Ind disable

2017, സെപ്റ്റംബർ 30, ശനിയാഴ്‌ച

പള്ളിപ്പെരുന്നാൾ (ഭാഗം 4)


                                പുഴയുടെ അരികിൽ കെട്ടിയിരിക്കുന്ന കോൺക്രീറ്റ് തിട്ടിൻമേൽ, താഴേക്കു കാലുകൾ ഞാത്തിയിട്ടുകൊണ്ട് രണ്ടുപേരും ഇരുന്നു. കൈയിൽ പിടിച്ചിരുന്ന രണ്ടു പെട്ടികളിൽ ഒരെണ്ണം തോമ സുഹൃത്തിനു നൽകി. അവർ രണ്ടു പേരും ആ കടലാസു പെട്ടികൾ തുറന്ന് വിറങ്ങലിച്ച മധുരക്കട്ടകൾ പുറത്തെടുത്ത് നാവിൽ വച്ച് നുണഞ്ഞു.

                               താഴെ പുഴയുടെ ഓരങ്ങളിൽ തവളക്കുഞ്ഞുങ്ങൾ കരഞ്ഞു. ചട്ടിത്തലയന്മാരായ ഞണ്ടുകൾ മൺപോടുകളിൽ നിന്നും പുറത്തു വന്നു. അവ ഉണ്ടക്കണ്ണുകൾ ചുറ്റും ചലിപ്പിച്ചുകൊണ്ട് ഉരുക്കുഗദപോലുള്ള കരങ്ങൾ നീട്ടി പോരാട്ടത്തിന് സന്നദ്ധനായിനിൽക്കുന്ന പടയാളിയെ പോലെ നിലകൊണ്ടു. ഉരുളൻ കല്ലുകളിൽ കർണാനന്ദകരമായ താളം സൃഷ്ടിച്ചുകൊണ്ട് പുഴ ഒഴുകികൊണ്ടേയിരുന്നു. അതിനു മറുകരയിലുള്ള കമുകിൻ തോട്ടത്തിൽ, കോലൻ കമുകുകൾ ആകാശം മുട്ടെ നീണ്ട കഴുത്തും അതിനു മുകളിൽ കേശങ്ങൾ പോലുള്ള ഇലകളുമായി തലയുയർത്തിയങ്ങനെ നിന്നു. അവയുടെ ഇലകൾക്കിടയിലൂടെ വൃത്താകാരനായ ചന്ദ്രൻ പ്രകാശം പരത്തുന്ന പുഞ്ചിരിയോടെ ഒളിഞ്ഞു നോക്കി.

                                     ആ ശീതളച്ഛായയിൽ അല്പനേരം ഇരുന്നപ്പോൾ തോമയുടെ മനസ്സിലെ കോലഹലങ്ങളെല്ലാം കെട്ടടങ്ങി. അത് പ്രശാന്തമായിത്തീർന്നു. ആ നിർവൃതിയിൽ അയാൾ തന്‍റെ ഇരുനയനങ്ങളും അടച്ചുകൊണ്ട് ഇരുന്നു. പക്ഷെ അത് പേമാരിക്ക് മുൻപേയുള്ള ശാന്തമായ അന്തരീക്ഷം മാത്രമായിരുന്നു. ഹൃദയഭേദകമായ ദുരനുഭവങ്ങളുടെ പേമാരി അയാളുടെ മനസിൽ തിമിർത്ത് പെയ്തു. ഇറുക്കിയടച്ചിരുന്ന അയാളുടെ കൺപോളകൾക്കിടയിലൂടെ ചുടുനീർ താഴേക്കു പതിച്ചു. സുഹൃത്തിന്‍റെ കാൽമുട്ടിൽ വച്ചിരുന്ന ചാക്കോയുടെ കൈത്തണ്ടയിൽ അത് പതിച്ചു. തന്‍റെ സുഹൃത്ത് തോമയുടെ മനം നീറുന്നത് അയാൾ ഞൊടിയിടയിൽ മനസിലാക്കി.

"എന്നാടാ തോമാ, എന്നാ പറ്റി നിനക്ക് ? എന്നതാണേലും പറയെടാ. നമുക്ക് വഴിയൊണ്ടാക്കാം നീ കരയല്ലേ !"

അയാൾ സുഹൃത്തിനോടുള്ള ആഴമേറിയ സ്നേഹം വാക്കുകളിലൂടെ പ്രതിഫലിപ്പിച്ചു. കണ്ണുതുടച്ചുകൊണ്ട് തോമ പറഞ്ഞുതുടങ്ങി.

"എടാ ഞാൻ നിന്നോട് ഐസ്ഫ്രൂട്ട് തിന്നാൻ വരാൻ പറഞ്ഞത് എന്‍റെ കൊതിക്കൊണ്ടൊന്നുമല്ലടാ. ആ ബഹളത്തീന്നു എങ്ങനെയെങ്കിലും രക്ഷപ്പെടാൻ എനിക്ക് തോന്നിയ ഒരു ഉപായമാ അത്. ഇവിടെ ഈ പുഴക്കരയിൽ അല്പനേരമെങ്കിലും ഒന്ന് സമാധാനമായി ഇരിക്കാവല്ലോ !
നീ എന്‍റെ ത്രേസ്യായെ കണ്ടാര്ന്നോ?" പാതി കരച്ചിൽ വിഴുങ്ങിയ വാക്കുകളാൽ തോമ ചോദിച്ചു.

"ഉം ഞാൻ കണ്ടിരുന്നു പറഞ്ഞാൽ നെനക്ക് പിന്നെ വെഷമം ആകും എന്ന് കരുതി ഞാൻ മന:പൂർവ്വം പറയാതിരുന്നതാ, അപ്പോ" ചാക്കോസുഹൃത്തിന്‍റെ മുഖത്തുനോക്കാതെ മറുപടി പറഞ്ഞു.

"അവൾ മാത്രമല്ല. അവളുടെ മടിയിൽ ഒരു പെൺകൊച്ചും ഒണ്ടാര്ന്നു എന്‍റെ ചാർളിയുടെ അതേ മുഖച്ഛായ. അത് എന്‍റെ കൊച്ചുമകളാണെടാ. എന്നാ തെളിച്ചവാ അവളുടെ കണ്ണില്, എന്നാ ഓമനത്തമാ അവളുടെ മൊകത്ത്. അവളെ വാരിപ്പുണരാൻ എനിക്ക് കഴിഞ്ഞില്ലെടാ. അവളൊണ്ടായപ്പോ നെറ്റിയിലൊരു മുത്തം കൊടുക്കാൻ എനിക്ക് കഴിഞ്ഞില്ലല്ലോ !." തോമ കുഞ്ഞുങ്ങളെ പോലെ വിതുമ്പിക്കരഞ്ഞു.

"എന്നാടാ തോമാ ഇത് ? കരയല്ലേ. പോയവരൊക്കെ പോട്ടെ ടാ. നിനക്ക് എന്നും കൂട്ടായി എന്നും ഈ ഞാനില്ലേ? അവർക്ക് നിന്‍റെ കൂടെയുള്ള ജീവിതം വിധിച്ചിട്ടില്ല. അങ്ങനെ കരുതി നീയൊന്ന് അടങ്ങെടാ. അതൊക്കെ. കഴിഞ്ഞുപോയില്ലേ. മറക്കാനുള്ള കാര്യങ്ങൾ മറക്കണം. അല്ലേ അത് നമ്മളെ ജീവിതം മുഴുവൻ വേട്ടയാടും. അതൊണ്ടാകാതിരിക്കാനാ ദൈവം നമ്മൾ മനുഷ്യർക്ക് മറവി തന്നിരിക്കുന്നേ. നീ അതൊന്നും ഇനീം ഓർക്കല്ലേ. കണ്ണു തൊടച്ചേ നീ കൊച്ചു പിള്ളേരെ പോലെ എടാ,  എടാ തോമാ."

തന്‍റെ ആത്മസുഹൃത്തിന്‍റെ സങ്കടം കണ്ട് ഭാരിച്ച ഹൃദയത്തോടെ ചാക്കോ അയാളുടെ പുറത്തുതട്ടി ആശ്വസിപ്പിച്ചു.

"ഇതെല്ലാം ഞാൻ വരുത്തി വച്ചതാ, എന്‍റെ മാത്രം തെറ്റ് ! അല്ലേ, അന്ന് അവരെയെല്ലാം ഇട്ടേച്ച് പോകാൻ എനിക്ക് തോന്നുവാര്ന്നോ ? പണത്തിന്, പണം തന്നെ വേണ്ടേടാ ? എല്ലാ ഉത്തരവാദിത്തങ്ങളിലേക്കും എന്‍റെ ചാർളിയേയും അവളെയും തള്ളി വിട്ടേച്ച് ഞാൻ രക്ഷപ്പെട്ടു. ഒരു ഭീരുവിനെ പോലെ, എങ്ങോട്ടോ ഓടിപ്പോയി. എന്നെ സ്വീകരിക്കാൻ ഇനി അവർക്ക് ഒരിക്കലും കഴിയത്തില്ല ! അത്രക്ക് നീചനാ ഞാൻ. അല്ലേ അന്ന് ആ രാത്രി ആ നീചകൃത്യം ഞാൻ ചെയ്യുവാര്ന്നോ? എല്ലാത്തിനും കാരണം അതാ. ആ നശിച്ച ഉരുൾ പൊട്ടല്. എന്‍റെ എത്ര ഏക്കർ വാഴയാ പോയേ. ബാങ്കീന്ന് എടുത്ത ലോൺ, പലിശയായി പെരുകി. ഞാനെന്നാ ചെയ്യാനാ. പിന്നെ എനിക്ക് വേറൊന്നും തോന്നീല്ല. എങ്ങനേയും മനസ്സമാധാനം കിട്ടണം സുഖമായി ഒരുനാൾ എങ്കിലും ഒറങ്ങണം. അത്രയേ ഞാൻ കരുതിയൊള്ളൂ. കടം മേടിക്കാനും കൃഷിയെറക്കാനും എല്ലാത്തിനും കൂടെ എന്‍റെ ഉറ്റ ചങ്ങാതിയായി നിന്ന നീയും അവസാനം എന്‍റെ കൂടെ വന്നില്ലേ ? അന്ന് നിനക്കെങ്കിലും എന്നെ പറഞ്ഞുമനസിലാക്കാര്ന്നില്ലേ? നീ എന്നെക്കാൾ വലിയ ഭീരു !. ജപ്തിനോട്ടീസ് കണ്ടപ്പോൾ ആദ്യം പതറിയത് നീയല്ലേ?”
തോമയുടെ ഉള്ളിൽ എരിഞ്ഞുകൊണ്ടിരുന്ന വികാരങ്ങൾ വാക്കുകളുടെ രൂപത്തിൽ പുറത്തുവന്നുകൊണ്ടേയിരുന്നു. അയാൾ വാവിട്ടു നിലവിളിച്ചു. സുഹൃത്തിനെ തന്‍റെ ചുമലിൽ ചേർത്തിക്കിടത്തിക്കൊണ്ട് ചാക്കോ അയാളെ സമാധാനിപ്പിക്കാൻ ശ്രമിച്ചുകൊണ്ടേയിരുന്നു.

തുടരും...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ