Ind disable

2017, ജൂലൈ 2, ഞായറാഴ്‌ച

അണക്കെട്ട്                                     ശകടനിബിഢമായ ആ വീഥിയിലൂടെ വാഹനങ്ങൾ തലങ്ങും വിലങ്ങും പാഞ്ഞുകൊണ്ടിരുന്നു. ഇരുട്ടിൻറെ നീരാളിക്കൈകൾ ആ പ്രദേശത്തെയാകെമാനം പതിയെ, പതിയെ പിടികൂടാൻ തുടങ്ങിയിരുന്നു. വാഹനങ്ങളുടെ തീഷ്ണമായ വെളിച്ചം അടുക്കുകയും അകലുകയും ചെയ്തുകൊണ്ടേയിരുന്നു. എന്നാൽ, അപ്പോഴും ഇരുട്ടിന് പൂർണമായും പിടികൊടുക്കാതെ നിലകൊണ്ടിരുന്ന, മേലേ ആകാശത്ത് കാകൻമാർ, മരച്ചില്ലകളിൽ ചേക്കേറാൻ പാറിപ്പറന്നുകൊണ്ടിരുന്നു. വ്യത്യസ്തരായ, പലതരം വേഷഭൂഷകളണിഞ്ഞ, പല ലക്ഷ്യങ്ങളിൽ നിന്നും തിരികെ മടങ്ങുന്ന ആളുകൾ അതുവഴി അങ്ങോട്ടുമിങ്ങോട്ടും നടന്നകന്നുകൊണ്ടിരുന്നു. എല്ലാവരുടെയും മുഖത്ത് ഒരേയൊരു ഭാവം മാത്രം. എത്രയും വേഗം സ്വഭവനങ്ങളിൽ ചെന്നു ചേരുക.
                              
                           ജിഷ്ണു, യൂണിഫോം പാൻറിൻറെ കീശയിൽ ഞെരുങ്ങിത്തീരാൻ വിധിക്കപ്പെട്ട, ആ സെൽഫോൺ പുറത്തെടുത്ത് അതിൻറെ ഡിസ്പ്ലേയിലേക്കു നോക്കി.  സമയം 6:15 ആയിരിക്കുന്നു. പ്രധാനറോഡിൽ നിന്നും ഇടത്തേക്കു തിരിയുന്ന, ശാഖാറോഡിൻറെ ഓരത്തുള്ള ബസ്റ്റോപ്പിൽ നിൽക്കുകയായിരുന്നു അവൻ. ചിറക്കൽപടി എന്നാണ് ആ സ്ഥലത്തിൻറെ നാമോദയം. ആ റോഡ് പാലക്കയം എന്ന മലയോരഗ്രാമത്തിൽ അവസാനിക്കുന്നു. അവിടെയാണ് അവൻറെ ഗൃഹം. അവൻ ജില്ലയിലെ ഗവ:എഞ്ചിനീയറിംഗ് കോളജിൽ പഠിക്കുന്നു. കോളജിൽ നിന്നും തിരിച്ചെത്തുമ്പോൾ നേരം ഇരുട്ടിത്തുടങ്ങിയിരിക്കും. പ്രൈവറ്റു ബസ്സുകാരോട് മല്ലടിച്ച് വിജയിച്ച്, അവസാനം ഏതെങ്കിലും ബസിൽ സ്ഥാനം പിടിച്ച് ചിറക്കൽപടിയിൽ എത്തുമ്പോൾ എന്നും സമയം 6:15 കഴിയും. പിന്നെ ആകെയുള്ള മാർഗം പാലക്കയത്തിന് 6:45 ന് പോകുന്ന ഓർഡിനറി ബസ് ആണ്. അതിൻറെ വരവും പ്രതീക്ഷിച്ച് അവൻ നിന്നു.  വണ്ടി കാഞ്ഞിരം, കാഞ്ഞിരപ്പുഴ എന്നീ സ്ഥലങ്ങളിലൂടെ കടന്നുപോയി ഒടുവിൽ പാലക്കയത്ത് എത്തിച്ചേരുന്നു. കാഞ്ഞിരപ്പുഴയുടെ വിരിമാറിലായി, ആ അണക്കെട്ടങ്ങനെ നീണ്ടുപരന്നു കിടക്കുന്നു.  പ്രകൃതി കനിഞ്ഞരുളിയ സൌന്ദര്യവുമായി. അതിനു സമീപം മാനം മുട്ടെ ഉയർന്നു നിൽക്കുന്ന,  അട്ടപ്പാടിമല.

                                      ബസ് വരാൻ ഇനിയും സമയം കിടക്കുന്നു. അതുവരെ വിരസമായ ആ നിൽപ് തുടരുക തന്നെ ശരണം. അവൻറെ തൊട്ടടുത്ത് തന്നെയായി ബസ് കാത്തു നിൽക്കുന്ന മറ്റുപലയാളുകളും ഉണ്ടായിരുന്നു. പകൽ മുഴുവൻ ഉള്ള അലച്ചിലിനു ശേഷം, പരവശരായി, കലങ്ങിയ കണ്ണുകളുമായി തളർന്നു നിൽക്കുന്നവർ. ജിഷ്ണു മുൻപിൽ വാഹനങ്ങൾ ചീറിപ്പായുന്ന ആ പാതയിലേക്ക് നോക്കി എന്തോ ആലോചിച്ചങ്ങനെ ഇമ വെട്ടാതെ നോക്കിനിന്നു. വണ്ടികളുടെ ഹെഡ് ലൈറ്റിൻറെ പ്രകാശത്താൽ മുഖരിതമായ ആ പാത, ഒരായിരം ദീപങ്ങൾ ഒഴുകിനടക്കുന്ന അരുവി പോലെ മനോഹരമായി അവന് തോന്നി. എവിടെ നിന്നോ വന്ന ഒരു ഇളം കാറ്റ് അവൻറെ മുഖത്ത് കുളിരേകിക്കൊണ്ട് തഴുകിയകന്നുപോയി.

                                    പെട്ടെന്ന് കീശയിൽ കിടന്ന് സെൽഫോൺ വൈബ്രേറ്റ് ചെയ്തു. അവൻ പെട്ടെന്ന് ചിന്തയിൽ നിന്നും ഞെട്ടിയുണർന്നു.

ആരാണാവോ..?” അവൻ പിറുപിറുത്തു.

ഫോൺ പുറത്തെടുത്ത് അതിൻറെ ഡിസ്പ്ലേയിൽ തെളിഞ്ഞ പേരു വായിച്ചു.
അതിൽ ഇംഗ്ലീഷിൽ ഫാദർ..കോളിംഗ് എന്ന് എഴുതിക്കാണിച്ചിരിക്കുന്നു. അവൻറെ ഉള്ളൊന്നു കിടുങ്ങി. തൊണ്ട വരണ്ടു. അവൻ ഫോൺ അറ്റൻഡ് ചെയ്ത് ചെവിയോട് ചേർത്തു. വിറയാർന്ന സ്വരത്തിൽ പറഞ്ഞു.

ഹലോ...

നായിൻറെ..മോനേ..എവടെ.. പോയി കിടക്കുവാടാ നീ..? അവൻ വലിയൊരു ഇഞ്ചിനീര്..നീ..അപ്പനേക്കാൾ..മൊകളിലൊന്നും വലുതാവാൻ പോണില്ലെടാ..ഞാൻ പൈസ.. തന്നില്ലെങ്കി നീ എങ്ങനാ പഠിക്കാൻ പോയി ഒണ്ടാക്കുന്നതെന്നെനിക്കൊന്നു കാണണം…നാളെ.. വണ്ടിക്കൂലിക്ക് പത്തുപൈസാ ഞാൻ തരത്തില്ല...!”
അപ്പുറത്തുനിന്നും. മദ്യത്തിൻറെ ലഹരിയിൽ കുഴയുന്ന സ്വരത്തിൽ അവൻറെ പിതാവിൻറെ സ്വരം.

ജിഷ്ണു ഫോൺ കട്ടു ചെയ്തു. അവൻറെ കണ്ണുകൾ ഈറനണിഞ്ഞു. അശ്രുവിൻറെ ആ ആവരണത്തിൽ അവൻറെ മുൻകാഴ്ചകൾ മങ്ങി. ദൂരെ ഒരു കടയുടെ മുന്നിൽ പ്രകാശിക്കുന്ന, പല വർണങ്ങളിൽ തിളങ്ങുന്ന മാല ബൾബുകളുടെ പ്രകാശം, അവൻറെ കണ്ണീരിൽ തട്ടി പ്രതിഫലിച്ച് പലവർണങ്ങളിലുള്ള മുത്തുകളെ പോലെ തിളങ്ങി. ഹൃദയം ആഞ്ഞു മിടിച്ചു. വിങ്ങുന്ന മനസുമായി നിൽക്കുന്ന അവൻറെ, മുഖത്തിൻറെ വലതുവശത്ത് ഒരു ബസിൻറെ ഹെഡ് ലൈറ്റ് വെളിച്ചം തട്ടി. അവൻ  തിരിഞ്ഞുനോക്കി. ആ വാഹനത്തിൻറെ മുൻവശത്തെ ചില്ലിൻമുകളിലായി അറഫ എന്ന് നാമകരണം ചെയ്തിരുന്നു. അതിൻറെ ചില്ലിനു താഴെയുള്ള ബോർഡിൽ കാഞ്ഞിരപ്പുഴ എന്ന് എഴുതിയിരിക്കുന്നു. അപ്പുറത്ത് ഇരിക്കുകയായിരുന്ന ആളുകളിൽ ഭൂരിഭാഗം പേരും തിടുക്കത്തിൽ ചാടിയെണീറ്റ് ബസിനുനേരെ ചെന്നു. മത്സരിച്ച് അതിനകത്ത് കയറിപ്പറ്റി. ഈ വാഹനത്തിനു പുറകിലാണ് പാലക്കയത്തേക്കുള്ള വണ്ടി വരുന്നത്. അതിനാണ് അവൻ പോകാറുള്ളത്. പക്ഷേ എന്തോ തീരുമാനിച്ചുറച്ച മട്ടിൽ അവൻ കൈയിൽ പിടിച്ചിരിക്കുന്ന ഫോൺ  പോക്കറ്റിൽ തിരുകി, ബസിൻറെ പിൻവാതിലിനുനേരെ നടന്നുചെന്നു. ആളുകളെ കയറ്റിയതിനുശേഷം പോകാൻ തുടങ്ങുന്ന ആ വാഹനത്തിൽ അവൻ ചാടിക്കയറി. അത്രനേരം അവിടെ ആലോചിച്ചുനിന്നിട്ട് അവസാനം വാതിലടയ്കാൻ മുതിർന്നപ്പോൾ ചാടിക്കയറിയ ചെറുപ്പക്കാരനെ ബസിൻറെ ചെക്കർ രൂക്ഷമായി നോക്കി.

എങ്ങോട്ടാ..?”
ആയാൾ അമർഷത്തോടെ, പരുക്കനായ സ്വരത്തിൽ, ചോദിച്ചു.

കാഞ്ഞിരപ്പുഴ... ജിഷ്ണു മറുപടി പറഞ്ഞു.

അയാൾ കൈയിലിരുന്ന പേപ്പർചീന്തിൽ കോഡുഭാഷയിൽ എന്തോ കുറിച്ചു.

                                          അവൻ മുകളിലെ കമ്പികളിൽ ബലമായി പിടിച്ച് മുന്നോട്ടു നടന്നു. ബസിൽ നിറയെ ആളുകളുണ്ടായിരുന്നു. ഇരിപ്പിടങ്ങളൊന്നും ഒഴിവുണ്ടായിരുന്നില്ല.  അവനു പിറകിൽ രണ്ടുമൂന്നാളുകൾ ഇതേ ഗതിയിൽ നിൽക്കുന്നുമുണ്ട്. അവൻ വലതുവശത്തുള്ള ഇരുമ്പ് കമ്പിയിൽ ചാരി മുന്നിലേക്ക് നോക്കി നിന്നു. പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ വാഹനം ആടിയാടി നീങ്ങിക്കൊണ്ടിരുന്നു. അതിനു താളം പിടിക്കുമാറ് യാത്രക്കാരും അതിനൊപ്പം പല ദിശയിൽ ചലിച്ചു. ബസിൻറെ മേൽക്കൂരയിൽ ഘടിപ്പിച്ചിട്ടുള്ള ബൾബുകളുടെ തൂവെള്ള പ്രകാശം യാത്രക്കാരുടെ മേൽ നിലാവുപോലെ പരന്നിരുന്നു. പകലന്തിയോളം കഠിനമായ പണി ചെയ്ത ക്ഷീണത്തിൽ ഉറക്കം തൂങ്ങുന്നവർ, വാതോരാതെ പരദൂഷണം പറഞ്ഞുകൊണ്ടിരിക്കുന്ന സ്ത്രീകൾ, പുറം കാഴ്ചകളിൽ കണ്ണും നട്ടിരിക്കുന്നവർ. അങ്ങനെ പലതരം ആളുകൾ. പക്ഷേ അതിൽ അക്ഷരമുറ്റത്തുനിന്നും, മടങ്ങുന്നവനായി അവൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

                                    ഉന്തിയ പല്ലുകൾ കഷ്ടപ്പെട്ട് ചുണ്ടുകൾക്കുള്ളിൽ ഒളിപ്പിക്കാൻ ശ്രമിച്ചുകൊണ്ട്, കാക്കിവസ്ത്രധാരിയായ, ആ ബസിൻറെ കണ്ടക്ടറാകുന്ന, കുറിയ മനുഷ്യൻ മെയ് വഴക്കഠ ചെന്ന ഒരു അഭ്യാസിയെപ്പോലെ ആടിയുലഞ്ഞുപോകുന്ന ആ ബസിൻറെ ഓരോ സീറ്റുകളിലും ചാരിക്കൊണ്ട്, പൈസ കളക്റ്റ് ചെയ്യുക എന്ന തൻറെ ജോലി സാഹസികമായി ചെയ്തുകൊണ്ടിരുന്നു.

എങ്ങോട്ടാ...?”

പുറം കാഴ്ചകളിൽ മയങ്ങിനിൽക്കുകയായിരുന്ന അവൻ കണ്ടക്ടറുടെ ശബ്ദം കേട്ട് തല തിരിച്ചു.

കാഞ്ഞിരപ്പുഴ...അവൻ മറുപടി പറഞ്ഞു.

ഒരാളേ ഒള്ളോ...?” കണ്ടക്ടർ വർഗത്തിൽപെട്ട എല്ലാവരെയും പോലെ ആ ഉപചോദ്യം അയാളും ആവർത്തിച്ചു.

ഉം..

അവൻ മൂളിക്കൊണ്ട്, പോക്കറ്റിൽനിന്നും പഴ്സെടുത്ത് നിവർത്തി. ആയുസടുക്കാറായ അതിൻറെ ഉള്ളിൽ ആകെ അവശേഷിച്ചിരുന്ന ഇരുപതിൻറെ നോട്ടെടുത്ത് അയാൾക്കുനേരെ നീട്ടി. എന്നിട്ട് പഴ്സ് തിരികെ നിക്ഷേപിച്ചു. അയാൾ അതു വാങ്ങി. തൻറെ മന്തൻ പഴ്സ് എല്ലാവരെയും ഒന്ന് കിലുക്കിക്കേൾപ്പിച്ചുകൊണ്ട് ബാക്കി പണം എടുത്ത് അവനു കൊടുത്തു. വീണ്ടും തൻറെ ജോലിയിൽ വ്യാപൃതനായി.
ജിഷ്ണു ആ പണം വാങ്ങി പോക്കറ്റിലിട്ട്, വീണ്ടുഠ പുറം കാഴ്ചകളിൽ ലയിച്ചു.

                                            സന്ധ്യാ നേരം, പകലിൻറെ അവസാനകണികയെന്നോണം അവശേഷിച്ച, ആകാശത്തിൻറെ വെളിച്ചം പറ്റെ വരണ്ട, ആ പശ്ചാത്തലത്തിൽ കറുത്തിരുണ്ട നിഴൽരൂപങ്ങൾ പോലെ വൃക്ഷങ്ങൾ നിലകൊള്ളുന്നത് അവൻ കണ്ടു. അകലെ നിൽക്കുന്ന ഇരുമ്പകച്ചോല മല ആ പ്രദേശത്തെ ആകെമാനം മൂടാൻ തുനിഞ്ഞുനിൽക്കുന്ന ഒരു ഭീമാകാരനായ സത്വത്തെപ്പോലെ തോന്നിച്ചു. അതിൻറെ ഏറ്റവും മുകളിലായി വരിവരിയായി നിലകൊണ്ടിരുന്ന വൃക്ഷങ്ങൾ ആ സത്വത്തിൻറെ മുടിയിഴകൾ പോലെ തോന്നിച്ചു. അത് ഏറെ നേരം നോക്കി നിൽക്കെ അവൻറെ മനസ് പരിസരബോധം മറന്ന് ഏതോ ഒരു ദുസ്വപ്നത്തിനു പിന്നാലെ പാഞ്ഞു. അത് മറ്റൊന്നും ആയിരുന്നില്ല. തൻറെ കുടുംബത്തിലെ ഭീകരമായ അന്തരീക്ഷത്തെക്കുറിച്ചുള്ള ഓർമകൾ തന്നെ ആയിരുന്നു. ഗൃഹം അവൻറെ ഉള്ളിൽ എന്നും ഒരു പേടിസ്വപ്നം പോലെ അവശേഷിച്ചു. ഏകനാണെന്ന് മനസാക്ഷി സ്വയം ബോധ്യപ്പെടുത്തുന്ന നിമിഷങ്ങൾ!. ആ ഓർമകൾ അവനെ എപ്പോഴും വേട്ടയാടാറുണ്ടായിരുന്നു. അവൻ പതിയെ അതിലേക്ക് വഴുതിവീണു.

                                             ഒരു ദിവസം വൈകുന്നേരം, കോളജിൽനിന്നും വീട്ടിലേക്ക് മടങ്ങിവരുമ്പോൾ, അന്ന് വീടിന് ഏകദേശം അരക്കിലോമീറ്റർ താഴെയായി എന്നും ഇറങ്ങാറുള്ള തൻറെ സ്റ്റോപ്പിൽ ജിഷ്ണു ഇറങ്ങി. സമയം ഏഴര ആയിക്കാണും. കാരണം ആ വണ്ടി പാലക്കയത്ത് എത്തിച്ചേരുന്നത് ആ സമയത്താണ്. ബാഗിൽ കരുതിയ ടോർച്ച് തെളിച്ച് ,കല്ലുപാകിയ ദുർഘടമായ ആ പാതയിലൂടെ അവൻ മുകളിലേക്ക് നടന്നു. മുപ്പതുമിനിട്ട് ചെങ്കുത്തായ കയറ്റം കയറി വേണം വീട്ടിലെത്താൻ. പഞ്ചായത്തുറോഡ് എന്നു പറയുന്ന, ആ വഴി മുഴുവൻ മഴവെള്ളത്തിൻറെ കുത്തിയൊഴുക്കിൽപ്പെട്ട്, പല്ലുകൾ നഷ്ടപ്പെട്ട കിഴവൻറെ ചിരിപോലെ വികൃതമായിരുന്നു. അത് വിജനമായ റബ്ബർതോട്ടത്തിൻറെ നടുവിലൂടെ മുകളിലേക്ക് പോകുന്നു, പരിസരത്ത് ഒരു ഭവനം പോലുഠ ഇല്ലാത്ത പ്രദേശം. തനിച്ചുപോകാൻ ഭയം ഇല്ലാഞ്ഞിട്ടല്ല. അതിലേറെ വലിയ ക്രൂരമായ അനുഭവങ്ങളാൽ അവൻറെ ഹൃദയം ശിലപോലെ ഉറച്ചിരുന്നു. അതുകൊണ്ട് പെരുമ്പറ പോലെ മുഴങ്ങുന്ന ഹൃദയതാളം പുറത്തുകേട്ടില്ല. കുറെ സമയം നടന്നതിനുശേഷം. അവൻ തൻറെ വീടിൻറെ അടുത്തെത്തി. ആ കൊച്ചുവീടിൻറെ മുന്നിൽ തൂക്കിയിട്ടിരുന്ന ബൾബിൻറെ പ്രകാശം ദൂരെ നിന്നും കണ്ടപ്പോൾ തന്നെ അവൻറെ മനസ് പതറി. വർധിച്ചുവരുന്ന ഭീതിയോടെ അവൻ വാതിൽക്കലേക്ക് കയറി. അവിടെ കണ്ട കാഴ്ച ഭയാനകമായിരുന്നു. ഉളളിൽ, മദ്യം അകത്തുചെന്നാൽ ഭ്രാന്തനായി മാറുന്ന തൻറെ പിതാവിൻറെ സംഹാരതാണ്ഡവം അരങ്ങേറുന്നു. ക്രൂരനായ ആ മനുഷ്യൻ തൻറെ ഭാര്യയെ പൊതിരെ തല്ലുന്നു.  നിരാലംബയായ ആ സ്ത്രീ ഉറക്കെയുറക്കെ കരഞ്ഞു. അതു കണ്ട മാത്രയിൽ തന്നെ ജിഷ്ണു ധൈര്യം സംഭരിച്ച് പിതാവിൻറെ കയ്യിൽ കയറി പിടിച്ചു. ക്രുദ്ധനായ ആയാൾ ഒറ്റക്കുതിപ്പിന് അടുക്കളയിൽ കയറി അലമാരയുടെ പിന്നിൽ വച്ചിരുന്ന റബർക്കത്തിയെടുത്ത് അവൻറെ നേരെ വീശി. മൂർച്ചയേറിയ അതിൻറെ അഗ്രം അവൻറെ കൈകളിൽ ഉരസി. കൈമുറിഞ്ഞ് രക്തം ചീറ്റി. അപ്പോഴെങ്കിലും അതിൽ ഇടപെടാൻ മനസുകാണിച്ച, കാണികളായ അവൻറെ അയൽക്കാർ ആ മനുഷ്യനെ പിടിച്ചുമാറ്റി. അവൻറെ കൈ ഒരു തുണികൊണ്ട് വരിഞ്ഞുകെട്ടി. അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. അന്ന് എട്ട് തുന്നൽ ഉണ്ടായിരുന്നു ആ മുറിവിന്. അതിനുശേഷം അമ്മ ഇടക്കിടെ പറയുന്നത് കേൾക്കാം.

എനിക്ക് ജീവിച്ചുമടുത്തു. ഞാൻ എങ്ങോട്ടേങ്കിലും പോവാ..

ആകെ തണലാണെന്നു കരുതിയിരുന്ന ആ മാതാവിൻറെ വാക്കുകൾ അവൻറെ നെഞ്ചിൽ തീ കോരിയിടുന്നതുപോലെ പതിച്ചു.

                                          ബസ് കാഞ്ഞിരപ്പുഴ സ്റ്റാൻഡിൽ എത്തിയിരിക്കുന്നു. അത് റോഡിൻറെ തിട്ടിൽനിന്നും ചാടി ആടിയുലഞ്ഞുകൊണ്ട് വിശാലമായ ആ സ്റ്റാൻഡിലേക്ക് പ്രവേശിച്ചു. മുകളിലെ കമ്പിയിൽ പിടിച്ചുനിന്ന ആളുകൾ കമ്പിയിൽ തൂങ്ങി അങ്ങോട്ടുമിങ്ങോട്ടും ആടി. ഉറങ്ങുകയായിരുന്ന ആളുകളെല്ലാം ഞെട്ടിയുണർന്നു. എല്ലാവരും ധൃതിയിൽ എഴുന്നേറ്റ് ഒന്നൊന്നായി ബസിൻറെ മുൻവാതിലിലൂടെയും പിൻവാതിലിലൂടെയും ഇറങ്ങിത്തുടങ്ങി.
ജിഷ്ണു ബസിൻറെ പിൻവാതിലിലൂടെ ഇറങ്ങി, എന്തോ ആലോചിച്ചുകൊണ്ട് പടിയുടെ താഴെതന്നെ നിന്നു.

കുട്ട്യേ….ഒന്ന്.. മാറിക്കാ ..യ്ക്ക് ഇവടെ എറങ്ങണം…

അവൻ പെട്ടെന്ന് പിന്തിരിഞ്ഞുനോക്കി. ഗിരിനിരകളിൽനിന്നും പതിക്കുന്ന പതഞ്ഞൊഴുകുന്ന, ജലപാതം പോലെ നീട്ടിവളർത്തിയ താടിരോമവും, ചുളിവുകൾ നിറഞ്ഞ മുഖവും, കൂടെ വെളുത്ത ഒരു തലയിൽകെട്ടുമായി ഒരു മുസലിയാർ. അയാൾ നെറ്റിയിൽ കൈ ചേർത്തുവച്ചുകൊണ്ട് ബസിൻറെ മേൽക്കൂരയിലെ ബൾബിൽ നിന്നും, പുറത്തേക്ക് പരന്നൊഴുകിയ വെളിച്ചത്തിൽ, അവനെ സൂക്ഷിച്ചുനോക്കി.

അന്നെ.. ഇബടെയൊന്നും.. കണ്ടിട്ടില്ലാല്ലാ....ഇജ്ജ് എബടത്തെയാ..?” അയാൾ ചോദിച്ചു.

കാക്കാ.. എൻറെ വീട് പാലക്കയത്താ.. എൻറെയൊരു ചങ്ങാതി, ബൈക്കുമായി വരാമെന്നു ..പറഞ്ഞിട്ടൊണ്ട് അതോണ്ട് ഇവിടെ എറങ്ങീതാ... അവൻ അങ്ങനെയൊരു നുണ എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിച്ചു.

ങ്ഹാ..

അയാൾ അത് വിശ്വസിച്ചിരിക്കണം, പിന്നീടു ചോദ്യങ്ങളൊന്നും ഉണ്ടായില്ല.  ഓളങ്ങളിൽ തത്തിക്കളിക്കുന്ന കളിവഞ്ചി പോലെ അയാൾ, പ്രായം തളർത്തിയ ഉടലുമായി, ആടിയാടി നടന്നകന്നു.
ജിഷ്ണു കൈയിൽ തൂക്കിയിട്ടിരുന്ന ബാഗിൻറെ വള്ളികൾ ഇരു തോളിലുമിട്ടുകൊണ്ട്, പ്രധാന റോഡിൽ കയറി ഇരുട്ടിൽ പതുക്കെ നടന്നു. ആ വഴിയിലൂടെ ഒരു ഇരുപതു വാര നടന്നുകഴിഞ്ഞാൽ, കാഞ്ഞിരപ്പുഴ ഡാമിൻറെ ഷട്ടറിനു താഴെ, മനോഹരമായി തീർത്ത ഉദ്യാനത്തിലേക്കുള്ള കവാടത്തിൽ എത്തിച്ചേരും. പക്ഷേ റോഡിലൂടെ നടന്നുവരുന്ന ആൾക്ക് ആ നിർമിതി നേരെ നോക്കിയാൽ ദൃശ്യമാകില്ല. കാരണം പ്രധാന റോഡിൽ നിന്നും, ഒരല്പം വലത്തോട്ട് മാറിയാണ് ആ കവാടം സ്ഥിതി ചെയ്യുന്നത്. പണ്ടെങ്ങോ അവിടെ നെഞ്ചു വിരിച്ചു നിന്ന ഒരു കുന്നിൻറെ വിരിമാറു തുരന്നാണ്, അത് നിർമിച്ചിരിക്കുന്നത്. പരേതനായ അതിൻറെ സ്മാരകമായി, ഇരു വശത്തും മൺതിട്ടകൾ അവശേഷിച്ചിരുന്നു. അവ ആ കവാടത്തെ, റോഡിൽ നിന്നുമുള്ള വിദൂരദൃശ്യത്തിൽ നിന്നും മറച്ചിരുന്നു. അതിൻറെ കുറേ മുന്നിലായി റോഡരുകിൽ ഒരു ഇലക്ട്രിക് പോസ്റ്റ് നിലകൊണ്ടിരുന്നു. ഇരുവശത്തുനിന്നും ഉള്ള ഇലക്ട്രിക് കമ്പികളുടെ കാലാകാലങ്ങളായുള്ള ബലപരീക്ഷണത്തിൻറെ ഫലമായി അത് തൻറെ സ്ഥാനത്തുനിന്നും, നല്ലവണ്ണം ചരിഞ്ഞിരുന്നു. അതിൻറെ മുകളിൽ, ഒരു വഴിവിളക്ക് പുഞ്ചിരിക്കുന്നു. അകലെ കാണുന്ന ആ വിളക്കിൻറെ പ്രകാശം ലക്ഷ്യമാക്കി ജിഷ്ണു, ഇരുട്ടിലൂടെ നടന്നു. അല്പനേരംകൊണ്ടു അതിനടുത്തെത്തി. അവൻ കവാടത്തിൻറെ വാതിൽക്കലേക്ക് നോക്കി. അവിടെ ആളനക്കം പോലും ഇല്ല. അവനു പോകേണ്ടിയിരുന്നത്, മനസിനു കുളിർമയേകുന്ന, മനുഷ്യനിർമിതമായ ആ ഉദ്യാനത്തിലേക്കായിരുന്നില്ല. മറ്റെവിടേക്കോ ആയിരുന്നു. അവൻ വീണ്ടും മുന്നോട്ട് നടന്നു. ഡാം ഷട്ടറിൻറെ താഴെയുള്ള ചെറിയ മതിലിൻറെ മുന്നിലെത്തിയപ്പോൾ നിന്നു. അതിൻറെ ഒരു ഭാഗം ഒരാൾക്ക് സുഗമമായി കടന്നുപോകാൻ കഴിയുന്ന രീതിയിൽ പൊളിച്ചുമാറ്റിയിരുന്നു. അത് പെട്ടെന്ന് ആരുടെയും കണ്ണിൽ പെടാത്തവിധം വിദഗ്ധമായി തീർത്തയായിരുന്നു. ഡാമിൻറെ ഉപരിതലത്തിൽ നിന്നും വീശുന്ന തണുത്ത കാറ്റിനോടൊപ്പം, മദ്യത്തിൻറെ ലഹരി നുണയാൻ, ദിനംപ്രതി എത്താറുള്ള കുടിസംഘത്തിൻറെ കുടിത്താരയായിരുന്നു ആ വഴി. ജിഷ്ണു അതിനകത്തുകൂടി അകത്തേക്ക് കയറി. ഭാഗ്യം!. സംഘങ്ങളെല്ലാം നേരത്തെ പോയിരുന്നു. അവിടെങ്ങും ഒരു ജീവി പോലും ഇല്ല!. അവൻ നടന്ന് ഡാമിൻറെ കെട്ടിനു മുകളിൽ കയറി. അവൻ കെട്ടിൻറെ ഒരു അരുകിൽ ചെന്ന് സിമൻറുതിണ്ടിൽ കയറി അപ്പുറത്തേക്ക് നോക്കി. അവിടെ അനന്തമായ ആകാശത്തെ നോക്കി നിശബ്ദയായി, വിശാലമായി പരന്നുകിടക്കുന്ന കാഞ്ഞിരപ്പുഴ ഡാം. ദൂരൂഹമായ ആ നിശബ്ദതയെ ഭഞ്ജിച്ചുകൊണ്ട് ഇടക്കിടെ ഒരു കാറ്റ് സീൽക്കാരത്തോടെ അവിടെങ്ങും ഓടിനടന്നു. പരന്നുകിടക്കുന്ന ജലത്തിൻറെ ഉപരിതലത്തിൽ മറുകുകൾ പോലെ കുഞ്ഞു തുരുത്തുകൾ നിലകൊണ്ടിരുന്നു. വൃക്ഷനിബിഢമായ അവയിൽ, അന്ധകാരം മരച്ചില്ലക്കിടയിലൂടെ ഊർന്നിറങ്ങി അവയ്ക്കിടയിലാകെ പരന്നിരുന്നു. ജിഷ്ണു അവിടേക്കു തന്നെ ഇമ വെട്ടാതെ നോക്കിനിന്നു. മരങ്ങൾക്കിടയിലെ ദുരൂഹമായ ആ ഇരുട്ട് അവൻറെ ഹൃദയത്തിൽ ഭീതി നിറച്ചുകൊണ്ടിരുന്നു. അതിൽ നോക്കിനിൽക്കുന്തോറും അവ അകന്നുപോയി, പകരം അവിടെ ഒരു പ്രകാശം പരക്കുന്നപോലെ അവനു തോന്നി. അവൻറെ മനസ് ഓർമകളിലേക്ക് പതിയെ വഴുതിവീണു. അവിടെ ആ വൃക്ഷങ്ങൾക്കിടയിൽ പരന്നിരുന്ന ആ വെളിച്ചം അവൻറെ വീടിനുമുന്നിൽ ജ്വലിക്കുന്ന ഇലക്ട്രിക് ബൾബിൻറേതുപോലെ അവന് തോന്നി. അവൻ കണ്ണുകൾ പാതി അടച്ചു. ഓർമകൾ അവനെ തൻറെ ഗൃഹത്തിൽ കൊണ്ടുചെന്നെത്തിച്ചു.

                                            പിശാചിനേക്കാൾ ക്രൂരനായ പിതാവ്, എപ്പോഴും കുത്തുവാക്കുകൾ പറയുന്ന അമ്മ. അവൻറെ മനസ് നരകതുല്ല്യമായ ആ ഭവനത്തിൻറെ ചുവരുകൾക്കുള്ളിൽ ഉടക്കിനിന്നു. ക്രൂരനായ പിതാവിൻറെ അട്ടഹാസം ആ ഭിത്തികളിൽ തട്ടി പ്രതിധ്വനിച്ചു.  അവൻറെ കണ്ണുകൾ ആ ചിരിയുടെ ഉറവിടത്തിനായി പരതി. ആ കാഴ്ച കണ്ട് ആവൻ ഞെട്ടി. അയാൾ അവനുനേരെ രക്തം പുരണ്ട കത്തിയുമായി ഓടിവരികയായിരുന്നു. നിലത്തുകിടന്നുപിടയുന്ന അമ്മ! അടുത്തത് താൻ തന്നെ!. അവൻ ഞെട്ടിയുണർന്നു. ജിഷ്ണു ചുറ്റും നോക്കി.

                                         ഡാമിൽനിന്നും പാളിവീശുന്ന കാറ്റ് അവൻറെ മുഖത്തുതട്ടി അകന്നുപോയി. അവൻറെ കണ്ണുകൾ നിറഞ്ഞിരുന്നു. അവൻറെ മനസു മന്ത്രിച്ചു.

ഇല്ല! ഇനി അങ്ങോട്ടൊരു തിരിച്ചുപോക്കില്ല!. നരകമായ അവിടേക്കു പോകുന്നതിലും ഭേദം മരണമാണ്!. മരണം!.

അവനറിയാതെ അവൻറെ കണ്ഠത്തിൽനിന്നും ഉതിർന്നുവീണ ആ വാക്കുകൾ വെറും വാക്കുകൾ ആയിരുന്നില്ല. തീരുമാനിച്ചുറച്ച ഒരു മനസിൽനിന്നും വീണതുതന്നെ ആയിരുന്നു.

                                         ജിഷ്ണു താൻ നിന്നിരുന്ന തിണ്ടിനുമേൽ നിന്നും നിലത്തേക്കു ചാടിയിറങ്ങി. അതിനുശേഷം, അകലെ ഡാം ഷട്ടറിനുനേരെ അവൻ നടന്നടുത്തു. നിദ്രാ സഞ്ചാരിയായ ഒരുവനെ പോലെ അവൻ മുന്നോട്ടു നീങ്ങി. പൊടുന്നനെ അവിടെയാകെ ശക്തിയേറിയ ഒരു കാറ്റ് വീശിയടിച്ചു. അതിൻറെ പ്രഹരത്താൽ വലതുവശത്തു പടർന്നുനിന്നിരുന്ന ആര്യവേപ്പിൻമരങ്ങൾ ഭീകരരൂപിയായ രാക്ഷസനെപോലെ ചില്ലകളാകുന്ന കരങ്ങൾ വീശി ആടിയുലഞ്ഞു. അവൻറെ വസ്ത്രങ്ങളും, കേശങ്ങളും ആ കാറ്റിനോടൊപ്പം പാറിപ്പറന്നു. പക്ഷേ ജിഷ്ണു ഒരു കുലുക്കവുമില്ലാതെ മുന്നോട്ടു നീങ്ങിക്കൊണ്ടേയിരുന്നു. അവൻ പോലും അറിയാതെ, അവൻറെ കാലുകൾ വേഗത്തിൽ ചലിച്ചു. ദൂരെ വാക്കോടൻ മല ഭീമനായ ഒരു നിഴൽ പോലെ ആ പ്രദേശത്തെയാകെ മറച്ചുകൊണ്ട് തലയുയർത്തി നിൽക്കുന്നുണ്ടായിരുന്നു. മേലെ മാനത്ത് ചന്ദ്രനും നക്ഷത്രക്കുരുന്നുങ്ങളും അണിനിരന്നിരുന്നു.

                                            അവൻ നടന്ന് ഷട്ടറിനു സമീപം എത്തി. ഒട്ടും ആലോചിക്കാതെ, യാന്ത്രികമായി അതിൻറെ മുകളിൽ വലിഞ്ഞുകയറി. ഡാമിലെ ആഴമേറിയ ആ ഭാഗത്തേക്കവൻ നോക്കി. ഇരുട്ടിൽ, ജലപ്പരപ്പ് അവൻറെ കണ്ണുങ്ങൾക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല. അതുവരെ കാറ്റിൻറെ ഇരമ്പൽ മാത്രം നിറഞ്ഞുനിന്നിരുന്ന അവൻറെ കർണങ്ങളിൽ പെട്ടെന്ന് ഒരു നിശബ്ദത നിറഞ്ഞു. താഴെ തന്നെ വിഴുങ്ങാനിരിക്കുന്ന ആ ജലസത്വത്തിൻറെ അട്ടഹാസം, ചെവികളിൽ മുഴങ്ങുന്ന പോലെ അവന് തോന്നി. അവിടെ അവ്യക്തമായ ചില മുഖങ്ങൾ തെളിഞ്ഞുവരുന്നതുപോലെ അവനു തോന്നി. അവൻ ശ്രദ്ധിച്ചു. ധൂളീപടലങ്ങൾ പോലെ സ്ഥിരതയില്ലാത്ത ആ രൂപങ്ങൾ അതിനുമുൻപ് അവിടെ സ്വയം ജീവൻ ബലി നൽകിയ ആളുകളുടെ ആത്മാക്കളാണെന്നവനു തോന്നി. പക്ഷേ അവരുടെ നാവുകൾ ഒന്നിച്ച് അരുതേ... അരുതേ.. എന്നു പറയുന്നുണ്ടായിരുന്നു. അവൻറെ മനസിൽ ആധി നിറഞ്ഞു. ശരിയല്ലാത്ത എന്തോ ഒന്ന് ചെയ്യാൻ പോകുന്നതുപോലെ. അവൻറെ മനസാക്ഷി പിടച്ചു. അവൻ പെട്ടെന്ന് അതിൻറെ മുകളിൽ നിന്നും നിലത്തേക്ക് ചാടിയിറങ്ങി. അവന് സ്വബോധം വീണ്ടുകിട്ടി. ആ തിണ്ടിൻമേൽ ഇരു കൈകളും പിടിച്ചുകൊണ്ട് അവൻ നിന്നു കിതച്ചു. അവൻ ആ നിലത്ത് മലർന്നുകിടന്നു. മേലെ മാനത്തേക്ക് ദൃഷ്ടി പായിച്ചു. അവിടെ അപ്പോഴും അമ്പിളിയമ്മാവൻ അവനെ             നോക്കി പുഞ്ചിരിച്ചു. നക്ഷത്രങ്ങൾ കണ്ണുചിമ്മി. അങ്ങനെ കിടന്നപ്പോൾ അവന് വല്ലാത്തൊരു ആശ്വാസം തോന്നി. അവൻറെ ഓർമകളിൽ എന്തൊക്കെയോ മിന്നിമറഞ്ഞു.
                                    
                                                ഇതുനുമുൻപ് ഇതേ സ്ഥലത്ത് താനിങ്ങനെ കിടന്നിട്ടുണ്ട്... പക്ഷേ,.. പക്ഷേ.. അന്നു ഞാൻ തനിച്ചായിരുന്നില്ല. എന്താണത്?. ചിതലരിച്ചുതുടങ്ങിയ ഓർമകൾ അവൻ ഓരോന്നായി തട്ടിക്കുടഞ്ഞെടുത്തു. അതെ പണ്ട് യു.പി സ്കൂളിൽ പഠിക്കുന്ന കാലത്ത്. സ്കൂളിൽ നിന്നും ഒരു ക്യാമ്പിൻറെ ഭാഗമായി താൻ ഇവിടെ ടൂർ വന്നിട്ടുണ്ട്. നാലാം തരത്തിൽ പഠിക്കുമ്പോൾ. അന്നു വാനനിരീക്ഷണത്തിനായി മാഷുടെ നേതൃത്വത്തിൽ കുട്ടികളെല്ലാം ഇങ്ങനെ ഷട്ടറിനു മുകളിൽ കയറി. എല്ലാവരും, ഈ നിലത്ത്. അതെ ഇതേ സ്ഥലത്ത് ഇങ്ങനെ മലർന്നു കിടന്നു. എന്നിട്ട്, അനന്തമായ ആകാശത്ത് വിരിഞ്ഞ നക്ഷത്രക്കൂട്ടങ്ങളെ വീക്ഷിച്ചുകൊണ്ടു മാഷുടെ വാക്കുകൾക്കായി എല്ലാവരും, ചെവിയോർത്തു.

കുട്ടികളെ.. അതാണ്.. സപ്തർഷികൾ, ആ എഴു.. നക്ഷത്രങ്ങൾ നിൽക്കുന്ന കൂട്ടം എല്ലാവരും കണ്ടില്ലേ.

കണ്ടു മാഷേ.. കുട്ടികൾ എല്ലാവരം ഒരേ സ്വരത്തിൽ മറുപടി പറഞ്ഞു.
അതിനപ്പുറത്ത്.. ദാ.... കാണുന്നതാണ് വേട്ടക്കാരൻ.  മാഷ് തുടർന്നു.

ആത്മമിത്രമായ ഫൈസലിനോടൊപ്പം, താൻ ഇവിടെയാണ് കിടന്നിരുന്നത്. ഇതേ സ്ഥാനത്ത്. അന്ന് ചെറുപ്പത്തിൻറെ നിഷ്കളങ്കതയിൽ ഫൈസൽ പറഞ്ഞ ആ വാക്കുകൾ അവൻ ഓർത്തു.

ടാ ജിഷ്ണു…. ഇജ്ജ്.. അത് കണ്ടാ..ആ ചങ്ങായി..ചന്തിരൻ മ്മളെ നോക്കി ഇളിക്കണ കണ്ടാ.. ഓൻ ..മ്മളെ കളിയാക്കാണ്ടാ. ..മ്മക്ക്.. ബലുതാവുമ്പം.. അവടെ പോണം..എന്നിട്ട് ഓനെ നോക്കി കൊഞ്ഞനം കുത്തണം. മ്മള് പടിച്ചിട്ടില്ലേ.. നീല ആസ്ട്രോങ്ങ്, അവടെ പോയതൊക്കെ. അവടയ്ക്കും വണ്ടീണ്ടെടാ. മ്മക്കും... പറ്റും, പക്കേങ്കില്.. കൊറേ.. പഠിക്കണം നീ നന്നായി പഠിക്കൂല്ലോ..! ഇന്നു മൊതൽക്ക് ഞാനും നന്നായി പഠിക്കാൻ പോവാ…
ആ വാക്കുകൾ ജിഷ്ണുവിൻറെ മനസിൽ വീണ്ടും, വീണ്ടും മുഴങ്ങി.

എന്തു രസമായിരുന്നു ആ കാലം.. കൂട്ടുകാർ, സ്നേഹനിധിയായ.. ടീച്ചർമാർ.. ഇല്ല ഒന്നും നഷ്ടപ്പെട്ടിട്ടില്ല..ഇനിയും...താൻ ഈ ജീവിതം കൊണ്ട് എന്തു നേടി ?. ഒന്നും ഇല്ല.... ഒന്നും..! പിന്നെ എങ്ങോട്ടാണ് ഈ തിരിച്ചുപോക്ക് ?.

ആത്മഹത്യ എന്നു താനെടുത്ത, ആ അവസാന തീരുമാനത്തെ അവൻ ചോദ്യശരങ്ങകൊണ്ട് എയ്തുവീഴ്ത്തി. അവൻ നിലത്തുനിന്നും ചാടിയെഴുന്നേറ്റു.

ഇല്ല! ഞാൻ മരിക്കില്ല!. എനിക്കു പലതും നേടാനുണ്ട്. സന്തോഷം നമ്മളെ കണ്ടെത്തില്ല, അത് നാം കണ്ടെത്തുന്നതാണ്. അവൻറെ മനസാക്ഷി അവനെ ബോധ്യപ്പെടിത്തിക്കൊണ്ടിരുന്നു.

താനൊരു ആണാണ്, പ്രായപൂർത്തിയായ, ആരോഗ്യ ദൃഢഗാത്രനായ ഒരുവൻ... പിതാവിനെ ബലം പ്രയോഗിച്ച് ഉടനെ ഡീ അഡിക്ഷൻ സെൻററിൽ കൊണ്ടു ചെന്നാക്കണം. അമ്മയെ കൌൺസിലിംഗിന് കൊണ്ടുപോകണം!. അവൻറെ മനസിൽ പ്രാവർത്തികമായ പുതിയ പദ്ധതികൾ രൂപം കൊണ്ടു. പോക്കറ്റിൽ അവൻറെ ഫോൺ ചലിച്ചു. അവൻ അത് പുറത്തെടുത്ത് നോക്കി. എൈ.ടി.ഐ കഴിഞ്ഞ് ഒരു പ്രൈവറ്റ് കമ്പനിയിൽ ട്രൈയിനിംഗ് ചെയ്യുന്ന പഴയ സ്നേഹിതൻ ഫൈസലിൻറെ മെസേജ്.

ഡാ.. ഖൽബേ.. അടുത്ത ശനിയാഴ്ച ഞാൻ കമ്പനീന്ന് ലീവ് എട്ക്കാ.. മ്മക്ക് ഇടുക്കീല് പോവാട്ടാ... നാട്ടിലൊരു.. ചങ്ങായീൻറെ ബൈക്ക് ശരിയായിട്ട്ണ്ട്.. അവൻ തരാന്നാ പറഞ്ഞ്...നിൻറെ കൊറേ നാളത്തെ ആഗ്രഹല്ലേ... മ്മക്ക്.. പൊളിക്കാ ട്ടാ..ടാ..അവൻ അത് ലോക്ക് ചെയ്ത് പോക്കറ്റിൽ ഇട്ടു. ചുണ്ടിൽ വിടരുന്ന പുഞ്ചിരിയോടെ തിരിച്ചുനടന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ