മഴയൊരെണ്ണം പെയ്തൊഴിഞ്ഞിരിക്കുന്നു.
ഇറയത്തു നിന്നും മഴത്തുള്ളികൾ ഇറ്റിറ്റായി കീഴെ വച്ചിരിക്കുന്ന പാത്രങ്ങളിൽ വീഴുന്നതിന്‍റെ നേർത്ത ശബ്ദം കേൾക്കാം. ദൂരെയെങ്ങുനിന്നോ നേരിയ ഇടിമുഴക്കം ഉയർന്നുകേൾക്കാം. മാനത്തു നിന്നും അലറുന്ന ആ ചെകുത്താന്‍റെ തൊണ്ട വരണ്ടു കാണണം. ഇപ്പോൾ ഞരക്കം മാത്രമേയുള്ളൂ. അതാവാം ഇടവിട്ട് മുഴങ്ങിക്കേൾക്കുന്നത്. പാവം എത്ര നേരമായി തൊടങ്ങീട്ട്. അലറി മഴയുടെ വരവറിയിച്ചില്ലെങ്കിൽ അവനോട് ദൈവം കോപിക്കുമായിരിക്കും. പുറത്ത് ലക്ഷ്യബോധമില്ലാത്ത അലസനായ ഒരു കാറ്റ് ചുറ്റിത്തിരിയുന്നുണ്ട്. അവന്‍റെ സീൽക്കാരവും കേൾക്കാം. അവൻ ഇടയ്ക്കിടെ വീടിന്‍റെ അടുക്കള ഭാഗത്ത് മേൽക്കൂരയോട് ചേർന്നു നിൽക്കുന്ന, കറിവേപ്പില മരത്തെ പിടിച്ചുകുലുക്കുന്നുണ്ട്. അതിന്‍റെ ശിഖരങ്ങൾ മേൽക്കൂരയുടെ വശങ്ങളിൽ ഘടിപ്പിച്ചിരിക്കുന്ന തകരഷീറ്റിൽ ഉരസി ശബ്ദം പുറപ്പെടുവിക്കുന്നുണ്ടായിരുന്നു. എവിടൊക്കെയോ പമ്മിയിരുന്ന് തവളക്കുഞ്ഞുങ്ങൾ നിലവിളിക്കാൻ തുടങ്ങിയിരിക്കുന്നു. അത് അന്തരീക്ഷമാകെ അലയടിക്കുന്നു.
ഉമ്മറത്തിണ്ണയിലിരുന്ന് നാമം ജപിക്കുന്ന മുത്തശ്ശിയുടെ സ്വരം പതിയെ ഉയർന്നു വന്നു."
"രാമ..
രാമ.. രാമ രാമ രാമ രാമ പാഹിമാം രാമപാദം ചേരണേ മുകുന്ദരാമ പാഹിമാം..."
അവൻ കാതുകൾ കൂർപ്പിച്ച് അത് ശ്രവിച്ചുകൊണ്ടിരുന്നു.
ഇത്ര പ്രായമായിട്ടും എത്ര മനോഹരമായിട്ടാണ് മുത്തശ്ശി നാമം ചൊല്ലുന്നത്.
അമ്മയ്ക്ക് രണ്ടു വരി പാട്ടു മൂളാൻ പോലും നേരാംവണ്ണം അറിയില്ല. അല്ല, ശ്രമിക്കില്ല. എപ്പഴും ഒരു സീരിയൽ. അതിന്‍റെ പശ്ചാത്തല സംഗീതം കേട്ടാൽ തന്നെ തലയ്ക്കു ഭ്രാന്തു പിടിക്കും. വെറുതെ അലമുറയിട്ടു കൊണ്ട്. അവൻ രോഷത്തോടെ മുറുമുറുത്തു.
"വാ ഏട്ടാ, മ്മക്ക് പോയിട്ട് എന്തെങ്കിലും കഴിക്കാ."
അച്ഛനെ തട്ടി വിളിച്ചുകൊണ്ട്,
അമ്മ സോഫയിൽ നിന്നും എഴുന്നേറ്റു. അമ്മ നടക്കുമ്പോൾ ചെവിയിൽ ആകെയൊരു ഇടിമുഴക്കം. ഭൂകമ്പം പോലെ.
അവന്‍റെ മാതാവാകുന്ന സ്ത്രീ ഭർത്താവിനോട് തീൻമേശയ്ക്കരുകിലെ കസേരയിലിരുന്നോളാൻ പറഞ്ഞതിനു ശേഷം ഭർതൃമാതാവിനെ വിളിക്കാനായി ഉമ്മറത്തേക്കു ചെന്നു.
"വരൂ..
അമ്മേ, നേരായി. ഊണു കഴിക്കാ." അമ്മയുടെ സ്വരത്തിൽ വിനയം നിറഞ്ഞു.
"ദാ വര്ണു കുട്ട്യേ, നീയ് നടന്നോ."
ഉമ്മറപ്പടിയിൽ കാലും നീട്ടി ഇരിക്കയായിരുന്ന ആ വൃദ്ധ, പതിയെ ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റു. അതിനു ശേഷം വേച്ചു വേച്ച് മരുമകൾക്കു പിന്നാലെ ചെന്നു.
അവർ തീൻമേശയ്ക്കു ചുറ്റുമായി ഇരുന്നു. മരുമകൾ എല്ലാവർക്കും ആഹാരം വിളമ്പി നൽകി. എല്ലാവരും മൂകരായി അത്താഴം അകത്താക്കിക്കൊണ്ടിരുന്നു. ഭക്ഷണശേഷം, വൃദ്ധ മാതാവ്, തൈലത്തിന്‍റെ ദുർഗന്ധം തളം കെട്ടി നിൽക്കുന്ന തന്‍റെ അറയിലേക്കു ചെന്നു. ദമ്പതിമാർ അവരുടെ മുറിയിലേക്കും.
ഭാര്യ കിടക്ക തയ്യാറാക്കി ശേഷം ഭർത്താവിനോട് കിടന്നുകൊള്ളാൻ പറഞ്ഞു. ഭർത്താവിന്‍റെ കൂടെ ഒരു അരികിലായി ഭാര്യയും വശം ചരിഞ്ഞു കിടന്നു. മേശമേൽ വച്ചിരുന്ന വൈദ്യുത വിളക്ക് അണച്ചു.
"ഠോ"
പെട്ടെന്ന് പുറത്ത് ഉഗ്രനൊരു ഇടിവെട്ടി. ഉറക്കത്തിലേക്ക് വഴുതി വീഴുകയായിരുന്ന അവൻ ഞെട്ടിയുണർന്നു. അവൻ പേടിച്ചു വിറച്ച്, അമ്മയുടെ ഉദരത്തിൽ മുഖം പതിപ്പിച്ച് ഒന്നുകൂടി ചേർന്നു കിടന്നു.
പുറത്ത് മഴ വീണ്ടും ചാറിത്തുടങ്ങിയിരുന്നു. ദൂരെ നിന്നും അലറിക്കരഞ്ഞുകൊണ്ട് പാഞ്ഞടുക്കുന്ന മഴ ദേവന്‍റെ നാദം അവൻ കേട്ടു . നിമിഷങ്ങൾക്കകം, അത് ചാരത്തെത്തി. മേൽക്കൂരയിലും പറമ്പിലും മഴത്തുള്ളികൾ വീശിയെറിഞ്ഞു കൊണ്ട് പെയ്തു വീഴാൻ തുടങ്ങി. തകരഷീറ്റിന്‍റെ ശബ്ദം ഒന്നുകൂടി വർധിച്ചിരിക്കുന്നു. തവളക്കുട്ടന്മാരുടെ കരച്ചിൽ മഴയുടെ സീൽക്കാരത്തിനൊപ്പം അലിഞ്ഞലിഞ്ഞ് തീർന്നു.
പുറത്ത് മഴ ആർത്തു പെയ്യുകയാണ്. അവൻ ചെവിയോർത്തു കിടന്നു. മഴ നൂലുകളാൽ കാറ്റ് അന്തരീക്ഷത്തിൽ ഊടും പാവും നെയ്തു കൊണ്ടിരുന്നു. അതിന്‍റെ ഫലമായി മഴ ചാറ്റലിന്‍റെ ദിശ മാറിയും മറിഞ്ഞും കൊണ്ടിരുന്നു. അവൻ, ചുറ്റുപാടും സംഭവിക്കുന്ന ശബ്ദവ്യതിയാനങ്ങൾക്കായി ചെവിയോർത്തുകിടന്നു. ആർത്തലയ്ക്കുന്ന മഴയുടെ നാദത്തിന് ഇടയിലൂടെ നൂലുപോലെ നേർത്ത ഒരു ശബ്ദം ഇടക്കിടെ വന്നുപോകുന്നത് അവൻ ശ്രദ്ധിച്ചു. അത് മഴയോടൊപ്പം നേർത്ത് നേർത്ത് അലിഞ്ഞുപോകുന്നു. വീണ്ടും പതിയെ ഉയർന്നുവരുന്നു. വീണ്ടും അതേ ക്രമം തന്നെ. എന്താണത്? അതെ, അതുതന്നെ. പുഴയ്ക്ക് അക്കരെയുള്ള കുറവൻമലയുടെ ചുവട്ടിലെ പാറവങ്കിൽ കുടുങ്ങിയ ഏതോ ഒരു പാവം ശുനകന്‍റെ ദീനരോദനമാണ് അത്. ഇങ്ങനെയൊരു ശബ്ദം ഇന്നലെയും കേട്ടിരുന്നു. അപ്പോൾ മുത്തശ്ശി അതിനെ ശപിക്കുന്നത് കേട്ടു.
"നശിച്ച നായ. എവിട്യാണാവോ? ഈ നേരത്ത് കാലൻ കൂകാ. ആരോ പോവാന്ണ്ട്. ആരാവോ ഭഗവതീ."
അതെ നായ ഓരിയിട്ടാൽ അത് കാലന്‍റെ വരവുതന്നെയാണ്.
അങ്ങനെയാണ് അറിവും. ഇന്നലെ കേട്ടത് വീടിന്‍റെ പരിയാമ്പുറത്തുനിന്നും
ആണ്. പക്ഷെ ഇപ്പോൾ കേൾക്കുന്നത് അടുത്തുനിന്നൊന്നും അല്ല. അച്ഛന്‍റെ വാക്കുകളിൽ പരാമർശിക്കാറുള്ള, ആ കുറത്തിമലയിലെ പാറവങ്കിൽ നിന്നും തന്നെ. അക്കാര്യത്തിൽ അവന് നിശ്ശേഷം ശങ്കയില്ല. ഇടിനാദത്തെ പേടിയില്ലാത്ത ജീവനുണ്ടോ ഭൂമിയിൽ? അത് ഭയന്ന് പാറവങ്കിൽ ഒളിച്ചിരിക്കയാവും, തന്‍റെ യജമാനന്‍റെ അടുക്കൽ എത്താൻ കഴിയാതെ.
'പാവം. മിണ്ടാപ്രാണി.'
അവന്‍റെ ഉള്ളം നീറി. അമ്മയുടെ നിശ്വാസം പോലെ ഒരു കാറ്റ് ജനൽപാളിയിൽ വന്ന് തട്ടുന്നുവോ? അവൻ ചെവിയോർത്തു.
നായയുടെ കരച്ചിൽ ഇപ്പോൾ നിശ്ശേഷം ഇല്ലാതായിരിക്കുന്നു.
എന്തുപറ്റിയാണാവോ അതിന് ?
കുറത്തിമലയെക്കുറിച്ച് അമ്മയോട് അച്ഛൻ പലപ്പോഴും പറയുന്നത് കേട്ടിട്ടുണ്ട്.
അതുവരെ വഴക്കുകൂടിയിരുന്ന ഭാര്യാഭർത്താക്കന്മാർ ഇരുട്ട് വീണതിനുശേഷം മെത്തയിലെത്തുമ്പോൾ വീണ്ടും അനുരഞ്ജനത്തിലെത്തുന്നു. ഇതെന്താണാവോ ഇങ്ങനെയൊരു മാറ്റം. അവന് പലപ്പോഴും തോന്നിയിട്ടുണ്ട്. പിന്നെ അവർ പരസ്പരം പതിഞ്ഞ സ്വരത്തിൽ മൃദുലമായി സംസാരിക്കുന്നതും കേൾക്കാം. താൻ ഇടയിൽ ഇതെല്ലാം കേട്ടുകൊണ്ട് കിടക്കുന്ന കാര്യം അവർ ഓർത്തുകാണില്ല.
'മണുക്കൂസുകൾ'
അവന് ചിരിവന്നു. അങ്ങനെയൊരു സംഭാഷണത്തിലാണ് അച്ഛൻ അമ്മയോട് കുറത്തിമലയെകുറിച്ചും പറയുന്നത് കേട്ടത്.
'വെളിച്ചം ഭൂമിയിൽ സ്പർശിക്കാത്തത്രയും ഘോരവനങ്ങളുള്ള കുറത്തിമല, പത്താൾ ചുറ്റിപ്പിടിച്ചാൽ പോലും കൈയ്യെത്താത്ത അത്ര വണ്ണമുള്ള കുടവയറന്മാരായ വയസൻ മരങ്ങൾ തിങ്ങുന്ന കുറത്തിമല, നിശാസഞ്ചാരികളായ, ദശലക്ഷക്കണക്കിന് കടവാവലുകൾ കൂട്ടമായി തമ്പടിക്കുന്ന ഭീമൻ ഗുഹകളുള്ള കുറത്തിമല.'
'ഹോ ഓർക്കുമ്പോഴേ ഉള്ളു കിടുങ്ങുന്നു.'
"ഒന്നു നിർത്തൂ ഏട്ടാ, ഈ നട്ടാൽകുരുക്കാത്ത നൊണകളെല്ലാം."
അമ്മ ചിരിച്ചുകൊണ്ട് അച്ഛനെ പുച്ഛിക്കും.
"അല്ലെങ്കിലും നിങ്ങള് പെൺവർഗത്തിനെങ്ങനെയാ ഇതൊക്കെ പിടിക്കണത്? കൊറെ ഇക്കിളിവർത്താനങ്ങൾ മാത്രേ നിങ്ങക്ക് പിടിക്കൂ." അച്ഛൻ സ്വരം താഴ്ത്തി അമ്മയെ ശകാരിക്കും.
അമ്മ ചിരിക്കും, അച്ഛനും. എന്താണാവോ ഇവരിങ്ങനെ. അതെന്തോ ആകട്ടെ, അങ്ങനെയുള്ള സംസാരങ്ങൾക്കിടയിൽ അറിവുനൽകുന്ന പല കാര്യങ്ങളും അച്ഛൻ പറയുന്നത് കേട്ടിട്ടുണ്ട്. അങ്ങനെ കിട്ടിയതാണ് ഈ കുറത്തിമലയും അവിടത്തെ രഹസ്യങ്ങളും.
ആകാംഷയോടെ,
കേൾക്കാൻ ചെവിയോർത്തിരിക്കുകയായിരുന്നു അന്ന്. രസംപിടിച്ചുവന്നപ്പോഴേക്കും അമ്മ വിലക്കിക്കളഞ്ഞു.
'നാശം പിടിക്കാൻ!.'
സങ്കടം കൊണ്ട് ഉറക്കെ ഒന്ന് ഒച്ചവച്ചാലോ എന്നുവരെ തോന്നിയിട്ടുണ്ട് പലപ്പോഴും.
'ഹല്ല പിന്നെ!'
ആകാംഷയുടെ മുൾമുനയിൽ കൊണ്ടുചെന്നെത്തിച്ചിട്ട് ഒറ്റ നിർത്തലാ.
അപ്പോഴൊക്കെ മനസ് പിന്തിരിപ്പിക്കും.
'അരുത് !, ഒച്ചവച്ചാൽ, ഇങ്ങനൊരാൾ ഇതൊക്കെ കേൾക്കുന്ന കാര്യം അവരറിയും. പിന്നെ ഒരിക്കലും അത്തരം അറിവുകൾ കിട്ടാനിടയില്ല. അതുകൊണ്ട്, കിട്ടിയതത്രയും സ്വർഗം' എന്നുകരുതി സ്വയം സമാധാനിക്കും.
ആ ശുനകൻ, രക്തദാഹികളായ, കഠാരമുനപോലെ കൂർത്ത ദംഷ്ട്രകളുള്ള വാവൽകൂട്ടങ്ങൾക്ക്, ഭോജനമായിത്തീർന്നിരിക്കും.
'ജീവനോടെ രക്തം വലിച്ചുകുടിക്കുക!, പേശികളിൽനിന്നും മാംസം കടിച്ചെടുക്കുക!'
അവന്‍റെ നെഞ്ച് പിടഞ്ഞു. മനസ് മന്ത്രിച്ചു.
'പാവം.. അതിന്‍റെ വിധി.'
"ഏട്ടാ.."
അവൻ ചെവിയോർത്തു. അമ്മയുടെ സ്വരം.
"എന്താടി?"
ഉറക്കം പിടിച്ചുതുടങ്ങിയ അച്ഛൻ, ശല്യം ചെയ്തതിന്‍റെ നീരസം പ്രകടിപ്പിച്ചു.
"ഏട്ടാ നമ്മുടെ മോൻ വലുതാകുമ്പോ എന്താകും
?"
അമ്മയുടെ വാക്കുകളെയത്രയും ഉറക്കം ആക്രമിച്ചുതുടങ്ങിയിരുന്നു.
അവന്‍റെ ഉള്ളിൽ സന്തോഷപ്പൂത്തിരികൾ പലവർണങ്ങളിൽ വിരിഞ്ഞു. തന്നെ കുറിച്ചാണ് പറയുന്നത്. അത് കേൾക്കാൻ ഒരു പ്രത്യേക സുഖം തന്നെയാണ്. എന്തൊക്കെയാണാവോ, തന്നെക്കുറിച്ചുള്ള അവരുടെ കണക്കുകൂട്ടലുകൾ ?. അതൊന്നു മനസ്സിലാക്കി വച്ചാ നന്ന്. അവൻ നെറ്റിചുളിച്ച്, ചെവികൾ കൂർപ്പിച്ച് അച്ഛന്‍റെ മറുപടിക്കായി കാതോർത്തു.
"ഓനെ..
ഒരു മനുഷ്യനാക്കണം! വർഗീയ ഭ്രാന്തില്ലാത്ത ഒരു മനുഷ്യൻ. മതവും ജാതിയും ഒന്നും ഇല്ലാത്ത... ഒരു പച്ചമനുഷ്യൻ."
അച്ഛന്‍റെ നാവുകൾ കുഴഞ്ഞു. അതിനെ നിദ്രാരാക്ഷസൻ ഏതാണ്ട് മുക്കാലോളം, തന്‍റെ അധീനതയിലാക്കിയെന്നു തോന്നുന്നു.
"ഓ...
അതല്ല ഏട്ടാ. ശരിക്കും പറ"
അമ്മ ചെറിയ കുഞ്ഞുങ്ങളെ പോലെ കൊഞ്ചുന്നു. അവന് ചിരിവന്നു. പകൽമുഴുവൻ തൊട്ടതിനും പിടിച്ചതിനുമെല്ലാം അച്ഛനെ വലിയവായിൽ കുറ്റം പറയുന്ന അമ്മ, ദാ ഇപ്പോളിങ്ങനെ. അവന് ചിരിയടക്കാൻ പറ്റിയില്ല.
"ടീ, അവൻ വെലുതാവട്ടെ, അവനെ മ്മക്ക് പഠിപ്പിച്ച്, പഠിപ്പിച്ച്., ലാസ്റ്റ് റബ്ബറ് വെട്ടാൻ വിടണം." അച്ഛൻ ചിരിക്കുന്നു. അദ്ദേഹം ഇപ്പോൾ ഉറക്കത്തിൽ നിന്നും പൂർണ വിമുക്തനായെന്നു തോന്നുന്നു. ശബ്ദം ഒന്നുകൂടെ തെളിഞ്ഞിരിക്കുന്നു.
"ദേ..
ഏട്ടാ.. എനിക്ക് ഈറ വരണുണ്ടെ."
അമ്മ പിണക്കം നടിച്ചു.
"അവനെ,
മ്മക്കൊരു വക്കീല് ആക്കാടി. ലോകത്തിലെ സകലമാന കള്ളന്മാരേം ഓൻ കമ്പിക്കൂട്ടിലാക്കട്ടെ. അവന്‍റെ കയ്യില് മ്മക്ക് നെയമപുസ്തകം വെച്ചുകൊടുക്കാ. പോരെ ?."
"ഉം.."
അവർ മൂളി സമ്മതം അറിയിച്ചു.
"എന്തൊരു മഴയാ ഏട്ടാ" അമ്മയുടെ സ്വരം തണുപ്പിൽ വിറക്കുന്നുണ്ടായിരുന്നു.
"ഉം. അതെ തണ്ത്തിട്ട് വെയ്യ. കെടന്നൊറങ്ങാനൊക്കെ നല്ല സുഖാ. രാവിലെ ആകെ അളിപിളിയായി, ശ്ശേ. ഓഫീസിൽ പുവാനൊക്കെ മടിയാകും. നശിച്ചൊരു മഴ!" അച്ഛന്‍റെ വാക്കുകളിൽ ഒരു വ്യസനം നിഴലിച്ചു.
തുടരും...
തുടക്കം നന്നായി വിജീഷ്.... അടുത്ത ലക്കത്തിനായി കാത്തിരിയ്ക്കുന്നു. എന്റെ എഴുത്തുവഴികളില്‍ എനിയ്ക്ക് കിട്ടിയ ഒരു ഉപദേശം ഫ്രീ ആയി തരാം. കാശൊന്നും വേണ്ട. കിട്ടിയ ഉപദേശം അനുസരിയ്ക്കാവുന്നതാണ് എന്ന് തോന്നിയതിനാല്‍ ഞാന്‍ അനുസരിച്ചു. അപ്പൊ എനിയ്ക്ക് തന്നെ തോന്നി അത് കൊള്ളാം എന്ന്.
മറുപടിഇല്ലാതാക്കൂഇതാണ് അത്...
സംഭാഷണങ്ങള്‍ ഉള്‍പ്പെട്ട രചനകളില്‍ ഒരുപാട് ഖണ്ഡികകള്‍ തിരിയ്ക്കാതിരിയ്ക്കുന്നതാണ് നല്ലത്. അതുപോലെ ഖണ്ഡിക തിരിയ്ക്കുംപോള്‍ പേപ്പറിന്റെ ഒത്ത നടുവിലേയ്ക്ക് പോകാതിരിയ്ക്കുന്നതും ഭംഗിയാണ്. :)
ഉപദേശം സ്വീകാര്യമാണ്.. നന്ദി. പുതിയ എഴുത്തുകളിൽ ശ്രദ്ധിക്കാം..
മറുപടിഇല്ലാതാക്കൂsanthosham :)
മറുപടിഇല്ലാതാക്കൂNannayittunde... ethum pakuthik nirthumo?
മറുപടിഇല്ലാതാക്കൂഹ.. ഹ..അതിങ്ങനെ മനസിന്റെ അതിർവരമ്പുകൾക്കിടയിൽ കിടന്ന് തത്തിക്കളിക്കുവാണല്ലേ, പുറത്തുപോകാതെ ? നല്ലത്. ഇതിന് ക്ലൈമാക്സ് ഒക്കെ എഴുതിവച്ചിട്ടൊണ്ട്. മാക്സിമം വലിച്ചുനീട്ടീട്ടൊണ്ട്. വായിച്ചാ മതിയാര്ന്നു. പറ്റ്വോ ആവോ?
ഇല്ലാതാക്കൂവിജീഷേ കുറച്ചു തിരക്കിൽപെട്ടതുകൊണ്ട് വായിക്കാൻ ഒരൽപ്പം വൈകി..... ചില ഭാഗങ്ങളൊക്കെ അന്യമാകുന്ന ചില നാട്ടുശീലങ്ങളെയും നാട്ടുനന്മകളെയുമൊക്കെ ഓർമിപ്പിച്ചു - പ്രത്യേകിച്ച് അമ്മൂമ്മയുടെ നാമംചൊല്ലൽ, കാലൻ കൂകൽ..
മറുപടിഇല്ലാതാക്കൂഅങ്ങനെയുള്ള സായാഹ്നങ്ങൾ നമുക്ക് നഷ്ടപ്പെട്ടു, ആളുകളും. ഇനി പഴയ ഓർമകളെ ചികഞ്ഞ്കൊണ്ട് ജീവിക്കാം.
ഇല്ലാതാക്കൂ