Ind disable

2017, സെപ്റ്റംബർ 24, ഞായറാഴ്‌ച

പള്ളിപ്പെരുന്നാൾ (ഭാഗം 3)


"കഥ... അത്ര.. പോര... അല്ലേടാ.. ചാക്കോ.... ?" നിശബ്ദനായി നിൽക്കുന്ന  സുഹൃത്തിനെ നോക്കി തോമ പറഞ്ഞു.

"... ഭാവം... അങ്ങോട്ട് ശരിയാകുന്നില്ല!. നമുക്ക് തിരിച്ചു പോയാലോ? എനിക്കും  ഒറക്കം... വന്നിട്ട്... മേല." ചാക്കോ കോട്ടുവായിട്ടുകൊണ്ട് പറഞ്ഞു.
"ഉം.. വാ.. പോകാം."


                              രണ്ടുപേരും ആൾക്കൂട്ടത്തിനിടയിലൂടെ പുറത്തിറങ്ങി. വന്നവഴിയെ നടന്നു. പള്ളിമുറ്റത്ത് വളർന്നുനിന്നിരുന്ന. കുറ്റിപ്പുല്ലുകൾക്ക് മുകളിലൂടെ പാദങ്ങൾ ഉരുമ്മിക്കൊണ്ട് അവർ നീങ്ങി. പെട്ടെന്ന് വീശിയടിച്ച ശക്തനായ ഒരു കാറ്റ് മുറ്റത്തു വിരിച്ചിരുന്ന മണൽ തരികളെ അടിച്ചു പറത്തി.
പൊടി മൂക്കിൽ കയറിയപ്പോൾ തോമ ആഞ്ഞു തുമ്മി.

"ഹൊ..! കോപ്പിലെ... ഒരു... കാറ്റ്..." അയാൾ അതിനെ ശപിച്ചു.

"എടാ.... ചാക്കോ..., എനിക്കൊരു.... മോഹം. നമുക്കൊരു.. ഐസ്... ഫ്രൂട്ട്...  കഴിച്ചാലോ?" തോമ ചോദിച്ചു. ആ ചോദ്യം കേട്ട് ചാക്കോ ആശ്ചര്യത്തോടെ അയാളുടെ മുഖത്തേക്ക് നോക്കി.

"ഇതെന്നാ.... പറ്റി...! ഇപ്പൊ... കൊച്ചു... പിള്ളേരെ.... പോലെ...? ... വയസാം... കാലത്ത്... അതൊക്കെ... വേണോ?" അയാൾ ചോദിച്ചു.

"ഇല്ലെടാ... എനിക്കൊരു...!, ...ഒരു... ഐസ്... ഫ്രൂട്ട്.... തിന്നാ.... ഇനി...  ചാകത്തൊന്നും.... ഇല്ലെല്ലോ...?" തോമ പറഞ്ഞു.

"ഉം.... ശരി... നിന്‍റെ.... ആഗ്രഹം.... അല്ലേ നടക്കട്ടെ." ചാക്കോ പുഞ്ചിരിയോടെ സുഹൃത്തിന്‍റെ മുഖത്തേക്ക് നോക്കി. അതു കണ്ടപ്പോൾ തോമായുടെ മുഖം വിടർന്നു.
അവർ രണ്ടുപേരും പള്ളിയുടെ പടികൾ ഇറങ്ങി താഴേക്ക് നടന്നു.


                                  താഴെ റോഡിലെത്തിയപ്പോൾ തോമ ചുറ്റും നോക്കി. റോഡരുകിൽ പലയിടങ്ങളിലായി സ്ഥാപിച്ചിരിക്കുന്ന വെച്ചു വാണിഭകേന്ദ്രങ്ങളിൽ കച്ചവടക്കാർ  ആളുകളെ കാത്തിരുന്ന് മുഷിഞ്ഞ്, ഉറക്കം പിടിച്ചു തുടങ്ങിയിരുന്നു. റോഡിൽ വിരലിലെണ്ണാവുന്നത്ര മാത്രം ആളുകൾ ആങ്ങോട്ടുമിങ്ങോട്ടും നടക്കുന്നു. നാട്ടിലെ ഭൂരിഭാഗം ജനങ്ങളും മുകളിൽ ദേവാലയങ്കണത്തിൽ നാടകം കാണുകയാണ്. റോഡരികിലെ കുരിശുപള്ളിയുടെ മുൻവശത്തെ മെഴുകുതിരിക്കൂട്ടിൽ, അവസാന തിരിയും അതിൻറെ അന്ത്യ ശ്വാസമായ വെളുത്ത പുക ഉച്ഛ്വസിച്ചുകൊണ്ട് കത്തിയമർന്നു.


                                ആ രണ്ടു സുഹ്യത്തുക്കളും ആളൊഴിഞ്ഞ ആ പാതയിൽ അപരിചിതരെ പോലെ ചുറ്റുപാടും ആകാംഷയൂറുന്ന മിഴികളിലൂടെ വീക്ഷിച്ചു. തോമയുടെ കണ്ണുകൾ ഐസ്ഫ്രൂട്ട്കാരനെ തേടി തലങ്ങും വിലങ്ങും ചലിച്ചു. അവസാനം ഒരു മൂലയിൽ ഒരു പെട്ടി ഓട്ടോറിക്ഷ നിൽക്കുന്നത് അവർ കണ്ടെത്തി അതിന്‍റെ പിറകിൽ വെച്ചിരിക്കുന്ന ശീതീകരണിപെട്ടിയുടെ മുകളിൽ തല ചായ്ച്ച്കൊണ്ട് തടികസേരമേൽ ഇരുന്ന് ചെമ്പിച്ച മുടിയുള്ള ഒരുവൻ ഉറങ്ങുന്നത് തോമ കണ്ടു.

"ദേണ്ടെടാ... ചാക്കോ... അതു... തന്നെ... ബാ... നമുക്ക്... അങ്ങോട്ടു... പോവാം." തോമ സുഹൃത്തിന്‍റെ കൈപിടിച്ചുകൊണ്ട് പറഞ്ഞു.

"ദേ.... വരുവാടാ... പിടിച്ചു... വലിക്കല്ലേ...!" ചാക്കോ പറഞ്ഞു.
അവർ രണ്ടുപേരും നടന്ന് ആ വാഹനത്തിനു സമീപം എത്തി. തോമ അല്പം സ്വരം ഉയർത്തിക്കൊണ്ട് പറഞ്ഞു.

"ടാ... മോനേ... എഴുന്നേൽക്കെടാ... ശ്ശൊ...! ഇവൻ... ബംഗാളിയാണെന്നാ... തോന്നുന്നേ... ടാ... എണീക്കെടാ... കൊച്ചനെ..."

സുന്ദര സ്വപ്നത്തിൽ മുഴുകിയിരിക്കുകയായിരുന്ന യുവ കോമളനായ ആ ചെറുപ്പക്കാരൻ പിടഞ്ഞെഴുന്നേറ്റു. കണ്ണു തിരുമ്മിക്കൊണ്ട് "ഏതവനാടാ... അത്..... ?" എന്ന് ചോദിക്കുന്ന പോലുള്ള മുഖഭാവത്തിൽ തന്‍റെ മുന്നിൽ നിൽക്കുന്ന വൃദ്ധൻമാരെ നോക്കി.

"മോനേ... ഐസ്ഫ്രൂട്ട്.... ഉണ്ടോ... ടാ ?. രണ്ടെണ്ണം... ഇങ്ങെടുത്തേ..." തോമ ചോദിച്ചു.

"സേട്ടാ.... ഐസ്.... ഫ്രൂട്ട്... നഹീം... അത്... ഇപ്പ... ആർക്കും.... ബേണ്ടാ... ചോക്കോബാർ... ഹെ.... അത്.... എടുക്കട്ടെ?." മലയാളവും ഹിന്ദിയും കൂട്ടിക്കലർത്തിയുള്ള എന്തോ ഒരുഭാഷയിൽ ആ ചെറുപ്പക്കാരൻ അവരോട് പറഞ്ഞു.

"ചോക്കോബാറോ....? അതെന്നാ... ബാറാ ?.. ഇനി... പൂസാകുവോ?" ചാക്കോ തലചൊറിഞ്ഞുകൊണ്ടുനിന്നു.

"... എടാ... മണ്ടാ... അത്... ഐസിന്റെ പുതിയ... വല്ല... സാധനവും... ആവും.
എടാ... കൊച്ചനെ... എന്നാ... അത്... രണ്ടെണ്ണം... തന്നേര്...." തോമ പറഞ്ഞു. പയ്യൻ രണ്ടു പെട്ടിയെടുത്ത് അവർക്ക് നേരെ നീട്ടി.

"ഇതിനെന്നാ... വെലയാടാ...?"

"ഇരുപത്... രൂപ"

പോക്കറ്റിൽ നിന്നും പണമെടുത്തുനൽകിയിട്ട് സുഹൃത്തിനേയും വിളിച്ച് തോമ നടന്നു.

"എടാ... ഇതിപ്പോ... എവിടിരുന്നാ... സമാധാനമായി... ഒന്ന്... കഴിക്കുന്നേ ? .. ആരേലും... കണ്ടാ... നാണക്കേടാ..!.. നമുക്കൊരു... കാര്യം... ചെയ്താലോ ? അപ്പറേ... പൊഴക്കരേ... പോയാലോ... ?" തോമ പറഞ്ഞു.

"ഇതിന്‍റെയൊന്നും... ഒരു... കാര്യവും... ഇല്ലാര്ന്നല്ലോ.. ? വയ്യാത്ത... പട്ടിക്ക്... കയ്യാല... മൊകളിക്കേറേണ്ട.... ഒരു... കാര്യവും.... ഇല്ലല്ലോ..?." ചാക്കോ സുഹൃത്തിനെ കളിയാക്കി.

"ഡോ.. താൻ... ഒരു.... മാതിരി... ആളെ... വാരല്ലേ...? ങ്ഹാ... നടന്നേ... അങ്ങോട്ട് !.." തോമ കെറുവിച്ചു കൊണ്ട് പറഞ്ഞു. എന്നിട്ട് മുന്നിൽ നടന്നു.


തുടരും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ