Ind disable

2018, ഫെബ്രുവരി 18, ഞായറാഴ്‌ച

മുക്തി (ഭാഗം 2) (അവസാനഭാഗം)


"മഴക്കാലല്ലേ.. ഏട്ടാ, ഇന്നു പകലുമുഴുവൻ ഇങ്ങനെതന്നെ. ഒരു പണീം എടുക്കാൻ അയ്ച്ചില്ല. ന്‍റെ കൃഷ്ണാ ഇതൊന്ന് കെഴിഞ്ഞുകിട്ടാൻ എന്താ ചിയ്യണ്ട്?" അമ്മ നെടുവീർപ്പിട്ടു.

"ഉം.. എന്ത് പറഞ്ഞിട്ടും കാര്യല്ല. നീയ് ഒറങ്ങാൻ നോക്ക്. യ്ക്ക് ഉറക്കം വരണു."

അച്ഛൻ ഒന്നുകൂടി അനങ്ങിക്കിടന്നു. അമ്മയുടെ നാവിൽനിന്നും പുതിയ വാക്കുകളൊന്നും പുറത്തുവന്നില്ല. തീരുമാനത്തോട് യോജിച്ചെന്ന് തോന്നുന്നു. അവൻ വീണ്ടും മഴയുടെ സംഗീതത്തിലേക്ക് മനസിനെ പറിച്ചുനട്ടു.

                               അതിരാവിലെ തന്നെ, സ്റ്റീൽപാത്രങ്ങളുടെ യുദ്ധഭേരികൾ കേട്ട് അവൻ കണ്ണുതുറന്നു. നേരം വെളുത്തിരിക്കുന്നു. അമ്മ അടുക്കളയിൽ ധൃതിയിൽ തലേദിവസത്തെ എച്ചിൽപാത്രങ്ങൾ കഴുകുകയാണ്. മഴപെയ്ത്, മുറ്റവും അടുക്കളഭാഗവുമെല്ലാം ആകെ അലങ്കോലമായതിന്‍റെ ദുഃഖം അമ്മയുടെ ചെയ്തികളിൽ പ്രകടമാണ്. അല്ലെങ്കിൽ ഒരിക്കലും അമ്മ പാത്രങ്ങളോട് തന്‍റെ ദേഷ്യം പ്രകടിപ്പിക്കാറില്ല. തിന്നാനുള്ള വകകൾ, കാക്കയും പൂച്ചയും കൊണ്ടുപോകാതെ സൂക്ഷിക്കുന്ന അവർക്ക് വിധിച്ചിട്ടുള്ളത് ഇങ്ങനെ വാഷ്ബേസിന്‍റെ ഉള്ളിൽ തലയടിച്ചുവീഴാനാണ്. കഷ്ടം തന്നെ!. ദേഷ്യം വന്നാൽ മനുഷ്യൻ ബന്ധങ്ങൾക്ക് വിലകൽപ്പിക്കില്ലെന്ന് പറയുന്നത് എത്ര ശരിയാണ്. അവൻ പാത്രങ്ങൾക്ക് കൈവന്നിരിക്കുന്ന വിധിയെ ഓർത്ത് പരിതപിച്ചു.

"നാശം.. ഉമ്മറമാകെ പട്ടിപെറ്റപോലെ കെടക്കണു. ചവറൊക്കെ ഒന്ന് അടിച്ചുകളയാ ന്ന് വച്ചാ. എല്ലാം മണ്ണില് പശ തേച്ച് ഒട്ടിച്ച കണക്കാ. നശിച്ച ഒരു മഴ!."

അമ്മ മുറ്റത്തുനോക്കി പല്ലിറുമ്മി. പല്ലുകൾ തമ്മിൽ കൊമ്പുകോർക്കുന്ന ശബ്ദം അവൻ കേട്ടു. അമ്മയുടെ സിരകളിൽകൂടി രക്തം ഉരുൾപൊട്ടിവരുന്ന അത്രയും ശക്തിയിൽ, ഒഴുകിവരുന്നപോലെ അവനുതോന്നി. ആകെ കലിതുള്ളി നിൽക്കുകയാണ് പാവം. അമ്മയുടെ ഹൃദയമിടിപ്പ് വലിയ പെരുമ്പറപോലെ തന്‍റെ ചെവികളിൽ മുഴങ്ങുന്നതായി അവനു തോന്നി. വിശന്നിരിക്കുന്ന ചെന്നായയുടെ മുന്നിലകപ്പെട്ട, കടിച്ചുകീറാൻ വിധിക്കപ്പെട്ട മുയലാകണ്ടെന്നു കരുതിയാവണം, മുത്തശ്ശി ഒരക്ഷരവും മിണ്ടാതെ അപ്പുറത്ത് തന്‍റെ ചാരുകസേരയിൽ മൗനിയായി നീണ്ടുനിവർന്നുകിടക്കുകയാണെന്നുതോന്നുന്നു. അല്ലെങ്കിൽ ഇതിനോടകം ഇടപെടേണ്ട സമയമായിരിക്കുന്നു. ദേഷ്യം വന്നാൽ അച്ഛനും അമ്മയെ പേടിയാണ് 

"ടീ, ഒരു ചായ ങ്ക്ട് കൊണ്ടുവായോ

എന്ന പതിവുചോദ്യം ഇതുവരെ ഉയർന്നുകേട്ടില്ല. അമ്മയുടെ വായിൽനിന്നും വരുന്ന സംസ്കൃത ശ്ലോകങ്ങൾ കേട്ട് അതിരാവിലെ കർണപുടങ്ങൾ ചീത്തയാക്കണോ എന്ന് രണ്ടുവട്ടം, ഇരുത്തിചിന്തിക്കയാവും പാവം.

"..! അമ്മേ! ഏട്ടാ, ഒന്നോടിവായോ."

'എന്താണത്? അമ്മയുടെ നിലവിളി. എന്തുപറ്റി അമ്മയ്ക്ക് പെട്ടെന്ന്?.'
അവന്‍റെ ഹൃദയം നടുങ്ങി. പേടികൊണ്ട് കൊണ്ട് ആകെ തലചുറ്റുന്നപോലെ.
'ഈശ്വരാ ആപത്തൊന്നും ഉണ്ടാവല്ലേ. അച്ഛനെന്താ വരാത്തത്. ഒരു ആപത്തു വന്നാ ഓടിയെത്താനറിയില്ലേ അച്ഛന്?.'

തന്‍റെ ശരീരമാസകലം ഒരു വിറയൽ പടർന്നുകയറുന്നപോലെ അവന് തോന്നി. തൊണ്ട വരളുന്നു.
മലപോലെ ഉയർന്ന അമ്മയുടെ ഉടൽ, അതാ തളർന്നുവീഴുന്നു.

"യ്യോ."

അവൻ, കെണിയിൽ നിന്നും രക്ഷപ്പെടാൻ പരിശ്രമിക്കുന്ന മൂഷികനെപ്പോലെ തലങ്ങും വിലങ്ങും ശരീരം ചലിപ്പിച്ചു.
അമ്മയുടെ ശരീരം നിലംപതിച്ചിരിക്കുന്നു. ഹൃദയമിടിപ്പ് പതിവിനേക്കാൾ ഉച്ചത്തിലായിരിക്കുന്നു.

'എന്തൊക്കെയാ നടക്കുന്നത്?'

"എന്തേ, എന്തുപറ്റിയെടി നെനക്ക്?"

അച്ഛന്‍റെ സ്വരത്തിൽ, ഭയം വ്യതിയാനങ്ങൾ വരുത്തി. അത് ഇടറുന്നുണ്ടായിരുന്നു.

"ഏട്ടാ യ്ക്ക് തലചുറ്റണപോലെ തോന്ന്ണു. ആസ്പത്രീല് പോണം."

"ന്‍റെ കൃഷ്ണാ. എന്തുപറ്റി ന്‍റെ കുട്ടിക്ക്?" മുത്തശ്ശി ശ്ലോകങ്ങൾ ഉരുവിടാൻ തുടങ്ങി.

"ഒന്നും ല്ലാമ്മ, ആ കാറിന്‍റെ കീ ഒന്ന് കൊണ്ടരൂ"

മേശമേൽ വച്ചിരുന്ന ചാവി, മുത്തശ്ശിയുടെ കയ്യിൽകിടന്ന് കിലുങ്ങുന്ന സ്വരം അവൻ അവ്യക്തമായി കേട്ടു. അല്പസമയത്തിനുശേഷം, വാഹനത്തിന്‍റെ എൻജിൻ സ്റ്റാർട്ട് ചെയ്യുമ്പോഴുള്ള മുഴക്കവും കേട്ടു. പിന്നെ ഒന്നും ഓർമയില്ല.

'താൻ മായങ്ങുകയാണോ? ഉറക്കം തന്‍റെ ചിന്തകളെയും വരുതിയിലാക്കിയിരിക്കുന്നു, അതോ മരണമോ? അറിയില്ല.'
ചോദ്യങ്ങൾക്കെല്ലാം ഉത്തരം കണ്ടെത്തും മുന്നേ അവന്‍റെ മിഴികൾ അടഞ്ഞു.

                                     മുഖത്ത് ശക്തമായ എന്തോ ഒരു പ്രകാശം പതിക്കുന്നപോലെ ഒരു അനുഭൂതി. അവന്‍റെ ചിന്തകൾ ഉണർന്നു.

'ഈശ്വരാ, ഞാൻ മരിച്ച് സ്വർഗത്തിലെത്തിയോ? സ്വർഗം പ്രകാശപൂരിതമാണെന്നും, നരകം മുഴുവൻ അന്ധകാരമാണെന്നും മുത്തശ്ശി പറഞ്ഞുകേട്ടിട്ടുണ്ട്. കണ്ണുകളിൽ സ്പർശിക്കാതെ തറയ്ക്കുന്ന എന്തോ ഒന്ന്. ഇതുതന്നെയാവും വെളിച്ചം!. അതെ ഞാനിതാ സ്വർഗത്തിൽ.'
അവന്‍റെ ചിന്തകൾ പൂത്തുലഞ്ഞു. മനസാകട്ടെ സ്വപ്നങ്ങളുടെ പല്ലക്കിലേറി പ്രയാണം ആരംഭിച്ചിരിക്കുന്നു.

'പക്ഷെ.. എന്നാലും ഞാനെങ്ങനെ ഇത്രപെട്ടെന്ന്? അമ്മയ്ക്ക് എന്താണ് പറ്റിയത്?'

അവന്‍റെ മനസ് യാഥാർഥ്യത്തിലേക്ക് തിരിച്ചുവരാൻ ആരംഭിച്ചു. അമ്മയുടെ കരച്ചിലും, അച്ഛന്‍റെ, വിറയ്ക്കുന്ന വാക്കുകളും, മുത്തശ്ശിയുടെ വെപ്രാളവും.. എല്ലാം അവന്‍റെ ഓർമകളിൽ ചേക്കേറുവാനാരംഭിച്ചു.
'ഒരു പക്ഷെ തനിക്കുമുന്നേ അമ്മ ഇവിടെ എത്തിയിട്ടുണ്ടാകും. അവിടെയെത്തുമ്പോൾ ആദ്യം അമ്മയെ കണ്ടില്ലെങ്കിൽ താൻ കരയും, എന്ന കാര്യം അവർക്ക് നന്നായി അറിയാം

എന്‍റെ അമ്മ ! എന്‍റെ പൊന്നമ്മ!.'

'മുത്തശ്ശിയുടെ കഥകളിൽ നിന്നു മാത്രം ഞാൻ അടുത്തറിഞ്ഞ ദേവലോകം. നറുമണം പരത്തുന്ന പുഷ്പങ്ങൾ തിങ്ങുന്ന മലനിരകളും. സുവർണജലം ഒഴുകുന്ന അരുവികളും. മത്സ്യകന്യകമാർ നീന്തിതുടിക്കുന്ന പൊയ്കകളും, തിളങ്ങുന്ന തൂവലുള്ള പക്ഷികളും, തേൻ കിനിയുന്ന ഫലങ്ങൾ നൽകുന്ന വൃക്ഷങ്ങളും നിറഞ്ഞ സ്വർഗ്ഗലോകം!' കാഴ്ചകളെല്ലാം കൊണ്ട് മനസിനെ പുളകിതമാക്കുവാൻ അവന്‍റെ നയനങ്ങൾ വെമ്പി.

                                  അവൻ പതിയെ കണ്ണുതുറക്കാൻ ശ്രമിച്ചു. സാധിക്കുന്നില്ല. ഒന്നുകൂടി പരിശ്രമിച്ചു. ഇല്ല! കഴിയുന്നില്ല. അവന്‍റെ തൊണ്ട വരണ്ടു. നെഞ്ചിനുള്ളിൽ ഭയം ഇരട്ടിച്ചു. അവൻ ഒരിക്കൽകൂടി ശ്രമിച്ചു. കാലിൽ പശപോലെ എന്തോ ഒന്ന് ഒട്ടിപ്പിടിച്ചിരിക്കുന്ന പോലെ. അവൻ വീണ്ടും വീണ്ടും ശ്രമിച്ചു. ഇപ്പോൾ പതിയെ തുറന്നുവരുന്നു. അവൻ കൺപോളകൾ പാതി തുറന്നു. തീവ്രതയേറിയ ഒരു പ്രത്യേകതരം പ്രകാശം തന്‍റെ കണ്ണിൽ വന്നുപതിക്കുന്നപോലെ അവന് തോന്നി. അവൻ പെട്ടെന്ന് കണ്ണടച്ചു. വീണ്ടും തുറന്നു. ഇല്ല അത് പോകുന്നില്ല. മുന്നിൽ പ്രകാശം മാത്രം. അമ്മയെവെടെ? അവന്‍റെ ചങ്കിനകത്ത് ദുഃഖം അണപൊട്ടാൻ തുടങ്ങിയിരുന്നു. അൽപ്പസമയത്തിനകം തന്നെ അത് സർവ പരിധികളും ഭേദിച്ചു. അവൻ ഉറക്കെ നിലവിളിച്ചു.

"ഹാവൂ... കുട്ടി കരഞ്ഞു. ദൈവം കാത്തു."
മുത്തശ്ശിയുടെ സ്വരം.

അവന്‍റെ മനം പരിചിതമായ ആ ശബ്ദം കേട്ടപ്പോൾ അൽപം തണുത്തു. ആ സ്വരം വന്ന ഭാഗത്തേക്ക് അവൻ സൂക്ഷിച്ചുനോക്കി. ശക്തമായ പ്രകാശകിരണങ്ങൾ കണ്ണിൽ തറയ്ക്കുന്നുണ്ടായിരുന്നു. എങ്കിലും പണിപ്പെട്ട് നോക്കി. മുഖമെല്ലാം ചുളിവുള്ള, വികൃതമായ മുഖമുള്ള ഒരു സ്ത്രീ. അവർ തന്നെ നോക്കി പല്ലില്ലാത്ത മോണ കാട്ടി ചിരിക്കുന്നു. അവന് തന്‍റെ മാനസികാവസ്ഥയിൽ ചെറിയൊരു പുരോഗതി തോന്നി.

'ആതെ മുത്തശ്ശി. ഹാവൂ.. മുത്തശ്ശിയെ കണ്ടു..' അൽപം ധൈര്യം കൈവന്നിരിക്കുന്നു ഇപ്പോൾ.

പെട്ടെന്ന്, തന്നെ ആരോ ഉയർത്തുന്ന പോലെ അവന് തോന്നി. താനതാ തനിയെ വായുവിൽ ഉയരുന്നു. പിന്നെ വായുവിലൂടെ എങ്ങോട്ടോ നീങ്ങുന്നു. പുഞ്ചിരിച്ചുനിൽക്കുന്ന, മൂക്കിനുതാഴേ കട്ടിയിൽ രോമങ്ങൾ വളർത്തിയ ഒരു മനുഷ്യനു നേരെയാണ് തന്നെ ആ അജ്ഞാത കരങ്ങൾ കൊണ്ടുപോകുന്നതെന്ന് അവൻ മനസിലായി. തിരിഞ്ഞുനോക്കാമെന്ന് വച്ചാൽ കഴുത്ത് അനക്കാൻ പോലും പറ്റുന്നില്ല. ദേഹമെല്ലാം കട്ടിയുള്ള വെളുത്ത ഒരു തുണികൊണ്ട് പുതച്ചിരുന്നു. മുഖത്ത് കട്ടിരോമങ്ങളുള്ള ആ മനുഷ്യൻ വിടർന്ന കണ്ണുകളോടെ അവനെ സൂക്ഷിച്ചു നോക്കി. അയാളുടെ മുഖത്തെ നിരയായി വെട്ടിയൊതുക്കിയ രോമങ്ങൾക്കിടയിലൂടെ വെളുത്ത ദന്തനിരകൾ തെളിഞ്ഞുവരുന്നത് അവൻ കണ്ടു. ഒപ്പം ചുണ്ടുകളും വിടർന്നുവരുന്നു.

"എന്‍റെ മോൻ! എന്‍റെ ..പൊന്നുമോൻ"

ആ സ്വരം തിരിച്ചറിയാൻ അവന് ഒട്ടും ബുദ്ധിമുട്ടേണ്ടി വന്നില്ല. അത്രയും പരിചിതമായിരുന്നു അത്.

"അച്ഛൻ" തന്‍റെ പ്രിയപ്പെട്ട അച്ഛൻ.

അയാൾ അവനെ ശ്രദ്ധയോടെ കൈകളിൽ എടുത്ത് നെറുകയിൽ ഉമ്മ വച്ചു.

"ദൈവം കാത്തു. കുട്ടിയും അമ്മയും സുഖമായിരിക്കുന്നു. ബ്ലഡ് കുറച്ച് വേണ്ടിവന്നു. ഫസ്റ്റ് ഡെലിവറി അല്ലെ. അതൊക്കെ ഉണ്ടാകും. ഇപ്പോ സുഖായല്ലോ. കൊറച്ച് ദിവസം ബെഡ് റെസ്റ്റ് വേണ്ടിവരും. പറയാം. അതിനുശേഷം വീട്ടിപ്പോകാം."

പിന്നിൽ നിന്നും അശരീരി പൊലെ വന്ന ആ സ്വരം ആരുടേതാണെങ്കിലും, അതിന്‍റെയർത്ഥം അവന് പിടികിട്ടിയില്ല.

"നന്ദി. ഡോക്ടറെ. ഈശ്വരൻ തൊണക്കട്ടെ." അച്ഛന്‍റെ മറുപടി കേട്ടപ്പോൾ അയാൾ സുസ്മേരവദനനായി.

"കുട്ടി ആരോഗ്യവാനാണ് മൂന്നു കിലോ ഭാരം ഉണ്ട്. ഒന്നും പേടിക്കണ്ട."
വെളുത്ത വസ്ത്രവും, തലയിൽ ഒരു ചെറിയ തൊപ്പിയും ധരിച്ച ഒരു സ്ത്രീ അവനെ നോക്കി മനോഹരമായി പുഞ്ചിരിച്ചു.

"സന്തോഷം സിസ്റ്റർ. കൂടുതൽ കോംപ്ളിക്കേഷൻസ് ഒന്നും.. ണ്ടായില്ലല്ലോ."
അച്ഛൻ അവരെ നോക്കി വിനയത്തോടെ പുഞ്ചിരിച്ചു.

അവനെ അവർ പതിയെ പഴയ സ്ഥാനത്തുതന്നെ കിടത്തി. അവൻ പതിയെ ഒന്ന് ഇടത്തോട്ട് പാളിനോക്കി. തന്‍റെ കാലുകളിൽ ആരോ തൊടുന്നപോലെ അവന് തോന്നി.

"മോനെ, അമ്മടെ പൊന്നുമോനെആ കണ്ണുകൾ നിറഞ്ഞിരുന്നു.

'അമ്മ! എന്‍റെ അമ്മ.'

ഒന്നുറക്കെ, പൊട്ടിച്ചിരിക്കാൻ അവന് തോന്നി. പക്ഷെ ശരീരം അതിനു വഴങ്ങുന്നില്ല.

'താൻ സ്വർഗത്തിൽ എത്തിയിരിക്കുന്നു. താൻ മാത്രമല്ല, അച്ഛനും, അമ്മയും മുത്തശ്ശിയുമെല്ലാം. '

ചുവന്ന ഭിത്തികളുള്ള ആ തടവറയിൽ നിന്നും മുക്തിനേടി എല്ലാ പ്രകാശങ്ങളുടെയും പ്രപഞ്ചമായ സ്വർഗലോകത്തിൽ താൻ എത്തിയിരിക്കുന്നു. അവൻ നിർവൃതിയോടെ കണ്ണുകൾ അടച്ച്, അമ്മയുടെ ചൂടുപറ്റി ചേർന്നുകിടന്നു.

"കുട്ടിക്കൊരു പേരുവേണം. ബെർത്ത് സർട്ടിഫിക്കറ്റിൽ ചേർക്കാൻ." തൊപ്പി വച്ച ആ സ്ത്രീ അവനെ നോക്കി പുഞ്ചിരിച്ചു.

"അക്ഷയ്" അത് പോരെ ഏട്ടാ."

അമ്മ ജിജ്ഞാസ നിറഞ്ഞ പുഞ്ചിരിയോടെ അച്ഛനെ നോക്കി.

"നന്നായിട്ട്ണ്ട് ല്ലേ അമ്മേ ? ആ പേര് മതീലെ. കേട്ടപ്പോ തന്നെ ഇഷ്ടായി." അച്ഛൻ, മുത്തശ്ശിയോട് അഭിപ്രായം ആരാഞ്ഞു.

"അക്ഷയ്" നല്ല അർത്ഥം ള്ള, പേരാ. യ്ക്കും ഇഷ്ടായി. ന്‍റെ കുട്ടി. സ്നേഹത്തിന്‍റെ ഒരു അക്ഷയ പാത്രാവണം ട്ടോ."

മുത്തശ്ശി അവന്‍റെ നെറ്റിയിൽ മൃദുവായി തലോടി. അവൻ കണ്ണുകളടച്ച് ആ കരസ്പർശം അനുഭവിച്ചറിഞ്ഞു.

'അങ്ങനെ ഈ ലോകത്ത് തനിക്ക് സ്വന്തമെന്നു പറയാൻ ഒരു പേരു ലഭിച്ചിരിക്കുന്നു. ഇനിയും നേടാനുണ്ട് പലതും. പതിയെ കണ്ടും കേട്ടും എല്ലാം സ്വായത്തമാക്കണം. അതിനുമുമ്പ് നന്നായി ഒന്ന് ഉറങ്ങണം. നല്ല ക്ഷീണം ഉണ്ട്. ദേഹമാസകലം ഭയങ്കര വേദന തോന്നുന്നു. ആരോ ബലമായി വലിച്ചിഴച്ചപോലെ. ഒന്ന് ഉറങ്ങിയെണീക്കുമ്പോ ഭേദമാകും!'

അവൻ പതിയെ കണ്ണുകൾ അടച്ചു. നിദ്രയെന്ന പുഷ്പകവിമാനത്തിലേറി സ്വപ്നങ്ങളാകുന്ന ആകാശവീഥികളിലൂടെ അവൻ തന്‍റെ പ്രയാണം ആരംഭിച്ചു.
(അവസാനിച്ചു.)

2018, ഫെബ്രുവരി 11, ഞായറാഴ്‌ച

മുക്തി (ഭാഗം 1)


                                   മഴയൊരെണ്ണം പെയ്തൊഴിഞ്ഞിരിക്കുന്നു. ഇറയത്തു നിന്നും മഴത്തുള്ളികൾ ഇറ്റിറ്റായി കീഴെ വച്ചിരിക്കുന്ന പാത്രങ്ങളിൽ വീഴുന്നതിന്‍റെ നേർത്ത ശബ്ദം കേൾക്കാം. ദൂരെയെങ്ങുനിന്നോ നേരിയ ഇടിമുഴക്കം ഉയർന്നുകേൾക്കാം. മാനത്തു നിന്നും അലറുന്ന ചെകുത്താന്‍റെ തൊണ്ട വരണ്ടു കാണണം. ഇപ്പോൾ ഞരക്കം മാത്രമേയുള്ളൂ. അതാവാം ഇടവിട്ട് മുഴങ്ങിക്കേൾക്കുന്നത്. പാവം എത്ര നേരമായി തൊടങ്ങീട്ട്. അലറി മഴയുടെ വരവറിയിച്ചില്ലെങ്കിൽ അവനോട് ദൈവം കോപിക്കുമായിരിക്കും. പുറത്ത് ലക്ഷ്യബോധമില്ലാത്ത അലസനായ ഒരു കാറ്റ് ചുറ്റിത്തിരിയുന്നുണ്ട്. അവന്‍റെ സീൽക്കാരവും കേൾക്കാം. അവൻ ഇടയ്ക്കിടെ വീടിന്‍റെ അടുക്കള ഭാഗത്ത് മേൽക്കൂരയോട് ചേർന്നു നിൽക്കുന്ന, കറിവേപ്പില മരത്തെ പിടിച്ചുകുലുക്കുന്നുണ്ട്. അതിന്‍റെ ശിഖരങ്ങൾ മേൽക്കൂരയുടെ വശങ്ങളിൽ ഘടിപ്പിച്ചിരിക്കുന്ന തകരഷീറ്റിൽ ഉരസി ശബ്ദം പുറപ്പെടുവിക്കുന്നുണ്ടായിരുന്നു. എവിടൊക്കെയോ പമ്മിയിരുന്ന് തവളക്കുഞ്ഞുങ്ങൾ നിലവിളിക്കാൻ തുടങ്ങിയിരിക്കുന്നു. അത് അന്തരീക്ഷമാകെ അലയടിക്കുന്നു.
ഉമ്മറത്തിണ്ണയിലിരുന്ന് നാമം ജപിക്കുന്ന മുത്തശ്ശിയുടെ സ്വരം പതിയെ ഉയർന്നു വന്നു."

"രാമ.. രാമ.. രാമ രാമ രാമ രാമ പാഹിമാം രാമപാദം ചേരണേ മുകുന്ദരാമ പാഹിമാം..."

അവൻ കാതുകൾ കൂർപ്പിച്ച് അത് ശ്രവിച്ചുകൊണ്ടിരുന്നു.
ഇത്ര പ്രായമായിട്ടും എത്ര മനോഹരമായിട്ടാണ് മുത്തശ്ശി നാമം ചൊല്ലുന്നത്.
അമ്മയ്ക്ക് രണ്ടു വരി പാട്ടു മൂളാൻ പോലും നേരാംവണ്ണം അറിയില്ല. അല്ല, ശ്രമിക്കില്ല. എപ്പഴും ഒരു സീരിയൽ. അതിന്‍റെ പശ്ചാത്തല സംഗീതം കേട്ടാൽ തന്നെ തലയ്ക്കു ഭ്രാന്തു പിടിക്കും. വെറുതെ അലമുറയിട്ടു കൊണ്ട്. അവൻ രോഷത്തോടെ മുറുമുറുത്തു.

"വാ ഏട്ടാ, മ്മക്ക് പോയിട്ട് എന്തെങ്കിലും കഴിക്കാ."

അച്ഛനെ തട്ടി വിളിച്ചുകൊണ്ട്, അമ്മ സോഫയിൽ നിന്നും എഴുന്നേറ്റു. അമ്മ നടക്കുമ്പോൾ ചെവിയിൽ ആകെയൊരു ഇടിമുഴക്കം. ഭൂകമ്പം പോലെ.

                                      അവന്‍റെ മാതാവാകുന്ന സ്ത്രീ ഭർത്താവിനോട് തീൻമേശയ്ക്കരുകിലെ കസേരയിലിരുന്നോളാൻ പറഞ്ഞതിനു ശേഷം ഭർതൃമാതാവിനെ വിളിക്കാനായി ഉമ്മറത്തേക്കു ചെന്നു.

"വരൂ.. അമ്മേ, നേരായി. ഊണു കഴിക്കാ." അമ്മയുടെ സ്വരത്തിൽ വിനയം നിറഞ്ഞു.

"ദാ വര്ണു കുട്ട്യേ, നീയ് നടന്നോ."

ഉമ്മറപ്പടിയിൽ കാലും നീട്ടി ഇരിക്കയായിരുന്ന വൃദ്ധ, പതിയെ ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റു. അതിനു ശേഷം വേച്ചു വേച്ച് മരുമകൾക്കു പിന്നാലെ ചെന്നു.

                                      അവർ തീൻമേശയ്ക്കു ചുറ്റുമായി ഇരുന്നു. മരുമകൾ എല്ലാവർക്കും ആഹാരം വിളമ്പി നൽകി. എല്ലാവരും മൂകരായി അത്താഴം അകത്താക്കിക്കൊണ്ടിരുന്നു. ഭക്ഷണശേഷം, വൃദ്ധ മാതാവ്, തൈലത്തിന്‍റെ ദുർഗന്ധം തളം കെട്ടി നിൽക്കുന്ന തന്‍റെ അറയിലേക്കു ചെന്നു. ദമ്പതിമാർ അവരുടെ മുറിയിലേക്കും.
  
                                   ഭാര്യ കിടക്ക തയ്യാറാക്കി ശേഷം ഭർത്താവിനോട് കിടന്നുകൊള്ളാൻ പറഞ്ഞു. ഭർത്താവിന്‍റെ കൂടെ ഒരു അരികിലായി ഭാര്യയും വശം ചരിഞ്ഞു കിടന്നു. മേശമേൽ വച്ചിരുന്ന വൈദ്യുത വിളക്ക് അണച്ചു.

"ഠോ"

പെട്ടെന്ന് പുറത്ത് ഉഗ്രനൊരു ഇടിവെട്ടി. ഉറക്കത്തിലേക്ക് വഴുതി വീഴുകയായിരുന്ന അവൻ ഞെട്ടിയുണർന്നു. അവൻ പേടിച്ചു വിറച്ച്, അമ്മയുടെ ഉദരത്തിൽ മുഖം പതിപ്പിച്ച് ഒന്നുകൂടി ചേർന്നു കിടന്നു.

                                പുറത്ത് മഴ വീണ്ടും ചാറിത്തുടങ്ങിയിരുന്നു. ദൂരെ നിന്നും അലറിക്കരഞ്ഞുകൊണ്ട് പാഞ്ഞടുക്കുന്ന മഴ ദേവന്‍റെ നാദം അവൻ കേട്ടു . നിമിഷങ്ങൾക്കകം, അത് ചാരത്തെത്തി. മേൽക്കൂരയിലും പറമ്പിലും മഴത്തുള്ളികൾ വീശിയെറിഞ്ഞു കൊണ്ട് പെയ്തു വീഴാൻ തുടങ്ങി. തകരഷീറ്റിന്‍റെ ശബ്ദം ഒന്നുകൂടി വർധിച്ചിരിക്കുന്നു. തവളക്കുട്ടന്മാരുടെ കരച്ചിൽ മഴയുടെ സീൽക്കാരത്തിനൊപ്പം അലിഞ്ഞലിഞ്ഞ് തീർന്നു.

                                   പുറത്ത് മഴ ആർത്തു പെയ്യുകയാണ്. അവൻ ചെവിയോർത്തു കിടന്നു. മഴ നൂലുകളാൽ കാറ്റ് അന്തരീക്ഷത്തിൽ ഊടും പാവും നെയ്തു കൊണ്ടിരുന്നു. അതിന്‍റെ ഫലമായി മഴ ചാറ്റലിന്‍റെ ദിശ മാറിയും മറിഞ്ഞും കൊണ്ടിരുന്നു. അവൻ, ചുറ്റുപാടും സംഭവിക്കുന്ന ശബ്ദവ്യതിയാനങ്ങൾക്കായി ചെവിയോർത്തുകിടന്നു. ആർത്തലയ്ക്കുന്ന മഴയുടെ നാദത്തിന് ഇടയിലൂടെ നൂലുപോലെ നേർത്ത ഒരു ശബ്ദം ഇടക്കിടെ വന്നുപോകുന്നത് അവൻ ശ്രദ്ധിച്ചു. അത് മഴയോടൊപ്പം നേർത്ത് നേർത്ത് അലിഞ്ഞുപോകുന്നു. വീണ്ടും പതിയെ ഉയർന്നുവരുന്നു. വീണ്ടും അതേ ക്രമം തന്നെ. എന്താണത്? അതെ, അതുതന്നെ. പുഴയ്ക്ക് അക്കരെയുള്ള കുറവൻമലയുടെ ചുവട്ടിലെ പാറവങ്കിൽ കുടുങ്ങിയ ഏതോ ഒരു പാവം ശുനകന്‍റെ ദീനരോദനമാണ് അത്. ഇങ്ങനെയൊരു ശബ്ദം ഇന്നലെയും കേട്ടിരുന്നു. അപ്പോൾ മുത്തശ്ശി അതിനെ ശപിക്കുന്നത് കേട്ടു.

"നശിച്ച നായ. എവിട്യാണാവോ? നേരത്ത് കാലൻ കൂകാ. ആരോ പോവാന്ണ്ട്. ആരാവോ ഭഗവതീ."

അതെ നായ ഓരിയിട്ടാൽ അത് കാലന്‍റെ വരവുതന്നെയാണ്. അങ്ങനെയാണ് അറിവും. ഇന്നലെ കേട്ടത് വീടിന്‍റെ പരിയാമ്പുറത്തുനിന്നും ആണ്. പക്ഷെ ഇപ്പോൾ കേൾക്കുന്നത് അടുത്തുനിന്നൊന്നും അല്ല. അച്ഛന്‍റെ വാക്കുകളിൽ പരാമർശിക്കാറുള്ള, കുറത്തിമലയിലെ പാറവങ്കിൽ നിന്നും തന്നെ. അക്കാര്യത്തിൽ അവന് നിശ്ശേഷം ശങ്കയില്ല. ഇടിനാദത്തെ പേടിയില്ലാത്ത ജീവനുണ്ടോ ഭൂമിയിൽ? അത് ഭയന്ന് പാറവങ്കിൽ ഒളിച്ചിരിക്കയാവും, തന്‍റെ യജമാനന്‍റെ അടുക്കൽ എത്താൻ കഴിയാതെ.

'പാവം. മിണ്ടാപ്രാണി.'

അവന്‍റെ ഉള്ളം നീറി. അമ്മയുടെ നിശ്വാസം പോലെ ഒരു കാറ്റ് ജനൽപാളിയിൽ വന്ന് തട്ടുന്നുവോ? അവൻ ചെവിയോർത്തു.
നായയുടെ കരച്ചിൽ ഇപ്പോൾ നിശ്ശേഷം ഇല്ലാതായിരിക്കുന്നു. എന്തുപറ്റിയാണാവോ അതിന് ?
കുറത്തിമലയെക്കുറിച്ച് അമ്മയോട് അച്ഛൻ പലപ്പോഴും പറയുന്നത് കേട്ടിട്ടുണ്ട്. അതുവരെ വഴക്കുകൂടിയിരുന്ന ഭാര്യാഭർത്താക്കന്മാർ ഇരുട്ട് വീണതിനുശേഷം മെത്തയിലെത്തുമ്പോൾ വീണ്ടും അനുരഞ്ജനത്തിലെത്തുന്നു. ഇതെന്താണാവോ ഇങ്ങനെയൊരു മാറ്റം. അവന് പലപ്പോഴും തോന്നിയിട്ടുണ്ട്. പിന്നെ അവർ പരസ്പരം പതിഞ്ഞ സ്വരത്തിൽ മൃദുലമായി സംസാരിക്കുന്നതും കേൾക്കാം. താൻ ഇടയിൽ ഇതെല്ലാം കേട്ടുകൊണ്ട് കിടക്കുന്ന കാര്യം അവർ ഓർത്തുകാണില്ല.

'മണുക്കൂസുകൾ'

അവന് ചിരിവന്നു. അങ്ങനെയൊരു സംഭാഷണത്തിലാണ് അച്ഛൻ അമ്മയോട് കുറത്തിമലയെകുറിച്ചും പറയുന്നത് കേട്ടത്.

'വെളിച്ചം ഭൂമിയിൽ സ്പർശിക്കാത്തത്രയും ഘോരവനങ്ങളുള്ള കുറത്തിമല, പത്താൾ ചുറ്റിപ്പിടിച്ചാൽ പോലും കൈയ്യെത്താത്ത അത്ര വണ്ണമുള്ള കുടവയറന്മാരായ വയസൻ മരങ്ങൾ തിങ്ങുന്ന കുറത്തിമല, നിശാസഞ്ചാരികളായ, ദശലക്ഷക്കണക്കിന് കടവാവലുകൾ കൂട്ടമായി തമ്പടിക്കുന്ന ഭീമൻ ഗുഹകളുള്ള കുറത്തിമല.'

'ഹോ ഓർക്കുമ്പോഴേ ഉള്ളു കിടുങ്ങുന്നു.'

"ഒന്നു നിർത്തൂ ഏട്ടാ, നട്ടാൽകുരുക്കാത്ത നൊണകളെല്ലാം."
അമ്മ ചിരിച്ചുകൊണ്ട് അച്ഛനെ പുച്ഛിക്കും.

"അല്ലെങ്കിലും നിങ്ങള് പെൺവർഗത്തിനെങ്ങനെയാ ഇതൊക്കെ പിടിക്കണത്? കൊറെ ഇക്കിളിവർത്താനങ്ങൾ മാത്രേ നിങ്ങക്ക് പിടിക്കൂ." അച്ഛൻ സ്വരം താഴ്ത്തി അമ്മയെ ശകാരിക്കും.

അമ്മ ചിരിക്കും, അച്ഛനും. എന്താണാവോ ഇവരിങ്ങനെ. അതെന്തോ ആകട്ടെ, അങ്ങനെയുള്ള സംസാരങ്ങൾക്കിടയിൽ അറിവുനൽകുന്ന പല കാര്യങ്ങളും അച്ഛൻ പറയുന്നത് കേട്ടിട്ടുണ്ട്. അങ്ങനെ കിട്ടിയതാണ് കുറത്തിമലയും അവിടത്തെ രഹസ്യങ്ങളും.

ആകാംഷയോടെ, കേൾക്കാൻ ചെവിയോർത്തിരിക്കുകയായിരുന്നു അന്ന്. രസംപിടിച്ചുവന്നപ്പോഴേക്കും അമ്മ വിലക്കിക്കളഞ്ഞു.

'നാശം പിടിക്കാൻ!.'

സങ്കടം കൊണ്ട് ഉറക്കെ ഒന്ന് ഒച്ചവച്ചാലോ എന്നുവരെ തോന്നിയിട്ടുണ്ട് പലപ്പോഴും.

'ഹല്ല പിന്നെ!'

ആകാംഷയുടെ മുൾമുനയിൽ കൊണ്ടുചെന്നെത്തിച്ചിട്ട് ഒറ്റ നിർത്തലാ.
അപ്പോഴൊക്കെ മനസ് പിന്തിരിപ്പിക്കും.
'അരുത് !, ഒച്ചവച്ചാൽ, ഇങ്ങനൊരാൾ ഇതൊക്കെ കേൾക്കുന്ന കാര്യം അവരറിയും. പിന്നെ ഒരിക്കലും അത്തരം അറിവുകൾ കിട്ടാനിടയില്ല. അതുകൊണ്ട്, കിട്ടിയതത്രയും സ്വർഗം' എന്നുകരുതി സ്വയം സമാധാനിക്കും.

                                      ശുനകൻ, രക്തദാഹികളായ, കഠാരമുനപോലെ കൂർത്ത ദംഷ്ട്രകളുള്ള വാവൽകൂട്ടങ്ങൾക്ക്, ഭോജനമായിത്തീർന്നിരിക്കും.

'ജീവനോടെ രക്തം വലിച്ചുകുടിക്കുക!, പേശികളിൽനിന്നും മാംസം കടിച്ചെടുക്കുക!'

അവന്‍റെ നെഞ്ച് പിടഞ്ഞു. മനസ് മന്ത്രിച്ചു.

'പാവം.. അതിന്‍റെ വിധി.'

"ഏട്ടാ.."

 അവൻ ചെവിയോർത്തു. അമ്മയുടെ സ്വരം.

"എന്താടി?"

ഉറക്കം പിടിച്ചുതുടങ്ങിയ അച്ഛൻ, ശല്യം ചെയ്തതിന്‍റെ നീരസം പ്രകടിപ്പിച്ചു.

"ഏട്ടാ നമ്മുടെ മോൻ വലുതാകുമ്പോ എന്താകും ?"

അമ്മയുടെ വാക്കുകളെയത്രയും ഉറക്കം ആക്രമിച്ചുതുടങ്ങിയിരുന്നു.
അവന്‍റെ ഉള്ളിൽ സന്തോഷപ്പൂത്തിരികൾ പലവർണങ്ങളിൽ വിരിഞ്ഞു. തന്നെ കുറിച്ചാണ് പറയുന്നത്. അത് കേൾക്കാൻ ഒരു പ്രത്യേക സുഖം തന്നെയാണ്. എന്തൊക്കെയാണാവോ, തന്നെക്കുറിച്ചുള്ള അവരുടെ കണക്കുകൂട്ടലുകൾ ?. അതൊന്നു മനസ്സിലാക്കി വച്ചാ നന്ന്. അവൻ നെറ്റിചുളിച്ച്, ചെവികൾ കൂർപ്പിച്ച് അച്ഛന്‍റെ മറുപടിക്കായി കാതോർത്തു.

"ഓനെ.. ഒരു മനുഷ്യനാക്കണം! വർഗീയ ഭ്രാന്തില്ലാത്ത ഒരു മനുഷ്യൻ. മതവും ജാതിയും ഒന്നും ഇല്ലാത്ത... ഒരു പച്ചമനുഷ്യൻ." 

അച്ഛന്‍റെ നാവുകൾ കുഴഞ്ഞു. അതിനെ നിദ്രാരാക്ഷസൻ ഏതാണ്ട് മുക്കാലോളം, തന്‍റെ അധീനതയിലാക്കിയെന്നു തോന്നുന്നു.

"... അതല്ല ഏട്ടാ. ശരിക്കും പറ"

അമ്മ ചെറിയ കുഞ്ഞുങ്ങളെ പോലെ കൊഞ്ചുന്നു. അവന് ചിരിവന്നു. പകൽമുഴുവൻ തൊട്ടതിനും പിടിച്ചതിനുമെല്ലാം അച്ഛനെ വലിയവായിൽ കുറ്റം പറയുന്ന അമ്മ, ദാ ഇപ്പോളിങ്ങനെ. അവന് ചിരിയടക്കാൻ പറ്റിയില്ല.

"ടീ, അവൻ വെലുതാവട്ടെ, അവനെ മ്മക്ക് പഠിപ്പിച്ച്, പഠിപ്പിച്ച്., ലാസ്റ്റ് റബ്ബറ് വെട്ടാൻ വിടണം." അച്ഛൻ ചിരിക്കുന്നു. അദ്ദേഹം ഇപ്പോൾ ഉറക്കത്തിൽ നിന്നും പൂർണ വിമുക്തനായെന്നു തോന്നുന്നു. ശബ്ദം ഒന്നുകൂടെ തെളിഞ്ഞിരിക്കുന്നു.

"ദേ.. ഏട്ടാ.. എനിക്ക് ഈറ വരണുണ്ടെ."
അമ്മ പിണക്കം നടിച്ചു.

"അവനെ, മ്മക്കൊരു വക്കീല് ആക്കാടി. ലോകത്തിലെ സകലമാന കള്ളന്മാരേം ഓൻ കമ്പിക്കൂട്ടിലാക്കട്ടെ. അവന്‍റെ കയ്യില് മ്മക്ക് നെയമപുസ്തകം വെച്ചുകൊടുക്കാ. പോരെ ?."

"ഉം.."

അവർ മൂളി സമ്മതം അറിയിച്ചു.

"എന്തൊരു മഴയാ ഏട്ടാ" അമ്മയുടെ സ്വരം തണുപ്പിൽ വിറക്കുന്നുണ്ടായിരുന്നു.

"ഉം. അതെ തണ്ത്തിട്ട് വെയ്യ. കെടന്നൊറങ്ങാനൊക്കെ നല്ല സുഖാ. രാവിലെ ആകെ അളിപിളിയായി, ശ്ശേ. ഓഫീസിൽ പുവാനൊക്കെ മടിയാകും. നശിച്ചൊരു മഴ!" അച്ഛന്‍റെ വാക്കുകളിൽ ഒരു വ്യസനം നിഴലിച്ചു.

തുടരും...