Ind disable

2017, സെപ്റ്റംബർ 17, ഞായറാഴ്‌ച

പള്ളിപ്പെരുന്നാൾ (ഭാഗം 2)



അമ്മച്ചി പറയുന്നത് എന്താണെന്ന്. നിസമോൾക്ക് മനസിലായില്ല. അവൾ  ഈർഷ്യയോടെ പറഞ്ഞു.
..! അമ്മച്ചി,.. തൊടങ്ങി!!... എൻറെ... പൊന്നമ്മച്ചീ... ഞാനിതൊന്നു...  കണ്ടോട്ടെ.”
ഉം...      
അവർ രണ്ടുപേരും വേദിയിൽ അരങ്ങേറുന്ന പ്രകടനത്തിൽ ശ്രദ്ധിച്ചിരുന്നു.  അതുവരെ പലകാര്യങ്ങളേയും പറ്റി, പരസ്പരം സംസാരിച്ചുകൊണ്ടിരുന്ന ജനങ്ങളുടെ ശ്രദ്ധ, കുറച്ചുനിമിഷങ്ങൾകൊണ്ടുതന്നെ നാടകത്തിൽ കേന്ദ്രീകരിച്ചു.  

                                   പക്ഷേ അവരിൽ ഒരു വിഭാഗം ആളുകൾ, വികലമായ രീതിയിൽ വേഷഭൂഷകൾ അണിഞ്ഞ പരിഷ്കാരികളെന്നു നടിക്കുന്ന ചെറുപ്പക്കാർ, പരുന്ത് ഇരയ്ക്കുചുറ്റും വട്ടമിട്ട് പറക്കുന്ന പോലെ തീവ്രമായ കണ്ണുകളോടെ ഇളം പ്രായത്തിലുള്ള തരുണീമണികളെതേടി തലങ്ങും വിലങ്ങും സഞ്ചരിച്ചുകൊണ്ടിരുന്നു. ഇരയുടെ അബദ്ധവശാലുള്ള ഒരു നോട്ടമെങ്കിലും കിട്ടും എന്ന പ്രതീക്ഷയോടെ.

                                 പള്ളിയുടെ ഒരു ഭാഗം  വലിയൊരു മൺതിട്ടയായിരുന്നു. അതിനുമുകളിൽ പളളിവക സെമിത്തേരിയാണ്. ആത്മാക്കളുടെ സ്വൈര്യവിഹാരകേന്ദ്രമായ സാക്ഷാൽശവപ്പറമ്പ്!. ചുറ്റുമതിലിനാൽ മറയ്ക്കപ്പെട്ട അതിൻറെ വൻ കവാടം കാഴ്ചക്കാരുടെ മനസിൽ ഭീതിയുയർത്തിക്കൊണ്ട് നിവർന്നുനിൽക്കുന്നു. ഇഹലോകവാസം വെടിഞ്ഞ ആത്മാവു നഷ്ടപ്പെട്ട മർത്യശരീരങ്ങളെ മരണമെന്ന തടങ്കലിൽ അവിടെ ഫലകങ്ങൾക്കുള്ളിൽ തളച്ചിരിക്കുന്നു. പരലോകം പൂകിയ ആത്മാക്കൾ സ്വന്തം ശരീരത്തെ തിരഞ്ഞ് ഇടയ്ക്കിടെ അവിടെ വന്നു പോകാറുണ്ട്. മണ്ണിനു വളമായി, തിരിച്ചറിയാൻ പോലും കഴിയാത്ത വിധം വികൃതമായിപ്പോയ ആ ദേഹങ്ങളെ കണ്ടെത്താൻ അവയ്ക്ക് ഒരിക്കലും കഴിയാറില്ല. എങ്കിലും പ്രതീക്ഷയോടെ അവർ വീണ്ടും വരുന്നു, അവിടങ്ങളിലെല്ലാം അവയെ തേടുന്നു. ഒടുക്കം സകല പരിശ്രമങ്ങളും വിഫലമായി അവർ ഉറക്കെ കരയുന്നു. ആർത്തലക്കുന്നു. അതായിരിക്കാം ജനുവരികാറ്റിന്‍റെ രൂപത്തിൽ അവിടെയെങ്ങും അലറിക്കരഞ്ഞുകൊണ്ട് വീശിയടിക്കുന്നത്.

                              ആ ശവപ്പറമ്പിന് സമീപം നിലകൊള്ളുന്ന തേക്കിൻതോട്ടം ഒന്നാകെ കൊടുംകാറ്റിൽ ആടിയുലഞ്ഞുകൊണ്ടിരുന്നു. പക്ഷെ താഴെ പള്ളിമുറ്റത്ത് ആളുകൾ രംഗത്ത് അരങ്ങേറുന്ന കലാപ്രകടനം ആസ്വദിച്ചുകൊണ്ടിരുന്നു. മുകളിൽ നടക്കുന്ന കൊലാഹലങ്ങളൊന്നും അവർ അറിയുന്നില്ല.

എടോ.. തോമാതാനെന്നാടോ.. കൊച്ചു പയ്യന്മാരെ പോലെ.. ഇങ്ങനെ ഒരുങ്ങുന്നേ..? പ്രായം.. അമ്പത്.. കഴിഞ്ഞില്ലെടോ..? മതിയെടോ.. ബാ.. നമുക്ക് പോകാംഇനിയും വൈകിയാ.. നാടകം.. കഴിയും!. താനാ.. മുണ്ടൊന്ന് നേരെ ഉടുത്തേ..”

"ദേ.. വരുന്നെടാ.. ചാക്കോ..." പോകാൻ തിടുക്കം കാണിക്കുന്ന സുഹൃത്ത് ചാക്കോയോട് തോമാച്ചൻ പറഞ്ഞു.

ആ സുഹൃത്തുക്കൾ രണ്ടു പേരും പെരുന്നാളിൻറെ കോലാഹലങ്ങൾ സ്വപ്നം കണ്ടുകൊണ്ട് പള്ളിമുറ്റം ലക്ഷ്യമാക്കിനടന്നു.  

                                       മേലേ മാനത്ത്, കാർമേഘ കവചങ്ങൾക്കുള്ളിൽ നിന്നും ചന്ദ്രൻ എങ്ങനെയോ പുറത്തുവന്നിരിക്കുന്നു. അതിന്‍റെ ഫലമായി നിലാവെളിച്ചം ആ പ്രദേശത്താകെ വെൺപ്രഭ പരത്തി. തുടരെത്തുടരെ വന്നുപോകുന്ന, ജനുവരിമാസത്തിലെ വികൃതിക്കാറ്റിൽ, പള്ളിപ്പറമ്പിൽ നിൽക്കുന്ന കമുകുകൾ ആടിയുലയുന്നത്  ചന്ദ്രദ്യുതിയിൽ വ്യക്തമായി കാണാമായിരുന്നു.

                                       ആ രണ്ടുസുഹൃത്തുക്കളും നടന്ന് പള്ളിമുറ്റത്തേക്കു കയറി. അവരുടെ വസ്ത്രങ്ങൾ കാറ്റിൻറെ ശക്തിയിൽ പാറിപ്പറക്കുന്നുണ്ടായിരുന്നു.

".. ഒടുക്കത്തെ.... ഒരു കാറ്റ്...!" പാറിപ്പറക്കുന്ന ഉടുമുണ്ട്. ചേർത്തു പിടിച്ചുകൊണ്ട്  ചാക്കോച്ചൻ പറഞ്ഞു.

"നിറയെ... ആളൊണ്ടല്ലോ... തോമാ.., കഴിഞ്ഞ.... തവണത്തേക്കാൾ... ഒണ്ട്. എവിടെയാ... ഒന്ന്.... ഇരിക്കുന്നേ? പിന്നിൽ നിന്നാൽ... ഒന്നും.... കാണാൻ... പറ്റും....  എന്ന് തോന്നുന്നില്ല..!" വേദിക്ക് അഭിമുഖമായി നിൽക്കുന്ന അസംഖ്യം ജനങ്ങളെകണ്ട്  വാപൊളിച്ചുകൊണ്ട് ചാക്കോ പറഞ്ഞു.

"ദാണ്ടെടാ... അവിടെ...... അരികിൽപോയി... നമുക്ക്.... നിക്കാം.  അല്ലാതെന്നാ... ചെയ്യാനാ? നിൽക്ക... തന്നെ.... ശരണം.
നീ..വാ..!"
മനസിൽ തോന്നിയ ഉപായം സുഹൃത്തിനോട് പറഞ്ഞുകൊണ്ട് തോമ മുന്നിൽ നടന്നു. അയാളെ അനുഗമിച്ചുകൊണ്ട് ചാക്കോയും പിന്നാലെ തന്നെ ചെന്നു.

                            അവർ രണ്ടുപേരും തോമ ചൂണ്ടിക്കാണിച്ച ഭാഗത്തേക്കുനടന്നു.  കാറ്റിനുപോലും കടക്കാൻ കഴിയാത്ത വിധം തിങ്ങി നിൽക്കുന്ന ജനങ്ങളെ പണിപ്പെട്ട് വകഞ്ഞു മാറ്റിക്കൊണ്ട് തോമ അകത്തേക്കു നുഴഞ്ഞു കടന്നു. ആകാംഷയോടെ വേദിയിലേക്കുമാത്രം ശ്രദ്ധ പതിപ്പിച്ചുനിന്നിരുന്ന ജനങ്ങൾ പിന്നിൽ നിന്നും, തടസപ്പെടുത്താൻ വന്നവനെ, അരിശത്തോടെ തിരിഞ്ഞുനോക്കി. തന്‍റെ നേരെ മുഖം തിരിച്ചുനോക്കുന്ന ആളുകളെ നോക്കി അബദ്ധം പറ്റിയവനെ പോലെ തോമ ചിരിച്ചു പക്ഷെ അവർ ചിരിച്ചില്ല. ഈർഷ്യയോടെ പിൻതിരിഞ്ഞ് വീണ്ടും കലാ പ്രകടനത്തിലേക്ക് ശ്രദ്ധിച്ചു. തോമയും ചാക്കോയും ഒരുവിധം അകത്ത് കയറി. ഒരു അരികിലായ് ചേർന്നുനിന്നു.  അരങ്ങിലേക്ക് നോക്കി അവിടെ സന്നിഹിതരായിരുന്ന സകല ജനങ്ങളേയും പോലെ നാടകം ആസ്വദിച്ചുകൊണ്ട് നിൽപ്പായി. സമയം ആർക്കുവേണ്ടിയും നിൽക്കാതെ തന്‍റെ പ്രയാണം തുടർന്നുകൊണ്ടേയിരുന്നു.

                                                                                                                                                 തുടരും...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ