി ലക്ഷ്യമാക്കി ഓടി. അത് മുഴുവനും നേർച്ചപ്പെട്ടിയിൽ നിക്ഷേപിച്ചു.

"ദൈവമേ അപത്തൊന്നും വരുത്താതെ. കാത്തോളണേ..."

അതിനുശേഷം ആ വാഹനത്തിൽ കയറിയിരുന്നു. നീങ്ങിത്തുടങ്ങിയിരുന്ന ആ വാഹനത്തിന്‍റെ അരികുജനാലകളിലൂടെ, റോഡരുകിൽ പുഞ്ചിരി തൂകുന്ന മുഖത്തോടെ നിൽക്കുന്ന അവനെ നോക്കി. അവൻ കണ്ണിൽ നിന്നും മറയും വരെ, അവൾ നിറകണ്ണുകളോടെ അവനെ നോക്കി. അപ്പോഴും അവന്‍റെ ചുണ്ടുകളിൽ പുഞ്ചിരിയായിരുന്നു.
തുടരും..

2017, നവംബർ 19, ഞായറാഴ്‌ച

ഭിക്ഷുകി (ഭാഗം 2)


                                    അവൾ കരച്ചിൽ നിറുത്തി. മുഖം താഴ്ത്തി നിലത്തേക്ക് ദൃഷ്ടിപതിപ്പിച്ച് അങ്ങനെ ഇരുന്നു. മുന്നിലേക്ക് പാറിവീണ അവളുടെ എണ്ണയമില്ലാത്ത മുടിനാരിഴകൾ മുഖം മറച്ചുകളഞ്ഞു. ആളുകൾ അപ്പോഴും പരസ്പരം എന്തൊക്കെയോ പറഞ്ഞുകൊണ്ടിരിക്കയായിരുന്നു. അവ്യക്തമായ ശബ്ദശകലങ്ങൾ ഒരു മുഴക്കമായി അവളുടെ കർണങ്ങളിൽ പതിച്ചു. അതിനിടെ ഒരാൾ പറഞ്ഞു,

"പാവം കുട്ടി ഇനി എന്തു ചെയ്യും ആവോ? ദൈവം തുണക്കട്ടെ."

ആ ശബ്ദത്തിന്‍റെ ഉടമസ്ഥനെ കാണാനുള്ള ഉത്കണ്ഠയിൽ അവൾ മുഖമുയർത്തി നോക്കി. വെള്ളമുണ്ടും വെള്ളഷർട്ടും ധരിച്ച, കണ്ടാൽ മാന്യനാണെന്നു തോന്നുന്ന അയാൾ ഇതും പറഞ്ഞിട്ട് നടന്നകലുന്ന ആളുകളുടെ ഏറ്റം മുന്നിലായി നീങ്ങിക്കൊണ്ടിരുന്നു. അൽപസമയത്തിനകം തന്നെ പിറുപിറുത്തുകൊണ്ട് ആളുകൾ പിരിഞ്ഞുപോയി.

                            നേരം നന്നേ പുലർന്നിരുന്നു. കിഴക്ക് സൂര്യൻ ഉദിച്ചുപൊങ്ങി. അതിന്‍റെ സുവർണ കിരണങ്ങൾ ഭൂമിയിൽ പതിച്ചു. ഈർപ്പമാർന്ന പാതയിൽ സൂര്യരശ്മികൾ പതിക്കുമ്പോൾ ജലം നീരാവിയായി ഉയർന്നുപൊങ്ങുന്നത് അവൾ നോക്കിയിരുന്നു. എത്രനേരം അങ്ങനെ ഇരുന്നെന്ന് അറിയില്ല. കടകൾ തുറക്കാൻ നേരം ആയി. ഇനിയിവിടെ ഇരുന്നാൽ കടയുടമ ഉപദ്രവിക്കും. മൃദുലമായ തന്‍റെ കൈവെള്ള നിലത്തുകുത്തി, കൈകളിൽ ഊന്നി പതുക്കെ അവൾ എഴുന്നേറ്റു. നിലത്തു കിടക്കുകയായിരുന്ന അമ്മയുടെ മറാപ്പുകെട്ട് എടുത്തു. അമ്മയുടെ ഓർമകളുറങ്ങുന്ന ഭാണ്ഡം, ജീവിതത്തിൽ ഇനി ആകെയുള്ള സമ്പത്ത്. അത് തന്‍റെ ഇടത്തുതോളിൽ തൂക്കിയിട്ടുകൊണ്ട് നിശ്ശബ്ദയായി, ശിരസ്സുകുനിച്ചുകൊണ്ട് എങ്ങോട്ടെന്നില്ലാതെ അവൾ നടന്നു. എന്തൊക്കെയോ ദൃഢനിശ്ചയങ്ങളോടെ.

                          നേരം ഇരുട്ടാൻ തുടങ്ങിയിരിക്കുന്നു. കൂടണയാൻ വെമ്പൽകൊള്ളുന്ന പറവകൾ മാനത്ത്, അങ്ങോട്ടുമിങ്ങോട്ടും പറന്നു നടക്കുന്നുണ്ടായിരുന്നു. ആകാശത്തിനിപ്പോൾ അസ്തമയ സൂര്യന്‍റെ ചുവപ്പുനിറമാണ്. കലാലയങ്ങളിൽ നിന്നും തിരികെ മടങ്ങുന്ന യുവാക്കൾ, അദ്ധ്യാപകർ, ജോലിക്കാർ, കളികഴിഞ്ഞ് മടങ്ങുന്ന പയ്യന്മാർ. എല്ലാവരും സ്വഭവനങ്ങളിലേക്ക് തിരികെ മടങ്ങുന്ന വേള. ഇരുട്ട് പരന്നുതുടങ്ങിയിരുന്നു. വഴിവിളക്കുകൾ തെളിഞ്ഞുതുടങ്ങി. കടകളുടെ പേരുകളിൽ വർണങ്ങൾ വിരിഞ്ഞു.

                               വിശപ്പ് സഹിക്കാൻ പറ്റുന്നില്ല. ഇന്ന് ഒന്നും കഴിച്ചിട്ടില്ല. ഉച്ചക്ക് പഞ്ചായത്തു കിണറ്റിൽ നിന്നും രണ്ടുകവിൾ വെള്ളം കുടിച്ചു. അത്രമാത്രം. തെരുവുനായ്ക്കൾ ആധിപത്യം സ്ഥാപിച്ച ചവറ്റുകൂനകളിൽ ആഹാരത്തിനായി, ജീവൻ തുലാസിൽ വച്ച് പോരാടേണ്ട അവസ്ഥ കൈവന്നിരിക്കുന്നു.
മാനത്ത് കാർമേഘങ്ങൾ ഉരുണ്ടുകൂടിയിരുന്നു. അവൾ മുഖമുയർത്തി, നെറ്റിയിൽ കൈചേർത്തുപിടിച്ച് അകലേക്ക് സൂക്ഷിച്ചുനോക്കി. അങ്ങുദൂരെ തൂക്കണാംകുന്ന് കാണാം. കുന്നിനപ്പുറത്ത് ഒരു ഓഡിറ്റോറിയം ഉണ്ട്. അവിടെ ഇന്ന് ആരുടെയോ മംഗലം നടന്നിട്ടുണ്ട്. ആളുകളെ നിറച്ച് വരിവരിയായി വാഹനങ്ങൾ പോകുന്നത് കണ്ടിരുന്നു. അവിടെ ചെന്നാൽ വിശപ്പടക്കാൻ എന്തെങ്കിലും കിട്ടും തീർച്ച. വേഗം പോയാൽ നന്നേ ഇരുട്ടാവുന്നതിനുമുന്നേ തിരിച്ചുവരാം. അവൾ സമയം പാഴാക്കാതെ, കുന്ന് ലക്ഷ്യമാക്കി വേഗത്തിൽ നടന്നു.

                                      തെരുവിൽ നിന്നും പുറത്തുകടന്നാൽ പിന്നെ വിജനമായ പാതയാണ്. അവിടെ വഴിവിളക്കുകളൊന്നും ഇല്ല. അവൾ അരണ്ട വെളിച്ചത്തിൽ കാണുന്ന പാതയിലൂടെ വേഗം നടന്നു. വഴിയിൽ ആളുകൾ നന്നേ കുറവായിരുന്നു. ചെറു വാഹനങ്ങൾ ഇടക്കിടെ കടന്നുപോയിക്കൊണ്ടിരുന്നു. റോഡരികിൽ അങ്ങിങ്ങായി മൂന്നോ നാലോ പേരടങ്ങുന്ന ചെറുസംഘങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവർ പതിഞ്ഞ സ്വരത്തിൽ എന്തൊക്കെയോ പറയുകയും പൊട്ടിച്ചിരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. അവരിൽ പലരും അവ്യക്തമായ വെളിച്ചത്തിൽ തനിയെ നടന്നുനീങ്ങുന്ന ആ പെൺകുട്ടിയെ സംശയാസ്പദമായ കണ്ണുകളോടെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. അത് അവൾക്ക് മനസിലായിരിക്കണം, അവളുടെ ഹൃദയമിടിപ്പ് പുറത്ത്കേൾക്കാം വിധം ഉയർന്നിരുന്നു. പെട്ടെന്ന് അവളുടെ ഇടത്തുതോളിൽ എവിടെനിന്നോ ഒരു കൈ വന്നുപതിച്ചു. ബലിഷ്ഠമായ കരം, ഒപ്പം ഗാംഭീര്യം നിറഞ്ഞ ഒരു ശബ്ദം.

"മോൾ എവിടേക്കാ..?"

അവൾ ഞെട്ടിത്തരിച്ചു പിന്തിരിഞ്ഞുനോക്കി. ആജാനുബാഹുവായ ഒരു മനുഷ്യൻ. അയാളുടെ ഇടത്തുകയ്യിൽ പാതിതീർന്ന എരിയുന്ന ഒരു സിഗരറ്റ് കുറ്റിയും ഉണ്ടായിരുന്നു. ചുണ്ടുകളിൽ കപടമായ ചിരി പടർത്തിയിരുന്നു. വെറ്റിലയുടെ കറപിടിച്ച, ചുവന്ന പല്ലുകൾ പുറത്തുകാണിച്ചുകൊണ്ടുള്ള ആ ചിരിയിൽ അവൾക്കെന്തോ അപകടം മണത്തു. അവൾ കൈ തട്ടിമാറ്റി. പൊടുന്നനെ അയാൾ അവളുടെ വലതുകൈത്തണ്ടയിൽ കയറിപ്പിടിച്ച് അത് ഉള്ളം കയ്യിൽ വച്ച് ഞെരുക്കി. ബലിഷ്ഠമായ കൈകളാലുള്ള ആ പിടിയിൽ നിന്നും രക്ഷപെടുക എന്നത് ദുഷ്കരമായ കാര്യമാണെന്ന് അവൾക്ക് മനസ്സിലായി. താൻ വലിയൊരു അപത്തിലാണ് അകപ്പെട്ടിരിക്കുന്നതെന്ന സത്യം അവൾ വേദനയോടെ അറിഞ്ഞു.
ഭീതിയാൽ അവളുടെ തൊണ്ടയിൽ നിന്നും പുറത്തേക്കുവരാൻ ശബ്ദംമടിച്ചു. അവളുടെ ഇടുങ്ങിയ കണ്ണുകളിൽനിന്നും കണ്ണുനീർ ധാരയായി ഒഴുകി. പൊടുന്നനെ അവളുടെ ഉള്ളിൽ ഒരു ഉപായം മിന്നിമഞ്ഞു. അവൾ ഒട്ടും സമയം കളയാതെ അയാളുടെ കയ്യിൽ തന്‍റെ സർവശക്തിയുമെടുത്ത് ആഞ്ഞ്കടിച്ചു. അതയാൾ ഒരിക്കലും പ്രതീക്ഷിച്ചില്ല.

"...."

അയാൾ വേദനകൊണ്ട് പുളഞ്ഞു, കൈയുടെ ബലം അയഞ്ഞു. അവൾ കൈ വിടുവിച്ച്, സർവശക്തിയുമെടുത്ത് ഓടി. അരണ്ട വെളിച്ചത്തിൽ അവ്യക്തമായി മാത്രം കണ്ട ആ ഇരുണ്ട പാതയിലൂടെ അവൾ പിടയുന്ന മനസുമായി, ജീവനും കൊണ്ട് പാഞ്ഞു. ദൂരെ കുന്നിനുമുകളിൽ എത്തുന്നവരെ അവൾ തിരിഞ്ഞുനോക്കിയില്ല. കുന്നിനുമുകളിൽ എത്തിയപ്പോൾ കിതച്ചുകൊണ്ട് ഒരു പുൽതട്ടിൽ ഇരുന്നു. വിറയ്ക്കുന്ന ചുണ്ടുകളോടെ വന്ന വഴിയെ, തിരിഞ്ഞുനോക്കി. ആ എരിയുന്ന സിഗരറ്റിന്‍റെ തീ, തന്നെ പിന്തുടരുന്നുണ്ടോ എന്നറിയാൻ. അത് അവിടെങ്ങും കാണാനില്ലായിരുന്നു. അവൾ കുറേനേരം അവിടെ തന്നെ ഇരുന്ന് കിതപ്പുമാറ്റി. അതിനുശേഷം എഴുന്നേറ്റ് നടന്നു. താഴെ ഓഡിറ്റോറിയം കാണാമായിരുന്നു. അടുക്കളയുടെ ഓരത്തായി സ്ഥാപിച്ചിരിക്കുന്ന ടാപ്പിൽ മുഖം കഴുകി, വെള്ളം കുലുക്കുഴിഞ്ഞ്തുപ്പി. കുറെ കുടിക്കുകയും ചെയ്തു. അതിനുശേഷം തിടുക്കത്തിൽ, വേസ്റ്റ്കുഴി തിരഞ്ഞുകൊണ്ട് നടന്നു

                                         ആ കെട്ടിടത്തിൽനിന്നും കുറച്ചുമാറി തെങ്ങിൻ തോപ്പിൽ കുഴിച്ചിരുന്ന അത് അവൾ കണ്ടെത്തി. കുഴി മൂടിയിരുന്നില്ല. അവൾ അതിലേക്കിറങ്ങി. മടങ്ങിയിരുന്ന ഇലകൾ ഓരോന്നായി നിവർത്തിനോക്കി. പലതിലും ഭക്ഷണം പാതിമാത്രം കഴിച്ച്, ബാക്കി അവശേഷിപ്പിച്ചിരുന്നു. അവൾ ആർത്തിയോടെ അവ വാരിത്തിന്നു, മതിയാവോളം. വയറുനിറഞ്ഞപ്പോൾ എഴുന്നേറ്റു. ഓഡിറ്റോറിയത്തിന്‍റെ പുറകിലത്തെ ടാപ്പ് ലക്ഷ്യമാക്കി നടന്നു. ടാപ്പ് തുറന്ന് കൈകൾ കഴുകി. കുറേ പച്ചവെള്ളം കുടിച്ചു. മുഖം കഴുകി. സംതൃപ്തിയോടെ കണ്ണുകളടച്ച് ഒരുനിമിഷം അവിടെ തന്നെ ഇരുന്നു. അമ്മയുടെ പാതിത്തുറന്ന കണ്ണുകൾ, ആ മുഖം അതാ മുന്നിൽ തെളിഞ്ഞുവരുന്നു. അവളുടെ അടഞ്ഞ കൺപോളകൾക്കിടയിലൂടെ ചുടുകണ്ണീർ കിനിയുന്നുണ്ടായിരുന്നു. പൊടുന്നനെ അവിടെങ്ങും ഒരു മിന്നൽപിണർ പരന്നു. പുറകെ കാതടപ്പിക്കുന്ന ഇടിനാദവും.

"അമ്മേ...."

അവൾ നിലവിളിച്ചു. പേടിച്ചുവിറച്ച് പുറകിലത്തെ വിറകാലയിലേക്ക് ഓടി. വെട്ടിയൊതുക്കി തട്ടുതട്ടായി അടുക്കിവച്ചിരിക്കുന്ന വിറകുകളുടെ പിന്നിൽ ഒളിച്ചിരുന്നുകാലുകൾ കൈകളാൽ മാടിയൊതുക്കിപ്പിടിച്ച് അവയിൽ മുഖം താഴ്ത്തിയിരുന്നു. പുറത്ത്, മഴ പെയ്യാൻ തുടങ്ങിയിരുന്നു. നേരം കടന്നുപോകുന്തോറും മഴയുടെ ശക്തി കൂടിക്കൂടിവന്നു. ശക്തമായ കാറ്റിൽ മരച്ചില്ലകൾ പരസ്പരം കൂട്ടിയിടിക്കുന്ന ശബ്ദം കേൾക്കാമായിരുന്നു. അത് അവളുടെ ഭയം ഒന്നുകൂടെ വർധിപ്പിച്ചു. അമ്മയുടെ ഓർമ വഹിക്കുന്ന ആകെയുണ്ടായിരുന്ന അവശേഷിപ്പായിരുന്ന ആ തുണിസഞ്ചി, വഴിയിൽ വച്ച് അപരിചിതനുമായിട്ടുള്ള മൽപിടിത്തതിൽ നഷ്ടപ്പെട്ടിരുന്നു. അവൾ വിതുമ്പിക്കരയുകയായിരുന്നു. ഇന്നിനി ഇവിടെ ഉറങ്ങാം ആരും അറിയാൻ പോണില്ല, കാണാനും. പുറത്ത് ഇരച്ചുപെയ്തുകൊണ്ടിരിക്കുന്ന മഴയുടെ താളം അസ്വദിച്ചുകൊണ്ട് അറിയാതെ ഉറക്കത്തിലേക്ക് വഴുതിവീണത് അവൾ അറിഞ്ഞില്ല.

                             രാവിലെ പക്ഷികളുടെ കളകളാരവം കേട്ടാണ് അവൾ ഉണർന്നത്. പതുക്കെ കണ്ണുതുറന്നപ്പോൾ മുഖത്തേക്കടിച്ച പ്രഭാതസൂര്യന്‍റെ തീവ്രമായ രശ്മികളാൽ ആവ അപ്പോൾ തന്നെ ഇറുക്കിയടച്ചു കളഞ്ഞു. കണ്ണുകൾ ഒന്നുകൂടെ തിരുമ്മിക്കൊണ്ട് വീണ്ടും തുറന്നു. ടാപ്പിനരികെ ചെന്ന് മുഖം കഴുകി. വിരലുകൾ കൊണ്ട് പല്ലുകൾ തേച്ചെന്നു വരുത്തി. കുറച്ചു വെള്ളം കുടിക്കുകയും ചെയ്തു. പുതിയൊരു ദിവസവും കൂടെ കാണാൻ ദൈവം ഭാഗ്യം തന്നിരിക്കുന്നു. അവൾ ആ കെട്ടിടത്തെ അകലെയാക്കി പതുക്കെ നടന്നുതുടങ്ങി. അടുത്ത ചവറ്റുകൂന ലക്ഷ്യമാക്കി.

                             റോഡിൽ നിറയെ വാഹനങ്ങൾ തലങ്ങും വിലങ്ങും പായുന്നു. വിവിധ നിറത്തിലും വലിപ്പത്തിലും ഉള്ളവ. എപ്പോഴും അലമുറയിട്ടുകൊണ്ട് എവിടേക്കോ സദാസമയം ഓടിക്കൊണ്ടിരിക്കുന്നവ. അതുകൂടാതെ റോഡരികിലൂടെ നടന്നുപോകുന്ന പലതരം മനുഷ്യക്കോലങ്ങളും. ആരും മുഖത്തോടുമുഖം നോക്കുന്നില്ല. കാണുന്നില്ല, മിണ്ടുന്നില്ല. എന്തോ ആലോചിച്ചുകൊണ്ട് മുന്നോട്ടുമാത്രം നോക്കിക്കൊണ്ട് എങ്ങോട്ടോ പായുന്ന ഇരുകാലികൾ. അഭിമുഖമായി വന്ന ശുഭ്രവസ്ത്രധാരിയായ ഒരു മനുഷ്യനോട് കൈകൾ നീട്ടിക്കൊണ്ട് അവൾ ചോദിച്ചു.

"സാറേ വല്ലതും തരണേ?"

അയാൾ അറപ്പോടെ നോക്കിയിട്ട് വേഗത്തിൽ നടന്നുപോയി. വേറൊരു സ്ത്രീ "നാശം" എന്നു ശപിച്ചിട്ടുപോയി. ആരുടെയും കണ്ണുകളിൽ കരുണയോടെയുള്ള ഒരു നോട്ടം പോലും കാണാനില്ലായിരുന്നു. അങ്ങനെ നടക്കുന്നതിനിടക്ക്, വഴിയിൽ കൂട്ടമായി നിന്നിരുന്ന, കുറച്ച് യുവാക്കളിൽ ഒരുവൻ അവളുടെ ഉടുപ്പിന്‍റെ ഇടത്തുകയ്യിൽ അല്പം കീറിയ ഭാഗത്ത് കാമവെറിയോടെ നോക്കുന്നതവൾ കണ്ടു. അവൾ അവിടെ നിന്നും വേഗം മാറി. തൊട്ടടുത്തുള്ള ബസ്റ്റോപ്പിനരികെ ചെന്നു.

                                   അടുത്ത വണ്ടി വരുന്നതും കാത്ത് അക്ഷമരായി കണ്ണും നട്ടിരിക്കുന്ന ഒരു ഒരുപറ്റം മനുഷ്യർ അവിടെ ഉണ്ടായിരുന്നു. കെട്ടുപണിക്കാർ, ജോലിക്കാർ, കോളേജ് വിദ്യാർഥികൾ എല്ലാവരും ഉണ്ട്. പെൺകുട്ടികൾ പരസ്പരം എന്തൊക്കെയോ പറഞ്ഞ് പൊട്ടിച്ചിരിക്കുന്നു. ആൺകുട്ടികൾ ഒരുഭാഗത്ത് കൂട്ടംകൂടിനിന്ന് തമ്മിൽതമ്മിൽ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരിക്കുന്നു. ഇടക്കിടെ ആധുനിക രീതിയിൽ വെട്ടിയൊതുക്കിയ കേശങ്ങൾ മാടിയൊതുക്കിക്കൊണ്ടിരിക്കുന്നു. പാന്‍റ് ഇടക്കിടെ ഞെരിഞ്ഞുകയറ്റുന്നു. കുറച്ചുപേർ കൈയിൽ പിടിച്ചിരിക്കുന്ന സെൽഫോണിന്‍റെ ചില്ലുകളിൽ തോണ്ടിക്കൊണ്ടിരിക്കുന്നു. അവരുടെ ചുണ്ടുകളിൽ ഇടക്കിടെ ഒരു പുഞ്ചിരി വന്നുപോകുന്നുണ്ടായിരുന്നു. പതുക്കെ അടുത്തു ചെന്ന്, സെൽഫോണിൽ നോക്കിക്കൊണ്ടിരിക്കുന്ന ഒരുവനോട് അവൾ ചോദിച്ചു.

"ചേട്ടാ.. എന്തെങ്കിലും.. തരണേ...?"

അവന്‍റെ ദൃഷ്ടി ഒരുനിമിഷം ആ ഉപകരണത്തിൽനിന്നും ഉയർന്ന് അവളുടെ നേരേ പാഞ്ഞു. വീണ്ടും പഴയപടിപോലെ തന്നെ തുടർന്നു. അവൾ തൊട്ടടുത്ത് നിൽക്കുന്ന മറ്റൊരുവനോട് ചോദിച്ചു. അപ്പുറത്ത് നിൽക്കുന്ന കുലീനയായ ഒരു പെൺകുട്ടിയുടെ മുഖത്തേക്ക് ശ്രദ്ധിച്ചുനിന്ന അവൻ അവളുടെ ശബ്ദം കേട്ട് ഞെട്ടിത്തിരിഞ്ഞുനോക്കി.

"ന്താ.. ന്തു.. വേണം..?" എന്ന് ചോദിച്ചു.

അവൾ തന്‍റെ ചോദ്യം ആവർത്തിച്ചു. ചെയ്തുകൊണ്ടിരിക്കുന്ന കാര്യത്തിൽനിന്നും വ്യതിചലിപ്പിച്ച അവളോട് അവന് ദ്വേഷ്യമാണ് തോന്നിയത്.

"ഒന്നു.. പോകുന്നുണ്ടോ... നാശം..! കുറെയെണ്ണം.. ഇറങ്ങും... തട്ടിപ്പുമായി.." അവൻ ശബ്ദമുയർത്തി.

പിന്നെയും എന്തൊക്കെയോ പിറുപിറുത്തുകൊണ്ടിരുന്നു. അവളുടെ കണ്ണുകളിൽ കണ്ണുനീർ കിനിഞ്ഞു തുടങ്ങിയിരുന്നു.

തുടരും...

2017, നവംബർ 12, ഞായറാഴ്‌ച

ഭിക്ഷുകി (ഭാഗം 1)


  
                         ചീറിപ്പാഞ്ഞുപോകുന്ന ഏതോ കാറിന്‍റെ ഹോൺ ശബ്ദം കേട്ട് അവൾ ഞെട്ടിയുണർന്നു. മഴ ഇനിയും മാറിയിട്ടില്ല. സന്ധ്യമയങ്ങും മുൻപേ പെയ്യാൻ തുടങ്ങിയ ഈ നശിച്ച മഴ എന്തിനുള്ള പുറപ്പാടാണാവോ. അവൾ പിറുപിറുത്തു. കാലവർഷം മണ്ണിലുള്ള അതിന്‍റെ സർവാധികാരവും എടുത്തുകൊണ്ട് ആർത്ത് പെയ്യുകയാണ്. ഇരുമ്പുതകിടിനാൽ തീർത്ത മേൽക്കൂരയിൽ പതിക്കുന്ന മഴവെള്ളം അതിന്മേൽ താളം പിടിക്കുന്നുണ്ടായിരുന്നു. വികടമായ ആ നാദം കേട്ട് ഏറെ നേരം കഴിഞ്ഞാണ് ഒന്നു മയങ്ങിയത്. അവൾ, അരികത്ത് ഉറങ്ങിക്കിടക്കുന്ന അമ്മയുടെ മുഖത്തേക്ക് നോക്കി. 
ഒന്നും അറിയാതെ സുഖമായി കിടന്നുറങ്ങുകയാണ് പാവം!. മഴയുടെ സീൽക്കാരവും, കാതടപ്പിക്കുന്ന ഇടിനാദവും, ഒന്നും അമ്മ അറിയുന്നില്ല. കടത്തിണ്ണയാണെങ്കിലും പട്ടുമെത്തയിൽ കിടക്കുന്ന സംതൃപ്തിയാണ് അമ്മയുടെ മുഖത്ത്. ഉറങ്ങിക്കോട്ടെ, പാവം! അവളുടെ മനം മാതൃസ്നേഹത്താൽ നിറഞ്ഞു. അവൾ, നിലത്ത് നിന്നും പതുക്കെ എഴുന്നേറ്റ് കടയുടെ വരാന്തയിലൂടെ നടന്നു. വരാന്ത അവസാനിക്കുന്നിടത്ത്, മുകളിലത്തെ നിലയിലേക്ക് കയറാനുള്ള കോണിപ്പടി ഉണ്ടായിരുന്നു. അവൾ അതിന്‍റെ ഇരുമ്പുകാലുകളൊന്നിൽ പിടിച്ചങ്ങനെ നിന്നു. ഇടക്കിടെ വന്നുപോകുന്ന മിന്നലിന്‍റെ വെൺ പ്രകാശം അല്പനേരത്തേക്കാണെങ്കിലും അവിടെയെല്ലാം ഒരു പകലിന്‍റെ പ്രതീതി ജനിപ്പിച്ചിരുന്നു. ആഞ്ഞു വീശുന്ന കാറ്റിൽ ദൂരെയുള്ള തോപ്പിൽ തെങ്ങിൻ പറ്റം ആടിയുലയുന്നത് കാണാം. അവ, ഇരുകൈകളും ഉയർത്തി ദ്വന്ദയുദ്ധത്തിനു വരുന്ന ഒരു ഭീകരസത്വം പോലെ കാണപ്പെട്ടു. പൊട്ടിയ മേൽകൂരയുടെ വിടവിലൂടെ ഊർന്നിറങ്ങിയ മഴത്തുള്ളി നെറ്റിയിൽ പതിച്ചപ്പോൾ അവൾ ഞെട്ടിത്തരിച്ച് മുകളിലേക്ക് നോക്കി. പെട്ടന്നു വന്നുമാഞ്ഞ ഒരു മിന്നലിന്‍റെ പ്രകാശത്തിൽ അവളുടെ മുഖം തെളിഞ്ഞുകണ്ടു.

                           എണ്ണമയമില്ലാതെ പാറിപ്പറക്കുന്ന കേശങ്ങൾ, പ്രകാശം മങ്ങിയ നയനങ്ങൾ, വരണ്ടുണങ്ങിയ അധരങ്ങൾ. വിളറിവെളുത്ത മുഖത്ത്, അങ്ങിങ്ങായി അഴുക്ക് പുരണ്ടിരുന്നു. അവൾ ധരിച്ചിരുന്ന നീല നിറത്തിലുള്ള ഉടുപ്പില്‍ പല സ്ഥലങ്ങളിലായി കീറലുകൾ കാണാമായിരുന്നു. ഒറ്റ നോട്ടത്തിൽ ഒരു പതിനാല് വയസ്സ് പ്രായം തോന്നിക്കും അവൾക്ക്. സർവ്വശക്തനായ ദൈവത്തിന്‍റെ വ്യത്യസ്തവും വൈവിധ്യമാർന്നതും ആയ സൃഷ്ടികളിൽ ഒന്നാണ് അവളും. ഈ ജന്മത്തിൽ അവൾക്ക് ലഭിച്ച വേഷം ഒരു ഭിക്ഷക്കാരിയുടേതാണ്. വേഷങ്ങളിൽ, അടിത്തീർക്കുവാൻ ഏറ്റം ക്ലേശകരമായ വേഷം. ഭിക്ഷക്കാരിയാണെങ്കിലും അവൾ കുലീനയായിരുന്നു. സംരക്ഷിക്കപ്പെടാതെ നിറം മങ്ങിപ്പോയ ഒരു സൗന്ദര്യം അവളുടെ മുഖത്ത് ഒളിച്ചിരിക്കുന്നുണ്ടായിരുന്നു.

                              കാറ്റത്ത് പാറിപ്പറന്ന് മുഖത്തേക്ക് വീണ മുടിനാരിഴകൾ മാടിയൊതുക്കി, മുഖം തിരിച്ച് അവൾ അപ്പുറത്ത് വരാന്തയിൽ കിടക്കുന്ന അമ്മയെ നോക്കി. ആൾ നല്ല ഉറക്കമാണെന്ന് തോന്നുന്നു. അമ്മ ഒരു മികച്ച കൂർക്കം വലിക്കാരിയാണ്. അവൾ അതോർത്ത് മനസ്സിൽ പൊട്ടിച്ചിരിച്ചു. അതിന്‍റെ പ്രകാശം അവളുടെ ചുണ്ടുകളിൽ ഒരു ചെറുമന്ദഹാസമായി വിരിഞ്ഞു. ഇന്നലെയൊന്നും അമ്മയുടെ കൂർക്കം വലികേട്ട് ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല. ഇന്ന് എന്ത് പറ്റിയതാണാവോ? അമ്മ ശാന്തമായി ഉറങ്ങുകയാണ്. പുറത്ത് മുഴങ്ങുന്ന ഇടിനാദത്തിന് അമ്മയുടെ കൂർക്കം വലിയേക്കാൾ ശബ്ദമുണ്ടെന്ന് മനസിലായപ്പോൾ അമ്മ തോൽവി സമ്മതിച്ചതാവണം. ഇന്ന് ശരിക്കും ഒന്ന് ഉറങ്ങിയതായിരുന്നു. നശിച്ച മഴ അതിനും സമ്മതിക്കില്ല. അവൾ തോരാതെ പെയ്യുന്ന മഴയെ ശപിച്ചു. വിശന്നിട്ട് അവളുടെ ഉദരത്തിന്‍റെ അന്തർഭാഗത്തുനിന്നും കോലാഹലങ്ങൾ ഉയരുന്നുണ്ടായിരുന്നു. ഖാദറ്കാക്കാന്‍റെ ചായപ്പീടികയുടെ താഴെയുള്ള ചവറ്റുകൂനയിൽനിന്നും കിട്ടിയ ആരോ കഴിച്ചതിന്‍റെ ബാക്കി, ആകെ ഒരു ഏത്തപ്പഴം മാത്രമാണ് ഇന്ന് ഉച്ചക്ക് കഴിച്ചത്. വൈകുന്നേരം സഹകരണബാങ്കിന്‍റെ മുന്നിലെ പൈപ്പിൽ നിന്നും വയറുനിറയെ വെള്ളം കുടിച്ചു. തന്‍റെ പൊന്നമ്മച്ചി ഇന്നു മുഴുവൻ ആ വെള്ളമാണ് കുടിച്ചതെന്ന് വേദനയോടെ അവൾ ഓർത്തു. പഴത്തിന്‍റെ പാതി നൽകിയപ്പോൾ നിറകണ്ണുകളോടെ

"അമ്മച്ചിക്ക് വേണ്ട എന്‍റെ പൊന്നുമോൾ കഴിച്ചോ" എന്ന് അവർ പറഞ്ഞത് അവൾക്ക് ഓർമ വന്നു.

എന്തിനാ ദൈവമേ ഞങ്ങളെ സൃഷ്ടിച്ചത്? ഇങ്ങനെ എല്ലാവരുടെയും അവഗണനയേറ്റ് നരകിച്ചുജീവിക്കാനോ? 

കുന്നിൻ ചെരുവിലെ കുരിശുപളളിയുടെ മുന്നിൽകൂടി പോകുമ്പോൾ അവിടെ കണ്ട പുഞ്ചിരിക്കുന്ന ദൈവരൂപത്തോട് ഈ ചോദ്യം അവൾ പലവട്ടം ചോദിച്ചിട്ടുണ്ട്. അപ്പോഴും ആ മുഖത്ത് പുഞ്ചിരിയായിരുന്നു. അപ്പോൾ അവളും ചിരിക്കും. അകലെയെത്തി തിരിഞ്ഞുനോക്കുമ്പോളും ആ രൂപം അവളെനോക്കി ചിരിക്കുന്നുണ്ടാകും തനിക്കെന്തോ വലിയ സൗഭാഗ്യം വരാനിരിക്കുന്നു അതായിരിക്കാം ആ ചിരിയുടെ ആശയം. അവൾ അങ്ങനെ ആശ്വാസം കണ്ടെത്തുംഅങ്ങനെയൊരു ജീവിതം എന്നും അവളുടെ സ്വപ്നങ്ങളിൽ ഉണ്ടായിരുന്നുഎല്ലാം ശരിയാകും.

                                 ഒരിക്കൽ പാരിഷ്ഹാളിന് അടുത്തുള്ള എച്ചിൽക്കൂനയിൽ ആഹാരത്തിനായി തെരുവുനായ്ക്കളുമായി മല്ലിടുമ്പോൾ അകത്തു നടക്കുന്ന വേദപാഠ ക്ലാസിൽ അച്ചൻ പറയുന്നത് കേട്ടു,

ക്രിസ്തുനാഥൻ ഒരിക്കൽ വിതക്കാരന്‍റെ ഉപമ അരുളിച്ചെയ്തു: " വിതയ്ക്കാരന്‍ വിതക്കാന്‍ പുറപ്പെട്ടപ്പോൾ, ചിലത് വഴിയരികില് വീണു. അത് ആകാശപ്പറവകൾ കൊത്തിക്കൊണ്ടുപോയി. മറ്റ് ചിലത് പാറപ്പുറത്ത് വീണു. മണ്ണിന് ആഴമില്ലാതിരുന്നതു കൊണ്ട് അതു കരിഞ്ഞുപോയി. വേറെ ചിലതു മുള്ളുകളുടെ ഇടയില് വീണു. മുള്ളുകൾ അതിനെ ഞെരുക്കിക്കളഞ്ഞു. എന്നാല് ചിലത് നല്ല നിലത്തു വീണു. അവ നൂറും അറുപതും മുപ്പതും മേനി വിളവ് നല്കി."

ഞങ്ങളെയും ദൈവം വിതച്ചത് മുൾച്ചെടികൾക്കിടയിലായിരിക്കും.” അവളപ്പോൾ ചിന്തിച്ചിരുന്നു.

                             പെട്ടെന്നു മുഴങ്ങിയ ഒരു ഇടിയൊച്ചകേട്ട്. ചിന്തയിൽ മുഴുകിയിരുന്ന അവൾ പേടിച്ചരണ്ട് "അമ്മേ" എന്ന് വിളിച്ചുകൊണ്ട് അപ്പുറത്ത് കിടന്നിരുന്ന അമ്മയെ ചെന്ന് കെട്ടിപ്പിടിച്ച് കണ്ണുകൾ ഇറുക്കിയടച്ച് കിടന്നു. കുറേ നേരം അങ്ങനെ കിടന്നു. അമ്മയുടെ കരങ്ങൾ അവളുടെ മുഖത്തോട് ചേർത്ത്, അവൾ അവയ്ക്കിടയിൽ തലവച്ചങ്ങനെ കിടന്നു.

"എന്തൊരു ഉറക്കമാ! അമ്മ. ഇടിവെട്ടിയതുപോലും അറിഞ്ഞിട്ടില്ല."

                             ഇടിയുടെ ഗാംഭീര്യം ഒന്ന് കുറഞ്ഞപ്പോൾ അവൾ പതുക്കെ കണ്ണുകൾ തുറന്നു. അമ്മയുടെ കൈകൾ നല്ലവണ്ണം തണുത്തിരുന്നു. ഇടക്കിടെ വന്നുപോകുന്ന മിന്നലിന്‍റെ പ്രകാശത്തിൽ അവൾ അമ്മയുടെ മുഖം കണ്ടു. ആ മിഴികൾ പാതി തുറന്നിരുന്നു. അവൾക്ക്, എന്തോ ആപത്ത് ഉള്ളതുപോലെ തോന്നി. അവളുടെ നെഞ്ചിനകത്ത് ഭീതിയുടെ ജ്വാലകൾ ആളിപ്പടർന്നുതുടങ്ങിയിരുന്നു. അവൾ "അമ്മേ.." എന്ന് വിളിച്ചു. അമ്മ എഴുന്നേറ്റില്ല. അവൾ എഴുന്നേറ്റ് ഒരിക്കൽകൂടി അമ്മയെ കുലുക്കി വിളിച്ചു.

"അമ്മേ, കണ്ണുതുറക്ക്." അമ്മയ്ക്ക് അനക്കമുണ്ടായിരുന്നില്ല. 

                           ശിരസിൽ ഇടിമിന്നൽ പതിച്ച കണക്കെ അവൾ തളർന്നിരുന്നു. അവളുടെ മിഴികളിൽനിന്ന് ചുടുജലകണങ്ങൾ പൊഴിയാൻ തുടങ്ങിയിരുന്നു. നെഞ്ചിൽ എരിഞ്ഞുകൊണ്ടിരുന്ന ഭീതിയുടെ തീ ആളിക്കത്തി. അതൊരു കരച്ചിലായി ഭവിച്ചു. അവൾ കണ്ഠം പൊട്ടുമാറ് ഉറക്കെ കരഞ്ഞു. മഴയുടെ സീൽക്കാരത്തിൽ അവളുടെ ശബ്ദം അലിഞ്ഞലിഞ്ഞ് ഇല്ലാതായി. അവൾ എന്തോ തീർച്ചപ്പെടുത്തിയ മട്ടിൽ പെട്ടെന്ന് കരച്ചിൽ നിറുത്തി. അമ്മയുടെ കൈ അവളുടെ ദേഹത്ത് ഇട്ട് മാറോടു ചേർന്നുകിടന്നു. മിടിക്കാത്ത ആ ഹൃദയത്തിൽ എവിടെയെങ്കിലും ചെറുചലനങ്ങൾ ഉയരുന്നുണ്ടോ എന്ന് കണ്ടെത്താൻ.

"ഇല്ല.. എന്‍റെ അമ്മ എങ്ങും പോയിട്ടില്ല!." അവൾ അമ്മയെ ഇറുക്കിപ്പിടിച്ചു കണ്ണുകൾ അടച്ചുകിടന്നു.

                              രാവിലെ ആൾക്കൂട്ടത്തിന്‍റെ ശബ്ദം കേട്ട് അവൾ എഴുന്നേറ്റുകണ്ണുതുറക്കുമ്പോൾ കാണുന്നത് തങ്ങൾക്ക്ചുറ്റും വട്ടം കൂടിനിൽക്കുന്ന ഒരുപറ്റം ആളുകളെയാണ്അവർ പരസ്പരം എന്തൊക്കെയോ പറയുന്നുണ്ടായിരുന്നുഅതിൽ അവൾക്ക് കണ്ടുപരിചയമുള്ള ഒരുപാടുപേർ ഉണ്ടായിരുന്നുതൊണ്ട വരണ്ടപ്പോൾ കുടിക്കാൻ ഒരൽപം ചൂടുവെള്ളം ചോദിച്ചപ്പോൾ ചൂടുവെള്ളം ദേഹത്തേക്കൊഴിച്ച തട്ടുകടക്കാരൻ കണാരേട്ടൻപഴങ്കഞ്ഞി ചോദിച്ചപ്പോൾ നായയെ അഴിച്ചുവിട്ട പത്രോസ്ചേട്ടൻ, ചാമ്പങ്ങ പറിക്കാൻ മരത്തിൽ കയറിയപ്പോൾ പറമ്പിൽനിന്നും പുറത്തുകടക്കുന്നവരെ തല്ലുകയും ചീത്ത വിളിക്കുകയും ചെയ്തസുധാകരേട്ടൻ, എല്ലാവരും ഉണ്ടായിരുന്നുഎല്ലാവരുടെയും മുഖത്ത് അതുവരെ കണ്ടിട്ടില്ലാത്ത ഒരു സഹതാപം പ്രകടമായിരുന്നു

                           പെട്ടെന്ന് അവിടേക്ക് എവിടെനിന്നോ ഒരു ആംബുലൻസ് വാൻ വന്നുചേർന്നുകൂട്ടംകൂടി നിന്നിരുന്ന ആളുകളെ ഇരുചേരികളിലുമാക്കി, പിൻഭാഗം തിരിഞ്ഞുനീങ്ങി വന്ന അതിന്‍റ പുറകിലെ വാതിലുകൾ തുറക്കപെട്ടുഅതിൽനിന്നും ശുഭ്രവസ്ത്രധാരികളായ രണ്ടുപേർ ഇറങ്ങിവന്നുഅവരുടെ കയ്യിൽ ഒരു തൂക്കുകട്ടിൽ ഞാന്നുകിടന്നിരുന്നുമാതാവിനുചാരെ എത്തിയശേഷം അത് നിവർത്തപ്പെട്ടുനിലത്ത് വച്ചതിനുശേഷം രണ്ടുപേർ ചേർന്ന് അമ്മയെ അതിനുമുകളിൽ കയറ്റിക്കിടത്തി. അപ്പഴും നിസ്സഹായത തുളുമ്പിനിന്നിരുന്ന പാതി തുറന്ന മാതാവിന്‍റെ മിഴികളിലേക്ക് നോക്കിനിൽക്കെ, ഉള്ളിൽ തികട്ടിവന്ന സങ്കടം സഹിക്കവയ്യാതെ അവൾ അലറിക്കരഞ്ഞു. ആ കരച്ചിലിന്‍റെ ശബ്ദംകേട്ട് തൊട്ടപ്പുറത്തെ ചവറ്റുകൂനയിൽ, ഭോജനം കൊത്തി വലിക്കുകയായിരുന്ന കാകന്മാർ ഭയന്ന് ചിറകടിച്ചുപറന്നുപൊങ്ങി. അവർ അമ്മയെ വണ്ടിയിൽ കയറ്റി. വാതിലുകൾ അടക്കപ്പെട്ടു. അതിനുപുറത്ത് ആംഗ്ലേയലിപിയിൽ എഴുതിയ അക്ഷരങ്ങൾ വായിക്കാൻ അവൾക്ക് അറിയില്ലായിരുന്നു. അവയിൽ നോക്കി നിസ്സഹായയായിരുന്ന് ഏങ്ങലടിച്ചുകൊണ്ടിരുന്ന അവളെ സാന്ത്വനിപ്പിക്കാൻ അവിടെ ആരും ഉണ്ടായില്ല. അമ്മ അപ്പോഴും നിശ്ശബ്ദയായിരുന്നു. വാഹനം സ്റ്റാർട്ട് ചെയ്യപ്പെട്ടു. ആളുകളെ ഇരുഭാഗത്തേക്കും വകഞ്ഞുനീക്കിക്കൊണ്ട് അത് മുന്നോട്ട് നീങ്ങി. നിശ്ചലയായി തന്നെ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്ന ആ പെൺകുട്ടിയിൽനിന്നും ആ വാഹനം ദൂരേക്ക് അകന്നുനീങ്ങി.
                                                                                                                                                 തുടരും...